കാപിറ്റൽ ലെറ്ററിന് കാപിറ്റൽ പണിഷ്മെന്റ് by gen Z
text_fieldsടെക്സ്റ്റിങ്ങും ചാറ്റിങ്ങും ലോവർ കേസിൽ, അഥവാ ചെറിയക്ഷരത്തിൽ മാത്രം... അതാണ് ‘ജെൻ സീ’യുടെ (1997-2012 ൽ ജനിച്ച തലമുറ) മെയിൻ. സ്റ്റൈൽ മാത്രമല്ല, ഈ തലമുറയുടെ സാംസ്കാരിക ചിഹ്നം കൂടിയാണ് ഇംഗ്ലീഷ് സ്മോൾ ലെറ്റർ പ്രണയം. പാരമ്പര്യത്തോടുള്ള അവരുടെ മനോഭാവവും മൂല്യബോധവും കൂടിയാണിത്. ‘ജെൻ സീ’യുമായി സംവദിക്കേണ്ടവരും ഇപ്പോൾ കാപിറ്റൽ ലെറ്ററിനെ കൈയൊഴിയുകയാണ്. യുവതലമുറയുടെ സെൻസേഷനായ യു.എസ് ഗായിക ബില്ലി എല്ലിഷിനെപ്പോലുള്ളവർ തങ്ങളുടെ ആൽബങ്ങളുടെ ടൈറ്റിലുകൾവരെ ലോവർ കേസിലാക്കുന്ന കാലമാണിത്.
‘കൗമാരത്തിൽതന്നെ ഞാനെന്റെ ഫോണിന്റെ ഓട്ടോ കാപിറ്റലൈസേഷൻ ഓഫാക്കിയിരുന്നു. ഇത് പിന്നീടങ്ങോട്ട് ഒരു ജീവിതശൈലിയായി മാറുമെന്ന് കരുതിയില്ല. ആരംഭമോ അന്ത്യമോ ഇല്ലാത്ത, ഒരു സംഭാഷണത്തുടർച്ച ഫീൽ ചെയ്യാൻ ലോവർ കേസാണ് ബെസ്റ്റ്. നമ്മൾ ഉദ്ദേശിക്കാതെ ചാറ്റിലെ ചില ടെക്സ്റ്റുകൾ ഉണ്ടാക്കുന്ന അനാവശ്യ ഗൗരവം അതൊഴിവാക്കിത്തരും’ -മായേല്ലി കൗമാൻ എന്ന ഇരുപത്തിനാലുകാരി ബ്രിട്ടീഷ് യുവതി പറയുന്നു.
ലണ്ടനിൽ ജീവിക്കുന്ന, ഇതേ പ്രായക്കാരിയായ റുവെയ്ദ ഹിലൗലിയെന്ന സോമാലി വംശജയും ഇതുതന്നെ പറയുന്നു: ‘ചെറിയക്ഷരത്തിലാണ് ഞാൻ ടെക്സ്റ്റ് ചെയ്യാറ്, അതാണ് കൂടുതൽ റിലാക്സേഷൻ നൽകുന്നത്. വാചകങ്ങൾക്ക് ശരിയായ കാപിറ്റലൈസേഷൻ നൽകുമ്പോൾ, വാക്കുകൾക്ക് ഞാനുദ്ദേശിക്കുന്നതിനെക്കാൾ ബലം കൂട്ടുന്നതായി തോന്നും.’
ബ്രാൻഡുകൾക്കും ‘ലോവർ’ വഴി
ലോകമാകെ യുവതലമുറയുടെ ആവേശമായ സംഗീത ആപ് സ്പോട്ടിഫൈയുടെ ചിൽ വൈബ്സ്, ടീൻ ബീറ്റ്സ് തുടങ്ങിയ ക്യൂറേറ്റഡ് പ്ലേ ലിസ്റ്റുകളും ലോവർ കേസിലാണ് നൽകിയിരിക്കുന്നത്. ഇൻഫോർമൽ ഫീൽ വരാനാണിതെന്ന് ബ്രാൻഡിങ് വിദഗ്ധർ പറയുന്നു. യൂറോപ്യൻ മിലേനിയൽസും ജെൻ സീയും ഒരുപോലെ പിന്തുടരുന്ന കേശസംരക്ഷണ കമ്പനിയായ അമിക (amika)യും അവരുടെ ബ്രാൻഡിങ്ങിലും പാക്കേജിങ്ങിലും ‘ലോവർ’ ആണ് ഉപയോഗിക്കുന്നത്.
