Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോണ്‍ഗ്രസിന്‍െറ...

കോണ്‍ഗ്രസിന്‍െറ വിഷമസന്ധി

text_fields
bookmark_border
കോണ്‍ഗ്രസിന്‍െറ വിഷമസന്ധി
cancel

അധികാരമുള്ളപ്പോഴായാലും ഇല്ലാത്തപ്പോഴായാലും കോണ്‍ഗ്രസില്‍ കാലാകാലങ്ങളില്‍ ചില പരിപാടികള്‍ സംഭവിക്കും. അതിന്‍െറ ജനിതകമായ പ്രത്യേകതയാണത്. തെരുവുയുദ്ധം ഉണ്ടാകേണ്ടസമയത്ത് കൃത്യമായി അതു സംഭവിച്ചിരിക്കും. സാക്ഷാല്‍ ഗാന്ധിജി വിചാരിച്ചിട്ട് അത് നിയന്ത്രിക്കാനായിട്ടില്ല. പിന്നെയല്ളേ, വി.എം. സുധീരന്‍. കരുണാകരനും എ.കെ. ആന്‍റണിയും പ്രതിയോഗികളായിരുന്നകാലത്തും തെരുവുയുദ്ധ പരമ്പരകള്‍ അരങ്ങേറിയിട്ടുണ്ട്. ചില കേന്ദ്ര നിരീക്ഷകര്‍ക്കുപോലും ഉടുതുണി ഉപേക്ഷിച്ച് ഓടേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ ചില നിശ്ചിത ഇടവേളകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. രാജ്മോഹന്‍ ഉണ്ണിത്താന് ചീമുട്ടയും അടിയും കിട്ടിയെങ്കില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണെന്നുമാത്രം കരുതിയാല്‍ മതി. അതില്‍ വലിയ രാഷ്ട്രീയമാനങ്ങള്‍ ഇല്ല. കാര്യമായ രാഷ്ട്രീയ പ്രാധാന്യമൊന്നും അദ്ദേഹത്തിന് പാര്‍ട്ടിയിലും ഇല്ലല്ളോ.

ഇവിടെ പ്രശ്നം അതല്ല. ഒരു മുന്നണിക്ക് നേതൃത്വം നല്‍കാന്‍ ഈ പാര്‍ട്ടിക്ക് കഴിയുന്നുണ്ടോ എന്നതാണത്. ദേശീയവും പ്രാദേശികവുമായി നിരവധി പ്രശ്നങ്ങള്‍ ഉള്ള കാലമാണിത്. കേന്ദ്ര ഭരണത്തിലെ വികലമായ പ്രവര്‍ത്തനങ്ങള്‍മൂലം ജനം രാജ്യത്താകെ വലയുന്നു. കേരളത്തിലാകട്ടെ, പുതിയൊരു സര്‍ക്കാര്‍ വന്നശേഷം പുതുതായി ഒന്നും ഉണ്ടായിട്ടുമില്ല. പകരം, ബസ്ചാര്‍ജ് വര്‍ധന, റേഷന്‍ വിതരണത്തിലെ താളപ്പിഴ, ഇനി കറന്‍റ് ചാര്‍ജില്‍ ഉണ്ടാകാന്‍ പോകുന്ന കുതിപ്പ്, അങ്ങനെ ദൈനംദിന ജീവിതം ദുസ്സഹമായിമാറുന്നു. കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിനും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനും എതിരെ സമരം കത്തിക്കയറേണ്ട സമയത്ത് കോണ്‍ഗ്രസ് തമ്മിലടിയും വായ്ത്താരിയും ചീമുട്ടയുമായി കഴിയുന്നു. മുന്നണി സംവിധാനം എന്നൊന്ന് ഉണ്ടോയെന്ന് ഘടകകക്ഷികള്‍ക്കുപോലും തിരിയാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നു. എല്ലാകാലവും പാര്‍ട്ടി നേതൃത്വം പുന$സംഘടിപ്പിക്കപ്പെടുമ്പോള്‍ പ്രശ്നങ്ങള്‍ തലപൊക്കും. എന്നാല്‍, മുന്നണിയത്തെന്നെ അവതാളത്തിലാക്കുന്ന അവസ്ഥ ഉണ്ടാകാറില്ല. ഇക്കുറി, പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യസമിതി പോലും കൂടാനാകാത്ത അവസ്ഥയാണുള്ളത്. മുന്നണിക്കു നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നയരൂപവത്കരണ സമിതിയില്‍ നയം ഉണ്ടാകാതെ മുന്നണിയുടെ നയം എങ്ങനെ തീരുമാനിക്കും?

