സമാധാനദൂതന്‍
text_fieldsഎല്ലാ കൊല്ലവും സമാധാനസമ്മാനം ആര്‍ക്കെങ്കിലും കൊടുക്കണമല്ളോ. ഇത്തവണ അത് കിട്ടിയത് കൊളംബിയന്‍ പ്രസിഡന്‍റ് ഹുവാന്‍ മാനുവല്‍ സാന്‍േറാസിന്. സമാധാനത്തിനായി നടത്തിയ വോട്ടെടുപ്പില്‍ സ്വന്തം ജനത അദ്ദേഹത്തെ തോല്‍പിച്ചതാണ്. പുരസ്കാരനേട്ടം അവര്‍ക്കു മുന്നില്‍ ഒരു വിജയമായി. ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടുപിടിച്ച ആല്‍ഫ്രഡ് നൊബേലിന്‍െറ പേരിലുള്ള സമാധാന പുരസ്കാരം പൊതുവെ മനസ്സില്‍ ഉഗ്രസ്ഫോടകശേഷിയുള്ള വസ്തുക്കളും മൂര്‍ച്ചയേറിയ ആയുധങ്ങളും കൊണ്ടുനടക്കുന്നവര്‍ക്കാണ് കൊടുക്കാറുള്ളത്. ഇത്തവണ അതങ്ങനെയല്ല എന്നു സമാധാനിക്കാം.
സമാധാന നൊബേലിന്‍െറ ചരിത്രം ഒരു തമാശയാണ്. ഏഴു കൊല്ലം മുമ്പ് സമാധാന നൊബേല്‍ കിട്ടിയത് അമേരിക്കന്‍ പ്രസിഡന്‍റ് ഒബാമക്ക്. ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം ചെയ്തത് അഫ്ഗാനിസ്താനിലേക്ക് 30,000 സൈനികരെക്കൂടി അയക്കുകയായിരുന്നു. സമാധാനദൂതന്‍ അയച്ച സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ പാകിസ്താനിലും യമനിലുമായി അന്ന് കൊല്ലപ്പെട്ടത് നൂറുകണക്കിന് സാധാരണ ജനങ്ങള്‍. നമ്മെ കൊല്ലാന്‍ നോക്കുന്നവരെ നമുക്കു കൊല്ലാം എന്നാണ് ഒബാമ സഖ്യകക്ഷികളോടു പറഞ്ഞത്. 1945ല്‍ സമ്മാനം കിട്ടിയത് റൂസ്വെല്‍റ്റ് ഭരണകൂടത്തിലെ വിദേശകാര്യമന്ത്രി കോര്‍ഡല്‍ ഹളിന്. ഐക്യരാഷ്ട്രസഭ രൂപവത്കരണത്തില്‍ പങ്കാളിയായതിന്‍െറ പേരില്‍. നാസിപ്പടയുടെ കൊലയാളിയന്ത്രങ്ങളില്‍നിന്ന് രക്ഷപ്പെട്ടോടി സെന്‍റ് ലൂയിസ് കപ്പലില്‍ അമേരിക്കയുടെ കാരുണ്യം കാത്തുകെട്ടിക്കിടന്ന 950 ജൂത അഭയാര്‍ഥികളെ തീരത്ത് അടുപ്പിക്കാത്ത ആളാണ്. സമാധാനദൂതന്‍ കപ്പലിനെ യൂറോപ്പിലേക്ക് മടക്കിയയച്ചു. അതിലെ യാത്രക്കാരില്‍ പാതിയും വംശഹത്യയില്‍ ചത്തൊടുങ്ങി.
