Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ചലോ തിരുവനന്തപുരം’ ...

‘ചലോ തിരുവനന്തപുരം’  കേരളത്തോട് പറയുന്നത് 

text_fields
bookmark_border
‘ചലോ തിരുവനന്തപുരം’  കേരളത്തോട് പറയുന്നത് 
cancel

കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ, പുതിയ ദേശീയ രാഷ്ട്രീയസാഹചര്യത്തില്‍ അഭിസംബോധന ചെയ്യാനും പരിഹാരം തേടാനുമുള്ള ചരിത്രദൗത്യമാണ് ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനം ഏറ്റെടുക്കുന്നത്. പുതിയ ദേശീയസാഹചര്യമെന്നാല്‍ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ആക്രമണോത്സുകതയുടെയും ഭരണകൂട പിന്തുണയോടെ മൂലധനശക്തികള്‍ നടത്തുന്ന വിഭവ കൊള്ളകളുടെയും സന്ദര്‍ഭമാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ സ്ത്രീകളെയും മുസ്ലിംകളെയും ദലിതരെയും കടന്നാക്രമിക്കുമ്പോള്‍ മൂലധനശക്തികളുടെ  ആക്രമണങ്ങളില്‍ ആദിവാസികള്‍ സ്വന്തം ആവാസവ്യവസ്ഥയില്‍നിന്ന് പിഴുതെറിയപ്പെടുകയും കര്‍ഷകരുടെ ജീവിതം ആത്മഹത്യയിലൊടുങ്ങുകയും പതിനായിരങ്ങള്‍ കുടിയിറക്കപ്പെടുകയും മത്സ്യബന്ധന സമുദായങ്ങള്‍ക്ക് കടലിലും തീരത്തിലുമുള്ള അവകാശങ്ങള്‍ നഷ്ടമാകുകയും   തൊഴിലില്ലായ്മയിലൂടെ യുവസമൂഹത്തിന്‍െറ ജീവിതം അനാഥമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു. ജനജീവിതത്തെ ദുസ്സഹമാക്കുന്ന മേല്‍പറഞ്ഞ അവസ്ഥകളെ നമ്മുടെ സാമൂഹിക-രാഷ്ട്രീയജീവിതത്തിന്‍െറ കേന്ദ്ര പ്രമേയമാക്കുകയെന്നത് ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തിന്‍െറ മൗലികലക്ഷ്യമാണ്.

ഇത്തരം അടിച്ചമര്‍ത്തലുകളും പുറന്തള്ളലുകളും ഇന്ത്യക്ക് പുതിയ കാര്യമല്ളെങ്കിലും അതിനെ പതിന്മടങ്ങ് രൂക്ഷമാക്കുന്ന സാഹചര്യമാണ് ഹിന്ദുത്വവാദികളുടെ രാഷ്ട്രീയാധികാരത്തിലൂടെ സംജാതമായിരിക്കുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍ ദേശീയ രാഷ്ട്രീയകക്ഷികള്‍ പരാജയപ്പെടുകയും ജനാധിപത്യത്തിന്‍െറ എല്ലാ സീമകളും ലംഘിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ജനങ്ങള്‍ക്കിടയില്‍നിന്ന് പുതിയ പ്രതിരോധപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. അംബേദ്കറൈറ്റുകളായ പുതുതലമുറ, ഹിന്ദുത്വശക്തികളുമായി മുഖാമുഖം നിന്നതിലൂടെ ദേശീയരാഷ്ട്രീയസാഹചര്യം പുതിയ സംഘര്‍ഷങ്ങളുടെ വേദിയായി പരിവര്‍ത്തനപ്പെട്ടു. രോഹിത് വെമുലയുടെ ആത്മത്യാഗം സമകാലീന ഇന്ത്യ സാക്ഷ്യം വഹിച്ച സുപ്രധാന രാഷ്ട്രീയസംഭവമായി മാറുകയും ഹിന്ദുത്വ കാലത്തെ ജനാധിപത്യമുന്നേറ്റത്തിന്‍െറ ഉള്ളടക്കവും ദിശയും മാറ്റിയെഴുതുകയും ചെയ്തിട്ടുണ്ട്.