കെ. മുരളീധരന്‍, ഉണ്ണിത്താന്‍
 

ഹൈകമാന്‍ഡ് നേരിട്ട് കേരളത്തിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് പ്രബല ഗ്രൂപ്പുകളില്‍ ഒന്നായ ‘എ’ക്ക് അതൃപ്തി. ഡി.സി.സി പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കാന്‍ പതിവുപോലെ ഇരു ഗ്രൂപ്പുകളിലുംനിന്ന് പട്ടിക നല്‍കി. അതില്‍ എ ഗ്രൂപ് കൂടുതല്‍ മിടുക്കുകാട്ടാന്‍ നോക്കിയത് തിരിച്ചടിയുമായി. ഐ ഗ്രൂപ്പിന് മുന്‍തൂക്കമുള്ള കൊല്ലത്ത് അവര്‍ ഗ്രൂപ്പിന്‍െറ പ്രമുഖ വക്താവായ വിഷ്ണുനാഥിന്‍െറ പേരുനല്‍കിയത് കിട്ടരുതെന്ന താല്‍പര്യത്തോടെതന്നെയാണെന്നാണ് ഐ ഗ്രൂപ്പുകാര്‍ കരുതുന്നത്. ഏതുവിധേനയും ഐക്ക് അര്‍ഹതപ്പെട്ട ഈ ജില്ലക്കു പകരം വിഷ്ണുവിനെ പത്തനംതിട്ടയിലോ ആലപ്പുഴയിലോ നിര്‍ദേശിക്കാമായിരുന്നില്ളേ എന്ന ചോദ്യത്തിന് ന്യായീകരണമുണ്ട്. അതുപോലെ കോട്ടയത്ത് ലതികാ സുഭാഷിനെ നിര്‍ദേശിച്ചിരുന്നെങ്കില്‍ കൊല്ലത്ത് സ്വാഭാവികമായും മറ്റൊരു സ്ത്രീയായതിനാല്‍ ബിന്ദു കൃഷ്ണ വരുമായിരുന്നില്ല എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ലതികയെ ‘എ’ ഒഴിവാക്കിയതിനാലാണത്രെ ബിന്ദുവിനെ ഹൈകമാന്‍ഡ് പരിഗണിച്ചത്. ഇടുക്കിയില്‍ ജനപ്രിയത ഉള്ള ഇബ്രാഹീം കുട്ടി കല്ലാറിനെ ‘ഐ’ നിര്‍ദേശിച്ചപ്പോള്‍ ‘എ’ നിര്‍ദേശിച്ചത് ജനപ്രിയത നഷ്ടപ്പെട്ട എ.കെ. മണിയെയായിരുന്നു. അങ്ങനെ മേല്‍ക്കൈ കിട്ടാനായി ‘എ’ ചെയ്തതെല്ലാം അവര്‍ക്കു തിരിച്ചടിയായി.

അതേസമയം, ‘ഐ’ ആദ്യം നല്‍കിയ ലിസ്റ്റിലും അനഭിമതര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പരിഗണിക്കപ്പെടില്ളെന്നു വ്യക്തമായപ്പോള്‍ രമേശ് ചെന്നിത്തല ബദല്‍ നിര്‍ദേശംനല്‍കി. ഉദാഹരണമായി, ആലപ്പുഴയില്‍ കോശി എം. കോശിയാണ് ലിസ്റ്റില്‍ ഉണ്ടായിരുന്നത്. അത് തഴയപ്പെടുമെന്നുകണ്ട രമേശ് ചെന്നിത്തല ലിജുവിന്‍െറ പേര് രണ്ടാമതു നല്‍കി. ഇതൊക്കെ ഡല്‍ഹിയില്‍ രമേശിന് സ്വാധീനമുള്ളതിനാല്‍ മനസ്സിലാക്കി ചെയ്യാന്‍ കഴിഞ്ഞതാകാം. അങ്ങനെയൊരു അടുപ്പം ഡല്‍ഹിയുമായി ‘എ’ വിഭാഗത്തിനില്ലാത്തത് അവര്‍ക്കു വിനയുമായി. പൊതുവെ സ്വീകാര്യതയുള്ള പേരുകാര്‍ ഡി.സി.സി പ്രസിഡന്‍റുമാരായതായാണ് വിലയിരുത്തപ്പെട്ടത്. എന്നാല്‍, ‘എ’ വിഭാഗത്തിന്‍െറ എണ്ണം കുറഞ്ഞുപോയി എന്നത് വാസ്തവംതന്നെയാണുതാനും.

