Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസിൻജിയാങ്ങിൽ ചൈന...

സിൻജിയാങ്ങിൽ ചൈന മതിയാക്കുന്നില്ല

text_fields
bookmark_border
സിൻജിയാങ്ങിൽ ചൈന മതിയാക്കുന്നില്ല
cancel
camera_alt

സിൻജിയാങ്ങിലെ റീ എജുക്കേഷൻ ​ക്യാമ്പുകളിലൊന്ന്

ചൈനയിലെ ഉയിഗൂർ മുസ്​ലിംകളോടുള്ള മനുഷ്യത്വരഹിത അതിക്രമങ്ങളുടെ വാർത്തകൾ അഭംഗുരം തുടരുകയാണ്.സിൻജിയാങ് പ്രവിശ്യയിലെ ആതുഷ് സുണ്ടാഗ് ഗ്രാമത്തിലുണ്ടായിരുന്ന ടോക്കുൾ മസ്ജിദ് കുറച്ചു ദിവസങ്ങൾക്കു മുമ്പ്​ സർക്കാർ ഇടിച്ചുനിരത്തി.

തൽസ്​ഥാനത്ത്​ ദ്രുതഗതിയിൽ ഒരു പൊതുശൗചാലയം കെട്ടിപ്പൊക്കി കമീഷൻ ചെയ്​തു. ഉയിഗൂർ മുസ്​ലിംകളുടെ മനോബലം തകർക്കാനും അവരുടെ വിശ്വാസങ്ങളിൽനിന്ന് നിർബന്ധിതമായി അടർത്തിമാറ്റി, ഹാൻവംശീയ സ്വത്വത്തിലേക്കും മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേർക്കാനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണിത്​.

പള്ളി പൊളിക്കുംമുമ്പ് അത് കൈയേറി മിനാരത്തിൽ പാർട്ടിക്കൊടി നാട്ടിയ ഹാൻ വംശജരായ കമ്യൂണിസ്​റ്റ്​ പാർട്ടിക്കാർ പള്ളിയുടെ മുൻവശത്ത് മൻഡാരിൻ ഭാഷയിൽ 'രാജ്യത്തെ സ്നേഹിക്കുക, പാർട്ടിയെ സ്നേഹിക്കുക' എന്നെഴുതിയ വലിയൊരു ബോർഡും സ്ഥാപിച്ചു. ഷി ജിൻപിങ്ങി​െൻറ ചൈനീസ് കമ്യൂണിസ്​റ്റ്​ സർക്കാർ 2016 ൽ തുടങ്ങിയ മസ്​ജിദ്​ നിർമൂലനനയത്തി​െൻറ ഭാഗമാണ് ഈ നടപടിയും.

ഉയിഗൂർ മുസ്​ലിംകളെ ഹാൻ എന്നറിയപ്പെടുന്ന ഭൂരിപക്ഷവംശീയതയിലേക്ക് ചേർക്കാനാണ് ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ നിരന്തരശ്രമം. ഹാൻ മുഖ്യധാരയിൽ ലയിക്കാനുള്ള ഉയിഗൂർ മുസ്​ലിംകളുടെ വിമുഖതയെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ചൈനീസ്​ സർക്കാർ നേരിടുന്നത് ഉരുക്കുമുഷ്​ടി കൊണ്ടാണ്.

ഉയിഗൂർ മുസ്​ലിംകളെ മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കുന്നതിൽനിന്നുപോലും സർക്കാർ വിലക്കുന്നു. 2104 മുതൽ അവർക്ക് റമദാൻ മാസത്തിൽ നോമ്പെടുക്കാൻ അനുമതിയില്ല. പരമ്പരാഗത ഇസ്​ലാമിക വസ്ത്രങ്ങൾ ധരിക്കുന്നതിനും താടി നീട്ടി വളർത്തുന്നതിനും വിലക്കുണ്ട്. ഇന്നും ചൈനയിൽ ഏറ്റവുമധികം വധശിക്ഷക്ക്​ വിധേയരാകുന്ന വിഭാഗം ഉയിഗൂർ മുസ്​ലിംകളാണ്. ഈ വധശിക്ഷകൾ പലതും ചൈന നടപ്പാക്കുന്നത് പൊതുജനമധ്യത്തിലാണ്.

