Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightരാജ്യം കലാപത്തിലേക്ക്...

രാജ്യം കലാപത്തിലേക്ക് നീങ്ങാതിരിക്കാന്‍

text_fields
bookmark_border
രാജ്യം കലാപത്തിലേക്ക് നീങ്ങാതിരിക്കാന്‍
cancel

രാജ്യം പ്രക്ഷുബ്ധമായ അവസ്ഥയിലാണ്. ജനങ്ങളുടെ തീരാദുരിതങ്ങള്‍ക്ക് ആഴം വര്‍ധിക്കുന്നതല്ലാതെ, പരിഹാരത്തിന്‍െറ വിദൂരമായ വഴികള്‍പോലും കാണാനില്ല. ജനങ്ങള്‍ കലാപത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്നത് പരമോന്നത നീതിപീഠമായ സുപ്രീംകോടതിതന്നെയാണ്. എന്നിട്ടും റദ്ദാക്കിയ നോട്ടുകള്‍ പുനഃസ്ഥാപിക്കാനോ പുതിയ നോട്ടുകള്‍ ബാങ്കിലത്തെിച്ച് ജനാവശ്യങ്ങള്‍ക്ക് പരിഹാരം കാണാനോ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് എന്തുകൊണ്ട്? പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം കലുഷിതമായി മാറിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തില്‍ പങ്കെടുക്കാനോ പ്രതിസന്ധിക്ക് പരിഹാര നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനോ തയാറാകാതെ ഒഴിഞ്ഞുമാറുന്നതെന്തുകൊണ്ട്?

കറന്‍സി റദ്ദാക്കലുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഇതിനകം ഉയര്‍ന്നുവന്നത്. അതിലൊന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്‍േറതാണ്. കള്ളപ്പണക്കാരായ വന്‍കിട കുത്തകകള്‍ രാജ്യത്തെ വിവിധ ദേശസാല്‍കൃത ബാങ്കുകളില്‍നിന്ന് വായ്പയെന്ന പേരില്‍ എടുത്ത ഭീമമായ തുക കിട്ടാക്കടമായി എഴുതിത്തള്ളിയതിനു പകരം ബാങ്കുകളില്‍ പണമത്തെിക്കാനാണ് സാധാരണ ജനങ്ങളുടെ കീശയിലെ അവസാന തുട്ടുകളും തട്ടിയെടുക്കാന്‍ പദ്ധതി തയാറാക്കിയെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനായി, വന്‍കിട കമ്പനികളില്‍നിന്ന് എട്ടു ലക്ഷം കോടി രൂപ അധികാരികള്‍ കൈപ്പറ്റിയെന്നാണ് ആരോപണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് കൈക്കൂലി വാങ്ങിയതിനെ സംബന്ധിക്കുന്ന ആദായനികുതിവകുപ്പിന്‍െറ രേഖകള്‍ കൈയിലുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി പറയുമ്പോള്‍, ആരോപണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന് ചുമതലയുണ്ട്. വിശേഷിച്ചും, രാജ്യത്തെ പ്രതിസന്ധിയില്‍ അകപ്പെടുത്തിയ നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ള പ്രശ്നമായതിനാല്‍, ആരോപണ വിധേയര്‍ സ്വയം അധികാരസ്ഥാനങ്ങളില്‍നിന്ന് മാറിനിന്നുവേണം അന്വേഷണത്തെ നേരിടാന്‍. കള്ളപ്പണത്തെ തടയാന്‍ ശ്രമിക്കുന്നവര്‍ നിശ്ചയമായും അഴിമതിമുക്തമായിരിക്കണം.

