Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightചൂർണിക്കര ...

ചൂർണിക്കര കുന്നത്തുനാട്ടില്‍നിന്നു ദൂരെയല്ല

text_fields
bookmark_border
land-documents
cancel

അധികൃതമായും അനധികൃതമായും നെൽവയലുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇപ്പോൾ പത്ര മാധ്യമങ്ങളിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. 2008ൽ കേരള നിയമസഭ അംഗീകരിച്ച നെൽവയൽ തണ്ണീർത്തട നിയമം പലയിടത്തും പരസ്യമായിതന്നെ ലംഘിക് കപ്പെടുന്നതി​​െൻറ വാർത്തകൾ നാം കാണുന്നുണ്ട്. പലയിടത്തും പ്രാദേശികമായി ജനങ്ങൾ പ്രതിരോധിക്കുന്നു. കൃഷി ഓഫിസർമ ാരും റവന്യു ഉദ്യോഗസ്ഥരും ചിലയിടങ്ങളിൽ നീതിക്കൊപ്പം നിൽക്കുന്നതിനാൽ അത് എളുപ്പമാകുന്നില്ല. എന്നാൽ, രാജ്യത്ത് ഭരണം നടത്തുന്നതോ പ്രതിപക്ഷത്തിരിക്കുന്നതോ ആയ പാർട്ടികൾ മിക്കപ്പോഴും നിയമലംഘനം നടത്തുന്നവർക്കൊപ്പമാണ് എന് നതാണ് അനുഭവം.

ഇപ്പോൾ ഏറെ ചർച്ചയായ ആലുവ ചൂർണിക്കരയിലെ നിലം നികത്തലിൽനിന്നു തുടങ്ങാം. ഇതി​​െൻറ പിന്നിൽ വലിയ ൊരു മാഫിയ സംഘമുണ്ടെന്നും അതിൽ ഇപ്പോൾ സർവിസിൽ ഉള്ളവരും പിരിഞ്ഞുപോയവരുമായ ഒട്ടനവധി ഉദ്യോഗസ്ഥരും ഭൂമി കച്ചവടക് കാരും അവരെ സഹായിക്കുന്ന ചില രാഷ്​ട്രീയ നേതാക്കളും ഉണ്ടെന്നും ഇത് വ്യാപകമായി നടക്കുന്നതാണെന്നും റവന്യു മന്ത്രി തന്നെ പറയുന്നു. കഴിഞ്ഞ കാലത്തും ഇതുപോലുള്ള നിരവധി തട്ടിപ്പുകൾ നടന്നിരിക്കാൻ സാധ്യതയുണ്ടെന്നും അവയും അന്വേഷിക്കുമെന്നും മന്ത്രി പറയുന്നു.