2015ൽ സിൻജിയാങ് പ്രദേശത്ത് നിലവിൽവന്ന ഭീകരവാദ വിരുദ്ധ നിയമവും 2017ലെ തീവ്രവാദ നിയന്ത്രണ നിയമവും ഉയിഗൂറുകളുടെ ജീവിതം കൂടുതൽ നരകീയമാക്കി. പ്രദേശത്ത് വൻതോതിലുള്ള ഡി.എൻ.എ സാമ്പിൾ ശേഖരണം നടന്നു. തെരുവുകളിലെല്ലാം പട്ടാളം ചെക് പോയൻറുകൾ സ്ഥാപിച്ചു. മൊബൈൽ ഫോണുകൾ വ്യാപകമായി ചോർത്തി. പട്ടാളം വഴിയിൽ തടഞ്ഞുനിർത്തി ആളുകളുടെ ഫോണുകൾ പരിശോധിച്ചുതുടങ്ങി.

റീ എജുക്കേഷൻ ക്യാമ്പുകൾ കൂടുതൽ സജീവമായി. അവിടേക്ക് കൂട്ടംകൂട്ടമായി ഉയിഗൂർ മുസ്​ലിംകളെ കണ്ണു മൂടിക്കെട്ടി, ട്രെയിനുകളിൽ കൊണ്ടുപോയി ഇറക്കാൻ തുടങ്ങി. അവിടെ താമസിപ്പിച്ച് അവർ 'നന്നാകും' വരെ ചൈനീസ് സംസ്കാരത്തി​െൻറയും ദേശസ്നേഹത്തി​െൻറയും മറ്റും ക്ലാസുകൾ കൊടുക്കാൻ തുടങ്ങി. പാർട്ടി താൽപര്യങ്ങൾക്ക് വിരുദ്ധമായി ചൈനക്ക്​ അകത്തോ പുറത്തോ ആര് പ്രവർത്തിച്ചാലും അവരെ റീ എജുക്കേറ്റ് ചെയ്യുകയാണ് പാർട്ടിയുടെ പതിവ്.

ഉയിഗൂർ മുസ്​ലിംകളു​ടെ മനസ്സിൽനിന്ന് അവരുടെ മതപരവും വംശീയവുമായ അടയാളങ്ങൾ മായ്ച്ചുകളഞ്ഞ് ചൈനീസ് ദേശീയതയും കമ്യൂണിസ്​റ്റ്​ തത്ത്വസംഹിതയും കുത്തിനിറക്കുന്ന 'റീ എജുക്കേഷൻ' അഥവാ 'റീ ഇൻറഗ്രേഷൻ' ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. സിൻജിയാങ്ങിൽ രഹസ്യമായി ചൈനീസ് സർക്കാർ അഞ്ഞൂറോളം റീ എജുക്കേഷൻ ക്യാമ്പുകൾ നടത്തുന്നുണ്ട്. ഇവിടെ പത്തുലക്ഷം പേരെയെങ്കിലും ഗവണ്മെൻറ് ഇപ്പോഴും പീഡിപ്പിക്കുന്നു.

2017ൽ ആദ്യമായി ഇങ്ങനെ ക്യാമ്പുകൾ ഉണ്ട് എന്നുള്ള വാർത്ത ചില അന്താരാഷ്​ട്ര മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നപ്പോൾ ചൈനീസ് ഗവൺമെൻറ് ആ വാർത്ത പാടേ നിഷേധിക്കുകയായിരുന്നു. പക്ഷേ, ഉപഗ്രഹ ചിത്രങ്ങളും രഹസ്യമൊഴികളും വിദേശ മാധ്യമങ്ങൾ നിരത്തിയതോടെ, ഒന്നോ രണ്ടോ നാഷനൽ ഇൻറഗ്രേഷൻ ക്യാമ്പുകളുണ്ടെന്ന് മാറ്റിപ്പറഞ്ഞു.

