Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കണ്ടവരുണ്ടോ സുശീൽ ഖന്ന റിപ്പോർട്ട്​...?
cancel

ജനുവരിയിൽ പ്രസിദ്ധപ്പെടുത്തുമെന്ന്​ പ്രഖ്യാപിക്കുകയും ശിപാർശകളെച്ചൊല്ലി വിവാദങ്ങൾ ഉയരുകയും ചെയ്​ത സുശീൽ ഖന്ന റിപ്പോർട്ട്​ കണ്ടവർ ആരെങ്കിലുമുണ്ടോ....? കെ.എസ്​.ആർ.ടി.സിയെ രക്ഷപ്പെടുത്തുമെന്ന്​ സർക്കാരും നശിപ്പിക്കുമെന്ന്​ ജീവനക്കാരും ഒന്നും സംഭവിക്കില്ലെന്ന്​ യാത്രക്കാരും കരുതുന്ന സുശീൽ ഖന്ന റിപ്പോർട്ട്​ ഇതുവരെ ആരും കണ്ടിട്ടില്ലെന്ന്​ വിവരാവകാശ രേഖകൾ വ്യക്​തമാക്കുന്നു. കാലം കുറെയായി റിപ്പോർട്ട​ിനെക്കുറിച്ച്​ ചർച്ചകൾ നടക്കാൻ തുടങ്ങിയിട്ട്​. 

സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കിത്തുടങ്ങിയെന്നും വിവിധ ഡിപ്പോകളില്‍ നിന്ന് എംപാനല്‍ ജീവനക്കാരായ 718 പേരെ പിരിച്ചുവിട്ടുവെന്നും 2016 ഡിസംബറിൽ ആദ്യ വാർത്തകൾ വന്നിരുന്നു. പിന്നീട്​ ഫെബ്രുവരിയിൽ​ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം കുറയ്ക്കുക, ഡബിൾ ഡ്യൂട്ടി നിറുത്തലാക്കുക തുടങ്ങിയ സുപ്രധാന നിർദ്ദേശങ്ങളടങ്ങിയ റിപ്പോർട്ട്​ ധനമന്ത്രിക്ക്​ നൽകിയെന്നായി വാർത്തകൾ. 

മെയ്​ തുടക്കത്തിൽ സുശീൽ ഖന്ന റിപ്പോർട്ട്​ നടപ്പാക്കുന്നത്​ ജീവനക്കാർക്ക്​ ദുരിതമാകുമെന്ന്​ പറഞ്ഞ്​ പ്രതിഷേധക്കാർ രംഗത്തിറങ്ങി. എന്നാൽ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്​ പെൻഷനേഴ്​സ്​ ഓര്‍ഗനൈസേഷന്‍ രംഗത്ത്​ വന്നപ്പോഴാണ്​ എല്ലാവരും റിപ്പോർട്ട്​ എവിടെ എന്ന്​ അന്വേഷിക്കുന്നത്​. 
ഇത്​ സംബന്​ധിച്ച്​ നൽകിയ വിവരാവകാശ അപേക്ഷക്ക്​ 2017 മെയ്​ 11 ന്​ നൽകിയ മറുപടിയിൽ ഇങ്ങനെയൊരു റിപ്പോർട്ട്​ ഗതാഗത വകുപ്പിന്​ കിട്ടിയിട്ടില്ല എന്നാണ്​ മറുപടി ലഭിച്ചത്​. റിപ്പോർട്ട്​ ലഭിച്ചിട്ടില്ല എന്നാണ്​ മെയ്​ 20 ന്​ കെ.എസ്​.ആർ.ടി.സിയും മറുപടി നൽകിയിരിക്കുന്നത്​. അതായത്​ മേയ്​  20വരെ നൽകിയിട്ടില്ലാത്ത റിപ്പോർട്ട്​ നടപ്പാക്കിയാൽ കെ.എസ്​.ആർ.ടി.സി. തുലയുമെന്ന്​ പറഞ്ഞാണ്​ ജീവനക്കാർ മാസങ്ങളായി പ്രതിഷേധിക്കുന്നത്​. 

