Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightദേശീയ രാഷ്​ട്രീയത്തിലെ ...

ദേശീയ രാഷ്​ട്രീയത്തിലെ വെല്ലുവിളിയും ഇടതുപക്ഷപ്രതിസന്ധിയും

text_fields
bookmark_border
ദേശീയ രാഷ്​ട്രീയത്തിലെ വെല്ലുവിളിയും ഇടതുപക്ഷപ്രതിസന്ധിയും
cancel

What are we waiting for, 
assembled in the forum?
The barbarians are due here today. -കോൺസ്​റ്റ​ൈൻറൻ പി. കവാഫി (ഗ്രീക്​ കവി)
ഏകകക്ഷി സ്വേച്ഛാധിപത്യത്തിലേക്കാണ് മോദി ഭരണം അതിവേഗം നീങ്ങുന്നത്. ഗുജറാത്തിൽ തെരഞ്ഞെടുപ്പു തീയതി മാറ്റിവെപ്പിച്ചതും രാജസ്​ഥാനിലെ ബി.ജെ.പി ഗവ​ൺമ​​െൻറ് അഴിമതി മൂടിവെക്കാൻ മാധ്യമങ്ങൾക്കെതിരെ കരിനിയമവുമായി മുന്നോട്ടുപോകുന്നതും ഒടുവിലത്തെ ഉദാഹരണങ്ങൾ. തന്നെ വിമർശിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷം തെരഞ്ഞെടുപ്പു കമീഷനെ വിമർശിക്കുന്നതെന്ന് പ്രധാനമന്ത്രി ഗുജറാത്തിലെ തെരഞ്ഞെടുപ്പ് വാഗ്ദാനപ്പെരുമഴക്കിടെ പ്രസ്​താവിച്ചു. ഏകാധിപതിയുടെ അഹങ്കാരമാണ് അദ്ദേഹം തുറന്നുകാട്ടിയത്.  മുഖ്യമന്ത്രി മോദിക്കു കീഴിൽ ധനസെക്രട്ടറിയായും ചീഫ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്ന ഒരാളെ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ സ്​ഥാനത്ത് കൊണ്ടുവന്ന് സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടന സ്​ഥാപനത്തി​​​െൻറ വിശ്വാസ്യത നഷ്​ടപ്പെടുത്തി. ഭരണഘടനയെയും പാർലമ​​െൻറിനെയും സുപ്രീംകോടതിയെപോലും ഷണ്ഡീകരിച്ച ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്​ഥക്കാലത്തി​​​െൻറ തുടക്കവും ഇങ്ങനെയായിരുന്നു. 

 മന്ത്രിമാരടക്കമുള്ള പൊതു പ്രവർത്തകരുടെ അഴിമതി സംബന്ധിച്ച പരാതികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതും സർക്കാറനുമതിയില്ലാതെ  പരാതികളിൽ കോടതികൾ നടപടിയെടുക്കുന്നതുപോലും നിരോധിക്കുന്ന ഓർഡിനൻസാണ് രാജസ്​ഥാനിലെ വസുന്ധര രാജെ സിന്ധ്യയുടെ ബി.ജെ.പി ഗവ​ൺമ​​െൻറ്​  കരിനിയമമാക്കുന്നത്. അടിയന്തരാവസ്​ഥയിൽനിന്നു വ്യത്യസ്​തമായി ഹിന്ദുത്വ^ഫാഷിസ്​റ്റ്​​ ശക്​തികളുടെ പുറം അജണ്ടകൂടി ഉൾപ്പെട്ടതാണ് മോദി ഭരണം നടപ്പാക്കാൻ നോക്കുന്ന  സർവാധിപത്യ വാഴ്ച. ന്യൂനപക്ഷങ്ങളിലും ദലിതരിലും ഉൾപ്പെട്ടവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചും കൊന്നുമാണ്  മോദി വാഴ്ചക്കൊപ്പം സംഘ്പരിവാർ നിയമവാഴ്ച തകർക്കാൻ തുടങ്ങിയത്. പിറകെ  ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽകർ, എം.എം. കൽബുർഗി തുടങ്ങി ഗൗരി ലങ്കേഷ് വരെ ഫാഷിസ്​റ്റ്​ യുക്​തിയെ ചോദ്യംചെയ്യുന്നവരുടെ ജീവനെടുക്കുന്നു. ഏറ്റവും ഒടുവിൽ താജ്മഹൽ എന്ന ഇന്ത്യയുടെ ചരിത്രാഭിമാനത്തിനും ലോകാത്ഭുതത്തിനും നേരെപോലും ഹിന്ദുത്വ ദേശീയതയുടെ ഭ്രാന്ത് ലക്ഷ്യമിട്ടിരിക്കുന്നു.

