ഡിജിറ്റൽ യുഗവും ഉപഭോക്താവിെൻറ അവകാശങ്ങളും
text_fields
അമേരിക്കൻ പ്രസിഡൻറ് ജോൺ എഫ്. കെന്നഡി 1962 മാർച്ച് 15നാണ് ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിനായുള്ള ബിൽ യു.എസ് കോൺഗ്രസിൽ അവതരിപ്പിച്ചത്. ചരിത്രപ്രധാനമായ ഇൗ ബിൽ അവതരിപ്പിച്ച മാർച്ച് 15നാണ് ലോക ഉപഭോക്തൃ ദിനമായി 1983 മുതൽ ലോകമെമ്പാടും ആചരിക്കുന്നത്.
1985ൽ ഉപഭോക്തൃ സംരക്ഷണത്തെ സംബന്ധിച്ച മാർഗരേഖ ഉൾക്കൊള്ളുന്ന പ്രമേയം യു.എൻ പൊതുസഭ പാസാക്കി. ഇതിെൻറ അടിസ്ഥാനത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ രൂപപ്പെടുത്തണമെന്ന് യു.എൻ പ്രമേയം ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു. 1986ലാണ് ഇന്ത്യൻ പാർലമെൻറ് ഉപഭോക്തൃ സംരക്ഷണ നിയമം പാസാക്കിയത്. ചെലവില്ലാതെ സത്വരമായ നീതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ഇൗ നിയമത്തിെൻറ ലക്ഷ്യം. മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ട ഇൗ നിയമം നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും അതൊന്നും സമഗ്രമായിരുന്നില്ല.
നിലവിലുള്ള നിയമത്തിെൻറ അലകും പിടിയും മാറ്റിക്കൊണ്ടുള്ള പുതിയ ബിൽ ആണ് ഉപഭോക്തൃ കാര്യമന്ത്രി രാംവിലാസ് പസ്വാൻ പാർലമെൻറിൽ അവതരിപ്പിച്ചത്. 30 വർഷെത്ത അനുഭവത്തിലൂടെ ഉൽപന്നം, സേവനം, ഭക്ഷ്യസുരക്ഷ എന്നീ രംഗങ്ങളെ അടിമുടി മാറ്റിമറിച്ചുകൊണ്ടുള്ള സൈബർ വിപ്ലവത്തിെൻറ പശ്ചാത്തലത്തിൽ വേണം പുതിയ ഉപഭോക്തൃ നിയമത്തെ നാം കാണേണ്ടത്.
ആഗോളീകരണത്തോടെ അതിരുകളില്ലാത്ത കേമ്പാളമാണ് മനുഷ്യന് മുന്നിൽ തുറക്കപ്പെട്ടത്. വിവരസാേങ്കതിക വിദ്യയുടെ വിസ്മയിപ്പിക്കുന്ന വികാസം വിപണിയിൽ അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടാക്കി. ഉൽപന്നങ്ങളും സേവനങ്ങളും ഒാൺലൈനിലൂടെ വാങ്ങാമെന്ന അവസ്ഥ നിരവധി പ്രശ്നങ്ങളും സൃഷ്ടിച്ചു. ഉപഭോക്തൃ സംരക്ഷണത്തിന് വിഘാതമായി പുതുതലമുറ കുറ്റകൃത്യങ്ങൾക്കും ചൂഷണങ്ങൾക്കും കാരണമായി. അനുചിതമായ കച്ചവട രീതികളും ഉൽപന്നത്തിെൻറ സുരക്ഷയും ഗുണനിലവാരത്തിെൻറ ശോഷണവും എല്ലാം ഉപഭോക്താക്കളുടെ അവകാശങ്ങളെ ഹനിക്കുന്നതിന് കാരണമായി. ഇൗ സാഹചര്യത്തിലാണ് സൈബർ ലോകത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ ഫലപ്രദമായി സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്. 