ആർജവമുള്ള നേതാവ്
text_fields2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ചെർക്കളത്തെ പരാജയപ്പെടുത്തി എൽ.ഡി.എഫിലെ സി.എച്ച്. കുഞ്ഞമ്പുവാണ് ജയിച്ചത്. അന്ന് ഞാൻ കാസർകോട് മണ്ഡലത്തിൽനിന്ന് ജയിച്ചു. ചെർക്കളത്തിെൻറ പരാജയം എന്നെ തോൽപിച്ചുകളഞ്ഞു. വിജയം ആഘോഷിക്കാനാകാത്ത പരാജയമായിരുന്നു ഞങ്ങൾക്ക് ചെർക്കളത്തിെൻറ പരാജയം. ലീഗിെൻറ പല സ്ഥാനാർഥികളും ആ തെരഞ്ഞെടുപ്പിൽ പലയിടത്തും തോറ്റിട്ടുണ്ട്. എന്നാൽ, ചെർക്കളത്തോളം വരില്ലായിരുന്നു അത്. ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കും അറിയാം. ‘ചെർക്കളം-സി.ടി’ എന്നിങ്ങനെയാണ് ആളുകൾ ചേർത്തുെവച്ചത്. ശക്തമായ നേതൃത്വമാണ് ചെർക്കളത്തിേൻറത്. തേൻറടിയായ നേതാവ്, ആർജവം, ഉറച്ചതീരുമാനം, അത് നടപ്പാക്കാനുള്ള ഉത്സാഹം, വിട്ടുവീഴ്ചയില്ലാത്ത നിലപാട് എന്നിവയെല്ലാം അദ്ദേഹത്തെ ജനങ്ങളോട് അടുപ്പിച്ചു. ആരെയും ഉപേക്ഷിക്കാത്ത നേതാവ്, എല്ലാവരെയും സഹായിക്കാനുള്ള മഹാമനസ്കത എന്നിവയും ചെർക്കളത്തിെൻറ സവിശേഷതയാണ്. ഏറ്റവും മികച്ച സംഘാടകൻ. എത്ര ചുമതല നൽകിയാലും ഉത്തരവാദിത്തം നിറവേറ്റും. അദ്ദേഹം പ്രസിഡൻറായ സ്ഥാപനങ്ങൾ അത്രക്കുണ്ട്. വിദ്യാഭ്യാസ മേഖലയിൽ അദ്ദേഹം തുടങ്ങിെവച്ച സ്ഥാപനങ്ങൾ ഏറെയാണ്. തൊഴിലാളി സംഘടനയിലും വിദ്യാഭ്യാസ മേഖലയിലും ന്യൂനപക്ഷ പ്രസ്ഥാനങ്ങളിലും ചെർക്കളത്തിെൻറ സാന്നിധ്യം സമ്പന്നമായിരുന്നു. മലപ്പുറം കഴിഞ്ഞാൽ കാസർകോടിനെ ലീഗിെൻറ ശക്തമായ കോട്ടയാക്കിയത് ചെർക്കളത്തിെൻറ കരുത്തായിരുന്നു. അഖിലേന്ത്യ ലീഗും ഇന്ത്യൻ നാഷനൽ ലീഗുമെല്ലാം മുസ്ലിംലീഗിെന ദുർബലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ചെർക്കളത്തിെൻറ ശക്തമായ ഇടപെടലാണ് ഗുണംചെയ്തത്.
തുടക്കത്തിൽ െഎ.എൻ.എൽ കാസർകോട്ട് ശക്തമായിരുന്നു. നിരവധി പഞ്ചായത്തുകളിൽ െഎ.എൻ.എൽ സ്വാധീനമുണ്ടായിരുന്നു. ചെർക്കളം അബ്ദുല്ല ഉൾപ്പെട്ട െചങ്കള പഞ്ചായത്തും െഎ.എൻ.എൽ സ്വാധീനത്തിലായിരുന്നു. എന്നാൽ, െഎ.എൻ.എല്ലിനെ ദുർബലപ്പെടുത്തി ലീഗിെൻറ ശക്തി വീെണ്ടടുത്തത് ചെർക്കളത്തിെൻറ സംഘടന തന്ത്രങ്ങളായിരുന്നു. ഭരണാധികാരി എന്നനിലയിൽ ശക്തനായിരുന്നു. അദ്ദേഹമാണ് കുടുംബശ്രീയെ സംസ്ഥാനതലത്തിൽ വ്യാപിപ്പിച്ചത്. ആശ്രയ പദ്ധതിയും ചെർക്കളം തദ്ദേശ സ്വയംഭരണ മന്ത്രിയായിരിക്കെ ആവിഷ്കരിച്ചതാണ്. മുസ്ലിംലീഗ് നേതാവ് എന്നതിനപ്പുറത്തായിരുന്നു അദ്ദേഹത്തിെൻറ സ്വാധീനം. എല്ലാവരും ഇഷ്ടപ്പെട്ട നേതാവാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. എല്ലാവർക്കും സ്വീകാര്യനായതിനാൽ ഏതുവേദിയിലും അദ്ദേഹത്തിെൻറ വാക്കുകൾ അന്തിമവിധിയായിരുന്നു. ശരിക്കും അദ്ദേഹം കോടതിയായിരുന്നു. ആർക്കും തള്ളാനാവാത്ത വാക്കുകൾ മാത്രമേ അദ്ദേഹം പറയുകയുള്ളൂ. യു.ഡി.എഫ് ജില്ല നേതൃത്വത്തിെൻറ കരുത്താണ് ഇപ്പോൾ നഷ്ടമായത്.
