Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആത്മഹത്യയിലേക്കുള്ള വഴികൾ അടയ്ക്കണം

text_fields
bookmark_border
ആത്മഹത്യയിലേക്കുള്ള വഴികൾ അടയ്ക്കണം
cancel

ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാനം മാത്രമല്ല, സമൂഹത്തിന്റെ മാനസികാരോഗ്യത്തിൽ വിള്ളൽ സംഭവിക്കുന്നുണ്ടെന്ന മുന്നറിയിപ്പുകൂടിയാണ്. ആത്മഹത്യ നടന്നശേഷം കാരണങ്ങൾ തേടുന്നതിനേക്കാൾ പ്രധാനം ഒരാളെ അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങൾ നേരത്തേ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. അതുകൊണ്ടുതന്നെ കുടുംബബന്ധങ്ങൾ, ജീവിതസമ്മർദങ്ങളെ നേരിടാനുള്ള ശേഷി, താങ്ങാകേണ്ട സംവിധാനങ്ങൾ എന്നിവയെല്ലാം പുനഃപരിശോധിക്കപ്പെടണം.

ഒരു നിമിഷത്തിന്റെ തീരുമാനമല്ല

ആത്മഹത്യയെ പലപ്പോഴും ‘പ്രശ്നങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം’ എന്ന രീതിയിൽ ലളിതവത്കരിച്ചു കാണാറുണ്ട്. എന്നാൽ യാഥാർഥ്യം അതിലും സങ്കീർണമാണ്. കടുത്ത മാനസികവേദന അനുഭവിക്കുന്ന ഒരാൾക്ക് മുന്നിൽ മറ്റൊരു വഴി കാണാൻ കഴിയാതെ വരികയും, പ്രതിസന്ധി പങ്കുവെക്കാൻ സുരക്ഷിതമായ ഒരിടം കിട്ടാതെപോവുകയും ചെയ്യുമ്പോഴാണ് അപകടസാധ്യത കൂടുന്നത്. ആത്മഹത്യ ചെയ്ത വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നതിനുപകരം ആ വേദന എത്ര നേരത്തേ തിരിച്ചറിയാമായിരുന്നു, എന്തൊക്കെ പിന്തുണകൾ നൽകാമായിരുന്നു എന്നാണ് സമൂഹം ചിന്തിക്കേണ്ടത്.

പ്രതിരോധം കുട്ടിക്കാലം മുതൽ

ജീവിതത്തിലെ പരാജയം, നഷ്ടം, ബന്ധങ്ങളിലെ വിള്ളലുകൾ, തൊഴിൽനഷ്ടം, സാമ്പത്തികപ്രതിസന്ധി, രോഗാവസ്ഥ, വേർപിരിയലുകൾ തുടങ്ങി പല മാറ്റങ്ങളും സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ തളരാതെ മുന്നോട്ടുപോകാനുള്ള അതിജീവനശേഷി, പ്രശ്നപരിഹാരമികവ്, ശരിയായ തീരുമാനങ്ങളെടുക്കാനുള്ള കഴിവ്, വികാരനിയന്ത്രണം, ആശയവിനിമയം, പ്രതിസന്ധികളിൽ സഹായം തേടാനുള്ള മനോഭാവം എന്നിവ കുട്ടിക്കാലം മുതൽ വളർത്തിയെടുക്കണം.

ശാരീരിക അസുഖങ്ങൾക്കെതിരെ വാക്സിനുകൾ സംരക്ഷണം നൽകുന്നതുപോലെ, മനസ്സിനും പ്രതിരോധകവചങ്ങൾ തീർക്കാം. ആരോഗ്യകരമായ ജീവിതശൈലി, ആവശ്യത്തിന് ഉറക്കം, ലഘുവ്യായാമം, ഊഷ്മളമായ സൗഹൃദങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങളുടെ സന്തുലിതമായ ഉപയോഗം, പരാജയങ്ങളെ പക്വതയോടെ നേരിടാനുള്ള മനോഭാവം എന്നിവ ഇതിന്റെ ഭാഗമാകണം. ഇതൊരു രോഗചികിത്സയല്ല, മറിച്ച് മാനസികാരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന അടിസ്ഥാന സുരക്ഷാവലയമാണ്.