രോഹിത് അനന്തര ഇന്ത്യ സവിശേഷമായ തിരിച്ചറിവുകള്‍ നേടി. അതില്‍ ഏറ്റവും പ്രധാനം ഡോ. അംബേദ്കറുടെ സാമൂഹിക-രാഷ്ട്രീയദര്‍ശനങ്ങളുടെ പ്രാധാന്യം തിരിച്ചറിയപ്പെട്ടു എന്നതാണ്. ഹിന്ദുത്വഫാഷിസത്തിന്‍െറ കാലത്ത് ഇന്ത്യന്‍ ജനത പ്രതീക്ഷയോടെ നോക്കുന്നത് ഡോ. അംബേദ്കറിലേക്കാണെന്നത് യാദൃശ്ചികമല്ല. ഹിന്ദു സാമൂഹികക്രമത്തിന്‍െറയും മൂല്യവ്യവസ്ഥയുടെയും നിരന്തര വിമര്‍ശനത്തിലൂടെ അംബേദ്കര്‍ നല്‍കിയ തിരിച്ചറിവുകള്‍ ജനാധിപത്യത്തിന് വെളിച്ചമായിത്തീരുകയാണ്. അതുപോലെ പ്രധാനപ്പെട്ട ഒന്നാണ് ദലിത്-മുസ്ലിം-ബഹുജന്‍ ഐക്യത്തെ സംബന്ധിച്ച പുതിയ തിരിച്ചറിവുകള്‍. ഹിന്ദുത്വശക്തികളെ വിജയകമായി നേരിടാന്‍ അനിവാര്യമായും ഉണ്ടാകേണ്ട സാമൂഹിക ഐക്യം സംബന്ധിച്ച ദേശീയ സംവാദങ്ങള്‍ സമൂഹത്തില്‍ പ്രബലമായിരുന്ന സങ്കല്‍പനങ്ങളെ പുന:പരിശോധനക്കും പൊളിച്ചെഴുത്തിനും നിര്‍ബന്ധിതമാക്കിക്കൊണ്ടിരിക്കുകയാണ്.
ഉന പ്രക്ഷോഭം
ഇതിന്‍െറ തുടര്‍ച്ചയിലാണ് ഗുജറാത്തില്‍ ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടന്ന ഉന പ്രക്ഷോഭവും സംഭവിക്കുന്നത്. ഇന്ത്യന്‍ യൂനിവേഴ്സിറ്റികളില്‍ പടര്‍ന്ന വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച പുതിയ ഉണര്‍വുകള്‍, സാധാരണ ജനങ്ങളുടെ സമൂര്‍ത്തമായ ജീവിതസാഹചര്യങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടുകയായിരുന്നു. ഇവിടെയും പ്രശ്നവത്കരിക്കപ്പെട്ടത് ദലിത് ജീവിതാവസ്ഥയും നേതൃത്വം നല്‍കിയ അംബേദ്കറൈറ്റുകളുമായിരുന്നു എന്നത് യാദൃശ്ചികമല്ല. എന്നാല്‍, ഉന പ്രക്ഷോഭം പഴയരൂപത്തിലുള്ള ദലിത് മുന്നേറ്റമായിരുന്നില്ല. മറിച്ച്, നീതിയും ജനാധിപത്യവും കാംക്ഷിക്കുന്ന മുഴുവന്‍ ധാരകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന നവജനാധിപത്യമുന്നേറ്റമായിരുന്നു. അതിഭയാനകമായ മുസ്ലിം കൂട്ടക്കൊലകള്‍ നടന്ന കാലത്ത് ഗുജറാത്തില്‍ ഒരു ബഹുജന മുന്നേറ്റം സാധ്യമായില്ല എന്നതും ഗൗരവമായി കാണേണ്ടതാണ്.