സെക്കൻറ്​ ഹാൻറ്​ സ്​കൂട്ടർ പോലും വാങ്ങാൻ ഗതിയില്ലാത്ത പാവങ്ങൾമാത്രം സ്​ഥിരമായി ആശ്രയിക്കുന്നതുകൊണ്ടാവാം പൊതുഗതാഗത​ മേഖലയിലെ തട്ടിപ്പുകൾ ആരും മുഖവിലയ്​ക്ക്​പോലും എടുക്കാത്തത്​. 2016 സെപ്​റ്റംബർ 21ന്​ ചേർന്ന കാബിനറ്റ്​ യോഗമാണ്​ കെ.എസ്​.ആർ.ടി.സിയെക്കുറിച്ച്​ പഠിക്കാൻ കൊൽക്കത്ത ​​െഎ.​െഎ.എമ്മിലെ പ്രൊഫസർ സു​ശീൽ ഖന്നയെ നിയോഗിച്ചത്​. മൂന്ന്​ മാസത്തിനകം റിപ്പോർട്ട്​ നൽകണമെന്നായിരുന്നു നിർദേശം. ആ​റ്​ വ്യത്യസ്ത വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട ഡസൻകണക്കിന്​ പദവികളിൽ ഇരുന്നയാളാണ്​ സുശീൽ ഖന്ന. പക്ഷേ, ഒന്നരപേജ്​ വരുന്ന യോഗ്യതകളിൽ ബസ്​സർവീസുമായി ബന്ധപ്പെട്ട പരിചയമൊന്നും കാണുന്നില്ല. 2006 ലും ഇദ്ദേഹത്തെ പഠിക്കാനായി നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അന്നും ഒന്നും സംഭവിച്ചില്ല. 

സത്യത്തിൽ ഡബിൾ ഡ്യൂട്ടി സ​മ്പ്രദായം അവസാനിപ്പിക്കാനുള്ള തീരുമാനമടക്കം നിലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്​ക്കരണങ്ങൾ മുൻ സി.എം.ഡി. ആൻറണിചാക്കോ മുന്നോട്ടുവെച്ച നിർദേശങ്ങളാണ്​. സ​​​​െൻറർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷനും മറ്റ്​ പൊതുഗതാഗതസംരക്ഷണ സംഘടനകളും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന ആവശ്യമായിരുന്നു ഇത്​.

എന്താണ്​ ദുർവിധിക്ക്​ കാരണം
കെ.എസ്.ആര്‍.ടിസിയുടെ തലപ്പത്ത് ഉയര്‍ന്ന യോഗ്യതയും കാര്യക്ഷമതയുമുള്ളവരെനിയമിക്കണമെന്ന ഡയറക്ടര്‍ബോര്‍ഡിന്‍െറ തീരുമാനം ഉന്നത ഉദ്യോഗസ്ഥര്‍അട്ടിമറിച്ചതാണ്​ പടുകുഴിയിലേക്ക്​ വീഴാനുള്ള പ്രധാന കാരണം. ബസ്​ വ്യവസായത്തെക്കുറിച്ച് അറിവോ മനേജ്മ​​​​െൻറ്​ പരിജ്ഞാനമോ ഇല്ലാത്തവർ താക്കോല്‍ സ്ഥാനങ്ങള്‍ കൈയടക്കിയിരിക്കുന്നത് കോര്‍പറേഷന് വിനയായെന്ന തിരിച്ചറിവിലാണ് 2012 ഏപ്രില്‍ നാലിന് ചേര്‍ന്ന ബോർഡ്​ യോഗം ഇൗ  തീരുമാനംഎടുത്തത്.  റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ആക്​ട്​ പ്രകാരം ഐ.എ.എസ്സോ തുല്ല്യയോഗ്യതയോ ഉള്ളവരായിരിക്കണം നിര്‍ണായക സ്ഥാനങ്ങളില്‍ ഉണ്ടാകേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം ഇത്തരം സ്ഥാനത്ത് ഐ.എ.എസുകാരെയാണ്നിയോഗിച്ചിരിക്കുന്നത്. എന്നിട്ടും കെ.എസ്​.ആര്‍.ടി.സിയില്‍ ചെയര്‍മാന്‍ ആൻറ്​ മാനേജിംഗ് ഡയറക്ടര്‍ തസ്തികയില്‍ മാത്രമാണ് സിവില്‍ സര്‍വീസില്‍നിന്ന് നിയമനം നടത്തുന്നത്്. നിലവില്‍ അഞ്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരാണ് കോര്‍പറേഷൻ ഭരിക്കുന്നത്. അടിക്കടി മാറ്റമുണ്ടാവുന്ന ചെയര്‍മാന്‍ ആൻറ്​  മാനേജിംഗ് ഡയറക്ടറെക്കാള്‍ കെ.എസ്.ആര്‍.ടി.സിയുടെ ഭാവി നിര്‍ണയിക്കുന്നത് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ തീരുമാനങ്ങളാണ്. എന്നിട്ടും കണ്ടക്ടർ,  മെക്കാനിക്ക്​ തുടങ്ങിയ തസ്തികകളില്‍ ജോലിയില്‍ കയറുന്നവരാണ് ഈ പദവിയിലേക്ക് എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഇവരുടെ അടിസ്ഥാന യോഗ്യത പുതുക്കി നിശ്ചയിക്കാന്‍ 367ാം ഡയറക്ടര്‍ബോര്‍ഡ് യോഗം തീരുമാനിച്ചത്. അജന്‍ഡ നമ്പര്‍ 33/12 ആയാണ് ഇക്കാര്യംഅവതരിപ്പിക്കപ്പെട്ടത്. 

ഇതനുസരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടെക്നിക്കൽ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ മെയിന്‍റനന്‍സ് ആൻറ്​ വര്‍ക്സ് എന്നിവര്‍ക്ക് മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിടെക് ബിരുദം വേണം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്മിനിസ്ട്രേഷന് പ്രമുഖ സ്ഥാപനത്തില്‍ നിന്ന് ഹ്യൂമൻറിസോഴ്​സിൽ നേടിയ എം.ബി.എയാണ് കുറഞ്ഞ യോഗ്യത. എക്സിക്യൂട്ടീവ് ഡയറക്ടർ ഒാപറേഷന്‍സിന് എം.ബി.എയും എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിന്എംബിഎക്കൊപ്പം എല്‍എല്‍ബിയും യോഗ്യത നിശ്ചയിച്ചു. ഇതോടൊപ്പം ഭരണതലത്തില്‍ മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണമെന്നും നിബന്ധനവച്ചു. ഒപ്പം ചീഫ് ഓപറേറ്റിംഗ് ഓഫീസർ, ചീഫ് ഫിനാന്‍സ് ഓഫീസർ, ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഗതാഗത സെക്രട്ടറി മുന്നോട്ടു​െവച്ച നിര്‍ദേശങ്ങള്‍ മറ്റ് ഡയറക്ടര്‍മാർ അംഗീകരിക്കുകയായിരുന്നു. ഇതില്‍ സുപ്രധാന തസ്തികയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ ഒാപറേഷന്‍സി​​​​​െൻറത്​. ദിനേനയുള്ള സര്‍വീസുകളും അന്തര്‍സംസ്ഥാന സര്‍വീസുകളും നിയന്ത്രിക്കുക, പുതിയ സര്‍വീസുകളും ഡിപ്പോകളും തുടങ്ങാനുള്ള തീരുമാനം എടുക്കുക, കാര്യക്ഷമത വിലയിരുത്തുക, വരുമാനം, ഡീസല്‍ ചെലവ് എന്നിവ നിരീക്ഷിക്കുക, ജീവനക്കാരുടെ ആത്മവിശ്വാസം കൂട്ടുകയും അവരെ നയിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇദ്ദേഹത്തിന്‍െറ ജോലി. എന്നാല്‍ ഈ തസ്തിയുടെ അധിക ചുമതല ചീഫ് ട്രാഫിക് മാനേജര്‍ക്കും എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്മിനിസ്ട്രേഷന്‍െറ ചുമതല അക്കൗണ്ട്സ് മാനേജര്‍ക്കും, എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലന്‍സിന്‍െറ ചുമതല ചീഫ് ലോ ഓഫീസര്‍ക്കും നല്‍കിയാണ് കോര്‍പറേഷന്‍ ഏറെക്കാലം പ്രവര്‍ത്തിച്ചത്​. 

 ഇതിന് മാറ്റം വരുമെന്ന സ്ഥിതിവന്നപ്പോള്‍ ഡയറക്ടര്‍ ബോര്‍ഡി​​​​​െൻറ തീരുമാനത്തിനെതിരെ അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ ഹൈക്കോടതിയെസമീപിച്ചു. ഡബ്ളിയുപിസി 10700/2012 നമ്പറായി നല്‍കിയ കേസില്‍ പരിഷ്ക്കരണ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി​െവക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സ്റ്റേ നീക്കം ചെയ്യാൻ മുന്‍കൈ എടുക്കേണ്ടതും ഇതേ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായതിനാല്‍കോര്‍പറേഷന്‍ ഒന്നും ചെയ്തില്ല

