Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോവിഡും...

കോവിഡും പൊതുജനാരോഗ്യവും: സമൂല മാറ്റത്തിന്​ സമയമായി

text_fields
bookmark_border
കോവിഡും പൊതുജനാരോഗ്യവും: സമൂല മാറ്റത്തിന്​ സമയമായി
cancel

കേരളത്തി​െൻറ ആരോഗ്യമേഖല പൂർണമായി കോവിഡെന്ന ഒറ്റവാക്കിൽ തുടങ്ങി അവിടെ അവസാനിക്കുകയാണ്. ഇതിനകം ലക്ഷക്കണക്കിന്​ രോഗികളെ പരിചരിക്കേണ്ടിയിരുന്ന മെഡിക്കൽ കോളജുകൾ വെറും എൺപതിനായിരത്തോളം വരുന്ന കോവിഡ്​ പോസിറ്റിവായ വ്യക്തികളെ അനാവശ്യമായി പിടികൂടി പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ മാത്രമായി ചുരുങ്ങി. ഈ നിലപാട്​ കോവിഡ്​ പ്രതിസന്ധിയുടെ ആദ്യകാലത്ത്​ ആരോഗ്യവകുപ്പ്​ പുറത്തിറക്കിയ മാർഗനിർദേശങ്ങൾക്ക്​ വിരുദ്ധവുമാണ്.

കോവിഡ് ​പരിശോധനയിൽ പോസിറ്റിവായതുകൊണ്ടു മാത്രം ഒരു രോഗലക്ഷണവുമില്ലാത്ത വ്യക്തികളെ രോഗികളുടെ ഗണത്തിൽപെടുത്തുകയെന്നത്​ മോഡേൺ മെഡിസി​െൻറ അടിസ്ഥാനതത്ത്വങ്ങൾക്ക്​ വിരുദ്ധമാണ്. രോഗാണുവി​െൻറ സാന്നിധ്യമുണ്ടായി എന്ന കാരണത്താൽ മാത്രം ഒരു ശാരീരികപ്രയാസവുമില്ലാത്തവരെ എങ്ങനെയാണ്​ രോഗിയായി കണക്കാക്കുക? മാധ്യമങ്ങളിൽ നിത്യേന കോവിഡ്​ ബാധിതരായി എണ്ണം കാണിക്കുന്ന ഭൂരിഭാഗവും ഈ കൂട്ടത്തിൽപെട്ടതാണ്​. കോടിക്കണക്കിനു രൂപയാണ് പി.പി.ഇ കിറ്റി​െൻറയും മറ്റും പേരിൽ ഈയാളുകളുടെ അനാവശ്യ പരിചരണത്തിന്​ ആരോഗ്യപ്രവർത്തകർക്കായി ചെലവായിക്കഴിഞ്ഞത്.

കോവിഡി​െൻറ സമൂഹത്തിലെ വ്യാപനം തടയാനാണ്​, അല്ലാതെ ചികിത്സ കൊടുക്കാനല്ല കോവിഡ്​ പോസിറ്റിവായവരെ സമൂഹത്തിൽനിന്ന്​ മാറ്റിനിർത്തുന്നതെന്ന്​ വാദിക്കുന്നവരോട്​ വിനീതമായി ചോദിക്കാനുള്ളത്​, മെഡിക്കൽ കോളജി​െൻറ അമൂല്യസംവിധാനങ്ങൾ ഇവരിൽ 97 ശതമാനം ആളുകൾക്കും ഒരുഘട്ടത്തിലും ആവശ്യമായിരുന്നില്ലല്ലോ എന്നാണ്. Azithromycin, HCQS, Vitamin C ഗുളികകൾ മാത്രം കഴിച്ച്​ നേരംപോക്കാൻ പരമാവധി കമ്യൂണിറ്റി ഹെൽത്ത്​ സെൻററുകളടക്കമുള്ള ഫസ്​റ്റ്​ ലൈൻ സെൻററുകൾ ധാരാളമായിരുന്നില്ലേ? മെഡിക്കൽ കോളജ്​ പോലുള്ള തൃതീയ (tertiary) സംവിധാനത്തിലൊഴികെ മറ്റു സർക്കാർ ആരോഗ്യസംവിധാനങ്ങളിൽ ഒരിക്കലും ചികിത്സിക്കാൻ കഴിയാത്ത പക്ഷാഘാതം, ഹൃദയാഘാതം, വൃക്കരോഗം തുടങ്ങിയവ അലട്ടുന്ന അടിയന്തരസ്വഭാവമുള്ള രോഗികളെ ഹെൽത്ത്​ സെൻററുകൾപോലെ താഴെക്കിടയിലുള്ള സംവിധാനങ്ങളിൽ തീർത്തും അപര്യാപ്തമായ ചികിത്സയിലൊതുക്കി കഷ്​ടപ്പെടുത്തുന്നതിന്​ എന്നാണ്​ അവസാനമുണ്ടാവുക?