21 മാസക്കാലം രാജ്യം അനുഭവിച്ച ആഭ്യന്തര അടിയന്തരാവസ്​ഥയിൽ പൊലീസിനെ ഉപയോഗിച്ചുള്ള ഭരണകൂട ഭീകരതയായിരുന്നു വിളയാടിയത്. ആർ.എസ്​.എസി​​​െൻറ നൂറുകണക്കായ കേഡർമാരും സംഘ്പരിവാറി​​​െൻറ വിവിധ പരിവാരങ്ങളും ഉൾപ്പെട്ട ഹിന്ദുത്വ ഫാഷിസ്​റ്റ്​ ശക്​തികളാണ് നാടാകെ നിരപരാധികളെ നേരിടുന്നത്. ജനവിരുദ്ധ^സാമ്പത്തിക നയങ്ങളുടെ ഫലമായ മാന്ദ്യത്തി​​​െൻറയും കെടുതികളുടെയും മുന്നിൽ വിഹ്വലമായ രാജ്യത്താണ് ഭരണകൂട േപ്രാത്സാഹനത്തിലും പിൻബലത്തിലും ഇത് അരങ്ങേറുന്നത്.  

ഇതിനെതിരെ ധാരാളം സംവാദങ്ങളും  പ്രഭാഷണങ്ങളും സെമിനാറുകളും ജാഗ്രതാ യാത്രകളും നടക്കുന്നുണ്ടെന്നത് നല്ലകാര്യം. അതുകൊണ്ടുമാത്രം തടയാൻ കഴിയുന്നതല്ല ഫാഷിസത്തി​​​െൻറ കുതിപ്പും പ്രകോപനവും കടന്നാക്രമണവും. സമൂഹത്തെ പിളർത്തിയും  സമാന്തരമായി ഭരണതലത്തിൽനിന്നും ഉള്ള ഈ ദ്വിമുഖ  ആക്രമണത്തെ പ്രതിരോധിക്കുകയും തോൽപിക്കുകയുമാണ് ചെയ്യേണ്ടത്. അത് ജനാധിപത്യത്തി​​​െൻറ നിലനിൽപിന് അത്യാവശ്യമാണ്.  അതിന് ആശയപരമായും സംഘടനാപരമായും ദേശീയരൂപം കൈവരുത്താൻ  ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി.