റീ എജുക്കേഷൻ ക്യാമ്പുകൾക്കു പുറമെ, സിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂറുകൾക്ക് നിലവിലുള്ള ജനസംഖ്യാനുപാതിക സ്വാധീനം കുറക്കാൻ ചൈനീസ് ഗവൺമെൻറ് അവിടേക്ക് ഹാൻ വംശജരുടെ കുടിയേറ്റവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. സിൻജിയാങ്ങിൽ താമസമാക്കാൻ വേണ്ട സഹായം സർക്കാർ ചെയ്തുകൊടുക്കുന്നു.

സിൻജിയാങ്ങിൽ ഹാൻ വംശജരെ കൂടുതൽ കുട്ടികളുണ്ടാകാൻ പ്രോത്സാഹിപ്പിക്കുമ്പോൾ, ഇവിടെത്തന്നെ ഉയിഗൂർ മുസ്​ലിംകൾക്കുമേൽ കടുത്ത ഗർഭനിരോധന നടപടികളാണ് ചൈനീസ് സർക്കാർ അടിച്ചേൽപിക്കുന്നത്. അതി​െൻറ ഭാഗമായി ചൈന ഉയിഗൂർ സ്ത്രീകളിൽ ഐ.യു.ഡി അഥവാ 'ഇൻട്രാ യൂട്ടറൈൻ ഡിവൈസു'കളും പുരുഷന്മാരിൽ നിർബന്ധിത വന്ധ്യംകരണവും വ്യാപകമായി പ്രയോഗിച്ചുവരുന്നു.

2014ൽ സിൻജിയാങ്ങിലെ ഉയിഗൂർ സ്ത്രീകളിൽ രണ്ടുലക്ഷം ഐ.യു.ഡികളാണ് ഗവണ്മെൻറ് വക നിക്ഷേപം ഉണ്ടായിരുന്നതെങ്കിൽ അത് 2018 ആയപ്പോഴേക്കും 60 ശതമാനത്തിലധികം ഉയർന്നു. അങ്ങനെ ഒരുവശത്ത് ഉയിഗൂറുകളെ ജനനം നിയന്ത്രിക്കാൻ നിർബന്ധിച്ചും മറുവശത്ത് സിൻജിയാങ്ങിലെതന്നെ ഹാൻ വംശജർക്ക് കൂടുതൽ സന്താനങ്ങളെ ഉൽപാദിപ്പിക്കാൻ പ്രോത്സാഹനം നൽകിയും അവിടത്തെ ജനസംഖ്യാനുപാതം പാടെ മാറ്റാനുള്ള ബോധപൂർവമായ ശ്രമങ്ങൾ പതിറ്റാണ്ടുകളായി സർക്കാർ നടത്തിക്കൊണ്ടിരിക്കുകയാണ്.

2017 അവസാനത്തോടെ പുതിയൊരു നയം കൂടി ചൈനീസ് സർക്കാർ സിൻജിയാങ്ങിൽ നടപ്പിൽവരുത്താൻ തുടങ്ങി. 'ജോഡിയാക്കി കുടുംബമാക്കുക' എന്നായിരുന്നു പുതിയ പരിപാടിയുടെ പേര്. സിൻജിയാങ്ങിലെ ഉയിഗൂർ മുസ്​ലിംകുടുംബങ്ങളിലേക്ക് സർക്കാർ പ്രതിനിധികളെ പറഞ്ഞയക്കുക. ഈ പ്രതിനിധികൾ ഉയിഗൂർ വീടുകളിൽ താമസിച്ചുകൊണ്ട് അവരെ ചൈനീസ് സംസ്കാരം പഠിപ്പിക്കും.