ഇതില്‍ ‘എ’ വിഭാഗക്കാര്‍ക്ക് ഏറ്റവും വിരോധമുള്ളത് അവരുടെ തലതൊട്ടപ്പനായിരുന്ന എ.കെ. ആന്‍റണിയോടുതന്നെയാണ്. സുധീരന്‍ രണ്ടാം സ്ഥാനത്ത്. മൂന്നാമത് രമേശും. രമേശ് ചെന്നിത്തലക്ക് കാര്യങ്ങള്‍ നേരത്തേ അറിയാന്‍ കഴിഞ്ഞിട്ടും അത് ‘എ’ വിഭാഗത്തെ അറിയിച്ചില്ളെന്നതാണ് അദ്ദേഹത്തോടുള്ള വിരോധത്തിനു കാരണം. എന്തായാലും പുന$സംഘടന കഴിഞ്ഞപ്പോള്‍ പൊതുവെ സ്വീകാര്യമായ അവസ്ഥയാണുണ്ടായതെങ്കിലും ‘എ’ ഗ്രൂപ് അസ്വസ്ഥമായി. അതിലെ പ്രമുഖര്‍ പരാതിയുമായി ഉമ്മന്‍ ചാണ്ടിയെ വളയുകയും ചെയ്തതോടെ ആകെ കലുഷിതമായി, ഗ്രൂപ്. ഇതുപോലെ നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ചെയര്‍മാന്‍ പദവിയുടെ കാര്യത്തിലും ഉമ്മന്‍ ചാണ്ടിയെ ഗ്രൂപ്പുകാര്‍ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. ചെയര്‍മാനായി ഉമ്മന്‍ ചാണ്ടിയെ നിശ്ചയിക്കുകയും അത് പ്രഖ്യാപിക്കാന്‍ കണ്‍വീനര്‍ തങ്കച്ചനെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍, ഹൈകമാന്‍ഡിന്‍െറ അനുമതി വാങ്ങാനുള്ള കാലതാമസത്തിനിടയില്‍ ഗ്രൂപ്പിലെ മറ്റു പ്രമുഖരുടെ സമ്മര്‍ദത്തിനു വഴങ്ങി ഉമ്മന്‍ ചാണ്ടിക്ക് പിന്‍തിരിയേണ്ടിവരുകയായിരുന്നു.

സംസ്ഥാന നേതൃപുന$സംഘടനകൂടി ഇക്കണക്കായാല്‍ പിന്നെ മുതിര്‍ന്ന പല നേതാക്കളും അപ്രസക്തരായി മാറും. ഈ ഭീഷണിയെ നേരിടുക എന്നതാകാം സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന നിലപാടിലൂടെ ‘എ’ വിഭാഗം ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ ‘ഐ’ വിഭാഗത്തെയും കൂടെ നിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതിനു പുറമെ കെ. മുരളീധരനെ അടര്‍ത്തിനിര്‍ത്താനായെന്ന ധാരണ പരത്താനും അവര്‍ക്കായി. ഇത് എ വിഭാഗം ഒരുക്കുന്ന ഒരു ചതിക്കുഴിയാണെന്നു വിശ്വസിക്കുന്നവരും ഐ വിഭാഗത്തിലുണ്ട്. കാരണം, ഒരു സംഘടനാ തെരഞ്ഞെടുപ്പു നടത്താനാകുന്ന അവസ്ഥയിലല്ല, പാര്‍ട്ടിയെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. തെരഞ്ഞെടുപ്പു നടത്താന്‍ തുനിഞ്ഞാല്‍ തെരുവുയുദ്ധം മുറുകും. അതിനാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ കെ.പി.സി.സി പ്രസിഡന്‍റ് പദവിയില്‍ വി.എം. സുധീരന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുവരെ പോകും. ആ തെരഞ്ഞെടുപ്പില്‍ കാര്യമായ തോല്‍വിയുണ്ടായാല്‍ മാത്രമേ നേതൃമാറ്റത്തിന് സാധ്യത ഉയരുന്നുള്ളൂ.

രാജ്യം വലിയ ഭീഷണി നേരിടുന്ന സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം വെറും നോക്കുകുത്തിയായി മാറുകയാണ്. നോട്ട് പിന്‍വലിക്കല്‍കൊണ്ട് ജനം വലയുന്നു. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഭീഷണി വളരുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം വേണമെന്ന അഭിപ്രായം മുസ്ലിം ലീഗിനുണ്ട്. അതേസമയം, ഇടതുപക്ഷത്തിനെതിരായ പ്രക്ഷോഭത്തില്‍ അവര്‍ക്ക് കാര്യമായ താല്‍പര്യവും കാണാനില്ല. ഫാഷിസത്തിനെതിരെ അഖിലേന്ത്യ തലത്തില്‍ ഒന്നിക്കണം എന്നതിലുപരി സി.പി.എമ്മിനോട് ഒരു മൃദുസമീപനം ഉണ്ടെന്നത് അവര്‍ പണ്ടുമുതലേ നേരിടുന്ന ആരോപണവുമാണ്. യു.ഡി.എഫില്‍ ലീഗ് കഴിഞ്ഞാല്‍ കാര്യമായി ജനസ്വാധീനമുള്ള ഘടകകക്ഷികള്‍ ഇല്ളെന്നതിനാല്‍ ലീഗിന്‍െറ അഭിപ്രായത്തിന് കോണ്‍ഗ്രസ് വിലകൊടുക്കേണ്ടിവരും. അതേസമയം, ഇടതുഭരണത്തിനെതിരെ പ്രക്ഷോഭത്തിനു മുതിരാത്തപക്ഷം കോണ്‍ഗ്രസ് അപ്രസക്തമാകുകയും ചെയ്യും. അങ്ങനെ പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും പുറത്തും നിലനില്‍പിനുതന്നെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുമ്പോഴും തമ്മിലടി രൂക്ഷമാക്കുകയാണ് നേതാക്കള്‍.

Show Full Article
TAGS:congress group 
News Summary - congress in treble
Next Story