Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകോൺഗ്രസിനെ...

കോൺഗ്രസിനെ തല്ലിയുണർത്തുകതന്നെ വേണം

text_fields
bookmark_border
കോൺഗ്രസിനെ തല്ലിയുണർത്തുകതന്നെ വേണം
cancel

യു.പി ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പു ഫലങ്ങൾ ബാക്കിവെക്കുന്ന ഏറ്റവും സുപ്രധാനമായ ആലോചന ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്​ട്രീയചേരി ഫാഷിസ്​റ്റ്​ ചേരിക്കെതിരെ കൃത്യതയും സൂക്ഷ്മതയുമുള്ള രാഷ്​ട്രീയ സൂത്രവാക്യങ്ങളിലേക്ക് ഏറ്റവും അടുത്ത വേളയില്‍തന്നെ മാറേണ്ടിയിരിക്കുന്നു എന്നതാണ്. ഇതില്‍തന്നെ ഏറ്റവും സവിശേഷമായത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനുണ്ടാവേണ്ട തിരിച്ചറിവാണ്. ഒരു തട്ടിയുണർത്ത്​ കൊണ്ടൊന്നും എഴുന്നേറ്റു നില്‍ക്കാവുന്ന പരുവത്തിലല്ല കോൺഗ്രസ്​ എന്ന്​ വ്യക്​തമാക്കുന്നതാണ് ഇപ്പോഴത്തെ സ്​ഥിതി. ഒരടിച്ചുണര്‍ത്തലാണ് കോണ്‍ഗ്രസിന്​ ഇപ്പോള്‍ ആവശ്യം എന്നുതന്നെ കരുതണം.

ചരിത്രത്തി​​െൻറയും പാരമ്പര്യത്തി​​െൻറയും കരിമ്പടക്കെട്ടില്‍ മൂടിപ്പുതച്ചുറങ്ങുകയും തെരഞ്ഞെടുപ്പുകാലത്ത്​ തല പുറത്തെടുക്കുകയുമാണ്​ ​േകാൺഗ്രസ്​ രീതി. ഇതര മതേതര കക്ഷികളാകട്ടെ, അടുത്തു നില്‍ക്കുന്നവര്‍ക്ക് കുഴിവെട്ടുന്ന തിരക്കില്‍ സ്വന്തം വേരു പടര്‍ന്ന മണ്ണാണ് അടര്‍ന്നു പോകുന്നതെന്ന് അറിയാതെ അടിപതറുന്നു. പ്രാദേശിക രാഷ്​ട്രീയ മുന്നേറ്റങ്ങള്‍ മുഴുവന്‍ നിലംപരിശാവുകയും അവയുടെ സ്​ഥാനത്ത് ഫാഷിസത്തി​​െൻറ വിഷവേരുകള്‍ ഉറയ്​ക്കുകയുമാണ്. ഏറെ ഉപദേശീയതകളും അവയുടെ രാഷ്​ട്രീയകക്ഷികളും ആശയങ്ങളും ഉള്ള ഇന്ത്യ ഒറ്റ ദേശീയത പ്രക്ഷേപണം ചെയ്യുന്ന സംഘ്പരിവാരത്തി​​െൻറ ദംഷ്​്ട്രകളിൽ പിടയുന്നു. വേരില്‍ വിഷമുള്ള വൃക്ഷത്തി​​െൻറ ചില്ലകള്‍ എങ്ങനെ വെട്ടും എന്നതിനെപറ്റി മാത്രമാണ് ചര്‍ച്ചകള്‍. രാജ്യത്തി​​െൻറ ഭാവി ദൈവത്തി​​െൻറ കൈകളിലാണ് എന്ന ആശ്വാസത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍.
ഫാഷിസം ഏൽപിക്കുന്ന പ്രഹരവും അതിനവര്‍ ഉപയോഗിക്കുന്ന രാഷ്​ട്രീയ ചേരുവകളും അത്രമേല്‍ ആപത്കരവും ജനാധിപത്യ ചേരിയെ നിരായുധരാക്കുന്നതും ആയതുകൊണ്ടാണിത്. ബി.ജെ.പിയില്‍ വിള്ളൽ വീഴുന്നതുവരെ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന വിചാരത്തിലേക്ക് നമ്മുടെ റിപ്പബ്ലിക്കും അതി​​െൻറ മതേതര ജനാധിപത്യ സങ്കല്‍പവും എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് അതിശയോക്​തിയല്ല. രാഷ്​ട്രീയ യാഥാർഥ്യമാണ്. ഈ സ്​ഥിതി പരിതാപകരമാണ്.

