Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒന്നല്ല, ചുറ്റും അനവധി വൈറസുകള്‍
cancel
camera_alt?????? ????????????????? ????????? ??????????????????? ????????? ????? ??? ???????? ?????????? ??????? ??? ????? ?????? ????????? ?????????? ????????. ?????????? ?????????????? ??????????? ?????????? ???????????? ????????? ????????? ??????????? ????? ?????? ????????????????? ???????????????

കൈകൊട്ടലി​​െൻറയും മറ്റു പല കലമ്പലുകളുടെയും ഇടയിലായിരുന്നു എങ്കില്‍ ഇപ്പോഴിതാ, ചുറ്റുമുള്ള ലക്ഷക്കണക്കിനുപേരെ ബാധിച്ച കറുത്ത സത്യത്തിലേക്ക് സ്വസ്ഥമായിരുന്ന് കണ്ണുപായിക്കാന്‍ സമയമായിരിക്കുന്നു. കൊറോണ വൈറസിനെ അകറ്റിനിര്‍ത്താന്‍ ഓരോ 20 മിനിറ്റിലും സോപ്പുപയോഗിച്ച് കൈകഴുകണമെന്ന് നമ്മോട് പറയുമ്പോള്‍, സോപ്പും വെള്ളവും ഇല്ലാതെ കഴിയുന്ന ലക്ഷക്കണക്കിനു പേരുണ്ടെന്ന കാര്യം എത്ര പേർ ഒാർക്കുന്നു? കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലംപോലും കിട്ടാത്തവര്‍. അവര്‍ക്ക് എവിടെയാണ് അവശ്യ ഭക്ഷ്യധാന്യങ്ങള്‍? എങ്ങനെയാണ് അവര്‍ കരുതലെടുക്കുക, വരണ്ട തൊണ്ടയും ഒഴിഞ്ഞ വയറുമായി വെറുതെ മരണം കാത്തിരിക്കുകയല്ലാതെ?
നിലനില്‍പിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളില്ലാതെ രാജ്യത്തെ ജനസംഖ്യയില്‍ നല്ലൊരു ശതമാനവും മരണാസന്നരായി കഴിയുകയാണ്. ഈ ‘ലോക്​​ഡൗണി’ലും കര്‍ഫ്യൂകളിലും സ്തംഭിച്ചുകഴിയുന്ന ലക്ഷക്കണക്കിന് പാര്‍ശ്വവത്​കൃത കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷണമോ അവശ്യസാധനങ്ങളോ ശുദ്ധജലമോ ലഭ്യമാക്കാന്‍ ഒരു സര്‍ക്കാര്‍ പദ്ധതിയുമില്ല. ഒരു കാര്യം മനസ്സിലാക്കുക, ഈ മാരക വൈറസ് അവരെ ബാധിക്കാതെ പോയാലും വിശപ്പും പോഷകാഹാരക്കുറവും അവരെ ആക്രമിക്കും. പട്ടിണിയുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഉയരും, അപ്പോൾ, അവരുടെ മറ്റു രോഗങ്ങള്‍ക്കും തകരാറുകള്‍ക്കും ഒപ്പം ഇതിനെയും കൂട്ടിക്കെട്ടും, അങ്ങനെ ഈ മരണങ്ങള്‍ പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ളതല്ലാതായിത്തീരും.


കഴിഞ്ഞയാഴ്ച ഒരു ഓട്ടോഡ്രൈവര്‍ എന്നോടുപറഞ്ഞു, അയാൾ ഓട്ടോ വിറ്റ് ഗ്രാമത്തിലേക്കു മടങ്ങുകയാണെന്ന്. യാത്രക്കാരെ കിട്ടുന്നില്ല, അതിനാൽ വായ്പ തിരിച്ചടക്കാനാകില്ല. അയാളും കുടുംബവും എങ്ങനെ ജീവിക്കും? അടുത്ത ഏതാനും ദിവസത്തേക്ക് റേഷന്‍ വാങ്ങാന്‍ പണമുണ്ടാകും. എന്നാല്‍, വീട്ടുവാടകയും മക്കളുടെ ഫീസും കൊടുക്കാനാകില്ല. അടച്ചുപൂട്ടലി​​െൻറ സാഹചര്യത്തിലും ഒരു കാര്യം ഓര്‍ക്കുക, കോടിക്കണക്കിനു പേര്‍ക്ക് ഇതിനെ നേരിടാനുള്ള ഒരുവിധ അടിയന്തരപദ്ധതിയും ഇതുവരെയുണ്ടായിട്ടില്ല. ജനസംഖ്യയുടെ പ്രാണവായു നിലനിര്‍ത്താന്‍ എന്തുചെയ്യും? ദിവസക്കൂലിക്കാരന്‍ അതതു ദിവസത്തേക്കുള്ളതു മാത്രമാണ് സമ്പാദിക്കുന്നത്. അടുത്ത മൂന്നാഴ്ച അദ്ദേഹം എങ്ങനെ ജീവിക്കും? അടുത്ത രണ്ടുദിവസത്തെ മാത്രം പ്രശ്‌നമല്ലിത്, വരാനിരിക്കുന്ന ദിവസങ്ങളുടേതുകൂടിയാണ്.


