Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആ പാതിരാ ഡീലിന്റെ...

ആ പാതിരാ ഡീലിന്റെ തുടർക്കഥയിൽ സി.പി.എം

text_fields
bookmark_border
ആ പാതിരാ ഡീലിന്റെ തുടർക്കഥയിൽ സി.പി.എം
cancel
ആർ.എസ്.എസുമായി വെടിനിർത്തലിനു തുടക്കമിട്ട ഈ പാതിരാസന്ധിക്കു ശേഷം കേരളത്തിൽ സി.പി.എമ്മും മുന്നണി സർക്കാറും ഭരണ-പാർട്ടി നേതൃത്വങ്ങളും ന്യൂനപക്ഷങ്ങളടക്കമുള്ള വിവിധ സാമൂഹികവിഭാഗങ്ങളോടും സ്വീകരിച്ച നയപരിപാടികളിലും രാഷ്ട്രീയസമീപനങ്ങളിലും വന്ന നിലപാടുമാറ്റങ്ങൾ പരിശോധിച്ചാൽ ഇടതിന്റെ വലതുവാട്ടം തെളിഞ്ഞുകാണാം

ഔദ്യോഗിക പരിവേഷവും പരിവാരങ്ങളുമില്ലാതെ 2016ൽ ആർ.എസ്.എസുമായി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ അതി രഹസ്യമായി നടന്ന ആ പാതിരാ ഡീലിനെത്തിയതായിരുന്നു മുഖ്യമന്ത്രിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. രാഷ്ട്രീയ സംഘർഷങ്ങളിൽ കൊണ്ടും കൊടുത്തും കണക്കുതീർക്കുന്നവർ അന്യോന്യമിരിക്കുകയാണ്. ആമുഖമായി സി.പി.എം അതിക്രമത്തിന്റെ കഥകൾ സംഘ്നേതാക്കളിലൊരാൾ ഉരുക്കഴിച്ചപ്പോൾ പിണറായി ചർച്ചയുടെ ഇടനിലക്കാരനായ സംഘ്പരിവാർ സ്വന്തക്കാരൻ ശ്രീ എമ്മിനെ ഒന്നു നോക്കി. അപ്പോൾ പിണറായി പറയട്ടെ എന്നായി എം. ‘‘ഞാൻ ഇവിടെ പഴയ വിഴുപ്പ് അലക്കാൻ വന്നതല്ല, അക്രമം അവസാനിപ്പിക്കുന്നതിലാണ് എനിക്കു താൽപര്യം’’ -പിണറായി നയം വ്യക്തമാക്കി.

ഇതേ വാചകം ഈ ചർച്ചക്കു മുന്നോടിയായി നടന്ന മറ്റൊരു പാതിരാ ചർച്ചയിൽ (സംഘർഷത്തിനെന്ന പോലെ ഒത്തുതീർപ്പ് ചർച്ചകൾക്കും ഇരുവിഭാഗവും മുഹൂർത്തം തെരഞ്ഞെടുത്തത് രാക്കാലങ്ങളാണ്) സി.പി.എം നേതാവ് പി. ജയരാജനെ എമ്മും ഉപദേശിച്ചതാണ്. അന്നു ജയരാജൻ സ്വന്തം അനുഭവം മുന്നിൽവെച്ച് ആർ.എസ്.എസ് അതിക്രമങ്ങളെക്കുറിച്ച് പരിതപിച്ചപ്പോൾ എം ഇടക്കുകയറി പറഞ്ഞു: ‘‘ഇപ്പറഞ്ഞതിലൊക്കെ ആർ.എസ്.എസിന് വേറെ പറയാനുണ്ടാകും. പഴയ ചരിത്രമൊക്കെ വിട്ട് നമുക്ക് പുതിയ തുടക്കമാകാം.’’ അങ്ങനെ കൊലക്കു കൊലയെന്ന ആറല്ല, അറുനൂറു നൂറ്റാണ്ടുകൾക്കുമപ്പുറത്തെ ഹമുറാബിയൻ കോഡിന്റെ കണ്ണൂർ പതിപ്പ് മതിയെന്നു വെക്കാൻ തീരുമാനിച്ചുറച്ചു സി.പി.എമ്മും ആർ.എസ്.എസും. രണ്ടുപേർക്കും അത് അത്യാവശ്യമായിരുന്നുവെന്ന് ഈ പാതിരാ ഡീൽ സവിസ്തരം അനാവരണംചെയ്ത ‘ദ ആർ.എസ്.എസ് ആൻഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നേഷൻ’ എന്ന കൃതിയിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ ദിനേശ് നാരായൺ പറഞ്ഞുവെക്കുന്നു.

ശാഖകളുടെയും പ്രവർത്തകരുടെയും ബലത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ആ കരുത്തിനെ രാഷ്ട്രീയശക്തിയാക്കി മാറ്റാൻ കഴിയുന്നില്ല എന്ന ആധി ആർ.എസ്.എസിനുണ്ട്. അതിനു തടസ്സം ഏറ്റവും വലിയ ‘ഹിന്ദു പാർട്ടി’യായി സി.പി.എം നിലനിൽക്കുന്നതുതന്നെ കാരണം. ജനസംഖ്യയിൽ ഏകദേശം 55 ശതമാനം വരുന്ന ഹിന്ദുക്കളിൽ ഏതാണ്ട് നാലിലൊരാൾ ഈഴവ സമുദായത്തിൽ പെട്ടവരാണ്. അവരിൽ ഏറിയകൂറും സി.പി.എം അണികളാണ്. അതിനുപുറമെ നായർ സമുദായത്തിലെ ഇടത്തരത്തിൽ താഴ്ന്നവരുടെയും പട്ടികജാതിക്കാരുടെയും കാര്യമായ പിന്തുണയും അവർക്കുണ്ട്. ഇതിൽ വിള്ളലുണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്.

ത്രിപുര പോലെ പതിറ്റാണ്ടുകൾ സി.പി.എം കോട്ടയായ ഒരിടത്ത് ഇളക്കിപ്രതിഷ്ഠ നടത്താനായെങ്കിൽ, ബംഗാൾ എന്ന ശക്തിദുർഗം എന്നത്തേക്കുമായി സി.പി.എമ്മിന്റെ പൊയ്ക്കിനാവായി മാറിയെങ്കിൽ അവശേഷിക്കുന്ന ഏക തുരുത്തായ കേരളം പിടിക്കാനുള്ള വഴിയേത് എന്നാണ് സംഘ്പരിവാർ അന്വേഷിക്കുന്നത്. രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ മുസ്‍ലിം-ന്യൂനപക്ഷ വെറുപ്പിന്റെ രാഷ്ട്രീയം ഊതിപ്പിടിപ്പിക്കാൻ ഇത്തിരി മെനക്കെടേണ്ടിവരും എന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു വിജയിപ്പിച്ചെടുക്കാൻ സി.പി.എമ്മിലൂടെ മറുവഴി തിരയുന്നുണ്ട് കഴിഞ്ഞ ഒരു പതിറ്റാണ്ടായി ആർ.എസ്.എസും ബി.ജെ.പിയും.

വൈകിയാണെങ്കിലും അത് ലക്ഷ്യം കാണുന്നുവെന്ന് സി.സി. മുകുന്ദൻ എന്ന കമ്യൂണിസ്റ്റ് എം.എൽ.എ മുതൽ പ്രാദേശികഭാരവാഹികൾ വരെയുള്ള സി.പി.എമ്മുകാരുടെ സംഘ്പരിവാർ പ്രവേശനം തെളിയിക്കുന്നു. മറുഭാഗത്ത് അധികാരമില്ലെങ്കിൽ ബൂർഷ്വാ പാർട്ടികളെ പോലെത്തന്നെ അപ്രസക്തമായിത്തീരുന്ന പരുവത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അവശേഷിക്കുന്ന ഏക തുരുത്തായ കേരളം കൈവിടാതെ കാക്കണം. അധികാരത്തുടർച്ച മേൽത്തട്ടു മുതൽ കീഴ്ത്തട്ടുവരെ ജീവൽപ്രശ്നമായി മാറിയതിനാൽ ഏതു ചെകുത്താനെ കൂട്ടുപിടിച്ചും അതു നിലനിർത്തുക എന്ന പഴയ നമ്പൂതിരിപ്പാട് പ്രമാണത്തിനു പുതുജീവൻ കൈവന്നു. കേന്ദ്രത്തിലടക്കം അധികാരിവർഗത്തോടും കാപിറ്റലിസ്റ്റ് കോർപറേറ്റ് വർഗത്തോടും സന്ധിയും അടിസ്ഥാനവർഗത്തോട് സമരവും എന്ന കാഴ്ചപ്പാട് പശ്ചിമ ബംഗാളിനേക്കാൾ വേഗത്തോടെ കേരളത്തിൽ പാർട്ടിയും സർക്കാറും നടപ്പാക്കി. വലതു കേന്ദ്രത്തിനും ഇടതുകേരളത്തിനുമിടയിൽ ലെയ്സൺ ഉദ്യോഗസ്ഥരും ഇടനിലക്കാരും പാലങ്ങളുമായി അതു പുരോഗമിച്ചു. അതിലൊന്നായിരുന്നു ആർ.എസ്.എസിന്റെ സന്തത സഹചാരി എം.

ക്രിയായോഗിയായ എമ്മിന്റെ ഒരു മണിക്കൂർ ക്യാമ്പിൽ 2014ൽ പിണറായിയും പങ്കുകൊണ്ടിട്ടുണ്ട്. ഇരുപക്ഷത്തേയും ഈ ബന്ധം വെച്ചാണ് പിണറായി സർക്കാർ അധികാരമേറിയ ഉടൻ ആർ.എസ്.എസ്-സി.പി.എം അനാക്രമണസന്ധിക്ക് എം മുൻകൈയെടുത്തത്. കണ്ണൂർ ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജനുമായി സംസാരിച്ച ശേഷം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനുമായി കണ്ടു. അവർ കേൾക്കുമോ എന്നൊരു സംശയം മാത്രമായിരുന്നു പിണറായിക്ക്. അതേ സംശയംതന്നെ ആർ.എസ്.എസ് സ്റ്റേറ്റ് സെക്രട്ടറി പി. ഗോപാലൻകുട്ടി തിരിച്ചും എമ്മിനോട് ചോദിച്ചു. തുടർന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷിയെ കണ്ട് എം സമ്മതം വാങ്ങി. പിന്നീട് ഡൽഹിയിൽ സർസംഘ്ചാലക് മോഹൻ ഭാഗവതിനെ കണ്ടു ചർച്ചക്ക് ആളെ നിർദേശിച്ചുതരണമെന്ന് അഭ്യർഥിച്ചു. നാലു പേരുകൾ ഭാഗവത് നൽകി. ഗോപാലൻ കുട്ടി മാസ്റ്റർ, വിഭാഗ് പ്രചാർ പ്രമുഖ് വൽസൻ തില്ലങ്കേരി, ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണൻ, മുൻ പ്രാന്ത പ്രചാരക് എസ്. സേതുമാധവൻ എന്നിവർ മാസ്കറ്റ് ഹോട്ടലിൽ ചർച്ചക്ക് എത്തുന്നത് നാഗ്പുർ ആസ്ഥാനത്തിന്റെ മേൽനോട്ടത്തിലാണ്. സി.പി.എമ്മിൽനിന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും.

മൂന്നു പതിറ്റാണ്ടിലേറെയായി കണ്ണൂരിലും പ്രാന്തങ്ങളിലും അതിനനുരണനമെന്നോണം സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ടയിടങ്ങളിലും നടന്നുവന്ന കഴുത്തറപ്പൻ രാഷ്ട്രീയത്തിന് വിരാമം കുറിച്ചത് ഈ പാതിരാചർച്ചയാണ്. ചർച്ചയുടെ തുടർച്ചയായി ഇരുവിഭാഗവും പ്രാദേശികതലങ്ങളിലേക്ക് ആശയവിനിമയ ബന്ധം സ്ഥാപിച്ചു. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ അന്യോന്യം ബന്ധപ്പെടണമെന്നും തൽക്ഷണ പരിഹാരം കാണണമെന്നും ധാരണയായി. അതിനു ശേഷവും ചില്ലറ അനിഷ്ടസംഭവങ്ങളുണ്ടായെങ്കിലും അതെല്ലാം ഒറ്റപ്പെട്ട അത്യാവേശമായി വിലയിരുത്തി, പരസ്പരം പറഞ്ഞൊതുക്കി. പാർട്ടി ഗ്രാമങ്ങളെക്കുറിച്ചും പൊലീസിന്റെ ഇടപെടലിനെക്കുറിച്ചുമൊക്കെ ആർ.എസ്.എസ് ഉന്നയിച്ച പരാതികൾക്ക് ഇടതുസർക്കാർ ചെവികൊടുത്തു.

ആർ.എസ്.എസുമായി വെടിനിർത്തലിനു തുടക്കമിട്ട ഈ സന്ധിക്കു ശേഷം കേരളത്തിൽ സി.പി.എമ്മും മുന്നണി സർക്കാറും ഭരണ-പാർട്ടി നേതൃത്വങ്ങളും ന്യൂനപക്ഷങ്ങളടക്കമുള്ള വിവിധ സാമൂഹികവിഭാഗങ്ങളോടും സ്വീകരിച്ച നയപരിപാടികളിലും രാഷ്ട്രീയസമീപനങ്ങളിലും വന്ന നിലപാടുമാറ്റങ്ങൾ പരിശോധിച്ചാൽ ഇടതിന്റെ വലതുവാട്ടം തെളിഞ്ഞുകാണാം. ആർ.എസ്.എസുമായി ഡീലായതിൽ പിന്നെ, പ്രതിയോഗിയാക്കി പ്രഹരിക്കാൻ ഫാഷിസ്റ്റുകൾക്കെന്നപോലെ കമ്യൂണിസ്റ്റുകൾക്കും ഒരു തല്ലുകൊള്ളി വേണം. ആയിടത്തിൽ അവർ കണ്ടുവെച്ചത് മുസ്‍ലിം ന്യൂനപക്ഷ സംഘടനകളെയാണ്. രാജ്യത്ത് തിടംവെച്ചു വളർന്ന ഇസ്ലാംപേടിയുടെ അന്തരീക്ഷം അതിന് സൗകര്യമാവുകയും ചെയ്തു. അങ്ങനെ രാജ്യത്ത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആട്ടിപ്പായിക്കാൻ വംശഹത്യകളും ഭരണഘടനയെ അട്ടിമറിക്കാൻ ആസൂത്രിത തന്ത്രങ്ങളും പയറ്റുന്ന സംഘ്പരിവാറിനേക്കാൾ ഭീകരം, ന്യൂനാൽ ന്യൂനപക്ഷമായ മുസ്‍ലിം സംഘടനകളാണ് എന്ന പ്രചാരണത്തിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ എത്തി. ജമാഅത്തെ ഇസ്‍ലാമി മുസ്‍ലിം ആർ.എസ്.എസ് ആണ് എന്നുവരെ നേതാക്കൾ വിലയിരുത്തി.

പണ്ട് ഹിറ്റ്ലറെ സ്റ്റാലിൻ പുണർന്നപ്പോൾ സാമ്രാജ്യത്വയുദ്ധം പറഞ്ഞ് ന്യായീകരിച്ച, ബ്രിട്ടൻ സോവിയറ്റ് യൂനിയനുമായി സഖ്യം ചെയ്തപ്പോൾ, സ്വാതന്ത്ര്യസമരം നയിച്ച ഗാന്ധിയെയും നെഹ്റുവിനെയും കോൺഗ്രസിനെയും അഞ്ചാംപത്തിക്കാരായി മുദ്രകുത്തിയ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് അധികാരത്തിനു വേണ്ടി ജമാഅത്തെ ഇസ്‍ലാമി എന്ന കൊച്ചു സംഘടനയെ തലകീഴായി പിടിക്കാൻ മടിക്കേണ്ട കാര്യമില്ല. സംഘ്പരിവാറിന്റെ മുസ്‍ലിം ന്യൂനപക്ഷവിരുദ്ധ അജണ്ട വിജയിപ്പിക്കാൻ മറ്റാരുണ്ട്, എൽ.ഡി.എഫ് അല്ലാതെ എന്ന ദുര്യോഗത്തിലേക്ക് പാർട്ടിയെയും മുന്നണിയെയും തള്ളിവിടണമോ എന്ന് പശ്ചിമബംഗാളിലേക്ക്, അല്ല, നാട്ടികയിലേക്കും ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേയും പാർട്ടിയിലെ ചോർച്ച നോക്കി സി.പി.എമ്മിനും സഹയാത്രികർക്കും തീരുമാനിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamaat-e-Islamipolit bureauRSSCPMKerala Assembly Election 2026
News Summary - CPM in the sequel to that half-day deal
Next Story