വിയറ്റ്നാമിലും ലാവോസിലും കംബോഡിയയിലും പ്രസിഡന്‍റ് നിക്സന്‍ ബോംബിടാന്‍ നിര്‍ദേശം കൊടുക്കുമ്പോള്‍ റാന്‍മൂളി കൂടെ നിന്ന വിദേശമന്ത്രി ഹെന്‍റി കിസിഞ്ജര്‍ക്കും കിട്ടിയിട്ടുണ്ട് സമാധാന നൊബേല്‍. വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചതിനായിരുന്നുവത്രെ സമ്മാനം. സമ്മാനം പങ്കിട്ട വിയറ്റ്നാം വിദേശമന്ത്രി അതു നിരസിച്ചു. എന്തിനധികം പറയണം, നോമിനേഷന്‍ കിട്ടിയവരില്‍ മുസോളിനിയുമുണ്ട്, സ്റ്റാലിനുമുണ്ട്. സംശയമുള്ളവര്‍ക്ക് നൊബേല്‍ കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിക്കാം. സമാധാനത്തിനുവേണ്ടി ജീവന്‍തന്നെ ബലിനല്‍കിയ ഗാന്ധിജിക്ക് 1937 മുതല്‍ 48 വരെ നാമനിര്‍ദേശം കിട്ടിയത് അഞ്ചുതവണ. പക്ഷേ, കൊടുത്തില്ല. സമിതിയുടെ ചരിത്രത്തിലെ ഗ്രേറ്റസ്റ്റ് ഒമിഷന്‍ എന്നു പറഞ്ഞ് കൈകഴുകുകയാണ് നൊബേല്‍ കമ്മിറ്റി. മൂന്നു കൊല്ലം മുമ്പ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യം വളര്‍ത്തിയതിന് സമ്മാനം വാങ്ങിയ യൂറോപ്യന്‍ യൂനിയന്‍ ഇപ്പോള്‍ സങ്കുചിത ദേശീയവാദവും കുടിയേറ്റ വിരുദ്ധ നയങ്ങളുമൊക്കെയായി രാഷ്ട്രങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടന്‍ വിട്ടുപോരുകയുംചെയ്തു. ലോകത്ത് മുഴുവന്‍ സമാധാനം വന്നുകഴിഞ്ഞാല്‍ പിന്നെ സമാധാന നൊബേലിന് പ്രസക്തിയില്ലാതാവും. അതുകൊണ്ടാവണം ഇവര്‍ക്കൊക്കെ കൊടുത്തത്.
പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കാലം മുതല്‍ സായുധസംഘടനയായ ഫാര്‍ക്കുമായുള്ള യുദ്ധം നിര്‍ത്താനുള്ള ശ്രമത്തിലാണ് സാന്‍േറാസ്. ഭരണകൂടത്തിന്‍െറ നടപടികളിലെ ജനവിരുദ്ധത സൃഷ്ടിച്ച അസംതൃപ്തിയില്‍നിന്നാണ് ഇടതുപക്ഷ സംഘടനയായ ഫാര്‍ക്കിന്‍െറ പിറവി. ഗ്രാമങ്ങളിലെ ദരിദ്രജനവിഭാഗങ്ങളാണ് അസമത്വത്തിനെതിരെ ആയുധം കൈയിലെടുത്തത്. അരനൂറ്റാണ്ടുകാലമായി അസമത്വത്തിനും ദാരിദ്ര്യത്തിനുമെതിരെ പോരാടുന്ന റെവലൂഷനറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ പീപ്പ്ള്‍സ് ആര്‍മി ഒരു ഇടതു ഗറില സംഘടനയാണ്. എന്നാല്‍, മാനുവല്‍ സാന്‍േറാസിന്‍െറ ശ്രമഫലമായി കഴിഞ്ഞ സെപ്റ്റംബര്‍ 26ന് കരീബിയന്‍ തീരനഗരമായ കാര്‍ട്ടജീനയില്‍ ഫാര്‍ക്ക് നേതാവുമായി ഭരണകൂടം ഒരു സമാധാനക്കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് ഫാര്‍ക്ക് പോരാളികള്‍ ഐക്യരാഷ്ട്രസഭക്ക് ആയുധങ്ങള്‍ കൈമാറും. വ്യക്തിപരമായി മധ്യവലതുപക്ഷ നയം വെച്ചുപുലര്‍ത്തുന്നയാളാണ് സാന്‍േറാസ്. പക്ഷേ, ഇടതുസംഘടനകളുടെ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതില്‍ മാറിമാറിവന്ന ഭരണകൂടങ്ങള്‍ക്കുള്ള പങ്ക് അദ്ദേഹം മനസ്സിലാക്കിയിരുന്നു. രാഷ്ട്രീയ എതിരാളികളുടെ എതിര്‍പ്പിനെ അവഗണിച്ചാണ് ഈ സമാധാനനീക്കം. മൂന്നുവര്‍ഷങ്ങളായി സമാധാന ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു. പക്ഷേ, ഒക്ടോബര്‍ രണ്ടിനു നടന്ന ഹിതപരിശോധനയില്‍ ജനങ്ങള്‍ സമാധാനക്കരാറിനെ തള്ളിക്കളഞ്ഞു. വെടിനിര്‍ത്തലിനെ മാനിക്കുന്നുവെന്നാണ് ഫാര്‍ക്ക് പറയുന്നത്.