ദുഃഖകരമെന്നു പറയട്ടെ, ഈ അവസ്ഥയിലും സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വപ്പട്ടികയും നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടുപോയിട്ടില്ല. ഇപ്പോള്‍, തീവ്രമായ സംഘര്‍ഷസാഹചര്യത്തില്‍, മരണമുഖത്തെന്നപോലെ കഴിയുന്ന സമൂഹത്തിന് അതും ഇതും തെളിയിക്കേണ്ട ഭാരം കൂടി... എത്ര മാരകമായ അവസ്ഥയാണ്? അടുത്ത പ്രഭാതത്തില്‍ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത നിലനില്‍പിനിടെ, പൗരത്വ രേഖകള്‍ക്കും തെളിവിനും വേണ്ടിയുള്ള അന്വേഷണവും തുടരണം. എത്രപേര്‍ ഇതിനെ അതിജീവിക്കും? വൈറസില്‍നിന്ന് ചിലപ്പോള്‍ അവര്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍, ഇനി വേട്ടക്കെത്തുന്നതോ? കാക്കിട്രൗസർ ധരിച്ച്, വിവിധ കടലാസുകളുമായി വരുന്ന ഇന്‍സ്‌പെക്ടര്‍മാര്‍.


ജീവന്‍ ഇതേപോലെ സുരക്ഷിതമായി നിലനിര്‍ത്താന്‍ എന്തുചെയ്യണം? കശാപ്പുശാലകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ക്കാര്‍ മെഡിക്കല്‍ സ​െൻററുകളിലേക്കും ആശുപത്രികളിലേക്കും പോകാന്‍ നമ്മുടെ പൗരന്മാര്‍ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്? ഇത്തരം വ്യാധികളുടെയും വൈറസുകളുടെയും കാര്യത്തില്‍ ഇവിടെയെല്ലാം മരണസംഖ്യ അതിഭീകരമായിരുന്നു. ആരോഗ്യസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാറി​​െൻറ ഊന്നല്‍ തികച്ചും അപര്യാപ്തമായിരുന്നു. ഭക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും പറയുന്ന ഭരണാധികാരികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെന്നുനോക്കണം. ഒരു കാര്യംകൂടി ചെയ്യണം- ഈയിടെ നടന്ന ഡല്‍ഹി വംശഹത്യയുടെ ഇരകള്‍ കഴിഞ്ഞുകൂടുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വാസസ്​ഥലങ്ങളിലേക്കും അവരുടെ ക്യാമ്പുകളിലേക്കുംകൂടി പോകണം (ഇപ്പോൾ ആ ക്യാമ്പുകളും അടച്ചുപൂട്ടി അവരെ അവരെ വഴിയാധാരമാക്കിയിരിക്കുന്നു). നമുക്കു ചുറ്റും കെട്ടഴിച്ചുവിടുന്ന മാരകമായ വര്‍ഗീയവൈറസിനെ നേരിടാന്‍ എന്തുചെയ്യണം എന്നുകൂടി പറയണം. നാം, ഇന്ത്യക്കാര്‍ ഇന്ന് രണ്ട് മാരക വൈറസുകളുടെ ആക്രമണം നേരിടുകയാണ് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയല്ല- കൊറോണയും വര്‍ഗീയതയും. ഈ സാഹചര്യമാണ് അഭിമുഖീകരിക്കേണ്ടത്.