അഹ്മദാബാദില്‍നിന്ന് ഉനയിലേക്ക് നടന്ന ചലോ ഉന പ്രസ്ഥാനത്തിന്‍െറ പ്രധാന അജണ്ടകളിലൊന്ന് ജാതി തൊഴിലുകള്‍ ഉപേക്ഷിക്കുന്ന പ്രതിജ്ഞയാണ്. ആയിരങ്ങളാണ് പ്രതിജ്ഞ ഏറ്റുചൊല്ലിയത്. ജാതിവ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവെക്കുന്ന പ്രസ്തുത പ്രഖ്യാപനം സമകാലീന ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ളവമായിരുന്നു. ഇതേ സന്ദര്‍ഭത്തില്‍തന്നെ ജിഗ്നേഷ് മേവാനി പ്രഖ്യാപിച്ചത് ‘പശുവിന്‍െറ വാല്‍ നിങ്ങളെടുത്തുകൊള്ളുക. കൃഷിഭൂമി ഞങ്ങള്‍ക്ക് നല്‍കുക’യെന്നായിരുന്നു. ഹിന്ദുത്വശക്തികള്‍ ആക്രമണോത്സുകമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആത്മീയ സാംസ്കാരിക ചിഹ്നവ്യവസ്ഥയെ പൂര്‍ണമായും കൈയൊഴിയുന്ന ഈ നിലപാടില്‍ അംബേദ്കറുടെ ഹിന്ദുത്വവിമര്‍ശനത്തിന്‍െറ ക്രിയാത്മകമായ തുടര്‍ച്ച കാണാവുന്നതാണ്.

കൃഷിഭൂമി നല്‍കുകയെന്ന ആവശ്യം ദലിതരെ സ്വത്തുടമസ്ഥതയുള്ള സമുദായമാക്കി മാറ്റാനുള്ള ആഹ്വാനമായി വേണം മനസ്സിലാക്കാന്‍. ജാതിവിവേചനങ്ങള്‍ക്കെതിരായ മുന്നേറ്റത്തില്‍ സ്വത്തുടമസ്ഥത വളരെ പ്രധാനമാണ്. ഇത് കേവലം കൃഷിചെയ്യാനുള്ള തുണ്ടുഭൂമിയുടെ കാര്യമേയല്ല. ആത്മാഭിമാനത്തിനും മാന്യമായ ജീവിതത്തിനും വിജയകരമായ സാമൂഹിക ഇടപെടലിനും ദലിത് ജനതയെ പ്രാപ്തമാക്കുന്ന ഘടകമാണ് സ്വത്തുടമസ്ഥത. ജാതിവിരുദ്ധ സമരത്തിന്‍െറ കേന്ദ്രമായി സ്വത്തുടമസ്ഥതയെ തിരിച്ചറിഞ്ഞു എന്നതാണ് ഉന പ്രക്ഷോഭത്തിന്‍െറ ചരിത്രപ്രാധാന്യം.