‘പരുക്കനാണ് കാപിറ്റൽ’
‘ഭയങ്കര ഗൗരവവും പരുക്കനുമായ സ്വഭാവമാണ് അപ്പർ കേസ് ലെറ്ററുകൾക്ക്. ലോവർ കേസിന്റെ ശാന്ത സൗഹൃദ ഭാവം ജൻ സീയുടെ മൂല്യങ്ങളുമായി ചേർന്നുനിൽക്കും.’ -ലണ്ടനിലെ എല്ലിസ് ഡിജിറ്റലിന്റെ സോഷ്യൽ മീഡിയ മാനേജർ കെയ്റ്റ്ലിൻ ജാർഡെയ്ൻ അഭിപ്രായപ്പെടുന്നു. ഫോർമൽ-ഇൻഫോർമൽ കമ്യൂണിക്കേഷനുകളുടെ അതിർവരകൾ പലപ്പോഴും നേർത്തുപോകുന്ന ഓൺലൈനിൽ വളർന്നവരാണ് ഈ തലമുറയെന്നും അവർ കൂട്ടിച്ചേർക്കുന്നു.
പുതിയ ടെക്നോളജിപോലെ ഭാഷയും മാറിക്കൊണ്ടിരിക്കുകയാണ്. ജെൻ സീയുടെ ആവിഷ്കാരവും അതുപോലെയാണ്. പുതിയ തലമുറയുടെ ഭാവാവിഷ്കാരത്തിന്റെ പുതു മാതൃകയായി വന്ന ഇമോജികളിൽ നാമിത് കണ്ടതാണ്. മുൻ തലമുറയുടെ ശീലങ്ങൾ ബാധ്യതയാകാതെ, നേരെ വന്ന് കാര്യം പറയാൻ ജൻ സീക്ക് ലോവർ കേസ് മികച്ച ഒരു ടൂളായിരിക്കുകയാണ്. അതേസമയം, ലോവർ കേസ് ഒരു പുതിയ കേസല്ലെന്നും പലരും ഓർമിപ്പിക്കുന്നുമുണ്ട്. ഇ.ഇ കമ്മിങ്സിന്റെ കവിതകളും പിന്നീട് സ്ത്രീപക്ഷ എഴുത്തുകാരി ബെൽ ഹുക്സ് തന്റെ പേരെഴുതിയതും ചെറിയക്ഷരത്തിലാണ്.
കാപിറ്റൽ പോയിട്ടില്ല
അതേസമയം, തീർത്തും ഔദ്യോഗികമായ ഒരു കാര്യം പറയണമെങ്കിലോ അക്കാദമിക് വിഷയം ചർച്ച ചെയ്യണമെങ്കിലോ കാപിറ്റൽ ലെറ്റർ ഉപയോഗിക്കുന്ന ഒരുവിഭാഗം യുവസമൂഹവും ഉണ്ട്. ഫോർമാലിറ്റി അനിവാര്യമായ കാര്യങ്ങൾക്ക് കാപിറ്റൽതന്നെ ഇവർക്ക് ആശ്രയമെന്നർഥം. ‘ഓഫിസ് സഹപ്രവർത്തകരുമായി ജോലി സംബന്ധ കാര്യം സംസാരിക്കുമ്പോൾ കാപിറ്റൽ ലെറ്റേഴ്സ് ഉപയോഗിക്കാൻ മറക്കാറില്ല’ -ഇരുപത്തിമൂന്നുകാരൻ നർഡോസ് പെട്രോസ് പറയുന്നു. തങ്ങൾക്ക് പ്രായപൂർത്തിയായെന്നും ഗൗരവക്കാരായെന്നും കാണിക്കാൻ ജൻ സീ തന്നെ തമാശക്ക് കാപിറ്റലാക്കുന്നതും കാണാം.
ഇനിയിപ്പോൾ, വളർന്നുവരുന്ന ബീറ്റ തലമുറ ഫോൺ കൈയിലെടുക്കുമ്പോൾ കാപിറ്റലിലേക്കാണോ ലോവറിലേക്കാണോ അതുമല്ല മറ്റൊരിടത്തേക്കാണോ തിരിയുന്നത് എന്നത് കണ്ടുതന്നെ അറിയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

