Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസി.പി.എം ആകുലതകളും...

സി.പി.എം ആകുലതകളും നിയമസഭ തെരഞ്ഞെടുപ്പും

text_fields
bookmark_border
സി.പി.എം ആകുലതകളും നിയമസഭ തെരഞ്ഞെടുപ്പും
cancel

പി.ജയരാജ​െൻറ ആകുലതകൾ വായിച്ചു (മാധ്യമം 17.01.21). പി. ജയരാജ​േൻറതു മാത്രമല്ല, അതേ ജനുസ്സിൽപെട്ട സി.പി.എം നേതാക്കൾ പങ്കുവെക്കുന്ന ആകുലതയാണത്​. അധികാരം നഷ്​ടപ്പെടുമോയെന്ന ആ ആകുലതയുടെ പ്രധാന കാരണം, കിറ്റു കൊടുത്തിട്ടും തദ്ദേശതെരഞ്ഞെടുപ്പിൽ മുസ്​ലിംലീഗിന് തിരിച്ചടി നൽകാൻ കഴിഞ്ഞില്ല എന്നതാണ്. ലീഗിനെ ചാരി കോൺഗ്രസിനെ അടിക്കാനൊക്കുമോ എന്നാണ് നോട്ടം. ലീഗും കോൺഗ്രസും പതിറ്റാണ്ടുകളായി സാഹോദര്യ ബന്ധത്തോടെ പ്രവർത്തിക്കുന്ന കക്ഷികളാണ്. കോൺഗ്രസി​െൻറ പരാജയം പടക്കം പൊട്ടിച്ച് ആഘോഷിച്ച സി.പി.എമ്മുകാരനൊപ്പം കൂടാതെ, അത് വേദനയോടെ ഒപ്പം നിന്ന് പങ്കുവെച്ച, ആ പരാജയത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ കോൺഗ്രസ് തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്ന, അതിനുവേണ്ടി കോൺഗ്രസിനൊപ്പം നിൽക്കുന്ന കക്ഷിയാണ് ലീഗ്.