ഏറെ ആഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡല്‍ വികസനത്തിന്‍െറ പൊള്ളത്തരം തുറന്നുകാണിക്കാന്‍ ഉന പ്രക്ഷോഭത്തിന് കഴിഞ്ഞതിലൂടെയാണ് വിശാലമായ ബഹുജനപ്രസ്ഥാനമായി അത് മാറിയത്. നവഹിന്ദുത്വത്തിനെതിരെ അംബേദ്കറൈറ്റ് വിമര്‍ശനാവബോധത്തോടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും പാര്‍ശ്വവത്കൃതവിഭാഗങ്ങളുടെ സ്വത്തുടമസ്ഥതക്കുവേണ്ടി വാദിക്കുകയും മൂലധനത്തിന്‍െറ ആക്രമണോത്സുകതക്കെതിരെ ജനാവകാശം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തതിലൂടെയാണ് ‘ചലോ ഉന’ പ്രസ്ഥാനം ജനങ്ങളുടെ പ്രതീക്ഷയായി മാറിയത്. ആ പ്രതീക്ഷയിലേക്കാണ് ദലിതരും മുസ്ലിംകളും തൊഴിലാളികളും പരമ്പരാഗത തൊഴില്‍സമൂഹങ്ങളും ചേരിനിവാസികളുമെല്ലാം ഐക്യപ്പെട്ടത്. ഇത്തരം സവിശേഷതകള്‍തന്നെയാണ് കേരളത്തില്‍ രൂപംകൊള്ളുന്ന പുതിയ മുന്നേറ്റത്തിന്, ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനത്തിന്‍െറ നേതൃത്വത്തിലേക്ക് ജിഗ്നേഷ് മേവാനിയെ എത്തിക്കുന്നത്.
കേരള മോഡലിന്‍െറ തകര്‍ച്ച
സമാനനിലയില്‍ ലോകപ്രസിദ്ധമായ കേരള മോഡലിനുള്ളില്‍ തകര്‍ന്നടിഞ്ഞ വലിയൊരു ജനസമുദായം കേരളത്തിലുമുണ്ട്. സ്വത്തും അധികാരവും പദവിയും നിഷേധിക്കപ്പെട്ട ദലിതര്‍, ആദിവാസികള്‍, മത്സ്യത്തൊഴിലാളികള്‍, അതി പിന്നാക്ക വിഭാഗങ്ങള്‍ തുടങ്ങിയവരുടെ വിഭവാധികാരമാണ് ‘ചലോ തിരുവനനന്തപുരം’ പ്രസ്ഥാനം മുന്നോട്ടുവെക്കുന്നത്. വിഭവാധികാരമെന്നത് ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള വാദഗതിയല്ല. വിഭവമെന്നത് മനുഷ്യന്‍െറ അന്തസ്സാര്‍ന്ന ജീവിതത്തിനാവശ്യമായ ഭൗതികവും ഭൗതികേതരവുമായ ആസ്പദങ്ങളാണ്. അതില്‍ ഭൂമി, ജലം, കാട്,  നദി, കടല്‍, തീരം, സംസ്കാരം, ആവാസവ്യവസ്ഥകള്‍ തുടങ്ങി എല്ലാം ഉള്‍പ്പെടും. 

അതുകൊണ്ടാണ് ‘കേരള മോഡല്‍ പൊളിച്ചെഴുതുക’ എന്ന മുദ്രാവാക്യം ‘ചലോ തിരുവനന്തപുരം’ പ്രസ്ഥാനം ഉന്നയിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട കൊളോണിയല്‍ നയങ്ങളെ പൊളിച്ചെഴുതാന്‍ കഴിഞ്ഞില്ല എന്നതാണ് കേരള മോഡല്‍ നേരിടുന്ന ഒരു പരിമിതി. അതോടൊപ്പംതന്നെ ഭൂ ഉടമസ്ഥതയും ജാതിയും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാനോ ജാതിയുടെ വിവിധതലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളെ ശരിയായി വിലയിരുത്താനോ കഴിഞ്ഞില്ല. ഇതിന്‍െറ ഫലമായി രണ്ടു കാര്യങ്ങളാണ് സംഭവിച്ചത്. ഭൂരഹിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കേരളത്തില്‍ ഭൂ ഉടമസ്ഥതയുടെ കേന്ദ്രീകരണവും നിയമപരമായി ഉറപ്പിച്ചിരിക്കുന്നു. ഇവിടെയാണ് തോട്ടം ഭൂമിയുടെ പുനര്‍വിതരണമെന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്. 