വലിയ തോതിൽ പണം മുടക്കി നടക്കുന്ന ഒന്നാണിത് എന്ന് വ്യക്തം. പൊലീസി​​െൻറ പ്രാഥമികാന്വേഷണത്തിൽ കേവലം 25 സ​െൻറ്​ ഭൂമി തരം മാറ്റിയതിന്​ ഏഴുലക്ഷം രൂപ മുടക്കി എന്നാണു സ്ഥലമുടമ കൊടുങ്ങല്ലൂർ മതിലകത്തു മൂലം പറമ്പിൽ ഹംസ പൊലീസിനോട് പറഞ്ഞത്. അതിൽ രണ്ടുലക്ഷം രൂപ ചെക്കായി തന്നെയാണ് വാങ്ങിയത് എന്നതിൽനിന്ന്​ ഇടനിലക്കാരും മാഫിയയും ആരെയും ഭയക്കുന്നില്ലെന്നു വ്യക്തം. റോഷന്‍ ആൻഡ്രൂസ് സംവിധാനം ചെയ്ത, മോഹൻലാൽ നായകനായ ‘ഇവിടം സ്വർഗമാണ്​’ എന്ന ചിത്രത്തിൽ കാണിച്ചതൊക്കെ സത്യമാണ് എന്ന് ഇപ്പോൾ വ്യക്തമാകുന്നു. ഭൂമാഫിയ തലവനായ ആലുവ ചാണ്ടിക്ക് പകരം ഇവിടെ ആലുവ അബുവാണെന്നു മാത്രം. ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ ചെയ്ത ഒരു ആധാരമെഴുത്തുകാര​​െൻറ റോൾ ഇവിടെ നിരവധി പേര് ചെയ്യുന്നു. വില്ലേജ് ഓഫിസിൽ സൂക്ഷിക്കുന്ന ബി.ടി.ആറി (ബേസിക് ടാക്സ് രജിസ്​റ്റർ)ലും നെൽവയൽ സംരക്ഷണ നിയമത്തി​​െൻറ ഭാഗമായുള്ള ഡാറ്റ ബാങ്കിലും നിലം എന്ന് രേഖപ്പെടുത്തിയതിനാൽ അവിടെ ഇനി ഒരു നിർമാണപ്രവർത്തനവും സാധ്യമല്ല. ഇതിൽ മാറ്റം വരുത്താൻ ജില്ല ഭരണാധികാരിക്കുപോലും അധികാരമില്ല. സംസ്ഥാനതല സമിതിയുടെ അംഗമായ ലാൻഡ് റവന്യു കമീഷണറുടെ അനുമതിവേണം. ഇവിടെ അത് ഹാജരാക്കി. ഈ ഭൂമി നികത്തുന്നതിനെതിരെ നിലപാടെടുത്ത ആർ.ഡി.ഒയുടെ അനുമതിയും ലഭ്യമാക്കി.

ഒരു പാവം വില്ലേജ് ഓഫിസർക്ക് തോന്നിയ സംശയമാണ് ഇപ്പോൾ ഒരു വലിയ മാഫിയ ഉണ്ടെന്ന സത്യം തുറന്നുകാട്ടാൻ കാരണമായത്. സാധാരണഗതിയിൽ ലാൻഡ് റവന്യു കമീഷണറും ആർ.ഡി.ഒയും അനുമതി നൽകിയ സാഹചര്യത്തിൽ ഒരുവട്ടം പോലും ആലോചിക്കാതെ അനുമതി നൽകാനും ഭൂമി നിലം എന്നത് പുരയിടം എന്നാക്കി മാറ്റാനും ഏതു വില്ലേജ് ഓഫിസറും തയാറാകുമായിരുന്നു. ഇത്തരം അവസ്ഥയിൽ വില്ലേജ് ഓഫിസറെ മുൻ‌കൂർ കണ്ട് കൈയിലെടുക്കുകയാണ് പതിവ്. അങ്ങനെയെങ്കിൽ ഇതൊരിക്കലും പുറത്തുവരില്ലായിരുന്നു. പക്ഷേ, ഇവിടെ ആ ഓഫിസർ സത്യസന്ധത കൊണ്ട് ഒന്ന് അന്വേഷിക്കാൻ തീരുമാനിച്ചു. താൻ അങ്ങനെ ഒരു അനുമതി നൽകിയിട്ടില്ലെന്ന് ആർ.ഡി.ഒ പറഞ്ഞപ്പോഴാണ് കഥ വഴിമാറുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ലാൻഡ് റവന്യു കമീഷണറുടെ അനുമതിയും വ്യാജമാണെന്ന് തെളിഞ്ഞു.

ശരിയായ ഉത്തരവുപോലെ ഒന്ന് എങ്ങനെ ഇവർക്കുണ്ടാക്കാൻ കഴിഞ്ഞു എന്നതാണ് ആദ്യ ചോദ്യം. അതതു ഓഫിസിലെ കടലാസും ഭാഷയും സീലും ഒപ്പും വരെ ഇവർ കൊണ്ടുവന്ന രേഖയിലും ഉണ്ട്. അതിനർഥം ആ ഓഫിസുകളിൽതന്നെ ഈ മാഫിയകൾക്ക് സഹായികളുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഇത്തരത്തിൽ എത്രയെത്ര കള്ളരേഖകൾ വഴി നിലം നികത്തൽ നടന്നിരിക്കും? അത് മാത്രമല്ല, റവന്യു ഉന്നത ഉദ്യോഗസ്ഥരുടെ വ്യാജരേഖ ഉണ്ടാക്കിയാൽ എന്തെല്ലാം തരം തട്ടിപ്പുകൾ ഇവിടെ ചെയ്യാൻ കഴിയും എന്നും നമുക്കറിയാം.