കോൺഗ്രസി​െൻറ പരാജയം കൊട്ടിഘോഷിക്കുന്നതിനിടയിൽ തങ്ങൾക്ക്​ സംഭവിച്ചത് സി.പി.എം കാണാതെപോവുകയാണ്. ആകെ മൂന്നു ലോക്സഭ എം.പിമാരാണ് സി.പി.എമ്മിന്. അതിൽത്തന്നെ രണ്ടെണ്ണം കോൺഗ്രസും ലീഗും കൂടി ഭാഗമായ യു.പി.എയുടെ ഔദാര്യം കൊണ്ട് കിട്ടിയതാണ്​. അവിടെയാണ് മൂന്ന് എം.പിമാരെ സംഭാവന ചെയ്ത് തിളക്കത്തോടെ ഇന്ത്യൻ യൂനിയൻ മുസ്​ലിംലീഗ്​ നിലകൊള്ളുന്നത്.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തി​െൻറ സ്വാഭാവികരീതി അനുസരിച്ച് ടേൺ യു.ഡി.എഫി​േൻറതാണ്‌. അങ്ങനെ വന്നാൽ ഇന്ത്യൻ രാഷ്​ട്രീയത്തിൽ സി.പി.എമ്മും പിണറായിയും ജയരാജന്മാരും അസ്തമിക്കും. അത്​ ഒഴിവാക്കാൻ എന്തു നെറികെട്ട കളിയും കളിക്കുക, നാടെത്ര നശിച്ചാലും വേണ്ടില്ല, അധികാരം നിലനിർത്താൻ എന്ത്‌ നീചവഴിയും സ്വീകരിക്കുക എന്ന മനസ്സുമായി, മാപ്പിളവർഗീകരണത്തിന്​ ഇറങ്ങിയിരിക്കുകയാണ് സി.പി.എം. ദുവാർത്തെ ബർബോസെയുടെ ഭൂതം സി.പി.എമ്മിൽ പരകായ പ്രവേശം നടത്തിയിരിക്കുന്നു. ലീഗ് യു.ഡി.എഫ് നേതൃത്വം ഏറ്റെടുക്കുന്നേ എന്ന നിലവിളിയുടെ ചേതോവികാരം നിഷ്കളങ്കമായ കോൺഗ്രസ് സ്നേഹമാണെന്ന് യു.ഡി.എഫുകാർ കൂടി കരുതണമെന്ന അതിരുകടന്ന വ്യാമോഹമെങ്കിലും സി.പി.എം മടക്കി കീശയിലിടണം. പ്രത്യേകസമുദായത്തിൽപെട്ടയാൾക്ക് മുഖ്യമന്ത്രിപദവി നിഷിദ്ധമാണെന്ന പ്രഘോഷണം, അല്ലെങ്കിൽ മുസ്​ലിംകൾ എല്ലാം വാരിക്കൊണ്ടുപോകുന്നുവെന്ന അസംബന്ധം നിറഞ്ഞ സംഘ്​പരിവാർ പ്രചാരണം ഏറ്റെടുക്കാൻ സി.പി.എം തയാറായത് എന്തടിസ്ഥാനത്തിലാണ്? ഈ പ്രചാരണത്തിലൂടെ ഇസ്​ലാം ഭീതി പടർത്തി അതി​െൻറ പേരിൽ സാമുദായിക ധ്രുവീകരണമുണ്ടാക്കി അധികാരം നിലനിർത്താമെന്ന സി.പി.എമ്മി​െൻറ ദുഷ്​ടചിന്തയുടെ ഭാഗമാണിത്​. വെൽഫെയർപാർട്ടിയെ അതിനു കരുവാക്കുകയാണ് സി.പി.എം. ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാടി​െൻറ കാലത്ത് അത് ശരീഅത്ത് ആയിരുന്നു. '90 കളിൽ ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ അത് സദ്ദാം ഹുസൈനായി. മഅ്​ദനിയെ അറസ്​റ്റ്​ ചെയ്ത് കൊടുത്തവർക്ക് പിൽക്കാലത്ത് ശംഖുംമുഖത്തും പൊന്നാനിയിലും ഒരുമിച്ചിരുന്ന് ലീഗ്-യു.ഡി.എഫ് വിരുദ്ധത പടർത്താൻ ഒരു മടിയുമുണ്ടായില്ല. വെൽഫയർ പാർട്ടിയുമായി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പുവരെ രാഷ്​ട്രീയബന്ധം പരസ്യമായി പുലർത്തിയത് സി.പി.എമ്മും ഇടതുമുന്നണിയുമായിരുന്നു. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽ​െഫയർപാർട്ടിക്ക്​ തീവ്രവാദ ബന്ധം ആക്ഷേപിച്ചവർ, അപ്പോഴും അവരുമായി തദ്ദേശസ്ഥാപനങ്ങളിൽ അധികാരം പങ്കുവെച്ച് ഒരുമിച്ച് തുടരുകയായിരുന്നു. സോഷ്യൽ മീഡിയ സ്​പേസ് വഴി മുസ്​ലിം സ്വത്വബോധത്തിന് വർഗീയമുഖം നൽകാനാണ് സി.പി.എം കാപ്സ്യൂൾ നിർമാതാക്കൾ ഇപ്പോൾ പരിശീലനം നേടുന്നത്.