വായില്‍ വെള്ളിക്കരണ്ടിയുമായാണ് ജനനം. കൊളംബിയയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തില്‍നിന്നാണ് വരവ്. അമ്മാവന്‍ 1938 മുതല്‍ 1942 വരെ പ്രസിഡന്‍റായിരുന്നു. പിതാവ് രാജ്യത്തെ ഏറ്റവും വലിയ പത്രത്തിന്‍െറ അധിപന്‍. 1951 ആഗസ്റ്റ് 10ന് ബാഗോട്ടയില്‍ ജനനം. സാന്‍ കാര്‍ലോസ് കോളജിലെ വിദ്യാഭ്യാസത്തിനുശേഷം 1967ല്‍ കൊളംബിയന്‍ നാവികസേനയില്‍ ചേര്‍ന്നു. കാര്‍ട്ടജീനയിലെ നേവല്‍ കാഡറ്റ് സ്കൂളില്‍നിന്ന് 1969ല്‍ ബിരുദം നേടി. 1971 വരെ നാവികസേനയില്‍ തുടര്‍ന്നു. പിന്നീട് ഉപരിപഠനത്തിന് അമേരിക്കയില്‍ പോയി. കാന്‍സസ് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം.
പഠിച്ച ബിസിനസ് ഭരണത്തിന്‍െറ ആദ്യപാഠങ്ങള്‍ പയറ്റിയത് ലണ്ടനില്‍ കാപ്പിച്ചെടി വളര്‍ത്തുന്നവരുടെ ദേശീയ സംഘടനയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി ചുമതലയേറ്റുകൊണ്ടാണ്. പഠിച്ചതൊന്നും മതിയായില്ളെന്നു തോന്നിയപ്പോള്‍ പ്രശസ്തമായ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ ചേര്‍ന്നു. 1975ല്‍ സാമ്പത്തിക വികസനത്തില്‍ ബിരുദാനന്തര ബിരുദം. തുടര്‍ന്ന് ഹാര്‍വഡ് യൂനിവേഴ്സിറ്റിയില്‍ പോയി പൊതുഭരണത്തില്‍ ഒരു ബിരുദാനന്തര ബിരുദംകൂടി എടുത്തു. ഹാര്‍വഡിലെയും ടഫ്റ്റ്സ് സര്‍വകലാശാലയിലെയും വിസിറ്റിങ് ഫെലോ ആണ്. പോരാത്തതിന് നിയമത്തില്‍ ഓണററി ഡോക്ടര്‍ ബിരുദം. പ്രഖ്യാത സര്‍വകലാശാലകളില്‍നിന്ന് ആവശ്യത്തിലധികം ബിരുദങ്ങളൊക്കെ കിട്ടിയെന്ന് സ്വയം ബോധ്യപ്പെട്ടപ്പോള്‍ ജന്മനാട്ടിലേക്കു മടങ്ങി. കുടുംബത്തിന്‍െറ ഉടമസ്ഥതയില്‍ ഒരു പത്രമുണ്ട്. എല്‍ തിയംബോ. അതിന്‍െറ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി.
അക്കാദമിക രംഗത്ത് ഇത്രയേറെ നേട്ടങ്ങള്‍ കൊയ്ത ഒരാള്‍ കുടുംബത്തിന്‍െറ പാരമ്പര്യ ബിസിനസ് നോക്കിനടത്തിയാല്‍ പോരല്ളോ. ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കാനുള്ള യോഗ്യത സാന്‍േറാസിന് ഉണ്ടെന്ന് കൊളംബിയന്‍ ഭരണകൂടത്തിന് തോന്നിയപ്പോള്‍ സീസര്‍ ഗവീരിയ മന്ത്രിസഭയില്‍ വിദേശവ്യാപാര മന്ത്രിയായി. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഒക്കെ പോയി സാമ്പത്തികശാസ്ത്രം പഠിച്ചുവന്നയാളെ രാജ്യത്തിന്‍െറ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഏല്‍പിച്ചുകൊടുത്തത് പ്രസിഡന്‍റ് ആന്‍ഡ്രസ് പാസ്ട്രാന അറാംഗോ. 2002 വരെ ആ പദവിയില്‍ തുടര്‍ന്നു. ആദ്യ ഭാര്യ സില്‍വിയ അമായ. രണ്ടാം ഭാര്യ മരിയ ക്ളെമന്‍സിയ. മൂന്നു മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