2000ത്തിലെ വിവര സാേങ്കതിക നിയമവും ഒാൺലൈൻ ബാങ്കിങ് സമ്പ്രദായവും ഒാൺലൈനിലൂടെയുള്ള ധനകൈമാറ്റത്തെ സാധാരണമാക്കി. ഒാൺലൈനിലൂടെയുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങളെ തടയുന്നതിനുള്ള വ്യവസ്ഥകൾ ഇൗ നിയമത്തിലുണ്ടെങ്കിലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിന് പര്യാപ്തമായ ഒരു നിയമത്തിെൻറ അഭാവം ഇപ്പോഴും നിലനിൽക്കുന്നു.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിന് സഹായിച്ചു എന്നതിൽ സംശയമില്ല. എന്നാൽ, മാറിയ സാഹചര്യത്തിലെ അവകാശ നിഷേധങ്ങളെയും ചൂഷണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ കാലഹരണപ്പെട്ട ഇൗ നിയമത്തിലെ വ്യവസ്ഥകൾ പര്യാപ്തമല്ല. ഒാൺലൈനായി നിലവിൽ പരാതികൾ ഉപഭോക്തൃ കോടതിയിൽ സമർപ്പിക്കാൻ കഴിയില്ല. പരാതിയോടൊപ്പം നൽകേണ്ട ‘കോർട്ട് ഫീ’ എങ്ങനെ സ്വീകരിക്കും എന്ന ആശയക്കുഴപ്പം നമ്മുടെ ഭരണാധികാരികൾ ഇൗ ഡിജിറ്റൽ യുഗത്തിലും ഉയർത്തുന്നു.
പാർലമെൻറിെൻറ പരിഗണനയിലുള്ള ബില്ലിൽ ഒാൺലൈനായി പരാതി സമർപ്പിക്കാനുള്ള വ്യവസ്ഥ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇ^ കോമേഴ്സ് മേഖല ശക്തമായതോടെ നിർമാതാക്കൾ തമ്മിൽ കടുത്ത മത്സരവും ആരംഭിച്ചു. ഉൽപന്നങ്ങളുടെ വില കുറയുകയും അത് തെരഞ്ഞെടുക്കാനുള്ള വിപുലമായ അവകാശം ഉപഭോക്താവിന് ലഭിക്കുകയും ചെയ്തു എന്നത് നേര്. അതോടൊപ്പം തന്നെ വ്യാജ ഉൽപന്നങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ഉപഭോക്താവിനെ ചതിക്കുഴികളിലാക്കി. സാധനങ്ങളും സേവനങ്ങളും 24 മണിക്കൂറും വാങ്ങാം, കേമ്പാളത്തിൽ നേരിട്ട് ഉപഭോക്താവ് പോകേണ്ടതില്ല, സാധനങ്ങൾ വീട്ടിലെത്തുന്നത് ഒാരോ ഘട്ടത്തിലും അറിയാനും കഴിയുന്നു എന്നീ സവിശേഷതകൾ ഒാൺലൈൻ വ്യാപാര രംഗത്തെ ജനപ്രിയമാക്കി. പക്ഷേ, വിൽപനാനന്തര സേവനത്തിലെ അപാകതകളും ഉൽപന്നത്തിലെ ന്യൂനതകളും നിലവാര ശോഷണവും ഉപഭോക്താവിനെ വീണ്ടും പ്രതിസന്ധിയിലാക്കി.
ഒാൺലൈൻ വ്യാപാരത്തിലൂടെ ഉപഭോക്താവ് പങ്കുവെക്കുന്ന വിവരങ്ങളുടെ സ്വകാര്യതയും നഷ്ടമായി. അനുചിതവും അസ്വീകാര്യവുമായ കരാർ വ്യവസ്ഥകൾ വാഗ്ദാനം ചെയ്ത വാറൻറിയും ഗാരണ്ടിയും അക്ഷരങ്ങളിൽ മാത്രം ഒതുങ്ങിയപ്പോൾ എന്താണ് പോംവഴിയെന്നറിയാതെ ഉപഭോക്താവ് ഇപ്പോൾ ഉഴലുകയാണ്. ഒളിച്ചുവെച്ചതും ഏകപക്ഷീയവുമായ കരാർ വ്യവസ്ഥകൾ ചൂണ്ടിക്കാണിച്ച് ഒാൺലൈൻ വ്യാപാരികൾ ഉപഭോക്താവിെൻറ വായടപ്പിച്ചു. അനീതിയാണെങ്കിലും വ്യവസ്ഥക്കു താഴെ ‘ക്ലിക്ക്’ ചെയ്തതിനാൽ ഉപഭോക്തൃ കോടതികൾക്ക് ഇടപെടാൻ കഴിയില്ലെന്ന വ്യവസ്ഥ വ്യാപാരിയെ രാജാവാക്കി മാറ്റി.