മെഡിക്കൽ കോളജുകളിലെ കോവിഡ്​ ചികിത്സക്ക്​ ആവശ്യമായ രണ്ടോ മൂന്നോ ഡിപ്പാർട്​മെൻറുകളിലെ ജൂനിയർ ഡോക്ടർമാർ മാത്രമാണ്​ ഇപ്പോൾ പണിയെടുക്കുന്നത്. ആ വകുപ്പുകളിലെ സീനിയർ ഡോക്ടർമാരും കോവിഡ്​ ചികിത്സയിൽ ഒരു റോളുമില്ലാത്ത മറ്റു വകുപ്പുകളും പൂർണമായി നിഷ്ക്രിയമാണ്. കോവിഡ്​ കൈകാര്യംചെയ്യുന്നവരുടെ ചിന്തകളിൽതന്നെ കോവിഡല്ലാതെ മറ്റൊരു രോഗസാധ്യതയും കടന്നുവരുന്നുമില്ല. പനി, ശ്വാസതടസ്സം, ചുമ എന്നിവക്ക്​ ന്യൂമോണിയ, ഹൃദ്രോഗങ്ങൾ എന്നിവയടക്കം കോവിഡല്ലാതെ ഒരുപാട്​ ബദൽസാധ്യതകൾ ചിന്തിക്കാമെന്നിരിക്കെ കോവിഡെന്ന ഒറ്റ സാധ്യതയിൽ ചുരുങ്ങി എട്ടും പത്തും പ്രാവശ്യം വിലകൂടിയ കോവിഡ്​ ടെസ്​റ്റുകൾ ആവർത്തിക്കുന്ന സാഹചര്യം മെഡിക്കൽ കോളജുകളിൽ നിലനിൽക്കുന്നത്​ നമ്മുടെ ശാസ്ത്രചിന്ത കോവിഡ്​ സൃഷ്​ടിച്ച വിഭ്രാന്തിയിൽ നഷ്​ടപ്പെട്ടു എന്നതിനു തെളിവാണ്.

തിരിച്ചുപോക്ക്​ സാധ്യമാകണമെങ്കിൽ എവിടെയാണ്​ പാളിയതെന്ന ആത്മവിമർശനത്തിനുള്ള സത്യസന്ധത കാണിക്കണം. ലോകം മുഴുവൻ പകച്ചുനിന്ന ആദ്യത്തെ രണ്ടോ മൂന്നോ മാസങ്ങളിൽ തലതിരിഞ്ഞ ഈ തീരുമാനങ്ങളെ ന്യായീകരിക്കാമായിരുന്നു. ഭയത്തിനു പകരം യുക്തിപൂർണമായ തിരുത്തുകൾ വരേണ്ട പിന്നീടുള്ള ദിവസങ്ങളിൽ പഴയ അബദ്ധങ്ങളിൽതന്നെ തുടരുന്നത്​ രാഷ്​ട്രീയതാൽപര്യങ്ങൾക്ക്​ എതിരുനിൽക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണെന്നത്​​ ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവർക്ക്​ നിഷേധിക്കാൻ കഴിയുമോ? ഇത്തരം സന്ദർഭങ്ങളിൽ സർക്കാറിന്​ മാർഗദർശകരാകേണ്ട ഉന്നതസ്ഥാനങ്ങളിലെ ഡോക്ടർമാർ നിർഭാഗ്യവശാൽ ഈ പാളിച്ചകൾ തുറന്നുപറയുന്ന മുതിർന്ന ഡോക്ടർമാരെ അടിച്ചിരുത്തുന്നതിൽ മാത്രമാണ്​ മിടുക്ക്​ കാണിക്കുന്നത്.

