Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇടത്​ ഭരണത്തുടർച്ചയും...

ഇടത്​ ഭരണത്തുടർച്ചയും മുസ്​ലിംലീഗ്​ ആകുലതകളും

text_fields
bookmark_border
continuation of the left regime and  muslim league tension
cancel

കാഞ്ഞങ്ങാട് കടപ്പുറത്ത് ഔഫ് അബ്​ദുറഹ്​മാൻ എന്ന ഡി.വൈ.എഫ.്ഐ പ്രവർത്തകനെ ഒരു സംഘം ലീഗ്പ്രവർത്തകർ കൊലപ്പെടുത്തിയ സംഭവം ശക്തമായ പ്രതിഷേധമുയർത്തി. ഗർഭിണിയായ ഭാര്യയുടെ ചികിത്സക്കായി സുഹൃത്തിൽനിന്ന്​ പണം വാങ്ങി തിരിച്ചുവരുമ്പോഴാണ് ഡിസംബർ 23ന് രാത്രി 10.45ഓടെ ഈ ദാരുണ സംഭവം.

കൊല നടക്കുന്നതിെൻറ തലേദിവസം പ്രചരിച്ച ശബ്​ദസന്ദേശം ഒരു കേസിന്​ ഇടയാക്കിയിരിക്കുകയാണ്. മുസ്​ലിംലീഗിെൻറ കാസർ​കോട്​ ജില്ല മുൻ കൗൺസിലറായിരുന്ന അഡ്വ. സി. ശുക്കൂറി​െൻറ പേരെടുത്തുപറഞ്ഞാണ് വാട്​സ്​​ആപ്പിലൂടെ ഭീഷണി സന്ദേശം പ്രചരിച്ചത്. മാപ്പിളസഖാക്കൾക്ക് തിരിച്ചടി കൊടുക്കണമെന്നാണ് ലീഗ്​നേതാക്കൾ ഉൾപ്പെട്ട പച്ചപ്പടയെന്ന വാട്​സ്​​ആപ് കൂട്ടായ്മയിലൂടെ ആഹ്വാനം ചെയ്തത്. ഇതിലെ മാപ്പിള സഖാക്കൾ എന്ന പ്രയോഗം സർവരെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒന്നാണ്.

അബ്​ദുറഹ്​മാെൻറ കൊലപാതകം ആർക്കും വേദനയും നടുക്കവുമുണ്ടാക്കി. അതുകൊണ്ടാണല്ലോ മുനവ്വറലി തങ്ങൾക്ക്​ അടക്കം മരണപ്പെട്ട യുവാവിെൻറ വീട് സന്ദർശിക്കേണ്ടിവന്നത്. കാഞ്ഞങ്ങാട് പഴയ കടപ്പുറം മേഖലയിൽ കാലാകാലമായി മുസ്​ലിംലീഗ് ജയിച്ചുകൊണ്ടിരുന്ന രണ്ടു വാർഡുകൾ ഇത്തവണ എൽ.ഡി.എഫ് പിടിച്ചെടുത്തതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.

അതായത് 90 ശതമാനത്തിലധികം മുസ്​ലിംവോട്ടർമാരുള്ള വാർഡുകളിലെ ദയനീയപരാജയം ലീഗ് പ്രവർത്തകരെ വിറളി പിടിപ്പിച്ചു. ജയിച്ച വനിത എൽ.ഡി.എഫ് സ്​ഥാനാർഥിക്ക് വിജയഘോഷയാത്രക്കിടെ ഓടി രക്ഷപ്പെടേണ്ട അവസ്​ഥ പോലുമുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് തിരിച്ചടി കൊടുക്കണമെന്ന ശബ്​ദസന്ദേശത്തിെൻറ പിന്നിലുള്ള വികാരവും വിചാരവും വ്യക്തമാവുക. മാപ്പിളസഖാക്കൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് ജോനകമാപ്പിളയെയോ ജൂത മാപ്പിളയെയോ നസ്രാണി മാപ്പിളയെയോ അല്ല, മുസ്​ലിം സമുദായത്തിൽപ്പെട്ട സഖാക്കളെയാ​ണെന്നു വ്യക്തം.

ഇത് ഒറ്റപ്പെട്ട കാര്യമല്ല. മുസ്​ലിം സമുദായത്തിനിടയിൽ വന്നുകൊണ്ടിരിക്കുന്ന രാഷ്​ട്രീയമാറ്റത്തിെൻറ പ്രതിഫലനം കൂടിയാണ്. ഇന്ന് മുസ്​ലിംസമുദായത്തിനിടയിൽ ലീഗാണ് പ്രബലസ്വാധീനമുള്ള രാഷ്​ട്രീയശക്തി. 1969 മുതൽ കോൺഗ്രസി​െൻറ സഖ്യകക്ഷിയാണ്​ ലീഗ്. അഖിലേന്ത്യ തലത്തിൽ അധികാരം നഷ്​ടപ്പെട്ടതും അവസരവാദ നയങ്ങൾ സ്വീകരിക്കുന്നതുമായ കോൺഗ്രസ്​ നിലപാടിൽ സമുദായാംഗങ്ങളുടെ വിശ്വാസം വലിയ തോതിലാണ് ഇടിഞ്ഞിട്ടുള്ളത്.

കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ ഉണ്ടായ മറ്റൊരു സംഭവവും ശ്രദ്ധിക്കേണ്ടതാണ്. സമസ്​തയുടെ കണ്ണാടിപ്പറമ്പ് ​േറഞ്ച്​ ട്രഷററായി പത്ത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കെതിരായി തെരഞ്ഞെടുപ്പ് ഫലത്തെത്തുടർന്ന് സമൂഹമാധ്യമത്തിലൂടെ ചില ലീഗ് പ്രവർത്തകർ നടത്തിയ വ്യക്തിഹത്യയും പൊലീസ്​ കേസായി മാറി.

അറുനൂറിലേറെ കുടുംബങ്ങൾ അധിവസിക്കുന്ന നിടുവാട്ട് മഹല്ല് കമ്മിറ്റിയുടെ ട്രഷററും റിലീഫ് കമ്മിറ്റിയുടെ ചെയർമാനും മദ്​റസ കമ്മിറ്റിയുടെ വൈസ്​പ്രസിഡൻറും ബദർ ജുമാ മസ്​ജിദിെൻറ പ്രസിഡൻറുമായി പ്രവർത്തിക്കുന്ന 65 കാരനെതിരായാണ് ഇവിടെ ഭീഷണി പ്രയോഗം. എസ്​.എസ്​.എഫ് പ്രവർത്തകൻ കൂടിയായ അബ്​ദുറഹ്​മാനെപ്പോലെ ഈ അറുപത്തഞ്ചുകാരൻ എൽ.ഡി.എഫിനു വേണ്ടി രംഗത്തിറങ്ങിയില്ല.

അതേസമയം, യു.ഡി.എഫിനുവേണ്ടി രംഗത്തിറങ്ങണമെന്ന ലീഗ് നേതാക്കളുടെ അഭ്യർഥന നിരസിച്ചതാണ് ഇവിടെ പ്രകോപനത്തിന് കാരണം. അദ്ദേഹത്തിെൻറ കുടുംബം താമസിക്കുന്ന വാർഡിൽ യു.ഡി.എഫിനുവേണ്ടി മത്സരിച്ച കോൺഗ്രസ്​ തോറ്റു. അവിടെ എൽ.ഡി.എഫ് വിജയിച്ചു. തുടർന്നാണ് സമൂഹമാധ്യമത്തിലൂടെ അദ്ദേഹത്തെയും മക്കളെയും ആക്ഷേപിച്ചത്. ഇതിനെതിരായ പരാതിയാണ് കേസിന് കാരണമായത്. ഇവിടെയും അദ്ദേഹത്തെ ഒരു വിഭാഗം ലീഗുകാർ മാപ്പിളസഖാക്കളുടെ കൂട്ടത്തിൽപ്പെടുത്തി. അഭിമാനപൂർവമാണ് ഈ വിശേഷണം അദ്ദേഹം സ്വീകരിച്ചത്.

കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി വിട്ടതിനെ തുടർന്നാണ് വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫ് കൂട്ടുചേർന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പിന്തുണച്ച ജമാഅത്തെ ഇസ്​ലാമിയുടെ നിലപാട് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യണമെന്ന തീരുമാനത്തിെൻറ അടിസ്​ഥാനത്തിലാണ് വെൽഫെയർ പാർട്ടിയുമായുളള പരസ്യമായ കൂട്ട്കെട്ടിന് യു.ഡി.എഫ് നേതൃത്വം തയാറായത്. എന്നാൽ അത്​ ഗുണത്തേക്കാളേറെ ദോഷം ചെയ്​തെന്നാണ് കോൺഗ്രസ്​ നേതൃത്വം ഇപ്പോൾ വിലയിരുത്തുന്നത്. ഇത് കോൺഗ്രസും ലീഗും തമ്മിലുളള തർക്കത്തിനിടയാക്കി.

ലീഗ് നിലപാട് കോൺഗ്രസ്​ നേതൃത്വത്തിൽ അടിച്ചേൽപിക്കാൻ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി പിണറായിയുടെ ഡിസംബർ 19 െൻറ പ്രതികരണം വന്നത്. കോൺഗ്രസി​െൻറ ആഭ്യന്തരകാര്യങ്ങളിൽ ലീഗ് നേതൃത്വം ഇടപെടുന്ന ശൈലിയെയാണ് പിണറായി വിമർശിച്ചത്. ഇത് കോൺഗ്രസ്​ നേതൃത്വത്തിലുള്ള യു.ഡി.എഫിെൻറ നേതൃത്വംതന്നെ ലീഗ് ഏറ്റെടുക്കുകയാണോ എന്ന സംശയം ഉയർത്തുന്നതായും ഫേസ്​ബുക്ക് പോസ്​റ്റിലൂടെ അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി ഉയർത്തിയ വർഗീയ തീപ്പന്തമായാണ് ഇതിനെ ചിലർ വിമർശിച്ചത്.

ഒരു ഭാഗത്ത് ലീഗ് കൈക്കൊള്ളുന്ന തെറ്റായ നിലപാടിനെ എതിർത്താൽ വർഗീയ മുതലെടുപ്പാണെന്ന് കുറ്റപ്പെടുത്തുക; സംഘ്​പരിവാർ ശക്തികൾക്ക് സഹായകരമാകുംവിധം ലീഗും ജമാഅത്തെ ഇസ്​ലാമിയും കൂടിച്ചേർന്നു നടത്തുന്ന ഏകീകരണ ശ്രമങ്ങൾ തുറന്നുകാണിച്ചാൽ ഇസ്​ലാമോഫോബിയ ആ​െണന്നും മൃദുഹിന്ദുത്വമാണെന്നും ആക്ഷേപിക്കുക; ഇതാണ്​ ഇപ്പോൾ നടക്കുന്നത്. ഇത് ആർ.എസ്​.എസ്​ നടത്തുന്ന പ്രചാരണത്തിെൻറ മറ്റൊരു പതിപ്പാണ്.

ആർ.എസ്​.എസ്​ നിലപാടുകളെ എതിർത്താൽ അത് ഹിന്ദുക്കൾക്ക് എതിരാ​ണെന്നു ചിത്രീകരിക്കുക; മുസ്​ലിംപ്രീണനത്തിനായാണ് ആർ.എസ്​.എസിനെതിരായ വിമർശനം എന്ന് കുറ്റപ്പെടുത്തുക. ഇതാണ് അവരുടെ ശൈലി. ജമാഅത്തെ ഇസ്​ലാമിയെ യു.ഡി.എഫിെൻറ ഭാഗമാക്കി മാറ്റുന്നത് കോൺഗ്രസി​െൻറ അഖിലേന്ത്യ നേതൃത്വത്തിന് അംഗീകരിക്കാനാവില്ല. ഇതാണ് കേരളത്തിലെ കോൺഗ്രസി​െൻറ ഉന്നത നേതൃത്വത്തിൽ വെൽഫെയർ പാർട്ടി ബന്ധത്തോടുള്ള വിയോജിപ്പുകൾക്ക് അടിസ്​ഥാനം.

ഓരോ തെരഞ്ഞെടുപ്പുഫലവും തെരഞ്ഞെടുപ്പ് നടക്കുന്ന മൂർത്തമായ രാഷ്​ട്രീയസാഹചര്യത്തിെൻറ ഉൽപന്നമാണ്. അതുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വെൽഫെയർപാർട്ടി കൂട്ടുകെട്ടുമൂലം അതേപടി ആവർത്തിക്കില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പ്ഫലം തെളിയിച്ചു. നാലേ മുക്കാൽ കൊല്ലത്തെ എൽ.ഡി.എഫ് ഭരണം വികസന–ക്ഷേമകാര്യങ്ങളിൽ ലോകത്തിനുതന്നെ മാതൃകയാണ്.

അതോടൊപ്പം വർഗീയസംഘർഷമില്ലാത്ത കേരളവും ജനങ്ങൾക്ക് അനുഭവവേദ്യമായി. അതിനാൽ വികസനത്തിനും സാമൂഹിക മൈത്രിക്കും വേണ്ടിയാണ് ഇടതുപക്ഷം വോട്ട്​ അഭ്യർഥിച്ചത്. മുസ്​ലിംസമുദായത്തിൽ പെട്ടവരടക്കം നാനാവിശ്വാസികൾ അനുഭാവപൂർവമാണ് ഈ അഭ്യർഥനയോട് പ്രതികരിച്ചത്.

അടുത്ത നിയമസഭതെരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചക്കു വേണ്ടിയാണ് എൽ.ഡി.എഫ് വോട്ട്​ അഭ്യർഥിക്കുന്നത്. ഇങ്ങനെ ഭരണത്തുടർച്ച ഉണ്ടായാൽ ലീഗ് അണികളുടെ ഇടതുപക്ഷത്തേക്കുള്ള ഒഴുക്ക് വൻതോതിൽ ആകുമെന്ന് നേതൃത്വം ഭയപ്പെടുന്നു. ഇതാണ് ആക്രമണങ്ങളുടെയും ശബ്​ദ സന്ദേശങ്ങളുടെയും മറ്റും പിന്നിലുള്ളത്. ഇവിടെ വരുന്ന രാഷ്​ട്രീയമാറ്റങ്ങളോട് അസഹിഷ്ണുതയോടെ പ്രതികരിച്ചിട്ടുകാര്യമില്ല. ആ മാറ്റം അംഗീകരിക്കുകയാണ് വേണ്ടത്.

മലയാളക്കരയിലെ മാപ്പിളമാരെപ്പറ്റി ആദ്യംപറയുന്ന ഗ്രന്ഥകാരൻ പോർചുഗീസുകാരനായ ദുവാർത്തെ ബെർബോസയാണ്. പോർചുഗീസുകാർക്ക് മാപ്പിളമാരോടുള്ള വിരോധം ബെർബോസയുടെ എഴുത്തിൽ തെളിഞ്ഞുകാണാം. മാപ്പിളമാരെ ദുഷിച്ച തലമുറയായാണ് ബെർബോസ വിശേഷിപ്പിച്ചത്. കൂട്ടത്തിൽ അദ്ദേഹം ഒരു കാര്യംകൂടി പറയുന്നു.

ആ ദുഷിച്ച തലമുറ മലബാറിൽ എങ്ങും വർധിച്ചു വരുന്നുണ്ട്. അതേപോലെ മുസ്​ലിം സമുദായത്തിലുൾപ്പെടെ നാനാ മതവിഭാഗങ്ങളിൽ ഇടതുപക്ഷത്തോടുള്ള ആഭിമുഖ്യവും വർധിച്ചുവരുകയാണ്. ഇതിന് തടയിടാൻ അക്രമം കൊണ്ടും ഭീഷണി സന്ദേശം കൊണ്ടും കഴിയില്ലെന്ന് എല്ലാവരും മനസ്സിലാക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueldf
News Summary - continuation of the left regime and muslim league tension
Next Story