നിലം നികത്തലിനൊപ്പം, കുന്നിടിക്കൽ, പാറമടകൾ, മറ്റു ഖനനങ്ങൾ, കൈയേറ്റങ്ങള്‍, നിയമവിരുദ്ധ നിർമാണങ്ങൾ ഒക്കെ സാധ്യമാണ്. മൂന്നാറിലും ചിന്നക്കനാലിലുമെല്ലാം ഇങ്ങനെ രേഖകളും പട്ടയങ്ങളും സ്വന്തമായി ഉണ്ടാക്കിയാണ് കൈയേറ്റങ്ങള്‍ നടക്കുന്നത്. ഇത്ര വ്യാപകമായ അഴിമതികളും കൊള്ളകളും കണ്ടെത്താൻ കഴിയുമോ? സാധ്യത വളരെ കുറവാണ്. ഈ ചെയ്യുന്നവരൊന്നും വെറും പ്രാദേശിക സ്വാധീനം മാത്രമുള്ളവരല്ല. ഒളിഞ്ഞും തെളിഞ്ഞും ഇവർക്കെല്ലാം ഏതെങ്കിലും രാഷ്​ട്രീയകക്ഷികളുടെ പിൻബലമുണ്ടാകും. ഇന്ന് മിക്ക രാഷ്​ട്രീയനേതാക്കളുടെയും പ്രധാന വരുമാനമാർഗം ഭൂമി ഇടപാടുകളാണ്. പാറയും മണ്ണും കളിമണ്ണും വെള്ളവുമെല്ലാം അവരുടെ സ്വർണ ഖനികളാണ്. ഭൂമിക്കു പൊന്നിനെക്കാള്‍ വിലയാണ് കേരളത്തില്‍. ഇവർക്കൊപ്പം അതിശക്തമായ ഗുണ്ടാപ്പടകളും ഉണ്ടാകും. നെൽവയൽ സംരക്ഷിക്കാൻ പോരാടുന്ന പ്രാദേശിക പരിസ്ഥിതി പ്രവർത്തകർക്കെതിരെ ശാരീരിക ആക്രമണങ്ങൾ നിരന്തരം നടക്കുന്നുണ്ട്. പലരും ജീവഭയം കൊണ്ടാണ് ഇവർക്കെതിരെ നിശ്ശബ്​ദത പാലിക്കുന്നത്.