തെറ്റായ ശാസ്ത്രചിന്ത സാമാന്യയുക്തിയെ കീഴടക്കുമ്പോൾ

അടിസ്ഥാന യുക്തിക്ക്​ വിരുദ്ധമായി ടെക്നോളജിയെ മാത്രം ആശ്രയിക്കുന്നതാണ്​ നല്ല ചികിത്സയെന്ന ധാരണക്ക്​ അവസാനമുണ്ടാകണം. കോവിഡ്​ ചികിത്സയെന്നാൽ ധാരാളം വെൻറിലേറ്ററുകൾ വാങ്ങിക്കൂട്ടുകയാണെന്ന്​ മിക്ക ലോകരാഷ്​ട്രങ്ങളെയുംപോലെ നമ്മളും തെറ്റിദ്ധരിച്ചിരിക്കുന്നു. മറ്റെല്ലാ രോഗങ്ങളെയുംപോലെ രോഗാണു മാത്രമല്ല കോവിഡിലും രോഗമുണ്ടാക്കുന്നത്. കൊറോണ വൈറസി​െൻറ കേവലസാന്നിധ്യം ഒരിക്കലും രോഗമുണ്ടാക്കുന്നില്ലെന്ന്​ ഇതുവരെയുള്ള അനുഭവങ്ങളിൽനിന്ന്​ തിരിച്ചറിയണം. രോഗാണുവി​െൻറ സാന്നിധ്യത്തോടൊപ്പം അതിന്​ വിധേയമാകുന്ന വ്യക്തിയുടെ ശാരീരിക, മാനസിക ബലഹീനതകളും (host factor) വ്യക്തിയുടെ ചുറ്റുപാടുകളിലുള്ള (environment) വീഴ്ചകളുംകൂടിയാണ്​ പ്രതിസന്ധികൾ സൃഷ്​ടിക്കുന്നത്. വ്യക്തിയെ ശാരീരികവും മാനസികവുമായി ബലപ്പെടുത്താൻ ആരോഗ്യകരമായ ഭക്ഷണരീതികളും വ്യായാമവും ആരോഗ്യമുള്ള മാനസികാവസ്ഥയും വേണം. ജീവിതശൈലികൾ പാളി അമിതവണ്ണം, രക്താതിസമ്മർദം, പ്രമേഹം എന്നിവയുണ്ടായവരിലാണ്​ മരണങ്ങൾ സംഭവിച്ചത്. വ്യക്തിയുടെ ചുറ്റുപാടുകൾ ആരോഗ്യകരമാവുകയെന്നാൽ ശുദ്ധമായ ഭക്ഷണവും ശുദ്ധമായ വായുവും ലഭ്യമാവുകയെന്നുകൂടിയാണ്​.