അപകടസാധ്യത തിരിച്ചറിയുക

പൊതുബോധവത്കരണം കൊണ്ടുമാത്രം കാര്യമില്ല; അപകടസാധ്യത കൂടുതലുള്ള സാഹചര്യങ്ങളിൽ കഴിയുന്നവരെ നേരത്തേ തിരിച്ചറിഞ്ഞു സഹായിക്കുക അത്യന്താപേക്ഷിതമാണ്. കടുത്ത വിഷാദം, ഗുരുതര മാനസികപ്രശ്നങ്ങൾ, ലഹരിയുപയോഗം, മുമ്പുണ്ടായിട്ടുള്ള ആത്മഹത്യാശ്രമങ്ങൾ, നിരന്തരം സ്വയം മുറിവേൽപ്പിക്കാനുള്ള പ്രവണത, എടുത്തുചാട്ടം, ആഴത്തിലുള്ള നിരാശ, മാറാത്ത ശാരീരികവേദനകൾ, ജീവിതത്തിലെ പെട്ടെന്നുള്ള ആഘാതങ്ങൾ എന്നിവ വ്യക്തിതലത്തിൽ അപകടസാധ്യത കൂട്ടാം. ഇവയുള്ള എല്ലാവരും അങ്ങേയറ്റത്തെ തീരുമാനത്തിലേക്ക് പോകുമെന്നല്ല, മറിച്ച് ഇവർക്ക് കൂടുതൽ ശ്രദ്ധയും തുണയും നൽകണമെന്നാണ് ഇതിന്റെ അർഥം.

അവഗണിക്കരുത് മുന്നറിയിപ്പുകൾ

‘ജീവിക്കാൻ താൽപര്യമില്ല’, ‘എന്നെക്കൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല’, ‘എല്ലാം അവസാനിപ്പിച്ചാൽ മതിയായിരുന്നു’ എന്നിങ്ങനെയുള്ള വാക്കുകൾ തമാശയായിക്കണ്ട് തള്ളരുത്. പെട്ടെന്നുണ്ടാകുന്ന കടുത്ത നിരാശ, കൂട്ടായ്മകളിൽനിന്നുള്ള പിന്മാറ്റം, ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങളോടുള്ള മടുപ്പ്, ഉറക്കത്തിലോ പെരുമാറ്റത്തിലോ ഉണ്ടാകുന്ന അസാധാരണമാറ്റങ്ങൾ എന്നിവ ഗൗരവമായിത്തന്നെ കാണണം.

പ്രയാസമനുഭവിക്കുന്ന ഒരാളോട് ഇത്തരം ചിന്തകളെക്കുറിച്ച് തുറന്നും സ്നേഹത്തോടുംകൂടി അന്വേഷിക്കുന്നത് ഒരിക്കലും അപകടമല്ല; മറിച്ച്, മനസ്സിലുള്ള സങ്കടങ്ങൾ പങ്കുവെക്കാൻ അതൊരു സുരക്ഷിതത്തണലൊരുക്കും. തുടർന്ന് കുടുംബത്തിന്റെ ചേർത്തുപിടിക്കലും ആവശ്യമെങ്കിൽ വിദഗ്ധചികിത്സയും ഉറപ്പുവരുത്തണം.

വേണം കൂട്ടായ കരുതൽ

ആത്മഹത്യാപ്രതിരോധം അവസാനനിമിഷത്തിൽ ഒരാളെ പിടിച്ചുനിർത്തുന്നത് മാത്രമല്ല. അതിന് എത്രയോ മുമ്പേ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് പകരുകയാണ് വേണ്ടത്.

ഓരോ വിദ്യാലയത്തിലും കുട്ടികളുടെ മാനസികപ്രയാസങ്ങളെ തുടക്കത്തിലേ തിരിച്ചറിയാൻ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകണം. സഹായം ആവശ്യമുള്ളവരെ കാലതാമസമില്ലാതെ ചികിത്സാകേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള വ്യക്തമായ സംവിധാനവും തൊഴിലിടങ്ങളിലും പൊതുസമൂഹത്തിലും ഇത്തരം കരുതൽവലയങ്ങളും രൂപപ്പെടണം. വിഷമഘട്ടങ്ങളിൽ സഹായം തേടുന്നത് ബലഹീനതയല്ലെന്ന ബോധ്യം വളരുകയും, മാനസികാരോഗ്യസേവനങ്ങൾ യാതൊരു സങ്കോചവുമില്ലാതെ ആർക്കും പ്രാപ്യമാകുന്ന അന്തരീക്ഷം നിലവിൽ വരികയും വേണം. ആത്മഹത്യ നടന്നശേഷം കാരണം തേടുന്നതിനുപകരം, അതിലേക്ക് നയിക്കുന്ന വഴികൾ നേരത്തേ കൊട്ടിയടയ്ക്കുന്ന സമൂഹമായി നാം മാറണം.

അടിയന്തര സഹായത്തിന് ബന്ധപ്പെടാം

  • ദിശ (DISHA) : 1056, 0471-2552056
  • ടെലി-മാനസ് (Tele-MANAS) : 14416 (സൗജന്യ ഫോൺ നമ്പർ)
  • കിരൺ (KIRAN) : 1800-599-0019

(കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യകേന്ദ്രത്തിലെ മനഃശാസ്ത്ര വിദഗ്ധനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Closing the Pathways to Suicide
Next Story