ഭരണഘടനയും അതിന്മേൽ അധിഷ്ഠിതമായ ജനാധിപത്യ സ്​ഥാപനങ്ങളും അവക്കുള്ളിൽനിന്നുതന്നെ തകർക്കപ്പെടുന്നു.  ബഹുസ്വരതയുടെ അടിസ്​ഥാനശിലതന്നെ മതദേശീയതയും വർഗീയതയും ഇളക്കിവിട്ട് ആൾക്കൂട്ടങ്ങൾ വെട്ടിയും വെടിയുതിർത്തും തകർക്കുന്നു. കണ്ടറിഞ്ഞു പ്രവർത്തിക്കേണ്ടവർ കൊണ്ടറിഞ്ഞിട്ടും യോജിച്ച പ്രതിരോധത്തി​​​െൻറ പ്രയോഗതലത്തിൽ ഇരുട്ടിൽതപ്പുന്നു. പരസ്​പരം വിഘടിച്ച് ഏറ്റുമുട്ടുകപോലും ചെയ്യുന്നു. ബി.ജെ.പിക്ക് ഏകകക്ഷി മേധാവിത്വത്തിലേക്കുള്ള വഴി എളുപ്പമാക്കി വാതിൽ തുറന്നിട്ടത് ഉദാരീകരണ–സാമ്പത്തിക നയങ്ങളും കൊടും അഴിമതിയും നടത്തിയ ജനാധിപത്യത്തി​​​െൻറയും മതനിരപേക്ഷതയുടെയും നീണ്ടകാല ചരിത്രം അവകാശപ്പെടുന്ന കോൺഗ്രസ്​ ആണ്. കുടുംബ വാഴ്ചയുടെ പിടിയിലമർന്ന് ജനാധിപത്യത്തി​​​െൻറ ആന്തരിക ഘടനകൾ മാരകമായി ദുർബലപ്പെട്ട കോൺഗ്രസിന്​ മോദി ഗവ​ൺമ​​െൻറിനെയോ സംഘ്പരിവാർ ശക്​തികളെയോ  ഒറ്റക്ക്​  നേരിടാനുള്ള സംഘടനാ ശക്​തിയോ സ്വാധീനമോ ഇന്നില്ല; അതിനുവേണ്ട ജനശക്​തി ദേശീയതലത്തിൽ ഏകോപിപ്പിക്കാനുള്ള ദീർഘവീക്ഷണവും വിശ്വാസ്യതയും.  

കോൺഗ്രസിനോളം സംഘടനാപരമായി ദേശീയതലത്തിൽ സ്വാധീനമില്ലാത്തവരാണ് ഇടതു പാർട്ടികൾ. ദേശീയ പ്രസ്​ഥാനത്തിൽ പങ്കാളിയായും  ദേശീയ രാഷ്​ട്രീയത്തിൽ ബദൽ പാത കെട്ടിപ്പടുത്തും ആശയപരമായി മേൽക്കൈ നിലനിർത്താൻ പക്ഷേ, അവർക്കു കഴിഞ്ഞിട്ടുണ്ട്.  മോദി സർക്കാറി​​​െൻറയും ആർ.എസ്​.എസി​​​െൻറയും ഭീഷണമാകുന്ന വിപത്ത് കൃത്യമായി നിരീക്ഷിച്ച് ജനാധിപത്യ ശക്​തികളെ ഏകോപിപ്പിക്കുന്നതിന് ആശയപരമായി നേതൃത്വം നൽകാൻ മാർക്സിസം–ലെനിനിസത്തി​​​െൻറ അടിസ്​ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ പാർട്ടികൾക്ക് കഴിയേണ്ടതാണ്. 

ഇടതുപക്ഷത്തി​​​െൻറ വീഴ്​ച
ലെനിൻ ഇടതുപക്ഷ പാർട്ടികൾക്ക് ഉണ്ടാകേണ്ട സവിശേഷ ജാഗ്രത എടുത്തുപറഞ്ഞിട്ടുണ്ട്. അതിൽ തങ്ങൾക്കു വീഴ്ചവന്നകാര്യം അടിയന്തരാവസ്​ഥക്കുശേഷം സി.പി.എം ഏറ്റുപറഞ്ഞു: ബൂർഷ്വാ പാർട്ടികൾക്കിടയിലെ താൽപര്യ സംഘട്ടനവും ഭിന്നതയും സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തി ബഹുജന ശക്​തിനേടി പ്രബലനായ ശത്രുവിനെ ഇല്ലാതാക്കാൻ കഴിയണമെന്ന കാര്യം. ആ പിഴവ് മോദി ഭരണത്തിനെതിരായ ബഹുജനശക്​തിക്ക് രൂപംനൽകുന്നതിൽ ഈ ഘട്ടത്തിലും സി.പി.എമ്മിന് സംഭവിക്കുന്നു എന്നതാണ് വെളിപ്പെടുന്നത്.  