ബാബരി മസ്ജിദ് തകർത്ത കാലത്ത് ഏറ്റവും കൂടുതൽ സംഘർഷം ഉടലെടുത്ത സ്ഥലമാണ് കാസർകോട്. എന്നാൽ, ചെർക്കളത്തിെൻറ മറ്റ് പാർട്ടി, സമുദായ നേതാക്കളുമായുള്ള ഇടപെടൽ സമാധാനശ്രമങ്ങൾക്ക് ആക്കംകൂട്ടി. പാർട്ടിക്കും മതത്തിനും മുകളിൽ ചെർക്കളത്തെ പ്രതിഷ്ഠിച്ചവരാണ് കാസർകോട് ജനത. അദ്ദേഹത്തിന് നിർലോഭം സ്നേഹം ജനങ്ങൾ നൽകിയിട്ടുണ്ട്. അത് അദ്ദേഹം നൽകിയ സ്നേഹത്തിനുള്ള മറുപടി മാത്രമായിരുന്നു. പാർട്ടി നേതാവ് ആയിരിക്കെത്തന്നെ നിരവധി മത, സാമൂഹിക പ്രസ്ഥാനങ്ങളുടെ അമരത്ത് അദ്ദേഹം ഇരുന്നു. എല്ലാം പരാതിയില്ലാത്തവിധം സംഘടിപ്പിച്ചു. ചെർക്കളം എം.എൽ.എയായ ശേഷമാണ് മഞ്ചേശ്വരം കേരളത്തിെൻറ മുഖ്യധാരയിലെത്തുന്നത്. നിരവധി റോഡുകളും പാലങ്ങളും അദ്ദേഹം കൊണ്ടുവന്നു. എല്ലാം ജനങ്ങളുടെ മനസ്സിലുണ്ട്. മുസ്ലിംലീഗിലാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. ഞാൻ ജില്ല ജനറൽ സെക്രട്ടറിയും അദ്ദേഹം പ്രസിഡൻറുമായിരുന്നു. അദ്ദേഹത്തിെൻറ നേതൃപാടവം എന്നെ ഏറെ ആകർഷിച്ചു. മുസ്ലിംലീഗിലും ജനപ്രതിനിധിയായ കാലയളവിലും സമകാലികനും സേഹാദരസ്ഥാനീയ വ്യക്തിത്വവുമായ ചെർക്കളം അബ്ദുല്ലയുടെ വിയോഗം മാനസികമായി തളർത്തുന്ന നഷ്ടമാണ്. കാർക്കശ്യ നിലപാടും ആർജവമുള്ള തീരുമാനവും സംഘടനയെയും കാസർകോടിനെയും ഏറെ മുന്നാക്കംനയിച്ചു. 1960കളിൽ മുസ്ലിം യൂത്ത് ലീഗിലൂടെ തുടങ്ങിയതാണ് ബന്ധവും അടുപ്പവും. ജില്ലയുടെയും പ്രസ്ഥാനത്തിെൻറയും വളർച്ചക്കുവേണ്ടി ഒരേ പാതയിൽ സഞ്ചരിക്കാനായി എന്നത് അഭിമാനത്തോടെ ഓർക്കുന്നു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കാസർകോടിെൻറ ഉൾനാടൻ ഗ്രാമങ്ങളിൽ പോരാട്ടവീര്യത്തോടും സേവന സന്നദ്ധതയോടുംകൂടി നടത്തിയ പ്രവർത്തനമാണ് ജില്ലയിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള പ്രസ്ഥാനമാക്കി മുസ്ലിംലീഗിനെ മാറ്റിയത്.
കാസർകോടിനെ കലുഷിതമാക്കുന്ന കലാപ, കൊലപാതക വേളയിലെല്ലാം വിട്ടുവീഴ്ചയില്ലാത്തവിധം സാമുദായിക ഐക്യത്തിന് നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം. പ്രായവും രോഗവും വകവെക്കാതെ സംഘടനക്കും യു.ഡി.എഫിനും വിദ്യാഭ്യാസ, സാംസ്കാരിക, മത സേവനരംഗത്തും അദ്ദേഹം കാഴ്ചവെച്ച പ്രവർത്തന മികവിനെ അത്ഭുതത്തോടെ മാത്രേമ ഓർത്തെടുക്കാനാവൂ. അദ്ദേഹത്തിെൻറ വിയോഗം ജില്ലക്കും പാർട്ടിക്കും നികത്താനാകാത്ത വിടവായി നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