പക്ഷേ ഡയറക്ടര്‍ ബോര്‍ഡിന്‍െറ തീരുമാനം വന്ന 2011 മുതല്‍ കോര്‍പറേഷന്‍െറവരുമാനം കുത്തനെ ഇടിയുകയാണ്. പ്രതിദിന സര്‍വീസും വരുമാനവും കുറഞ്ഞിട്ടും തൊഴിലാളി യൂണിയനുകളടക്കംപ്രതിഷേധം ഉയര്‍ത്തിയില്ല. 13 അംഗ ഡയറക്ടര്‍ബോര്‍ഡില്‍ കെ.എസ്.ആർ.ടി.സി സി.എം.ഡിക്ക് പുറമെ ധനകാര്യ, ഗതാഗത സെക്രട്ടിമാര്‍, നിയമവകുപ്പിലെ ജോയൻറ്​ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സിയിലെ ചീഫ് അക്കൗണ്ട് ഓഫീസർ, നാറ്റ്പാക് ഡയറക്ടര്‍, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിലെ അണ്ടര്‍സെക്രട്ടറി എന്നീ ഒൗദ്യോഗിക അംഗങ്ങളും പൊതുസമൂഹത്തില്‍നിന്നുള്ള ആറ് അനൗദ്യോഗിക അംഗങ്ങളുമാണ്​ ഉണ്ടാകേണ്ടത്​.

കെ.എസ്​.ആർ.ടി.സിയിൽ നിന്ന്​ ഏറ്റവും ഒടുവിൽ ലഭ്യമായ കണക്ക്​ പ്രകാരം പകുതിയിലധികം സർവീസുകൾ കിലോമീറ്ററിന്​ 30 രൂപക്ക്​ താഴെ മാത്രം വരുമാനം ഉള്ളതാണ്​. ഇവ മിക്കതും അധ്വാന ഭാരം കുറഞ്ഞതും സ്വകാര്യ ബസുകളുമായി മൽസരിച്ച്​ ഒാടുന്നതുമാണ്​. കോർപറേഷ​​​​​​െൻറ പ്രതിമാസ അവലോകന റിപ്പോർട്ടിൽ ശരാശരി 5200 ഷെഡ്യൂളുകൾ ഒാപ്പറേറ്റ്​ ചെയ്യുന്നതായി കാണിച്ചിട്ടുണ്ട്​. എന്നാൽ, ഇവയിൽ കുറെയേറെയെണ്ണം മാസത്തിൽ 10ദിവസം മാത്രമാണ്​ ഒാപറേറ്റ്​ ചെയ്​തുകൊണ്ടിരിക്കുന്നതെന്ന്​ എം.​െഎ.എസ്​ കണക്കുകൾ വ്യക്​തമാക്കുന്നു. 

ടിക്കറ്റ്​ ​ കളക്ഷനായി 170.36 കോടി രൂപയും സർക്കാർ സഹായമായി കിട്ടുന്ന 30 കോടിയും മറ്റ്​ വരുമാനങ്ങളിൽ നിന്ന്​ ലഭിക്കുന്ന 1.79 കോടിയും ചേർത്ത്​ 202.15 കോടിയാണ്​ പ്രതിമാസ വരുമാനമെന്ന്​ കോർപറേഷ​ൻ അധികൃതർ പറയുന്നു.

എന്നാൽ, കോർപറേഷനിലെ ജീവനക്കാർ പുറത്തു വിട്ട രേഖകൾ പ്രകാരം ചെലവ്​ ഇങ്ങനെയാണ്​:
ശമ്പളം (86.50 കോടി) 
പെൻഷൻ (60.00 കോടി) 
പെൻഷൻ ആനുകൂല്ല്യങ്ങൾ (6.84 കോടി) 
ഡീസൽ (90.00 കോടി) 
സ്​പെയർപാർട്​സുകൾ (8.25 കോടി) 
ഇൻഷുറൻസ്​ (3.58 കോടി) 
വാഹന നികുതി (0.54 കോടി) 
അപകടമരണ ക്ലെയിം (2.92 കോടി) 
മറ്റിനങ്ങൾ (6.00 കോടി)
വായ്​പ തിരിച്ചടവ്​ (79.75 കോടി)
ആകെ ചെലവ്​ 344.38 കോടി.
അപ്പോൾ, പ്രതിമാസം മൊത്തം നഷ്​ടം 142.23 കോടി. 

ഇനി 2016 ജൂൺ മുതൽ 2017 ജനുവരി വരെയുള്ള എട്ട്​ മാസം എങ്ങനെയാണ്​ സർവീസ്​ നടത്തിയതെന്ന കോർപറേഷ​​​​​െൻറ കണക്കു നോക്കാം. 
25 ദിവസത്തിൽ കൂടുതൽ സർവീസ്​ നടത്തിയ ഷെഡ്യൂളുകൾ: 4353
10 മുതൽ 24 ദിവസം വരെ: 491
10 ദിവസത്തിൽ താഴെ: 412
ആകെ 5256

ഇവയുടെ വരുമാനം നോക്കാം
കിലോമീറ്ററിന്​ 60 രൂപക്ക്​ മുകളിൽ കിട്ടിയത്​: 5 ഷെഡ്യൂളുകൾ
60നും 50 നും ഇടയിൽ: 33
50 നും 45നും ഇടയിൽ: 87
45നും 40നും ഇടയിൽ : 256
40നും 35നും ഇടയിൽ: 769
35നും 30നും ഇടയിൽ: 1450
30നും 25നും ഇടയിൽ:  1720
25നും 20 നും ഇടയിൽ: 775
20നും 15നും ഇടയിൽ :  133
15 രൂപയിൽ താഴെ:28


ഒരു ദിവസം എകദേശം 16 ലക്ഷം കിലോമീറ്ററാണ്​ കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തുന്നത്​. ഒരു കിലോമീറ്റർ ബസ്​ ഒാടിക്കാൻ 69.34 രൂപ ചെലവ്​ വരുന്നുണ്ടെന്നാണ്​ കെ.എസ്​.ആർ.ടി.സിയിലെ ജീവനക്കാർ തന്നെ  പുറത്തു വിട്ട  രേഖകളിൽ ഉള്ളത്​. കടമെടുപ്പ് കൂടുമ്പോൾ ഈ ചെലവും കൂടുന്നു. 
പ്രതിമാസ ടിക്കറ്റ്​ വരുമാനം 170.36 കോടി രൂപയാണെങ്കിൽ പ്രതിദിന വരുമാനം 549.55 ലക്ഷം രൂപയാണ്​. കിലോമീറ്റർ വരുമാനം 34.35 രൂപയും. ഒാരോ കിലോമീറ്ററും ഒാടു​േമ്പാൾ  34.99 രൂപ വീതം നഷ്​ടം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം.

ഇത്​ നികത്താനാണ്​ ജനങ്ങൾ നൽകുന്ന നികുതിപ്പണത്തിൽ നിന്ന്​ പണമെടുത്ത്​ കൊടുത്തുകൊണ്ടിരിക്കുന്നത്​. പ്രശ്​നങ്ങൾ പരിഹരിക്കാനോ വരുമാനം കൂട്ടാ​നോ ജീവനക്കാരോ മാനേജ്​​മെേൻറാ ശ്രമം നടത്തുന്നില്ല. എന്തെങ്കിലും നടപടികൾ എടുത്താൽ പണിമുടക്കുകയാണ്​ ജീവനക്കാരുടെ പതിവ്​. ഒരു ദിവസം പണിമുടക്കിയാൽ കോർപറേഷന്​ വരുന്ന നഷ്​ടം 5.60കോടി രൂപയാണ്​. അതായത്​ ഒരിക്കലും രക്ഷപ്പെടാൻ അനുവദിക്കാതെ തൊഴിലാളികൾ തന്നെ നശിപ്പിക്കുന്ന സ്​ഥാപനമാണ്​ നമ്മൾ ‘ആനവണ്ടി’ എന്ന്​ വാൽസല്യത്തോടെ വിളിക്കുന്ന കെ.എസ്​.ആർ.ടി.സി.

ബസ്‌ ഓടിക്കൽ സേവനമാണ് ജനങ്ങൾക്ക്‌ യാത്രാ സൗകര്യം കിട്ടുന്നുണ്ടോ എന്നതാണ് പ്രധാനം. സ്വകാര്യ ബസും കോർപറേഷൻ ബസും മത്സരിച്ചോടേണ്ട കാര്യമില്ല. ഏതെങ്കിലും ഒന്നു നിർത്തണം. പക്ഷേ, അതു പോലും നടപ്പാക്കപ്പെടുന്നില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruption of kerala ksrtc
News Summary - corruption of kerala ksrtc
Next Story