രണ്ടാമത്തെകാര്യം ജാതികോളനികളുടെ ബാഹുല്യമാണ്. കേരളീയസമൂഹത്തില്‍ ജാതിബന്ധങ്ങളെയും വിവേചനങ്ങളെയും നിലനിര്‍ത്തുന്നതില്‍ ജാതി കോളനികളുടെ പങ്ക് നിര്‍ണായകമാണ്. പൊതുസമൂഹവും ഗവണ്‍മെന്‍റും കോളനിവാസികളുമായി പുലര്‍ത്തുന്ന ബന്ധങ്ങളില്‍ വിവേചനത്തിന്‍െറയും വിധേയത്വത്തിന്‍െറയും സമകാലിക രൂപങ്ങള്‍ കാണാം. കേരളത്തിലെ ജാതിവിരുദ്ധ പ്രസ്ഥാനത്തിന് വിജയകരമായി മുന്നോട്ടുപോകാന്‍ കഴിയണമെങ്കില്‍ ജാതി കോളനികള്‍ക്ക് അറുതിവരുത്തി ദലിതരെയും ആദിവാസികളെയും ഇതര പാര്‍ശ്വവത്കൃത വിഭാഗങ്ങളെയും സ്വത്തുടമസ്ഥതയിലേക്ക് നയിക്കണം. 
കേരള മോഡലില്‍ ഏറെ ആഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യമേഖലകള്‍ പരിപൂര്‍ണമായും സംഘടിത സാമുദായിക ശക്തികള്‍ക്കും പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കും കീഴ്പ്പെടുകയും അതിന്‍െറ സാമൂഹികദൗത്യങ്ങള്‍ പൂര്‍ണമായും കൈയൊഴിയുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ പകല്‍ക്കൊള്ള നടത്തുമ്പോള്‍ സര്‍ക്കാര്‍ പണം മുടക്കി നിലനില്‍ക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖല സംവരണതത്ത്വം പാലിക്കാതെ ദലിതരടക്കമുള്ള വലിയൊരു വിഭാഗത്തെ പുറത്തുനിര്‍ത്തിയിരിക്കുന്നു. ഇതിലൊന്നും ഫലപ്രദമായി ഇടപെടാന്‍ ഗവണ്‍മെന്‍റിന് കഴിയുന്നില്ല. 

ഫലത്തില്‍ കേരള മോഡലെന്ന വ്യാജ സങ്കല്‍പത്തിന്‍ കീഴില്‍ അലസരായിരുന്ന് സ്വയം ജീര്‍ണിച്ച ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു. പ്രവാസി പണവും ഇതര സംസ്ഥാന തൊഴിലാളികളുടെ അധ്വാനവുമാണ് കേരളത്തിന്‍െറ ഇപ്പോഴത്തെ നിലനില്‍പിന് ആധാരമായിരിക്കുന്നത്. ഊഹക്കച്ചവടക്കാരും മൂലധനശക്തികളും പശ്ചിമഘട്ടം അടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുകയും കേരളം വിനാശകരമായൊരു പാരിസ്ഥിതിക തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. ഇങ്ങനെ കേരളീയസമൂഹം പലതലങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന സാമൂഹികധാരകളുടെ പൊതുവേദി രൂപംകൊള്ളേണ്ടതുണ്ട്. എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന, ഡോ. അംബേദ്കറുടെ സാമൂഹിക ജനാധിപത്യ സങ്കല്‍പം ഇക്കാര്യത്തില്‍ നമുക്ക് വെളിച്ചമായിരിക്കും. എല്ലാവര്‍ക്കും നീതി ഉറപ്പിക്കാന്‍ കഴിയുന്ന, ജനാധിപത്യത്തെക്കുറിച്ചുള്ള വികസിത സങ്കല്‍പങ്ങളെ പിന്‍പറ്റുന്ന നവജനാധിപത്യ  മുന്നേറ്റമായിരിക്കും ‘ചലോ തിരുവനന്തപുരം’. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chalo thiruvanathapuram
News Summary - chalo thiruvanathapuram
Next Story