മറ്റൊരു ആരോപണം മോദിയുടെ വിശ്വസ്തനായിരുന്ന മുന്‍ ഗുജറാത്ത് എം.എല്‍.എ യതിന്‍ ഓജയുടേതായി വന്നതാണ്. കറന്‍സി നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ രഹസ്യതീരുമാനം കോര്‍പറേറ്റുകളെ മുന്‍കൂട്ടി അറിയിച്ചതിലൂടെ ഇന്ത്യക്കാരെ വഞ്ചിച്ചതായി ആരോപിച്ചുള്ള കത്തില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ, തനിക്ക് വേണ്ടപ്പെട്ടയാളുകളില്‍നിന്ന് കമീഷന്‍ അടിസ്ഥാനത്തില്‍ പണമിടപാട് നടത്തുന്നതിന്‍െറ വിഡിയോദൃശ്യങ്ങള്‍ കൈയിലുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. നിരോധിച്ച ഒരുകോടി രൂപ നല്‍കിയാല്‍ പകരം പുതിയ 63 ലക്ഷം രൂപ നല്‍കുമത്രേ! അമിത് ഷാ, 37 ശതമാനം തുക കമീഷനായി നേടുന്ന ഇടപാട് നടത്തിക്കൊണ്ടിരിക്കുന്നുവെന്ന കടുത്ത ആരോപണവും സ്വതന്ത്രമായി അന്വേഷിക്കണം. സത്യാവസ്ഥ എന്തെന്ന് അറിയേണ്ടതുണ്ട്.

മേല്‍പറഞ്ഞ രണ്ട് സംഭവങ്ങളും സത്യമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍, കള്ളപ്പണത്തിന്‍െറ പേരില്‍ നടക്കുന്ന വേട്ടയാടലിന്‍െറ യഥാര്‍ഥ ലക്ഷ്യങ്ങള്‍ എന്തെന്ന് കൂടുതല്‍ വ്യക്തമാവും. ഇതിനകം, 7012 കോടി രൂപ എസ്.ബി.ഐ കിട്ടാക്കടമായി എഴുതിത്തള്ളിയതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. ഇന്ത്യയിലെ പ്രമുഖ കള്ളപ്പണ രാജാവ് വിജയ്മല്യയുടെ 1201 കോടി രൂപയുള്‍പ്പെടെയുള്ള വായ്പകളാണ് എഴുതിത്തള്ളിയത്. കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടേയുള്ളൂ, എഴുതിത്തള്ളിയിട്ടില്ളെന്ന് ബി.ജെ.പി നേതാക്കള്‍ ആശ്വാസം കൊള്ളാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആര്‍.ബി.ഐ വിവരാവകാശ രേഖകള്‍ വസ്തുത പുറത്തുകൊണ്ടുവന്നുകഴിഞ്ഞു.

പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടം മോദി അധികാരത്തില്‍ വന്നതിനുശേഷം ഇരട്ടിയായെന്ന് ബാങ്ക്രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2015വരെ കിട്ടാക്കടം 2,85,748 കോടി രൂപയായിരുന്നു, ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളില്‍. എന്നാല്‍, 2016ല്‍ അത് 5,71,443 കോടി രൂപയായി ഉയര്‍ന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഏകദേശം മൂന്നു ലക്ഷം കോടി രൂപയുടെ കിട്ടാക്കട വര്‍ധന ഉണ്ടായതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. വന്‍കിട നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്കാണ് ബഹുജനങ്ങളുടെ ഈ പണം ചെന്നത്തെിയിരിക്കുന്നത്. ആ തുകയില്‍നിന്നാണ് ഇപ്പോള്‍ 7000 കോടി എഴുതിത്തള്ളിയത്. അപ്പോള്‍, ബാങ്ക് മൂലധനവും അവയുടെ എഴുതിത്തള്ളലും കോര്‍പറേറ്റുകളെ സഹായിക്കാന്‍ മാത്രമുള്ളതാണെന്ന് വ്യക്തമാവുന്നു.