ഈയർഥത്തിൽ രോഗംവരാതെ നോക്കുന്നതിന്​ പ്രാധാന്യം കൊടുത്ത്​ കാനഡ പോലുള്ള വികസിതരാജ്യങ്ങളിൽ 80 ശതമാനം ഡോക്ടർമാരും പ്രൈമറി ഹെൽത്ത്​ കെയറിൽ തുടരുന്നു. ഇതിനു പകരം കേരളം വിപണിലാഭം മാത്രം മുന്നിൽ കണ്ടുള്ള ടെക്നോളജിയും സൂപ്പർസ്പെഷാലിറ്റിയും നിറഞ്ഞ അമേരിക്കൻ മോഡലിനെയാണ്​ ഇതുവരെ മാതൃകയാക്കിയത്. അതുകൊണ്ടു​ മാത്രമാണ്​ വീടുകളിലോ കേവല നിരീക്ഷണകേന്ദ്രങ്ങളിലോ കഴിയേണ്ട ആരോഗ്യവാന്മാരായ വ്യക്തികളെ ഓടിച്ചിട്ട്​ പിടിച്ച്​ മെഡിക്കൽ കോളജുകളിൽ നൂതന സംവിധാനങ്ങളുടെ കാവലിൽ സുരക്ഷിതരാക്കാമെന്ന തെറ്റായ തീരുമാനത്തിൽ നമ്മളെത്തിയത്.

ശാസ്ത്രസംവാദങ്ങളും ആരോഗ്യകരമാകണം

നമ്മെ കീഴടക്കിയ കച്ചവടവത്​കൃതമായ ആരോഗ്യനയങ്ങൾക്കു പകരം സാമാന്യയുക്തിക്ക്​ നിരക്കുന്ന തീരുമാനങ്ങൾ മാത്രമേ ശാസ്ത്രീയമാവുകയുള്ളൂവെന്നു വിളിച്ചുപറയുന്ന ദശകങ്ങളോളം അധ്യാപനപരിചയമുള്ള പ്രഫസർമാർപോലും കേരളത്തിൽ സമൂഹമാധ്യമങ്ങളിൽ നിർദയം വേട്ടയാടപ്പെടുന്നു. കോവിഡ്മാനേജ്മെൻറിൽ വിരുദ്ധനിലപാടുകളെ പ്രതിപക്ഷ ബഹുമാനത്തോടെ സമീപിക്കുകയും വ്യത്യസ്​താഭിപ്രായങ്ങൾക്ക്​ ഇടംനൽകുകയും ചെയ്യുകയാണ്​ പരിഷ്കൃതസമൂഹങ്ങളിൽ കാണാൻ കഴിയുക. ഇതിനു വിരുദ്ധമായ സമീപനമാണ്​ നിർഭാഗ്യവശാൽ കേരളത്തിൽ ഉത്തരവാദപ്പെട്ട ഡോക്ടർമാരിൽ നിന്നുണ്ടായത്. നാലു ദശകത്തോളം അധ്യാപനപരിചയവും പത്തു വർഷത്തോളം മെഡിക്കൽ കോളജിൽ വകുപ്പ്​ മേധാവിയുമായിരുന്ന പ്രഫ. പി.കെ. ശശിധരനോടു പോലും ഈ രോഗത്തെക്കുറിച്ച്​ താങ്കൾക്കെന്ത്​ ആധികാരികതയാണുള്ളതെന്ന്​ പരസ്യമായി ചോദ്യമുയർന്നു. ആരോഗ്യസംരക്ഷണത്തിൽ പരാജയപ്പെട്ടപോലെ ആരോഗ്യത്തെക്കുറിച്ച ബദൽ ചർച്ചകളിലും നിർഭാഗ്യവശാൽ നമ്മുടെ നിലപാടുകൾ രോഗാതുരമാണെന്ന്​ ഇത്​ തെളിയിക്കുന്നു. ബദൽചിന്തകളുമായി വരുന്നവരെ അടിച്ചിരുത്താൻ കാണിക്കുന്നതി​െൻറ നൂറിലൊന്ന്​ ആർജവം സർക്കാറുകളുടെ ആരോഗ്യമേഖലയിലെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പറയാൻ ഈയാളുകൾ കാണിക്കുന്നില്ല. സർക്കാറി​െൻറ ആരോഗ്യനയങ്ങൾ നിർണയിക്കുന്ന ഡോക്ടർമാരുടെ മുൻഗണനകളെ ശാസ്ത്രബോധത്തേക്കാൾ രാഷ്​ട്രീയ വിധേയത്വം സ്വാധീനിച്ചുവോ എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public HealthCovid In Kerala
News Summary - Covid and public Health in kerala
Next Story