2013െൻറ ആദ്യപാദത്തിൽ 11,980 പരാതികളാണ് ഇ^ കോമേഴ്സ് മേഖലയിൽനിന്ന് ലഭിച്ചത്. അതിൽ 58 ശതമാനവും സേവനത്തിലെ ന്യൂനതയും ഉപയോഗശൂന്യമായ ഉൽപന്നങ്ങൾ നൽകി എന്നതുമായിരുന്നു.
പണം നൽകിയതിന് ശേഷം ഉൽപന്നം നൽകാതിരുന്നതിനെ സംബന്ധിച്ച് നിരവധി പരാതികളുണ്ടായി. ഒാൺലൈനിലൂടെ മൊബൈൽ ഫോൺ ഒാർഡർ ചെയ്തയാൾക്ക് ഇഷ്ടിക ലഭിച്ച സംഭവങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒാൺലൈനിലൂടെ പണം നൽകിയ ശേഷം ഇത്തരമൊരവസ്ഥ വന്നാൽ ഉപഭോക്താവിന് എന്താണ് നിയമപരമായ പരിഹാരം?
തെളിവുകളുടെ അഭാവത്താൽ ഇത്തരമൊരു പരാതിയിൽ ഉപഭോക്താവിന് അനുകൂലമായി വിധി പറയുവാൻ ഉപഭോക്തൃ കോടതികൾക്ക് കഴിയില്ല. ഇത്തരം കബളിപ്പിക്കലിനെ സംബന്ധിച്ച് ആർക്കെതിരെ, എവിടെ കേസ് കൊടുക്കും എന്ന സാേങ്കതികമായ പ്രശ്നവും നീതി ലഭിക്കുന്നതിന് പ്രതിബന്ധമായി നിൽക്കുന്നു. വിദേശത്തുള്ള ഒാൺലൈൻ വ്യാപാരിയുടെ അനുചിതമായ കച്ചവട രീതിക്കെതിരെ എവിടെ പരാതി നൽകും, ആർക്കെതിരെ പരാതി നൽകും എന്ന നിയമപ്രശ്നങ്ങൾ ഉയർന്നു.
എതിർകക്ഷി സ്ഥിരമായി താമസിക്കുന്നിടത്തോ തൊഴിൽ ചെയ്യുന്ന സ്ഥലത്തോ ആണ് ഉപഭോക്താവ് പരാതി നൽകേണ്ടതെന്നാണ് നിലവിലുള്ള നിയമം. തർക്കത്തിന് ആസ്പദമായ സംഭവം നടന്ന സ്ഥലത്തും പരാതി സമർപ്പിക്കാം.
ഇൗ വ്യവസ്ഥ ഉപഭോക്താവിനെതിരാണ്. എതിർകക്ഷി സ്ഥാപനത്തിെൻറ ബ്രാഞ്ച് ഒാഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കൂടി പരാതി നൽകാൻ നേരത്തേ കഴിയുമായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലോടെ ഇൗ അവകാശവും ഇല്ലാതായി. എന്തെങ്കിലും ഇടപാട് നടന്ന ബ്രാഞ്ച് ഒാഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മാത്രമായി പരിമിതപ്പെടുത്തി. ചരിത്രപരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ ഉപഭോക്തൃ വിരുദ്ധമായ വ്യവസ്ഥയാണിത്. ഇതിന് മാറ്റം വരുന്നു എന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും സുപ്രധാനമായ സവിശേഷത. കേരള മോേട്ടാർ വെഹിക്കിൾ നിയമത്തിലെ വ്യവസ്ഥയനുസരിച്ച്, വാഹനാപകടം സംഭവിച്ചയാൾക്ക് സ്വന്തം വാസസ്ഥലം, അപകടം നടന്ന സ്ഥലം, ജോലി സ്ഥലം എന്നീ ഇടങ്ങളിലെല്ലാം കേസുകൊടുക്കാൻ കഴിയും. ഇത്തരത്തിൽ ഉപഭോക്താവിന് ഏറെ അനുകൂലമായ വിധത്തിലാണ് പുതിയ നിയമത്തിൽ വ്യവസ്ഥയുള്ളത്. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ ചില കടമകളും ഒാൺലൈൻ വ്യാപാരത്തിൽ ഏർപ്പെടുന്ന ഉപഭോക്താക്കൾ നിർവഹിക്കേണ്ടതുണ്ട്.
