ആരോഗ്യത്തിന് ഹാനികരമാകുന്ന മാധ്യമ പ്രവർത്തനം
text_fieldsമാധ്യമപ്രവർത്തനം ആരോഗ്യത്തിന് ഹാനികരമാണ്! ജേണലിസം അധ്യാപകരിൽ ഒട്ടേറെപേർ ഒരു കാലത്ത് അവരുടെ ക്ലാസുകൾ തുടങ്ങിയിരുന്നത് ഈ വാചകം കൊണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളുടെ അതിപ്രസരങ്ങൾ വർത്തകളുടെ കണ്ടെത്തലുകളിലും, വിതരണത്തിലുമുണ്ടാക്കിയ വിപ്ലവകരമായ മാറ്റങ്ങൾകൊണ്ട് കാലാന്തരത്തിൽ ഈ വാചകം ക്ലാസ് മുറികളോട് വിടപറഞ്ഞു. എന്നാൽ, വാചകത്തിന്‍റെ ഉള്ളടക്കം അതിഭീകരമായ അവസ്ഥയിൽ ഇന്നും തുടരുന്നു എന്നതാണ് യാഥാർഥ്യം.
മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാമുക്തി (ഇംപ്യൂനിറ്റി) അവസാനിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി എല്ലാ വർഷവും നവംബർ 2 ഐക്യരാഷ്ട്രസഭ ആചരിക്കുന്നു. 2013-ൽ മാലിയിൽ വെച്ച് റിപ്പോർട്ടിങ്ങിനിടെ കൊലചെയ്യപ്പെട്ട ഫ്രഞ്ച് മാധ്യമപ്രവർത്തകരായ ഗിസ്‌ലെയ്ൻ ഡുപോണ്ട്, ക്ലോഡ് വെർലോൺ എന്നിവരുടെ സ്മരണയ്ക്കായാണ് ഈ ദിനം തിരഞ്ഞെടുത്തത്. മാധ്യമ പ്രവർത്തകർക്കെതിരെ അക്രമങ്ങൾക്കെതിരെ നീതിപൂർവമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.
ഇസ്രായേൽ വംശഹത്യയുടെ കെടുതികൾ റിപ്പോർട്ട് ചെയ്യുന്ന 248 മാധ്യമപ്രവർത്തകരെയാണ് ഫലസ്തീനിൽ അധിനിവേശ സൈന്യം കൊന്നു തള്ളിയത് എന്നാണ് ഇന്‍റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. യുദ്ധം നിലവിലില്ലാത്ത രാജ്യങ്ങളിൽ പോലും മാധ്യമ പ്രവർത്തകരുടെ അവസ്ഥ മികച്ചതാണ് എന്ന് പറയാനാകില്ല.
യുനെസ്‌കോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ മാധ്യമപ്രവർത്തകരുടെ കൊലപാതക കേസുകളിൽ 85% ശതമാനത്തിലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ ആഗോളതലത്തിലെ സ്ഥിതി അത്ര ആശാവഹമല്ല. 'റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ്' പ്രസിദ്ധീകരിച്ച 2025-ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചിക പ്രകാരം 180 രാജ്യങ്ങളിൽ 151-ാം സ്ഥാനത്താണ് ഇന്ത്യ. 2024-ൽ 159-ാം സ്ഥാനത്തുനിന്നും 2023-ൽ 161-ാം സ്ഥാനത്തുനിന്നും നേരിയ പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈ മുന്നേറ്റംപോലും പ്രശ്‌നമുള്ളതാണ് ഈ റിപ്പോർട്ട് തന്നെ വിലയിരുത്തുന്നു. ഇന്ത്യയുടെ ആകെ സ്കോർ 32.96 മാത്രമാണ്, ഇത് രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം "വളരെ ഗൗരവതരം" എന്ന വിഭാഗത്തിൽ നിർത്തുന്നു. അയൽരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ പിന്നോക്കാവസ്ഥ വ്യക്തമാകും. നേപ്പാൾ (90), മാലിദ്വീപ് (104), ശ്രീലങ്ക (139), ബംഗ്ലാദേശ് (149) എന്നിവയെല്ലാം സൂചികയിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. മാധ്യമപ്രവർത്തകരുടെ സുരക്ഷ വിലയിരുത്തുന്ന 'സെക്യൂരിറ്റി ഇൻഡിക്കേറ്റർ' വിഭാഗത്തിലെ മോശം പ്രകടനം, രാഷ്ട്രീയ സ്വാധീനം, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം എന്നിവയാണ് ഇന്ത്യയുടെ മോശം റാങ്കിങ്ങിന് പ്രധാന കാരണങ്ങളായി ആർ.എസ്.എഫ് ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുക മാത്രമല്ല, ആ കേസുകളിൽ നീതി നടപ്പാക്കുന്നത് വൈകുകയും നീതി നിഷേധിക്കുകയും ചെയ്യുന്നത്, ഇത്തരം കുറ്റകൃത്യങ്ങളിൽ കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നതിന് തുല്യമാണ്. യുനെസ്‌കോ ഡയറക്ടർ ജനറലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2006 മുതൽ ഇന്ത്യയിൽ 39 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 22 കൊലപാതകങ്ങളും 2014-ന് ശേഷമാണ് സംഭവിച്ചത്. ഏറ്റവും ഭയാനകമായ വസ്തുത, ഈ 22 കേസുകളിൽ ഒന്നുപോലും ഇതുവരെ തീർപ്പാക്കിയിട്ടില്ല എന്നതാണ്. അതായത്, ശിക്ഷാമുക്തിയുടെ നിരക്ക് നൂറുശതമാനമാണ്.
'ദി ഫ്രീ സ്പീച്ച് കളക്ടീവ്' എന്ന സന്നദ്ധ സംഘടനയുടെ കണക്കനുസരിച്ച്, 2025-ന്റെ ആദ്യ നാല് മാസത്തിനുള്ളിൽ മാത്രം (ജനുവരി-ഏപ്രിൽ) ഇന്ത്യയിൽ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു - ബസ്തറിലെ മുകേഷ് ചന്ദ്രാകറും രാഘവേന്ദ്ര ബാജ്‌പേയിയും. ഇതേ കാലയളവിൽ മറ്റ് നാല് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെടുകയും ആറ് പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.
കൊലപാതകങ്ങൾക്കും ശാരീരിക ആക്രമണങ്ങൾക്കും പുറമേ, മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാൻ നിയമസംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നു. 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്‌സ്' (CPJ) 2024-ൽ പുറത്തുവിട്ട വാർഷിക പ്രിസൺ സെൻസസ് പ്രകാരം, 2024 ഡിസംബർ 1-ലെ കണക്കനുസരിച്ച് മൂന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകർ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് തടവിലാണ്.
വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന ഇരട്ട അക്രമങ്ങൾ
വനിതാ മാധ്യമപ്രവർത്തകർ സവിശേഷമായി "ഇരട്ട ഭീഷണി" നേരിടുന്നു. അവർ മാധ്യമപ്രവർത്തകർ എന്ന നിലയിലും സ്ത്രീകൾ എന്ന നിലയിലും ഒരേസമയം ആക്രമിക്കപ്പെടുന്നു. ആഗോളതലത്തിൽ, 2022-ൽ 10 വനിതാ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എന്നാൽ ശാരീരിക ആക്രമണത്തേക്കാൾ ഭീകരമാണ് വനിതാ മാധ്യമപ്രവർത്തകർ ഡിജിറ്റൽ മാധ്യമങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ. ഇതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് യുനെസ്‌കോ 2025-ലെ ഇംപ്യൂനിറ്റി ദിനത്തിന്റെ പ്രമേയമായി "ചാറ്റ് ജിബിടി: എ.ഐ-ഫെസിലിറ്റേറ്റഡ് ജെൻഡർ-ബേസ്ഡ് വയലൻസ് എഗെയ്ൻസ്റ്റ് വിമൻ ജേർണലിസ്റ്റ്‌സ്" (നിർമിത ബുദ്ധി ഉപയോഗിച്ച് വനിത മാധ്യമപ്രവർത്തകർക്ക് നേരിടുന്ന അക്രങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം) എന്നത് തിരഞ്ഞെടുത്തത്. നിർമിത ബുദ്ധി ഉപയോഗിച്ചുള്ള ഡീപ്‌ഫേക്കുകൾ, ലിംഗവിവേചനപരമായ വ്യാജ പ്രചാരണങ്ങൾ, ഓൺലൈൻ നിരീക്ഷണം എന്നിവയിലൂടെ വനിതാ മാധ്യമപ്രവർത്തകരെ നിശബ്ദരാക്കാനുള്ള സംഘടിത ശ്രമങ്ങൾക്കെതിരെയാണ് ഈ വർഷത്തെ പ്രചാരണം.
