Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം. അലിയാരുകുട്ടി; പ്രാതിനിധ്യ പോരാട്ടത്തിന്റെ നെടുനായകൻ

text_fields
bookmark_border
എം. അലിയാരുകുട്ടി; പ്രാതിനിധ്യ പോരാട്ടത്തിന്റെ നെടുനായകൻ
cancel

ന്യൂനപക്ഷ പിന്നാക്ക സാമൂഹികവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്കും ഉദ്യോഗ, വിദ്യാഭ്യാസരംഗത്തെ പ്രാതിനിധ്യത്തിനും വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച നേതാവും മുസ്‍ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന പ്രസിഡന്റും മികച്ച അധ്യാപകനുമായിരുന്നു കഴിഞ്ഞദിവസം വിടപറഞ്ഞ എം. അലിയാരുകുട്ടി. പിന്നാക്ക സാമൂഹികവിഭാഗങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തു നടന്ന മുഴുവൻ പഠനഗവേഷണ പ്രക്രിയകളിലും സ്റ്റാറ്റ്യൂട്ടറി കമ്മിറ്റികളുടെയും കമീഷനുകളുടെയും വിവരശേഖരണത്തിലും പ്രസിദ്ധീകരണത്തിലും അദ്ദേഹം അർപ്പിച്ച സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്താനാവില്ല.

രാജ്യം സ്വതന്ത്രമായി നാൽപതു വർഷങ്ങൾക്കു ശേഷമാണ് മഹാഭൂരിപക്ഷം വരുന്ന പിന്നാക്കവിഭാഗങ്ങൾക്ക് ഉദ്യോഗത്തിൽ സംവരണം ലഭിക്കാനുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ടത്. മണ്ഡൽ കമീഷനിലൂടെ പിന്നാക്ക ന്യൂനപക്ഷവിഭാഗങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ച് കേരളത്തിലുടനീളം ബോധവൽക്കരണ പരിപാടികളും ലഘുലേഖകളും പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ദൗത്യം മെക്ക സ്ഥാപകൻ സി.എ. വാഹിദിന്റെ മുൻകൈയിൽ നടന്നപ്പോൾ, നേതൃപരമായ പങ്കുവഹിച്ച് അലിയാരുകുട്ടി സാറും കർമനിരതനായി. ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടിലൂടെയാണ് പിന്നാക്കവിഭാഗങ്ങളുടെ സംസ്ഥാന സർവീസിലെ നഷ്ടങ്ങളുടെ നേർചിത്രം പുറത്തുവരുന്നത്. കമീഷൻ ചെയർമാനായിരുന്ന ജസ്റ്റിസ് നരേന്ദ്രൻ, കമീഷന്റെ കോർട്ട് ഓഫീസർ സൈനുലാബ്ദീൻ കുഞ്ഞിനോട് ചില സ്ഥിതിവിവരക്കണക്കുകൾ മെക്കയുടെ അലിയാരുകുട്ടിയിൽ നിന്ന് ശേഖരിക്കാൻ ആവശ്യപ്പെട്ടതായി പിന്നീട് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയുണ്ടായി. ഇന്നത്തെപ്പോലെ വിരൽത്തുമ്പിൽ വിവരങ്ങൾ ലഭ്യമാകുന്ന ഒരു കാലമായിരുന്നില്ല അതെന്നോർക്കണം.

ഒന്നാം യു.പി.എ സർക്കാർ നിയോഗിച്ച ജസ്റ്റിസ് രജീന്ദർ സച്ചാർ സമിതിയുടെ സമഗ്ര റിപ്പോർട്ടിനുവേണ്ടി കേരളത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്നതിൽ എം. അലിയാരുകുട്ടി വലിയ പങ്കുവഹിച്ചു.

രാജ്യത്ത് ആദ്യമായി ഒരു ന്യൂനപക്ഷ മന്ത്രാലയം രൂപവത്കരിക്കണമെന്ന് ഡൽഹിയിൽ വെച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ട നിവേദകസംഘത്തെ നയിച്ചതും അലിയാരുകുട്ടി തന്നെയായിരുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷ കമീഷനും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനും യാഥാർഥ്യമാകുന്നതുവരെ ഈ ആവശ്യം അദ്ദേഹം നിരന്തരം ഉന്നയിച്ചുകൊണ്ടേയിരുന്നു. പാലോളി കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ നടത്തിയ അശ്രാന്തപരിശ്രമമാണ് അദ്ദേഹത്തിന്റെ പോരാട്ടജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായം. അതിനായി അദ്ദേഹം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിലും മന്ത്രിമാരുടെ ഓഫീസുകളിലും നിരന്തരം കയറിയിറങ്ങി. ആ ഇടപെടലുകളാണ് പല പിന്നാക്കക്ഷേമ പദ്ധതികൾക്കും സംവരണവിഷയങ്ങൾക്കും ജീവൻ നൽകിയത്.

അവസാന ശ്വാസംവരെയും ആ പോരാട്ടവീര്യം ചോരാതെ അദ്ദേഹം കാത്തുസൂക്ഷിച്ചു. എം. അലിയാരുകുട്ടിയുടെ വിയോഗം പിന്നാക്കസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹം തെളിച്ച വഴിയേ മുന്നോട്ടുപോകുക എന്നതാണ് അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും വലിയ ആദരം.

(സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് മുൻ ഡയറക്ടറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Champion of Minority Rights: M. Aliyarukutty
Next Story