1. വ്യാപാരിയുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തിയതിന്ശേഷം മാത്രമേ ഒാൺലൈൻ വ്യാപാരത്തിൽ ഏർപ്പെടാവൂ.
വ്യാപാരിയുടെ ആസ്ഥാനം എവിടെ, എങ്ങനെ ബന്ധപ്പെടാൻ കഴിയും തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കിയിരിക്കണം.
2. വ്യാപാരിയുടെ പ്രൈവസി പോളിസിയെ കുറിച്ച് ഉപഭോക്താവ് മനസ്സിലാക്കിയിരിക്കണം. ഒാർഡർ നൽകുന്നതിനു മുമ്പ് വ്യാപാരിയുടെ റിേട്ടൺ, റീഫണ്ട് പോളിസി എന്നിവ ഉപഭോക്താവിന് അനുകൂലമാണോ എന്ന് പരിശോധിക്കണം.
3. ഒാൺലൈൻ വ്യാപാരത്തിന് ക്രെഡിറ്റ് കാർഡിന് പകരം ഡെബിറ്റ് കാർഡ് ഉപയോഗിക്കണം.
4. ഉപഭോക്താവിെൻറ വിലാസം, ഫോൺ നമ്പർ, ഇ^മെയിൽ വിലാസം എന്നിവ ഒാൺലൈൻ വ്യാപാരിയുമായി പങ്കുവെക്കുന്നതിന് മുമ്പ് ഇൗ വ്യക്തിവിവരങ്ങൾ അവർ എങ്ങനെയെല്ലാം ഉപയോഗിക്കും എന്നുകൂടി മനസ്സിലാക്കിയിരിക്കണം.
5. ആർക്ക് വേണമെങ്കിലും വെബ്സൈറ്റ് തുറന്ന് ഒാൺലൈൻ വ്യാപാരം നടത്താൻ കഴിയും. അതിനാൽ ഒാർഡർ നൽകുന്നതിന് മുമ്പ് വ്യാപാരിയുടെ സൽപ്പേരിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കണം.
6. പ്രതിമാസ ബാങ്ക് സ്റ്റേറ്റ്മെൻറ്, ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെൻറ് എന്നിവ കൃത്യമായി പരിശോധിക്കുക. ബില്ലിലെ തെറ്റുകളോ നിയമവിരുദ്ധമായ ചാർജുകളോ അനധികൃത തുക പിൻവലിക്കലോ ഉണ്ടായിട്ടില്ലെന്ന് ഉറപ്പ് വരുത്തണം.
7. യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഒാൺലൈനിലൂടെ വാങ്ങിയ ഉൽപന്നം പതിനഞ്ചോ, ഇരുപതോ ദിവസങ്ങൾക്കുള്ളിൽ തിരിച്ചു നൽകിയാൽ പണം തിരികെ നൽകും എന്ന് വാഗ്ദാനം ചെയ്യുന്ന പ്രമുഖ ഒാൺലൈൻ വ്യാപാരികളുമായി മാത്രം വ്യാപാരം നടത്തുക.
ഇതെല്ലാം ശ്രദ്ധിച്ചാലും കള്ളനാണയങ്ങൾ സൈബർ ലോകത്ത് ൈസ്വരവിഹാരം നടത്തുന്ന ഇൗ ഡിജിറ്റൽ യുഗത്തിൽ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത ഏറെയാണ്. ഉപഭോക്താക്കളുടെ നിതാന്ത ജാഗ്രതയും സർക്കാറിെൻറ ഫലപ്രദമായ ഇടപെടലുകളും മാത്രമാണ് പരിഹാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