യുനെസ്‌കോയും ഇന്റർനാഷണൽ സെന്റർ ഫോർ ജേർണലിസ്റ്റ്‌സും ചേർന്ന് നടത്തിയ 'ദി ചില്ലിങ്' എന്ന ആഗോള പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്ത 73 ശതമാനം വനിതാ മാധ്യമപ്രവർത്തകരും തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. ഈ ഓൺലൈൻ ഭീഷണികൾ വെർച്വൽ ലോകത്ത് ഒതുങ്ങുന്നില്ല എന്നതാണ് ഏറ്റവും അപകടകരമായ വസ്തുത. 20 ശതമാനം പേർ തങ്ങൾക്കെതിരായ ഓൺലൈൻ ഭീഷണികൾ പിന്നീട് നേരിട്ടുള്ള ശാരീരിക ആക്രമണങ്ങളിലേക്ക് നയിച്ചതായി റിപ്പോർട്ട് ചെയ്തു. ഇതിന്റെ അനന്തരഫലമായി, 30 ശതമാനം പേർ സ്വയം സെൻസർ ചെയ്യാൻ നിർബന്ധിതരായി.
ഇന്ത്യൻ സാഹചര്യത്തിലും ഇത് വ്യത്യസ്തമല്ല. 2024 ഓഗസ്റ്റിൽ 'നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഇന്ത്യ' മാധ്യമ സ്ഥാപനങ്ങൾക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ന്യൂസ്‌റൂമുകൾക്കുള്ളിലെ മോശം തൊഴിൽ സാഹചര്യങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, ജാതീയമായ അധിക്ഷേപങ്ങൾ എന്നിവയുൾപ്പെടെയുള്ള വിഷലിപ്തമായ തൊഴിൽ സംസ്കാരം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.
ഹിന്ദുത്വ ആശയങ്ങൾ പിന്തുടരുന്ന സംഘടിത ട്രോൾ ഫാമുകൾ വനിതാ മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നതായി' മീഡിയ ഡിഫൻസ്' എന്ന സംഘടന റിപ്പോർട് ചെയ്യുന്നുണ്ട്. കേവലം വിമർശനത്തിനപ്പുറം, അത്യന്തം മോശമായ ലൈംഗിക ചുവയോടെയുള്ള അധിക്ഷേപങ്ങളും ഭീഷണികളുമാണ് അവർ നേരിടുന്നത്. മുസ്ലിം വനിത മാധ്യമപ്രവർത്തകരെയടക്കം സുള്ളി ഡീൽ എന്ന പേരിൽ ഓൺലൈനിൽ വിൽപനക്ക് വെച്ച ഹിന്ദുത്വപ്രവർത്തകരുടെ നടപടികളും ശിക്ഷനടപടികളൊന്നുമില്ലാതെ ഇഴഞ്ഞു നീങ്ങുന്നു. ഗൗരി ലങ്കേഷ്, സുജാഅത് ബുഖാരി, സിദ്ദീഖ് കാപ്പൻ, കെ എം ബഷീർ, റാണ അയ്യൂബ്, തുടങ്ങി നിയമ നടപടികൾ ഇഴഞ്ഞു നീങ്ങുന്ന മാധ്യമപ്രവർത്തകർക്ക് എതിരായ കേസുകൾ നിരവധിയാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
ജനാധിപത്യത്തിന്‍റെ നാലാം തൂൺ എന്ന പഴകിതേഞ്ഞ സങ്കല്പമൊന്നും മുഖ്യധാരാ മാധ്യമങ്ങളെപ്പറ്റി പറയാനാകില്ലെങ്കിലും, ഒരു ആധുനിക ജനാധിപത്യ സമൂഹത്തിനകത്ത് മാധ്യമങ്ങളുടെ പങ്ക് വലുതാണ്. സ്വതന്ത്ര ആവിഷ്‌കാരങ്ങളും ഏതൊരു ജനാധിപത്യ സമൂഹത്തിന്‍റെയും ജീവവായുവാണ്.
(കോഴിക്കോട് സർവകലാശാലയിൽ മാധ്യമ പഠന വിഭാഗം ഗവേഷകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

