Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുട്ടികളിലെ അപസ്​മാരം:...

കുട്ടികളിലെ അപസ്​മാരം: തിരുത്തേണ്ട തെറ്റിദ്ധാരണകൾ

text_fields
bookmark_border
കുട്ടികളിലെ അപസ്​മാരം: തിരുത്തേണ്ട തെറ്റിദ്ധാരണകൾ
cancel

തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിെൻറ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്​മാരം. ഇത് പ്രേതബാധമൂലമാണെന്ന് ഇപ്പോഴും കരുതുന്ന ആളുകളുണ്ട്. ഇത് ശരീരത്തെ മുഴുവനും ബാധിക്കുന്നതോ ഏതെങ്കിലും ഒരു ഭാഗത്തെ ബാധിക്കുന്നതോ ആകാം. അപൂർവ അവസരങ്ങളിൽ സാധാരണ കാണുന്നതുപോലെ ശരീരത്തിെൻറ ചലനത്തെ ബാധിക്കാതെ മറ്റുവിധത്തിലും ഇത് കണ്ടുവരാറുണ്ട്.

കുട്ടികളിലാണ് അപസ്​മാര രോഗം കൂടുതൽ. 60 വയസ്സ് കഴിഞ്ഞവരിലും ഇത് കണ്ടുവരാറുണ്ട്. കുട്ടികളിലെ തലച്ചോറിെൻറ പ്രവർത്തനത്തി​െൻറ പ്രത്യേകതമൂലമാണ് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിൽ കൂടുതലായി രോഗം കാണാൻ കാരണം.

കുട്ടികളിൽ കാണുന്നത് ഒരു പ്രധാനതരത്തിലുള്ള അപസ്​മാരരോഗമാണ്. പനിയുടെ കൂടെയുണ്ടാകുന്ന ഞെട്ടൽ.  അഞ്ചു ശതമാനം കുട്ടികളിൽ വരെ ഇത് കാണാം. ഇതിൽ 30 ശതമാനത്തിൽപരം കുട്ടികളിൽ ഒന്നിൽകൂടുതൽ തവണ ഈ ഞെട്ടൽ കാണാം. ഇത് അപസ്​മാരംപോലെ തോന്നാമെങ്കിലും സാധാരണയായി ഇത് അപസ്​മാര രോഗമായി മാറാറില്ല. കുട്ടികളുടെ തലച്ചോറിെൻറ വളർച്ച പൂർത്തിയാവുന്നതിനാൽ അഞ്ചുവയസ്സിനുശേഷം ഈ രോഗം കാണാറില്ല.

അപസ്​മാരരോഗം വന്ന കുട്ടിയെ ഒരു വശത്തേക്ക് തിരിച്ചുകിടത്തണം. മുഖവും വായയും മൂടാതെ ശ്രദ്ധിക്കണം. പറ്റുമെങ്കിൽ പനിയുടെ മരുന്ന് വായിലൂടെയോ മലദ്വാരത്തിലൂടെയോ വെക്കാം. ഇളംചൂടുവെള്ളത്തിൽ ശരീരം മുഴുവൻ ഒരു തോർത്തുമുണ്ടുകൊണ്ട് തുടച്ചാൽ പനി പെട്ടെന്ന് കുറക്കാൻ സാധിക്കും. സാധാരണയായി പനികൊണ്ടുള്ള ഞെട്ടലിന് സ്​ഥിരമായി മരുന്ന് കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടെങ്കിൽ അതിന് മരുന്ന് കൊടുത്താൽ അപസ്​മാരം വരാനുള്ള സാധ്യത കുറവായി കാണുന്നുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

അപസ്​മാരംപോലെ തോന്നിക്കുന്ന മറ്റുപല രോഗാവസ്​ഥകളിൽ 20 ശതമാനം വരെ കുട്ടികളെ അപസ്​മാരരോഗികളായി തെറ്റിദ്ധരിച്ച് ചികിത്സിക്കാറുണ്ട്. അതുപോലെത്തന്നെ ചില പ്രത്യേകതരം അപസ്​മാര രോഗങ്ങൾ കുട്ടികളുടെ സ്വഭാവവ്യതിയാനം, പഠിക്കാനുള്ള മടിയായി കരുതി ചികിത്സിക്കാതെ വെറുതെവിടാറുമുണ്ട്. ഉദാഹരണത്തിന്, നാല്–എട്ട് വയസ്സിലുള്ള കുട്ടികളുടെ പ്രത്യേക തരത്തിലുള്ള അപസ്​മാരം പലപ്പോഴും ക്ലാസിൽ ശ്രദ്ധക്കുറവും പഠിക്കാനുള്ള മടിയുംമൂലമാണെന്ന് മാതാപിതാക്കളും അധ്യാപകരും തെറ്റിദ്ധരിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സംശയത്തിെൻറ പേരിൽ ചികിത്സിക്കരുത്. രോഗം ഉറപ്പുവരുത്തിയ ശേഷം മാത്രം ചികിത്സിക്കുക
2. അഞ്ചുവയസ്സിന് താഴെ പനി വരുമ്പോൾ കണ്ടുവരുന്ന അപസ്​മാരത്തിന് സ്​ഥിരമായ ചികിത്സ ആവശ്യമില്ല.

3. ഡോക്ടർ പറഞ്ഞ കാലാവധി മുഴുവനും മരുന്ന് കഴിക്കണം. ഇത് 24 മുതൽ 36 വരെ മാസം  കഴിക്കേണ്ടിവരും.
4. മരുന്ന് കഴിക്കുമ്പോൾ രണ്ടുമൂന്ന് മാസത്തിനുള്ളിൽ അപസ്​മാരം നിൽക്കാം. ഇതോടുകൂടി മരുന്ന് ഒരിക്കലും നിർത്തരുത്. ഇങ്ങനെ പെട്ടെന്ന് മരുന്ന് നിർത്തിയാൽ അപകടകരമായ അപസ്​മാരം ഉണ്ടാകുകയും മരണംവരെ സംഭവിക്കുകയും ചെയ്യാം.

5. അപസ്​മാരത്തിനുള്ള കുപ്പിമരുന്നാണെങ്കിൽ നന്നായി കുലുക്കി ഉപയോഗിക്കണം. അല്ലെങ്കിൽ കുപ്പിയുടെ താഴെ മരുന്ന് അടിഞ്ഞുകൂടി മരുന്നിെൻറ അളവ് തെറ്റിപ്പോകാം.
6. സ്​കൂളിൽ പോകുന്ന കുട്ടികൾക്ക് മരുന്ന് സമയാസമയം കൊടുക്കാൻ മറക്കരുത്. യാത്ര ചെയ്യുമ്പോഴും മരുന്ന് കൂടെ കൊണ്ടുപോകാൻ മറക്കരുത്.

7. ഡോക്ടർ പറയുന്നതുപോലെ രണ്ടുമൂന്ന് മാസത്തിൽ കുട്ടിയെ ഡോക്ടറെ കാണിക്കണം. ഇത് മരുന്നിെൻറ അളവ് കുട്ടിയുടെ തൂക്കത്തിനനുസരിച്ച് മാറ്റം വരുത്താനും അപൂർവമായി മരുന്നുകൊണ്ടുള്ള പാർശ്വഫലങ്ങൾ നേരത്തേ മനസ്സിലാക്കാനും സഹായിക്കുന്നു.
8. അപസ്​മാരത്തിെൻറ എല്ലാ മരുന്നിനും ചെറിയ തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ട്. അതിനാൽ, അപ്രതീക്ഷിതമായ പല മാറ്റങ്ങളും (തൊലിയിൽ തടിപ്പ്, ചൊറിച്ചിൽ, പെട്ടെന്നുള്ള നീര് എന്നിവ) കണ്ടാൽ മരുന്ന് ഉടൻ നിർത്തി ഡോക്ടറെ സമീപിക്കണം.

9. അപസ്​മാരം ഉണ്ടായാൽ പ്രഥമശുശ്രൂഷ നൽകി ഉടനെ ഡോക്ടറെ കാണിക്കേണ്ടതാണ്.
10. ഒരു അപസ്​മാര ഡയറി  (Epilepsy Diary) എഴുതിക്കുന്നത് നല്ലതാണ്. ഇതിൽ കുട്ടികൾക്ക് അപസ്​മാരം വരുന്ന തീയതി, സമയം, അപസ്​മാരത്തിെൻറ സമയപരിധി (Duration) തുടങ്ങിയവ രേഖപ്പെടുത്താം.

11. ഡോക്ടറെ വേറെ അസുഖത്തിനു വേണ്ടി കാണിക്കാൻ കൊണ്ടുപോകുമ്പോൾ കുട്ടി കഴിക്കുന്ന അപസ്​മാരത്തിെൻറ മരുന്നിെൻറ കുറിപ്പും കൊണ്ടുപോകണം. മറ്റുചില മരുന്നുകൾ അപസ്​മാരത്തിനുള്ള മരുന്നിെൻറ കൂടെ കഴിക്കുമ്പോൾ പാർശ്വഫലങ്ങൾ കൂടുമെന്നതിനാലാണ് ഇത്.
12. സ്​കൂളിലെ ക്ലാസ്​ ടീച്ചറെ കുട്ടിയുടെ രോഗവിവരത്തെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.

13. അപകടം ഉണ്ടാകാൻ സാധ്യതയുള്ള ചുറ്റുപാടിൽ കുട്ടിയെ തനിച്ച് വിടരുത്. ഉദാ. തിരക്കേറിയ റോഡുകൾ, നീന്തൽക്കുളം.
14. അപസ്​മാര രോഗത്തിെൻറ മരുന്നുകൾ അമ്മ എടുത്തുകൊടുക്കണം. കുട്ടി സ്വയം എടുത്തുകഴിക്കാൻ പാടുള്ളതല്ല.

അപസ്​മാരരോഗം സാധാരണയായി കുട്ടിയുടെ ബുദ്ധിവളർച്ചയെ ബാധിക്കാറില്ല. ബുദ്ധിവളർച്ചയിലെ മാറ്റങ്ങൾ കൂടുതലായും തലച്ചോറിെൻറ വളർച്ചയുടെ അപാകതകൾകൊണ്ടായിരിക്കാം. അപസ്​മാര രോഗത്തിെൻറ മരുന്ന് കഴിക്കുമ്പോൾ തുടക്കത്തിൽ അൽപം ക്ഷീണം അനുഭവപ്പെടാം. ഇപ്പോൾ വിപണിയിൽ ഇത്തരം പാർശ്വഫലങ്ങൾ ഇല്ലാത്ത മരുന്നുകളും ലഭ്യമാണ്.

കുട്ടിയുടെ നവജാതകാലം (ജനിച്ച ദിവസം മുതൽ 28 ദിവസം വരെ) അപസ്​മാര രോഗത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സുഗമമായ പ്രസവം, ആവശ്യമായ തൂക്കം (2.5–4 കി.ഗ്രാം), പ്രസവിച്ച ഉടനെയുള്ള ശിശുവിെൻറ കരച്ചിൽ, സാധാരണ തോതിൽ രക്തത്തിലുള്ള പഞ്ചസാരയുടെ അളവ് തുടങ്ങിയവ ഉറപ്പുവരുത്തണം. മെച്ചപ്പെട്ട നവജാതശിശു പരിപാലനംകൊണ്ട് ഇത്തരത്തിലുള്ള അപസ്​മാരരോഗം ഗണ്യമായി കുറഞ്ഞുവരുന്നുണ്ട് എന്നത് ആശ്വാസകരമാണ്. യഥാസമയം കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. അഞ്ചാംപനി തുടങ്ങിയ പ്രതിരോധ കുത്തിവെപ്പുകൾ തലച്ചോറിനെ ബാധിക്കുന്ന മാരകമായ അസുഖങ്ങളിൽനിന്ന് സംരക്ഷണം നൽകുകയും അവമൂലമുണ്ടാകുന്ന അപസ്​മാരം (Secondary Epilepsy) കുറക്കുകയും ചെയ്യും.

തൃശൂർ ഗവ. മെഡിക്കൽ കോളജ് ശിശുരോഗവിഭാഗം അഡീഷനൽ പ്രഫസറാണ് ലേഖകൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrenchildhood fix
News Summary - childhood fix: correct your misunderstandings
Next Story