ഇപ്പോഴത്തെ വിജയം സംഘ്പരിവാര്‍ പാളയത്തെ ഇത്രയധികം സന്തോഷിപ്പിക്കുന്നത് പാര്‍ലമ​െൻറി​െൻറ ഇരുസഭയിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ ഇനി ഏറെ താമസമില്ല എന്നറിഞ്ഞും ഇന്ത്യയുടെ അടുത്ത പ്രസിഡൻറിനെ തങ്ങൾക്ക്​ നിശ്ചയിക്കാനാകും എന്നുറപ്പിച്ചുമാണ്. 2019ല്‍ നടക്കാനിരിക്കുന്ന പാര്‍ലമ​െൻറ്​ തെരഞ്ഞെടുപ്പിന്​ മുമ്പേ ആറു മാസമെങ്കിലും ഇരു സഭയിലും ഭൂരിപക്ഷമുറപ്പിക്കാനും വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത പാക്കേജുകള്‍ പാസാക്കിയെടുക്കാനും ആര്‍.എസ്.എസിന് അവസരം ലഭിക്കുന്നു. അവരെ സംബന്ധിച്ച് സ്വപ്‌നസാഫല്യമാണിത്. രാജ്യത്തിന് ഏറെ ഭീതിജനകമായ നാളുകളും.
കോണ്‍ഗ്രസി​​െൻറ തറവാട്ടു മണ്ഡലങ്ങളില്‍പോലും പാര്‍ട്ടി നിലംപറ്റി. യു.പിയിലേത് മോദി വിജയം തന്നെയാണ്. ഒരു പിന്നാക്ക ജാതിക്കാരനെ കളത്തിലിറക്കി ഗുജറാത്തില്‍ വിജയിപ്പിച്ചെടുത്ത ആര്‍.എസ്.എസി​​െൻറ അതിഹൈന്ദവ രാഷ്​ട്രീയ പാക്കേജും മോദി മാജിക്കുമാണ് ഇപ്പോള്‍ ഇന്ത്യയെ വെട്ടിപ്പിടിക്കുന്നത്. അതിനുള്ള കുല്‍സിത മാര്‍ഗങ്ങളും കുറുക്കുവഴികളും വിഭജനരേഖകളും യഥാസമയം നല്‍കാനുള്ള സംഘങ്ങളും സംഘ്​പരിപാരവും കൂടെയുണ്ട്. കോണ്‍ഗ്രസിനാകട്ടെ അതിനെ നിഷ്പ്രഭമാക്കാന്‍ പോന്ന നേതൃത്വം ഇല്ല. ഉണ്ടായിരുന്ന നേതൃത്വത്തെ അപവാദങ്ങളും ആരോപണങ്ങളും കൊണ്ട് അരുക്കാക്കാന്‍ നേരത്തേതന്നെ സംഘ്പരിവാരം ശ്രദ്ധിച്ചിരുന്നു. ദേശീയരാഷ്​ട്രീയത്തിലെ കോണ്‍ഗ്രസി​​െൻറ ശക്​തിസ്വരൂപമായി വന്നുതുടങ്ങിയ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു അതി​​െൻറ ഒന്നാം ഇര. അപവാദങ്ങളും മീഡിയ സ്വാധീനവും കൊണ്ട് രാഹുലിനെ ഒരു കോമാളിയാക്കി അവതരിപ്പിക്കുന്നതില്‍ സംഘ്പരിവാരം വിജയം കണ്ടു.

നേതൃശേഷിയും സന്നദ്ധതയും വേണ്ടുവോളമുള്ള, ജനാധിപത്യ മതേതരത്വ മൂല്യങ്ങളില്‍നിന്ന്​ വ്യതിചലിക്കാത്ത രാഷ്​ട്രീയബോധവുമുള്ള രാഹുല്‍ തന്നെയാണ് ഇനിയും പ്രതീക്ഷക്ക്​ വകയുള്ള രാഷ്​ട്രീയ നേതാവ്. മോദിയുടെ വേഷംകെട്ട്​ വൈദഗ്ധ്യവും നുണ പറയാനുള്ള മിടുക്കും അടക്കം ജുഗുപ്‌സാവഹമായ രാഷ്​ട്രീയം കളിക്കാന്‍ ആ ചെറുപ്പക്കാരന് അറിയില്ല എന്നേയുള്ളൂ. ഓടിനടന്ന്​  പാര്‍ട്ടി കെട്ടിപ്പടുക്കുന്ന രാഹുലി​​െൻറ രാഷ്​ട്രീയത്തെ പ്രാവര്‍ത്തികമാക്കാന്‍ പോന്ന അടിത്തട്ടും പ്രവര്‍ത്തക വ്യൂഹവും കോണ്‍ഗ്രസിന് ഇല്ലാതായി എന്നതാണ് ഇപ്പോഴത്തെ യാഥാർഥ്യം.യു.പിയില്‍ സ്​ഥാനാർഥികളുടെ ഒരു പറ്റം മാത്രമായിപ്പോയി കോൺഗ്രസ്​ എന്നുതന്നെ കരുതണം.