ഇവിടെയാണ് സി.പി.എമ്മി​െൻറ സംഘ്​പരിവാറിനോടുള്ള പൊരുത്തം പരിശോധി​േക്കണ്ടി വരുന്നത്. നിഷ്കളങ്കമല്ലാത്ത പലതും നിസ്സാരമായി നമുക്ക് വായിച്ചെടുക്കാം. മുത്തലാഖ് നിരോധനിയമത്തിനും സി.എ.എക്കും കശ്മീർ, സംവരണവിഷയങ്ങളിലും ബാബരി കേസിലും നീതിപീഠത്തി​െൻറ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകൾ നിയമമേഖലയിലെ അക്കാദമികവിദഗ്ധർ വിശകലനം ചെയ്ത് പല നിരീക്ഷണങ്ങളും പങ്കുവെച്ചിട്ടുണ്ട്. അവിടെയാണ് ലാവലിൻ കേസിനെന്തു സംഭവിക്കുന്നു എന്നത് പ്രസക്തമാവുന്നത്. കഴിഞ്ഞയാഴ്ച ഇരുപതാം തവണ ഈ കേസ് മാറ്റിവെക്കുന്നു. സി.ബി.ഐക്കാകട്ടെ, ഒരു കുലുക്കവുമില്ല, സങ്കോചവുമില്ല. മമത ബാനർജിക്കും കമൽനാഥിനും അശോക് ഗെഹ്​ലോട്ടിനും അമരീന്ദർ സിങ്ങിനും ഉദ്ധവ് താക്കറേക്കും കർണാടകയിലെയും മണിപ്പൂരിലെയും ഗോവയിലെയും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാർ ഏൽപിക്കാൻ ശ്രമിച്ച പരിക്കുകളും സംഘർഷവും നാം കണ്ടു. സ്വർണക്കടത്തിൽ ഇവിടെ കേരളസർക്കാറിനോട് എത്രയധികം ഉദാരതയാണ് കേന്ദ്ര ഏജൻസികൾ കാട്ടുന്നത്. ഒരു പ്രതിപക്ഷപാർട്ടിയുടെ സർക്കാറാണെന്ന മമത, മമത ബാനർജിക്ക് കിട്ടാതിരിക്കുമ്പോൾ പിണറായി വിജയന് അതു നൽകാനുള്ള സൗമനസ്യം നരേന്ദ്ര മോദി കാട്ടുന്നുണ്ടെങ്കിൽ അതത്ര നിഷ്കളങ്കമല്ല. എന്നാൽ, മതപ്രഭാഷകർക്കെതിരെ യു.എ.പി.എ അടിച്ചേൽപിക്കുന്നവർ ശശികലമാരുടെ ഉഗ്രവിഷം കണ്ടില്ലെന്ന് നടിക്കുന്നതും പാലത്തായിയിലെ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച നരാധമനോട് അനുനയം കാട്ടുന്നതും ആർ.എസ്.എസ് സർസംഘ് ചാലകിന് ദേശീയപതാകയുയർത്താൻ പാലക്കാട്ടെ സ്കൂളിൽ ചുവപ്പു പരവതാനി വിരിച്ചതുമെല്ലാം തികച്ചും സ്വാഭാവികമാണോ? പാലക്കാട്ടെ ജയ് ശ്രീരാം ബാനർ ഉയർത്തിയ ബി.ജെ.പിക്കാർക്ക് ഒരു നീതി, പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്ക് മറ്റൊരു നീതി. ഗാന്ധി പ്രതിമക്ക്​ കാവി പുതക്കുന്നിടം വരെ കാര്യങ്ങളെത്തിയിരിക്കുന്നു. സാമ്പത്തികസംവരണം മാത്രമാണ് വേണ്ടതെന്നും ജാതി-സാമൂഹികസാഹചര്യം വിലയിരുത്തിയുള്ള, ഇന്ത്യയിൽ നടപ്പിലായിട്ടുള്ളതുപോലെയുള്ള സംവരണമല്ല വേണ്ടതെന്നും ഒരു പോലെ പറയുന്നത് സംഘ്​പരിവാറും സി.പി.എമ്മും മാത്രമാകുന്നതും കാണാതിരിക്കരുത്. ലവ് ജിഹാദ് പ്രചാരണവും ഹലാൽ വിരുദ്ധതയും തുടങ്ങി അരങ്ങ് തകർക്കുന്ന മുസ്​ലിംവിരുദ്ധ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുകയാണ് മാർക്സിസ്​റ്റുകാർ കേരളത്തിൽ. ലക്ഷ്യം നാലു വോട്ടും അധികാരം നിലനിർത്തലും മാത്രം. അതിനുവേണ്ടി ഈ കേരളത്തി​െൻറ സാമൂഹികാന്തരീക്ഷം തകിടംമറിക്കുകയാണ്.

ഇനി, ഔഫ് അബ്​ദുറഹ്​മാനിലേക്ക് വന്നാൽ, സി.പി.എമ്മി​െൻറ സമീപനമല്ല ഇത്തരം വിഷയത്തിൽ ലീഗിനും യു.ഡി.എഫിനുമുള്ളത്. മുനവറലി ശിഹാബ് തങ്ങൾ അവിടെ ഒാടിയെത്തിയത്​ ഇക്കാര്യത്തിൽ മുസ്​ലിംലീഗ്​ നിലപാടിന്‌ വ്യക്തത ഉള്ളതിനാലാണ്‌. കുറ്റവാളികൾക്ക് സംരക്ഷണം നൽകില്ലെന്ന സന്ദേശം നൽകാൻ ആ സന്ദർശനത്തിനായി. ജയരാജ​െൻറ വേദമോതൽ വായിച്ചാൽ ചെകുത്താനു ചിരി വരും. അരിയിൽ ഷുക്കൂറിനെ ജയരാജന് ഓർമ കാണില്ല. പക്ഷേ, ജീവനുള്ള കാലം ഞങ്ങളുടെ ഇടനെഞ്ചിലെ വേദനയാണ് ഷുക്കൂർ. വിചാരണ നടത്തിയാണ് സി.പി.എമ്മി​െൻറ പാർട്ടിക്കോടതി ആ സഹോദരനെ കൊല ചെയ്തത്. അവരൊരു ക്രിമിനൽ സിൻഡിക്കേറ്റാണ്‌, ആർ.എസ്‌.എസിനെ പോലെ.

യു.എ.പി.എ ചുമത്തപ്പെട്ട അക്രമികളായ മാർക്സിസ്​റ്റുകാർ കൊന്നു തളളിയ എത്ര നിർദോഷികളുണ്ട് ഉത്തര മലബാറിൽ. അതിലൊരു ഷുഹൈബുമുണ്ട്. ശരത് ലാൽ-കൃപേഷുമാരെയും ടി.പി. ചന്ദ്രശേഖരനെയും വകവരുത്തിയ കൊലയാളികൾക്കുവേണ്ടി സി.പി.എം സർക്കാർ ഫണ്ടുപയോഗിച്ചു നടത്തിയ വിഫല നിയമപോരാട്ടങ്ങൾക്കുപയോഗിച്ച പണം ഉപയോഗിച്ചാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് ന്യായ് പദ്ധതി പ്രകാരം പ്രതിമാസം 6000 വെച്ച് നൽകാമായിരുന്നു. ഇങ്ങനെ സി.പി.എം കൊന്നു തള്ളിയ ആരുടെയും വീടുകൾ സന്ദർശിക്കാൻ ഒരു ജില്ല നേതാവിനെപ്പോലും പറഞ്ഞയക്കാത്തത് കുറ്റബോധംകൊണ്ട് മാത്രമാണെന്ന് ഞങ്ങൾക്കറിയാം. അത്തരം കുറ്റബോധത്തി​െൻറ പ്രശ്നമില്ലാത്തതും അക്രമങ്ങൾക്കൊപ്പം കൊടിപിടിക്കാനില്ലാത്തതുമാണ് ഇരകൾക്കൊപ്പംനിന്ന് ഇത്തരം നിലപാടുകൾ എടുക്കാൻ മുസ്​ലിംലീഗിന്​ കരുത്തു നൽകുന്നത്.

തെരഞ്ഞെടുപ്പിൽ പിണറായി സർക്കാറി​െൻറ ഭരണപരാജയങ്ങളും അഴിമതിയും സ്വജനപക്ഷപാതവും സ്വർണക്കടത്തും ലഹരി മാഫിയബന്ധവും ആശ്രിത, ബന്ധു നിയമനവും പി.എസ്‌.സി അട്ടിമറിയും ചർച്ച ചെയ്യാതിരിക്കാനാണ് മുസ്​ലിം ലീഗിനെ പ്രശ്​നവത്​കരിക്കാനും മുസ്​ലിം വിരുദ്ധമായൊരു അന്തരീക്ഷം സൃഷ്​​ടിക്കാനും സി.പി.എം മുതിരുന്നത്. ഇതു മറികടക്കാൻ ജനാധിപത്യ ശക്തികൾക്ക് കനത്ത ജാഗ്രത തന്നെ പുലർത്തേണ്ടി വരും.

(മുസ്​ലിം യൂത്ത്​ ലീഗ്​ സീനിയർ

വൈസ്​ പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM
News Summary - CPM Concerns and Assembly Elections
Next Story