ആഗോള–മുതലാളിത്തത്തി​​​െൻറ പ്രതിസന്ധിയെ ഭ്രാന്തമായി കൈകാര്യംചെയ്യുന്ന അമേരിക്കൻ പ്രസിഡൻറ്​ ട്രംപി​​​െൻറയും ആഗോള കോർപറേറ്റുകളുടെയും സേവകനാണ് പ്രധാനമന്ത്രി മോദി. അവർക്കു സഹായകമായി എടുത്തുചാടി സ്വീകരിച്ച സാമ്പത്തിക നയങ്ങൾ രാജ്യത്തെ ഗുരുതരമായ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. സ്വാഭാവികമായി അതുയർത്തുന്ന ജനരോഷത്തെ സാമ്രാജ്യത്വ–കോർപറേറ്റ് താൽപര്യങ്ങൾക്കും സ്വന്തം അധികാരം നിലനിർത്താനും  അടിച്ചമർത്തുന്നതിലേക്ക് നീങ്ങുകയാണ് മോദിഭരണം. അതുകൊണ്ടാണ് സ്വേച്ഛാധിപത്യത്തി​​​െൻറ കരിനിഴൽ വ്യാപകമാകുന്നത്. 
ഇന്ദിരഗാന്ധിയുടെ അടിയന്തരാവസ്​ഥയോടെന്നപോലെ ഈ സാഹചര്യത്തെക്കുറിച്ചും സി.പി.എം പറയുന്നുണ്ട്. പക്ഷേ, അന്നെന്നപോലെ അതിലും ഭീഷണമായ ഇന്നത്തെ അവസ്​ഥയെ നേരിടുന്നതിനും എതിർത്തുതോൽപിക്കുന്നതിനും പര്യാപ്തമായ ഒരു വേദി ഉയർത്തിക്കാട്ടുന്നതിൽ നേതൃത്വം പരാജയപ്പെടുകയാണ്. ജെ.പി പ്രസ്​ഥാനത്തെയും പിന്നിൽ അണിനിരന്ന ബഹുജനങ്ങളെയും വിലയിരുത്തുന്നതിൽ പാർട്ടി പരാജയപ്പെട്ടത് വർഗ–രാഷ്​ട്രീയ ശക്​തികൾക്കുവന്ന മാറ്റങ്ങൾ തിരിച്ചറിയാഞ്ഞതുകൊണ്ടാണെന്ന് പത്താം പാർട്ടി കോൺഗ്രസിൽ സി.പി.എമ്മിന് തുറന്നുപറയേണ്ടിവന്നു. വികലവും അവഗാഹമില്ലാത്തതുമായിരുന്നു അന്നത്തെ വിശകലനം. അതി​​​െൻറ തുടർച്ചയോ മറുകണ്ടം ചാടലോ ആണ് സി.പി.എം പി.ബിയിലും സി.സിയിലും ഈയിടെ നടന്നത്.   

Prakash-Karat

അന്നത്തേതിലും വലിയ തെറ്റിലേക്ക് സി.പി.എം നേതൃത്വം സ്വയം വീഴാതെ ഇനിയെങ്കിലും നോക്കുമോ? മോദി ഗവ​ൺമ​​െൻറിനു കീഴിൽ ഒരു ഫാഷിസ്​റ്റ്​ ഭരണം രൂപപ്പെട്ടു എന്ന് പറയാറായിട്ടില്ലെങ്കിലും സ്​ഥിതിഗതികൾ അതിലേക്ക് അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്.  മുമ്പ്  കോൺഗ്രസിