Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right...

കല–കായികമേളകളിലൊതുങ്ങരുത്​ കുട്ടികളുടെ സർഗപഠനം

text_fields
bookmark_border
കല–കായികമേളകളിലൊതുങ്ങരുത്​ കുട്ടികളുടെ സർഗപഠനം
cancel

മനുഷ്യശേഷി മുഴുവനായും കൈവരിക്കാൻ എന്നാണ്​ 2020ലെ ദേശീയ വിദ്യാഭ്യാസനയത്തി​‍െൻറ ആമുഖത്തിലെ ആദ്യവാചകം. കേരളത്തിൽ സ്​കൂൾ പാഠ്യപദ്ധതി പരിഷ്​കരിക്കുമ്പോൾ തീർച്ചയായും മനസ്സിലുണ്ടാവേണ്ടതും ആ വാചകം തന്നെ. ഭാഷ-ശാസ്​ത്ര-സാമൂഹിക ധാരണകൾക്കൊപ്പം കുട്ടികളിലെ അന്തർലീനമായ ടാലൻറുകളും ശാസ്​ത്രീയമായി വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ മനുഷ്യ-വിഭവശേഷി വികസനം പൂർത്തിയാകൂ.

1964-66 ലെ കോത്താരി കമീഷൻ അഭിപ്രായപ്പെട്ടതുപോലെ പഠിതാവി​‍െൻറ സർഗാത്മക ഊർജത്തി​‍െൻറ ബഹിർസ്​ഫുരണ(Release of creativ​e energy)ത്തിന് അവസരമൊരുക്കുന്നതായിരിക്കണം കുട്ടികൾക്കുള്ള പാഠ്യപദ്ധതി. അതിന് ഇപ്പോൾ പല കാരണങ്ങളാൽ പാർശ്വവത്​കരിച്ചുനിർത്തിയിരിക്കുന്ന ചില വിഷയങ്ങളെ കളത്തിലിറക്കുകതന്നെ വേണം. കലാവിദ്യാഭ്യാസം, പ്രവൃത്തി വിദ്യാഭ്യാസം, ആരോഗ്യ-കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ പഠനപ്രവർത്തനങ്ങൾ ക്ലാസ്​മുറികളിൽ ഇനിയും ഒരു പഠനവിഷയശാഖ എന്ന നിലകളിലേക്ക് ഉയരേണ്ടതുണ്ട്. പരിമിതികളുണ്ട്, പക്ഷേ, അവയെ മറികടക്കാനുള്ള ശേഷി രാജ്യത്തെ മറ്റേതൊരു സംസ്​ഥാനത്തേക്കാളുമധികം കേരളത്തിനാണുള്ളത്. വളരെ ചുരുക്കം കുട്ടികൾക്ക് പങ്കെടുക്കാനവസരം നൽകി ആഘോഷത്തിമിർപ്പോടെ നടത്തിക്കൂട്ടുന്ന മേളകളിൽ ലഭിക്കുന്ന േട്രാഫികളിലും സർട്ടിഫിക്കറ്റുകളിലും തലവെച്ച് മയങ്ങിയുറങ്ങുന്ന തലമുറയെയല്ല, ഇവയിലുള്ള കഴിവുകളിലൂടെ തനിക്കും സമൂഹത്തിനും മെച്ചപ്പെട്ട സാംസ്​കാരിക-ആരോഗ്യ ജീവിതം പ്രദാനംചെയ്യുന്ന ആത്്മാഭിമാനമുള്ള തലമുറയെയാണ് കേരളവും രാജ്യവും ആഗ്രഹിക്കുന്നത്, േപ്രാത്സാഹിപ്പിക്കപ്പെടേണ്ടതും അതു തന്നെ.

കേരളപ്പിറവിക്കുശേഷം ഏതാണ്ട് 1960കളിൽ തന്നെ സംസ്​ഥാനത്തെ വിദ്യാലയങ്ങളിൽ കല-പ്രവൃത്തി- ആരോഗ്യ-കായിക വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖബുദ്ധി സിദ്ധാന്തം അതി​‍െൻറ മൂശയിലായിരുന്ന അക്കാലത്ത് അധിക പാഠ്യപദ്ധതി പ്രവർത്തനങ്ങൾ എന്ന തലത്തിൽ ഇവക്ക് ഓരോ ക്ലാസിലേക്കും ചെറിയൊരു സിലബസും എസ്​.സി.ഇ.ആർ.ടി വികസിപ്പിച്ചു. വർഷങ്ങൾക്കുശേഷം 1992ഓടു കൂടി (ഏകദേശം ഇക്കാലത്താണ് ഹൊവാർഡ് ഗാർഡനറുടെ ബഹുമുഖബുദ്ധി സിദ്ധാന്തം ഒരു സിദ്ധാന്തമായി പുറത്തിറങ്ങുന്നത്) ബോധന സമീപനം വിദ്യാർഥികേന്ദ്രീകൃതമായി മാറിയപ്പോൾ ഈ വിഷയങ്ങളൊക്കെത്തന്നെ കുട്ടികളെ ആനന്ദിപ്പിക്കുന്നു എന്നനിലയിൽ അംഗീകരിക്കപ്പെട്ടു. എന്നാൽ, അതിലേറെ ഇവ ഒരു പഠനമാധ്യമം എന്ന തലത്തിൽ തളച്ചിടുകയാണുണ്ടായത്.

2005 ലെ ദേശീയ വിദ്യാഭ്യാസനയം ഈ വിഷയങ്ങളെ മുഖ്യവിഷയങ്ങളുടെ പദവിയിലേക്ക് കൊണ്ടുവന്നെങ്കിലും കേരളത്തിൽ 2013ലെ പാഠ്യപദ്ധതി പരിഷ്​കരണത്തോടെയാണ് ഇവ പ്രധാന പാഠ്യ വിഷയങ്ങൾ എന്ന രീതിയിൽ അംഗീകാരം നേടിയത്. എന്നിട്ടും വ്യക്തതയും കൃത്യതയുമില്ലാത്ത രീതിയിൽ, ചിലപ്പോഴൊക്കെ അനാവശ്യം അല്ലെങ്കിൽ അത്ര ആവശ്യമില്ലാത്ത വിഷയങ്ങൾ എന്ന നിലയിൽ തുടരുകയാണ് കുട്ടികളുടെ സർഗാത്​മകതയെയും പ്രവൃത്തിബോധത്തെയും കായിക-ആരോഗ്യ സാക്ഷരതയെയും തൊട്ടുണർത്തുന്ന ഈ മൂന്നു വിഷയങ്ങൾ. ഇവക്കു മൂന്നിനും ശാസ്​ത്രീയമായി ചിട്ടപ്പെടുത്തിയ വ്യക്​തതയും കൃത്യതയുമുള്ള ഉദ്ദേശ്യ-ലക്ഷ്യങ്ങൾ, അവക്കനുസരിച്ച് ഓരോ ക്ലാസിലേക്കുമുള്ള സിലബസുകൾ, അനുയോജ്യമായ പഠന-ബോധന തന്ത്രങ്ങളും സാമഗ്രികളും വിലയിരുത്തൽ-മൂല്യനിർണയ തന്ത്രങ്ങൾ തുടങ്ങിയവക്ക് പുതുതായി വരുന്ന സ്​കൂൾ പാഠ്യപദ്ധതിയിൽ ഇടമുണ്ടാവേണ്ടതുണ്ട്. അക്കാദമിക ചർച്ചകളിലൊക്കെ ഈ വിഷയങ്ങളെ ഒന്നിച്ച്, ലഘൂകരിച്ച് കല-കായിക-പ്രവൃത്തിപരിചയം എന്ന് ഒറ്റശ്വാസത്തിൽ പറഞ്ഞുതീർക്കുന്ന മനോഭാവത്തിൽ മാറ്റമുണ്ടാവണം.

കലാവിദ്യാഭ്യാസം

വിദ്യാഭ്യാസത്തി​‍െൻറ സർഗാത്​മക ഭാഗം എന്നാണ് കലാവിദ്യാഭ്യാസത്തെ സാധാരണ സൂചിപ്പിക്കാറുള്ളത്. പ്രീ-ൈപ്രമറി ക്ലാസിലുള്ള എല്ലാ കുട്ടികളും ചിത്രം വരക്കും, പാട്ടു പാടും, നൃത്തം ചെയ്യും അഭിനയിക്കും എന്നാൽ, ഈ കുട്ടികൾ പത്തുവർഷത്തിനുശേഷം 10ാം ക്ലാസിലെത്തുമ്പോഴേക്കും കലാപ്രവർത്തനങ്ങളിൽനിന്നെല്ലാം കഠിനമായ വിമുഖത കാണിക്കുന്നു. ഇതിനു​ കാരണം ശാസ്​ത്രീയവും അനുയോജ്യവുമായ കലാനുഭവങ്ങളും േപ്രരണകളും ലഭിക്കാത്തതും കലാശേഷി ജന്മസിദ്ധമായ കഴിവാണെന്ന ധാരണ അടിച്ചേൽപ്പിക്കപ്പെടുന്നതും മൂലമാണ്​.

കലാപ്രകടനം, ആസ്വാദനം എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ സർഗാത്മകതയുടെ ഘടകങ്ങളായ ഭാവനാശേഷി, നിരീക്ഷണം, അനുകരണം, നൂതനത്വം തുടങ്ങിയ ശേഷികൾ കുട്ടികൾക്ക് വൻതോതിൽ ഉപയോഗിക്കേണ്ടിവരുന്നു. ഇതിനാവട്ടെ, അവരോരോരുത്തരും അന്തർലീനമായി കിടക്കുന്ന ശേഷികളെത്തന്നെയാണ് ആശ്രയിക്കുന്നത്. ശാസ്​ത്രീയവും ക്രമേണയുള്ളതുമായ വളർച്ചക്കും തുടർച്ചക്കും അനുസൃതമായി ക്രമപ്പെടുത്തിയ കലാപഠനാനുഭവങ്ങൾ ജന്മസിദ്ധിക്കുമപ്പുറത്തേക്ക് കുട്ടികളിലെ സർഗാത്മകതയെ വളർത്താൻ പ്രാപ്​തമാക്കും. എല്ലാ കുട്ടികളും ഒരേ തോതിൽ കലാകാരാകും എന്നല്ല, പകരം പ്രസിദ്ധ കലാകാരൻ കുമാരസ്വാമി പറഞ്ഞതുപോലെ കലാകാർ പ്രത്യേകതരം മനുഷ്യരല്ല, എല്ലാ മനുഷ്യരും പ്രത്യേകതരം കലാകാരാണ് എന്ന സമീപനമാണ് ക്ലാസ്​മുറികളിൽ സ്വീകരിക്കേണ്ടത്. കലാപ്രകടനം മാത്രമല്ല, കലാസ്വാദനവും കലയെ അറിയലും അതുവഴി സംസ്​കാര​െത്ത അറിയലും കലാപഠനത്തി​‍െൻറ ഭാഗമാക്കേണ്ടതുണ്ട്. സർഗാത്മക വളർച്ച കൂടാതെ വ്യക്​തിത്വ വികാസം, ഏതൊന്നിലും സൗന്ദര്യം കാണാനുള്ള കഴിവ് തുടങ്ങിയവയും ലക്ഷ്യമാക്കി കുട്ടികളിലെ എല്ലാവിധ സർഗാത്മകതയും പുറത്തുകൊണ്ടുവരാൻ ശേഷിയുള്ള സമഗ്രവും ശാസ്​ത്രീയവുമായ കലാവിദ്യാഭ്യാസ പാഠ്യപദ്ധതിയാണ് ഉണ്ടാവേണ്ടത്.

പ്രവൃത്തി വിദ്യാഭ്യാസം

ജീവിതേപാധികളുടെ നിർമാണ-ഉൽപാദനങ്ങളിൽ േപ്രാത്സാഹനവും പരിശീലനവും ലഭിക്കാതെ വളർന്നുവരുന്ന തലമുറയുടെ ലക്ഷ്യം പണിയെടുക്കാതെ എങ്ങനെ പണമുണ്ടാക്കാമെന്നതാവുന്നതിൽ അത്ഭുതമില്ല. സ്വന്തം അധ്വാനശേഷിയെ പൂപ്പൽ പിടിപ്പിച്ചിട്ട് അന്യ​‍െൻറ അധ്വാന ശേഷിയിൽ വിരിഞ്ഞ ജീവിതോപാധികൾ ഉപയോഗിച്ച് ജീവിക്കാൻ േപ്രരിപ്പിക്കുകയാണ് പ്രവൃത്തി വിദ്യാഭ്യാസത്തെ പാഠ്യപദ്ധതിയിൽനിന്ന് അകറ്റിനിർത്തുമ്പോൾ സംഭവിക്കുന്നത്. ഫലമോ പൊണ്ണത്തടിയും ജീവിതശൈലീ രോഗങ്ങളും. ജീവിതോപാധികളുടെ കാര്യത്തിൽ സ്വയം പര്യാപ്തത സ്വപ്നം കാണുന്ന തലമുറയെയാണ് കേരളം ആവശ്യപ്പെടുന്നത്. കൃഷിയുൽപന്നങ്ങളടക്കമുള്ള ജീവിതോപാധികളികളുടെ ഉൽപാദനങ്ങളിലേക്ക് ആകർഷിപ്പിക്കുന്നതിനോടൊപ്പം അവയിൽ ശാസ്​ത്രീയ മനോഭാവവും താൽപര്യവും കുട്ടികളിൽ വളർത്തിയെടുക്കുകയാണ് ബോധപൂർവം ചെയ്യേണ്ടത്. 2007ലെ കേരള സ്​കൂൾ പാഠ്യപദ്ധതി തൊഴിലിനോട് താൽപര്യവും തൊഴിൽ സന്നദ്ധതയും വളർത്തൽ ലക്ഷ്യം ​െവച്ചിരുന്നു. 2013 ലെ പാഠ്യപദ്ധതി വിദ്യാലയങ്ങളിൽ കുട്ടികളുടെ തൊഴിൽ സന്നദ്ധത, മൂല്യ-മനോഭാവ വികസനം, സന്തുലിത വ്യക്​തിത്വ വികസനം, സ്വയം പര്യാപ്തത, മനുഷ്യശേഷീ വികസനം, രാജ്യപുരോഗതി എന്നിവയൊക്കെ പ്രവൃത്തിവിദ്യാഭ്യാസത്തി​‍െൻറ ലക്ഷ്യങ്ങളായി വീക്ഷിച്ചു. എന്നാൽ, മേൽപ്പറഞ്ഞ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും ക്ലാസ്​മുറികളിൽ യാഥാർഥ്യമാവണമെങ്കിൽ പുതുതായി രൂപം കൊള്ളുന്ന കേരളത്തിലെ സ്​കൂൾ പാഠ്യപദ്ധതിയിൽ കൃത്യമായതും ശാസ്​ത്രീയമായതുമായ പഠ്യപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പഠന-ബോധന സാമഗ്രികളും കാഴ്ചപ്പാടുകളും ഇടം നേടേണ്ടതുണ്ട്.

ആരോഗ്യ–കായിക വിദ്യാഭ്യാസം

ആരോഗ്യമില്ലാതെ എന്തൊക്കെ ഉണ്ടായിട്ടെന്തു കാര്യം? ആരോഗ്യ-കായിക വിദ്യാഭ്യാസമെന്നത് നാമമാത്രമായ കുട്ടികൾ പങ്കെടുക്കുന്ന കായിക മത്സരങ്ങളിലെ ജയപരാജയങ്ങളിലും സർട്ടിഫിക്കറ്റുകളിലുമൊതുങ്ങരുത്. പകരം, വിദ്യാലയങ്ങളിലെ എല്ലാ കുട്ടികളും ശാരീരിക ആരോഗ്യമുള്ളവരായി, ആരോഗ്യമുള്ള മനസ്സുള്ളവരായി വിശാലമായ മൈതാനങ്ങളിൽ സജീവമായി ഉല്ലസിക്കുന്ന അവസ്​ഥയാണ്​ വേണ്ടത്. തെങ്ങിലെ ഇളനീരിനേക്കാൾ നല്ലതല്ല മാർക്കറ്റിലും ഇൻസ്​റ്റാഗ്രാമിലും കാണുന്ന കൃത്രിമ പാനീയങ്ങളെന്നും വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തേക്കാൾ മികച്ചതല്ല ബേക്കറിയിലെ ജങ്ക് ഫുഡ്ഡെന്നും പൂർണമനസ്സോടെ തിരിച്ചറിയാൻ അവർക്ക് സാധിക്കണം. സ്വന്തം ശരീരത്തിനും ആരോഗ്യത്തിനും ആവശ്യമായ ശരിയായ ഭക്ഷണരീതിയും ശരിയായ ആരോഗ്യപരിപാലനരീതിയും വ്യായാമശീലവും സ്​കൂൾ വിദ്യാഭ്യാസം കഴിയുമ്പോഴേക്കും സ്വായത്തമാക്കാൻ ഒരു തലമുറക്ക് കഴിഞ്ഞാൽ ജീവിതശൈലീ രോഗങ്ങളിൽ നിന്ന്​ രക്ഷയും സാധ്യമാവും. അധ്വാനശേഷിയും ഉയർന്ന ക്രിയാശേഷിയുമുള്ള ആ തലമുറ രാജ്യപുരോഗതിക്ക്​ ഉപകരിക്കും. വിദ്യാലയങ്ങളിൽ കുട്ടികൾ എറെ ഇഷ്​ടപ്പെടുന്ന ആരോഗ്യ-കായികവിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കാതിരിക്കുന്നത് മരുന്നു കമ്പനികളെയും ആശുപത്രികളെയും മാത്രമേ പുഷ്​ടിപ്പെടുത്തൂ.

സമഗ്രവ്യക്തിത്വത്തിനുടമകളായ വിദ്യാർഥികളെ സൃഷ്​ടിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വിദ്യാർഥിയുടെയും അനുപമമായ കഴിവുകൾ തിരിച്ചറിയുകയും അംഗീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് പുതിയ വിദ്യാഭ്യാസ നയം സ്വീകരിച്ചിരിക്കുന്ന അടിസ്​ഥാനതത്ത്വങ്ങളിലൊന്ന്. ഈ നയത്തിെൻറ അടിസ്​ഥാനത്തിൽ പരിഷ്കരിക്കപ്പെടുന്ന കേരള സ്​കൂൾ പാഠ്യപദ്ധതിയിൽ കലാവിദ്യാഭ്യാസം, പ്രവൃത്തിവിദ്യാഭ്യാസം, ആരോഗ്യ-കായിക വിദ്യാഭ്യാസം എന്നിവക്ക് പ്രധാന പഠനശാഖ എന്ന പദവിയിലുള്ള ശാസ്​ത്രീയമായതും വിഷയങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ നേടാൻ പ്രാപ്​തവുമായ പാഠ്യപദ്ധതിയും അനുബന്ധ ഉപകരണങ്ങളും തന്നെ ഉൾപ്പെടേണ്ടതുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:creativityarts and sports
News Summary - Children's creativity should not be limited to arts and sports
Next Story