വരുന്നു, പൊലീസ് ഭരണകൂടം
ഇപ്പോഴത്തെ സാഹചര്യം തീര്‍ച്ചയായും ഉത്​കണ്ഠയും ആശങ്കയും ഉളവാക്കുന്നതാണ്. ഇതി​​െൻറ ആഘാതം നേരിടാന്‍ നാം തയാറെടുത്തിട്ടുണ്ടോ? വയോധികരുടെയും യുവാക്കളുടെയും മറ്റും മാനസികാരോഗ്യത്തെ ഇത് എങ്ങനെ ബാധിക്കും? വേനൽച്ചൂട് സ്ഥിതി ഒന്നുകൂടി തീവ്രമാക്കുന്നു. നാം ശരിക്കും തയാറെടുത്തിട്ടുണ്ടോ? എന്തു പരിഹാരമാണ് വരാനിരിക്കുന്നത്?
അതെ, സന്നദ്ധസഹായ പ്രവര്‍ത്തനങ്ങള്‍, സൗജന്യ മാര്‍ഗനിര്‍ദേശങ്ങള്‍... എല്ലാം ആവശ്യമാണ്. റൊട്ടി, പാല്‍, പച്ചക്കറി, വിദ്യാഭ്യാസം- ഇവ ലഭിക്കുന്ന ബാങ്കുകളെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിത്. ദൈനംദിന ജീവിതം നിലനിര്‍ത്താന്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യമാണ്.

ഒരു പൊലീസ് ഭരണകൂടം ഉയര്‍ന്നുവരുന്നതി​​െൻറ ആശങ്കകൂടി ഇപ്പോഴുണ്ട്. ദൈനംദിന ജീവിതത്തിലെ എന്തും പൊലീസ് നിയന്ത്രണത്തിലായേക്കാം... ജനാധിപത്യ ഇടങ്ങളാണ് ഇല്ലാതാകുന്നത്, അത് വന്‍തോതില്‍ പൊലീസ് നിയന്ത്രണത്തിലേക്കു വഴിമാറുന്നു.

രാജ്യത്ത് തടവില്‍ കഴിയുന്നവരെ ഈ വൈറസ് എങ്ങനെ ബാധിക്കും? ഭാഗികമായി തടവിലാക്കപ്പെട്ട അവസ്ഥയില്‍ നാംതന്നെ ഈ ചോദ്യം ചോദിക്കണം. തടവിലാക്കപ്പെട്ടവരില്‍ 75 ശതമാനവും വിചാരണ കാത്ത് കഴിയുന്നവരാണ്. അതായത്, ഭൂരിപക്ഷം തടവുകാരും കുറ്റവാളികളാണെന്ന് തെളിയിക്കപ്പെടാത്തവരാണ്, സാങ്കേതികമായി നിരപരാധികള്‍. തടവിലാക്കപ്പെട്ട ഡോക്ടര്‍മാരെയും നഴ്‌സുമാരെയും (തല്‍ക്കാലത്തേക്കെങ്കിലും) മോചിപ്പിച്ച് അവരെ രോഗികൾക്കരികിലെത്തിക്കാനാകുമോ? ജയിലില്‍ ഇരുന്ന് സമയം പാഴാക്കുന്നതിനേക്കാള്‍ ഡോ. കഫീല്‍ഖാന്‍ രോഗികള്‍ക്കരികിലിരിക്കുന്നതായിരിക്കുകയില്ലേ കൂടുതല്‍ നല്ലത്?

ഇത് അത്യന്തം ശൂന്യമായ ഒരവസ്ഥയാണ്. രണ്ടു വൈറസുകള്‍ ചുറ്റും പടര്‍ന്നിരിക്കുന്നു. വലിയ ദുരന്തം ഒരുപക്ഷേ, ഇതായിരിക്കാം: പാര്‍ശ്വവത്​കൃത ജനതയുടെ അരികിലെത്താന്‍ ശ്രമിക്കുന്ന നമുക്കിടയിലുള്ളവരെ രാഷ്​ട്രീയ ലോബി നിശ്ശബ്​ദരാക്കാന്‍ ശ്രമിക്കുന്നു. ഹര്‍ഷ് മന്ദർ, പ്രഫ. ആനന്ദ് തെല്‍തുംബ്‌ഡേ, ഗൗതം നവ്‌ലാഖ എന്നിവരെപ്പോലുള്ള ആക്​ടിവിസ്​റ്റുകളും അക്കാദമീഷ്യന്മാരും ഉന്നംവെക്കപ്പെടുന്നതാണ് യഥാര്‍ഥ ദുരന്തം.
ശാഹീന്‍ബാഗിലെയും രാജ്യത്തെ മറ്റ് ‘ബാഗുകളി’ലെയും ധീരരായ സ്ത്രീപോരാളികള്‍ പൗരത്വ പ്രക്ഷോഭവേദികളില്‍നിന്ന് ഒഴിയാന്‍ വിസമ്മതിക്കുന്നു- അവരുടെ നിശ്ചയദാര്‍ഢ്യത്തെ സല്യൂട്ട് ചെയ്യേണ്ട സമയംകൂടിയാണിത്. ഒപ്പം, ഇന്നത്തെ സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നവരോട് പറയാം, പൗരന്മാര്‍ക്കെതിരായ നീക്കങ്ങളില്‍ വീണ്ടുവിചാരം നടത്തുക, ഈ രാജ്യത്തെ നിസ്സഹായ ജനതയെ സമാധാനത്തോടെ അതിജീവിക്കാന്‍ അനുവദിക്കുക.

കശ്മീരി ജനത എങ്ങനെ അതിജീവിക്കുന്നു?
കശ്മീരി ജനത ഈ അടച്ചുപൂട്ടലിനെയും കര്‍ഫ്യൂവിനെയും മാസങ്ങളായി എങ്ങനെ നേരിടുന്നു എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍. അവര്‍ സാമൂഹികമായ ഒരുതരം ബന്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്, ഈ സാമൂഹിക ഇടപെടലിലൂടെ അവര്‍ അതിജീവിക്കുകയാണ്- ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ തിരുത്താം. സാധാരണ പൗരന്മാര്‍പോലും സന്നദ്ധപ്രവര്‍ത്തകരെ സഹായിക്കാന്‍ ആശുപത്രികളിലേക്കു പോകുന്നത് ശ്രീനഗറില്‍ ഞാന്‍ കണ്ടു. താഴ്ന്ന മധ്യവര്‍ഗത്തില്‍പെട്ടവരും അവരുടെ മറ്റു കാര്യങ്ങളെല്ലാം മാറ്റിവെച്ച് കശ്മീര്‍ മേഖലയിലെ ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സക്ക് പണം കണ്ടെത്തുന്നു. ഭരണകൂട അതിക്രമങ്ങളും കര്‍ഫ്യൂകളും ഇപ്പോഴ​െത്ത അടച്ചുപൂട്ടലും സൃഷ്​ടിച്ച മാനസികാഘാതത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ സന്നദ്ധപ്രവര്‍ത്തകര്‍ സ്വയം കൗണ്‍സിലര്‍മാരായി മാറിയിരിക്കുന്നു. ഭീകരമായ അടച്ചുപൂട്ടലി​​െൻറ മാരകാഘാതം അനുഭവിക്കുന്ന കശ്മീരി ജനതക്ക് ഇത്തരം സാമൂഹിക ഇടപെടലുകള്‍ മുറിവുണക്കാന്‍ സഹായകമാണ്.

ഗുല്‍സാറി​​െൻറ ഈ വരികള്‍ ഒരുപ​േക്ഷ, തകര്‍ച്ചയില്‍നിന്ന് ജീവിതത്തിലേക്കുള്ള വഴികാട്ടിയായേക്കാം.
‘‘ഒന്നും സ്ഥിരമല്ല, ഒന്നും
രാപ്പകലുകള്‍ കളിപ്പലകയില്‍
പതിച്ചു​െകാണ്ടിരിക്കുന്നു
കവടികളെപ്പോലെ,
ചിലത് നേരെ,
ചിലത് കമിഴ്ന്ന്
മാസങ്ങളും വര്‍ഷങ്ങളും
നിങ്ങളില്‍നിന്ന് ചിതറിപ്പോകുന്നു
നിങ്ങളുടെ വിരലുകള്‍ക്കിടയിലൂടെ
ഊര്‍ന്നുപോകുന്നു
ഒന്നും സ്ഥിരമല്ല, ഒന്നും
സ്ഥിരമായുള്ളത് ഞാന്‍.
ഓരോ മാത്രയിലും
മാറിക്കൊണ്ടിരിക്കുന്ന ഒരാള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam Article
News Summary - covid indian cricis-malayalam article
Next Story