ബി.ജെ.പി കളിക്കുന്ന കാര്‍ഡുകള്‍ തിരിച്ചിറക്കാനും അതേ നാണയത്തില്‍ തിരിച്ചടിക്കാനും ജനാധിപത്യ മതേതര ചേരിക്ക്​ കഴിയില്ല. എന്നാല്‍, ഇന്ത്യയുടെ മതേതര മനസ്സിനെ ഉണര്‍ത്തുന്ന രാഷ്​ട്രീയ കൂട്ടുകെട്ടുകള്‍ ഉടനെ സംഭവിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പി ജനാധിപത്യ മാര്‍ഗങ്ങളിലൂടെ രാജ്യത്തെ ഇരുസഭയിലും ആധിപത്യം ഉറപ്പിക്കാനും രാജ്യ താല്‍പര്യങ്ങളെ പൊളിച്ചെഴുതാനും പോകുകയാണ്. സംഘ്പരിപാരം അതി​​െൻറ ലക്ഷ്യങ്ങള്‍ വിജയിപ്പിച്ചെടുക്കുന്നത് ജനാധിപത്യത്തെ ഉപയോഗിച്ചാണ്. അതി​​െൻറ പ്രതിരോധത്തിനും ജനാധിപത്യമേയുള്ളൂ ശരണം. യു.പിയില്‍ പ്രാദേശിക രാഷ്​ട്രീയ മുന്നേറ്റം അടയാളപ്പെടുത്തിയ എസ്.പിയും ബി.എസ്.പിയും ദുര്‍ബലമായത്​ മാത്രമല്ല, കോൺഗ്രസ്​ എങ്ങനെ ശക്​തിക്ഷയിച്ച്​ ആളില്ലാകക്ഷിയായി എന്നതും വ്യക്​തതയുള്ള കാര്യമാണ്.

ജാതി രാഷ്​ട്രീയത്തെ വികസന പ്രതിച്ഛായയും ഹിന്ദുത്വ പ്രചാരണവും കൊണ്ട് മറികടന്ന മോദി-അമിത്ഷാ കൂട്ടുകെട്ട് കോണ്‍ഗ്രസി​​െൻറ അടിത്തട്ടിളക്കിയ ചില അടര്‍ത്തിയെടുക്കലുകളും നടത്തി. യു.പി രാഷ്​ട്രീയത്തിലെ കോണ്‍ഗ്രസി​​െൻറ മുഖവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഹേമവതി നന്ദന്‍ ബഹുഗുണയുടെ മകള്‍ റിതാ ബഹുഗുണ ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എ ആണെന്നത്​ തന്നെയാണ് ഇതി​​െൻറ ഒന്നാമത്തെ തെളിവ്. കോണ്‍ഗ്രസി​​െൻറ സംസ്​ഥാന അധ്യക്ഷയായിരുന്ന റീതയും നേതൃനിരയിലെ ഇരുപതോളം പേരുമാണ് ബി.ജെ.പിയില്‍ ചേക്കേറിയത്. ഈ തെരഞ്ഞെടുപ്പില്‍ അവര്‍ക്കൊക്കെ ബി.ജെ.പി സീറ്റു കൊടുക്കുകയും അവരെല്ലാം ജയിക്കുകയും ചെയ്​തു. കോണ്‍ഗ്രസിനുണ്ടായ ചോര്‍ച്ചയുടെ അളവറിയാന്‍ ഇതുതന്നെ ധാരാളമാണ്.

ഉത്തരാഖണ്ഡിലും ഇതുതന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്. ഹരീഷ് റാവത്ത് രാജിവെക്കേണ്ടിവന്നതും പിന്നെ കോടതി ഇടപെട്ട് വീണ്ടും അധികാരത്തിലേക്കെത്തിയതും ഇതേ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്നാണ്. ഒരു ഡസനിലേറെ എം.എല്‍.എമാരായിരുന്നു കലാപക്കൊടി ഉയര്‍ത്തിയത്. ഗോവയിലും മണിപ്പൂരിലും സമാന സാഹചര്യങ്ങള്‍ രൂപപ്പെട്ടിരുന്നു എന്നതും പരിഗണിക്കണം.

കോണ്‍ഗ്രസി​​െൻറ പ്രാദേശിക ഘടകങ്ങളെ കൂടെ നിര്‍ത്തുന്നതിലും അനുനയിപ്പിക്കുന്നതിലും ദേശീയ നേതൃത്വം പാടേ പരാജയപ്പെട്ടതായി വിലയിരുത്തപ്പെട്ട സന്ദര്‍ഭങ്ങളാണ് ഇവ. പഞ്ചാബില്‍ ദേശീയനേതൃത്വത്തി​​െൻറ ഇടപെടല്‍ ഒഴിവാക്കിയതി​​െൻറ ഫലം കൂടിയാണ് ഇപ്പോഴുണ്ടായ വിജയം എന്ന വിലയിരുത്തലുമുണ്ട്. അഥവ കോണ്‍ഗ്രസി​​െൻറ ശക്​തിക്ഷയങ്ങള്‍ കോൺഗ്രസ്​ അറിയുന്നില്ല. ഇതി​​െൻറ ദുരിതഫലമാണ് ഒരു കണക്കിന് മതേതര ഇന്ത്യ ഇപ്പോള്‍ അനഭവിക്കുന്ന പ്രതിസന്ധി. ഒരു ജനാധിപത്യ മര്യാദയും ബാധകമല്ലാത്ത ബി.ജെ.പി അവസരം ഉപയോഗിക്കുന്ന ചെന്നായ കണക്കെ തക്കംപാർത്ത്​ നില്‍ക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ പറയട്ടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്​ലിമീന്‍ എന്ന ഉവൈസിയുടെ പാര്‍ട്ടി 40ഓളം മുസ്​ലിം ഭൂരിപക്ഷ മണ്ഡലത്തില്‍ ബി.ജെ.പിയെ സഹായിക്കുന്നരൂപത്തില്‍ സ്​ഥാനാർഥികളെ നിര്‍ത്തിയതും സംഘ്പരിവാരത്തിന്​ ഗുണകരമായി. എഴുപത് ശതമാനം മുസ്​ലിംകളുള്ള ദയൂബന്തില്‍വരെ ബി.ജെ.പി വിജയം നേടി. ബി.ജെ.പി ഇവരെ വിലക്ക് വാങ്ങിച്ചതായി കരുതുന്ന രാഷ്​ട്രീയ നിരീക്ഷകര്‍വരെയുണ്ട്.

രാജ്യത്തെ അതി​​െൻറ സമഗ്രതയില്‍ ഉള്‍ക്കൊള്ളാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഏക പ്രസ്​ഥാനം കോൺഗ്രസ്​ തന്നെ എന്നത് അവിതര്‍ക്കിതമാണ്. അതിന് കോൺഗ്രസ്​ അതി​​െൻറ സുവര്‍ണകാലം തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു. പിടിപ്പുകേടുകള്‍ കൊണ്ടാണ് കോണ്‍ഗ്രസിന് രാജ്യത്തി​​െൻറ മുക്കും മൂലയും നഷ്​ടപ്പെടുന്നത്. കോൺഗ്രസ്​ മുക്​ത ഭാരതം ലക്ഷ്യമിടുന്ന ബി.ജെ.പി അതിനുള്ള തീവ്ര യജ്​ഞത്തിലുമാണ്.

സംഘ്പരിവാരം നിശ്ചയിക്കുന്ന അജണ്ടയിലായിപ്പോകുന്നു കോണ്‍ഗ്രസി​​െൻറ ഇപ്പോഴത്തെ കർമപരിപാടി എന്നതാണ് വലിയ ന്യൂനത. കോൺഗ്രസ്​ അതി​​െൻറ സ്വതന്ത്രവും സമഗ്രവുമായ രാഷ്​ട്രീയ കാര്യപരിപാടിയിലേക്ക് തിരിച്ചെത്തുകയും പ്രാദേശിക ഘടകങ്ങളെ ശക്​തിപ്പെടുത്തുകയും ജനാധിപത്യ ചേരിയെ രൂപപ്പെടുത്തുകയുമാണ് വേണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഭാവി ഇങ്ങനെ കോണ്‍ഗ്രസി​​െൻറ നേതൃത്വത്തില്‍ രൂപപ്പെടുന്ന ഐക്യത്തി​​െൻറ അദൃശ്യ കരങ്ങളിലാണ്. ആ കൈപ്പത്തി ഏതു ദിശയില്‍നിന്ന്​  ഉയര്‍ന്നുവരുന്നു എന്നാണ് മതേതര ഇന്ത്യ ഉറ്റുനോക്കുന്നത്.

(കെ.എം.സി.സി യു.എ.ഇ കമ്മിറ്റി പ്രസിഡൻറാണ്​ ലേഖകൻ)

Show Full Article
TAGS:congress 
News Summary - congress be beaten to awake
Next Story