ചൂർണിക്കരയിൽനിന്നു അത്ര ദൂരെയല്ല കുന്നത്തുനാട്. അവിടെ ഒരു വൻ വ്യവസായിക്ക് 15 ഏക്കർ ഭൂമി നികത്താൻ റവന്യു അഡീഷനൽ സെക്രട്ടറി ഇറക്കിയ ഉത്തരവ് ഇപ്പോൾ വിവാദമാകുകയും താൽക്കാലികമായി അത് മരവിപ്പിക്കുകയും ചെയ്തതായി മന്ത്രി പറയുന്നു. ജില്ല കലക്ടറും കീഴുദ്യോഗസ്ഥരും ജനകീയ ഇടപെടലിനെ തുടർന്ന് നികത്താൻ അനുമതി നിഷേധിച്ച ഭൂമിയാണിത്. നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണം എന്നായിരുന്നു കലക്ടറുടെ ഉത്തരവ്. ഇതുസംബന്ധിച്ച് റവന്യു കേസുകൾ കൈകാര്യം ചെയ്യുന്ന അഡീഷനൽ അഡ്വക്കറ്റ് ജനറലി​​െൻറ കൂടി ഉപദേശം തേടിയാണ്‌ ഇങ്ങനെ ചെയ്തത്. എന്നാൽ, സി.പി.എം ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന ഒരു വ്യവസായിയുടെ പങ്കാളിയാണ് ഇതി​​െൻറ ഉടമ എന്നതിനാൽ കലക്ടറുടെ ഉത്തരവ് കാറ്റിൽ പറന്നു. റവന്യു അഡീഷനൽ സെക്രട്ടറിയാണ് കലക്ടറുടെ ഉത്തരവ് റദ്ദാക്കിയത്. ഈ ഫയൽ വന്നപ്പോൾ നിയമോപദേശത്തിന്​ അയക്കുകയാണ് ചെയ്തത്. എന്നാൽ അന്ന് റവന്യു വകുപ്പി​​െൻറ തലപ്പത്തിരുന്ന അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്​. കുര്യൻ ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടു. ഈ ഉദ്യോഗസ്ഥൻ റവന്യുമന്ത്രിയെ പോലും വകവെക്കാതെ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ മാത്രം നടപ്പാക്കുന്ന വ്യക്തിയാണെന്നത് ഒരു രഹസ്യമല്ല. ഭൂമി ഇടപാടുകളിൽ ഇദ്ദേഹത്തി​​​െൻറ നിരവധി ഉത്തരവുകൾ റവന്യുവകുപ്പിന് അപമാനകരമാണ്. ഇദ്ദേഹം ഇടപെട്ടതോടെ നിയമവകുപ്പിൽനിന്നു ഫയൽ പിൻവലിച്ചുകൊണ്ട് അടിയന്തര ഉത്തരവ് ഇറക്കുകയായിരുന്നു. ആ ഭൂമിയിൽ നിറയെ തെങ്ങും കവുങ്ങും വളർന്നുനിൽക്കുന്നു എന്ന് ദിവ്യദൃഷ്​ടിയാലാകണം അദ്ദേഹം കണ്ടത്.

ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. മുകളിൽ പിടിയുള്ളവർക്കു ഇങ്ങനെയൊക്കെ സാധ്യമാണെന്ന് സാധാരണ മനുഷ്യർക്ക് തോന്നലുണ്ടാകാൻ ഇതെല്ലാം കാരണമാകുന്നു. അത്തരം ബന്ധങ്ങൾ ഉണ്ടെന്നു പറയുന്നവരെ ഇത്തരം ചുമതലകൾ ഏൽപിക്കുന്നു. ഇവർക്കെല്ലാം പ്രാദേശിക നേതാക്കളുടെ പിൻബലമുണ്ടെന്നതും രഹസ്യമല്ല. അതുകൊണ്ടുതന്നെ കുന്നത്തുനാട് സംഭവമാണ് മാഫിയകളുടെ പിൻബലം. എറണാകുളം ജില്ലയിൽതന്നെ ചേരാനല്ലൂരിൽ സി.പി.എം നേതാക്കളുടെ ഇഷ്​ടവ്യവസായിയുടെ പേരിലുള്ള പത്തേക്കർ നിലം നികത്തിയതുമായി ബന്ധപ്പെട്ടുള്ള പരാതി വന്നപ്പോൾ കലക്ടർ അത് കണ്ടെത്തി പൂർവസ്ഥിതിയിലാക്കാൻ നിർദേശിച്ചതാണ്. മാസങ്ങളും വർഷങ്ങളും പിന്നിട്ടിട്ടും അത് നികത്തിതന്നെ കിടക്കുന്നു. ഇത് ആർക്കാണ് നിലം നികത്താൻ ധൈര്യം നൽകാത്തത്? ചുരുക്കത്തിൽ ചൂർണിക്കര വിഷയത്തിൽ ചില അന്വേഷണങ്ങൾ നടത്തി തൽക്കാലം മുഖം രക്ഷിക്കാമെന്നല്ലാതെ ഈ മാഫിയകളുടെ വാലിൽപോലും തൊടാൻ ഇന്നത്തെ അവസ്ഥയിൽ റവന്യു മന്ത്രിക്കു കഴിയില്ല. പതിവുപോലെ ആരംഭശൂരത്വം മാത്രമാകാനാണ് സാധ്യത. കാരണം, വലിയേട്ടൻ തന്നെയാണ് ഇതി​​െൻറയൊക്കെ പിന്നിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsChoornikaraVillage Office Fraud
News Summary - Choornikara Fraud - Article
Next Story