ഇങ്ങനെ ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടി പ്രതിനിധികൾ ചെന്നുകേറുന്ന പല ഉയിഗൂർ കുടുംബങ്ങളിലെയും കുടുംബനാഥന്മാരെ അതിനകംതന്നെ റീ എജുക്കേഷൻ ക്യാമ്പുകളിൽ അടച്ചിട്ടുണ്ടാകും . ഇങ്ങനെ പുരുഷന്മാര്‍ ക്യാമ്പിൽ തടങ്കലിലായ പല വീടുകളിലും സർക്കാർ പറഞ്ഞയക്കുന്ന, പാർട്ടി'ബന്ധു' താമസം തുടങ്ങുകയും വന്ന അന്നുതൊട്ടുതന്നെ ഈ ബന്ധു ആ വീട്ടിലെ സകല കാര്യങ്ങളിലും ഇടപെടുകയും ചെയ്യുന്നു. ഇൗ അതിഥികൾ ഉയിഗൂർ ഭവനങ്ങളിലെ സ്ത്രീകളെ ലൈംഗിക ചൂഷണങ്ങൾക്ക് വിധേയരാക്കിയ നിരവധി കേസുകളുണ്ട്.

എന്നാൽ, ഈ ചൈനീസ് കമ്യൂണിസ്​റ്റ്​ പാർട്ടി പ്രതിനിധികളായി ഉയിഗൂറുകളുടെ വീട്ടില്‍ തങ്ങാനെത്തുന്ന ബന്ധുക്കൾ പലരും വീട്ടിലിരുന്ന്, മദ്യവും പോർക്കുമൊക്കെ ഭക്ഷിക്കുകയും കഴിക്കാന്‍ വീട്ടുകാരെ നിർബന്ധിക്കുകയും ചെയ്യും. സർക്കാർ ഇതിനെ 'വംശീയോദ്​ഗ്രഥനം' എന്ന് വിളിക്കുമ്പോൾ 'അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനം' എന്നാണ് ഉയിഗൂർ ആക്ടിവിസ്​റ്റുകൾ ഇതിനെ വിശേഷിപ്പിച്ചത്.

മ്യൂണിച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഉയിഗൂര്‍ കോണ്‍ഗ്രസ് പ്രസിഡൻറ്​ പറയുന്നത് ഈ കാമ്പയിന്‍ പാവപ്പെട്ട ഉയിഗൂർ മുസ്​ലിംകളുടെ സ്വകാര്യതയിലേക്കും സുരക്ഷിതത്വത്തിലേക്കും സ്വൈരജീവിതത്തിലേക്കുമുള്ള നിർലജ്ജമായ കടന്നുകയറ്റമാണ് എന്നാണ്.

ഫാക്ടറികളിൽ ജോലിചെയ്യുന്നതിനായി 80,000ത്തിലധികം ഉയിഗൂറുകളെയാണ് ക്യാമ്പുകളിൽ നിന്നും വീടുകളിൽനിന്നും അടർത്തിമാറ്റിയത്. ചൈനയുടെ കിഴക്കൻ പ്രവിശ്യകളിലുള്ള ഫാക്ടറികളിൽ ജോലി ചെയ്യാനാണ് ഭരണകൂടം മിക്കവരെയും ബലപ്രയോഗത്തിലൂടെ തള്ളിവിട്ടത്.

ഷിൻജിയാങ്ങിലെ നൂറുകണക്കിന് ശ്മശാനങ്ങൾ ചൈനീസ് സർക്കാർ തകർത്തു കഴിഞ്ഞു . അക്സു എന്ന സ്ഥലത്ത് പ്രസിദ്ധ ഉയിഗൂർ കവി ലുത്​ഫ​ുല്ല മുത്തലിബ് അന്ത്യവിശ്രമം കൊള്ളുന്ന ഖബർസ്ഥാനെ ഒരു അമ്യൂസ്മെൻറ് പാർക്കാക്കി മാറ്റി. പുതിയ പേര്​ 'ഹാപ്പിനെസ്​ പാർക്ക്'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaXinjianguyghur muslim
Next Story