അങ്ങനെയെങ്കില്‍ ഇപ്പോള്‍ നടക്കുന്ന മൂലധന സ്വരൂപണം ആര്‍ക്കുവേണ്ടിയാണ്? ബാങ്കുകളിലേക്ക് ഇന്ത്യന്‍ ജനങ്ങളുടെ മുഴുവന്‍ സമ്പാദ്യവും കൊണ്ടത്തെിക്കാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന തീവ്രയത്നത്തിന്‍െറ യഥാര്‍ഥ ലക്ഷ്യമെന്ത്? കെജ്രിവാള്‍ ആരോപിക്കുന്നതുപോലെ ജനങ്ങളുടെ പണം പിടിച്ചെടുത്ത് വന്‍കിട കുത്തകകള്‍ക്കു നല്‍കാനുള്ള ഗൂഢാലോചനയുടെ ഫലമാണിതെന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുന്നു. കള്ളപ്പണത്തെ തടയാന്‍ എന്ത് പ്രയാസവും നേരിടാന്‍ നിശ്ശബ്ദരായി ക്യൂവില്‍ കാത്തുനിന്ന പാവപ്പെട്ട ജനകോടികള്‍ വഞ്ചിക്കപ്പെടുന്നെന്ന തോന്നല്‍ ജനങ്ങള്‍ക്ക് മാത്രമല്ല, സുപ്രീംകോടതിക്കും ഉണ്ടായിരിക്കുന്നുവെന്നാണ് 10 ദിവസങ്ങള്‍ക്കിടയില്‍ കോടതി നടത്തിയ രണ്ടാമത്തെ നിരീക്ഷണവും തെളിയിക്കുന്നത്. 

ജനങ്ങളുടെ ദുരിതം കണ്ടിട്ടും കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകള്‍ അടിച്ചേല്‍പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അധ്വാനിച്ചുണ്ടാക്കുന്ന സ്വന്തം പണം മാറ്റിയെടുക്കാന്‍ ക്യൂവില്‍ നില്‍ക്കുന്ന ഇന്ത്യക്കാരന്‍െറ വിരലില്‍ മഷികൊണ്ട് ചാപ്പകുത്തുന്ന നടപടി അത്മാഭിമാനത്തെ ചോദ്യംചെയ്യലാണ്. ഉത്തരവാദപ്പെട്ട ഒരു സര്‍ക്കാറില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത കാര്യങ്ങളാണ് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്നത്.

താന്‍ ചെയ്ത നടപടി തെറ്റാണെങ്കില്‍ തൂക്കിക്കൊന്നോളൂ എന്നാണ് പ്രധാനമന്ത്രി മോദി വികാരാധീനനായി പ്രസംഗിച്ചത്. അതിന്‍െറ അര്‍ഥം എന്താണ്? ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രിക്ക് അത്രയും  നിര്‍ഭാഗ്യകരമായ ഒരു പ്രസംഗം നടത്തേണ്ടിവന്നത്. പ്രധാനമന്ത്രിയാണെങ്കിലും ഒരു വ്യക്തിക്കു മാത്രമായി തീരുമാനിക്കാവുന്ന കാര്യമാണോ 130 കോടി ജനങ്ങളെ ബാധിക്കുന്ന ഒരു നയം? പ്രധാനമന്ത്രിയെ തൂക്കിലേറ്റുന്ന കാര്യമൊക്കെ നില്‍ക്കട്ടെ. എന്നാല്‍, പ്രധാനമന്ത്രിയുടെ സ്വേച്ഛാപരമായ പണം റദ്ദാക്കല്‍ തീരുമാനത്തിന്‍െറ പ്രത്യാഘാതമെന്ന നിലയില്‍ 56 പേര്‍ക്കാണ് വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടത്. അതിന് ആര് സാമാധാനം പറയും? കോടിക്കണക്കിന് ജനങ്ങളുടെ ജീവിതം താറുമാറാക്കിയതിന് എന്തു പരിഹാരമാണുണ്ടാക്കാന്‍ പോകുന്നത്? എത്രദിവസത്തിനുള്ളില്‍?

ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ് പൗരന്‍െറ നിത്യജീവിതത്തെ പിടിച്ചുലക്കുന്നത്. രാജ്യം നിലനില്‍ക്കണമെങ്കില്‍, അരാജകത്വവും കലാപവും സൃഷ്ടിക്കപ്പെടാതിരിക്കണമെങ്കില്‍ ഓരോറ്റ മാര്‍ഗമേയുള്ളൂ. അസാധുവാക്കിയ 500 രൂപ 1000 രൂപ നോട്ടുകള്‍ പുന$സ്ഥാപിക്കുക, അല്ളെങ്കില്‍ പുതിയ നോട്ടുകള്‍ അടുത്ത മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ബാങ്കുകളില്‍ എത്തിക്കുക.

Show Full Article
TAGS:currency demonetization curreption note ban 
News Summary - country move to internal problems
Next Story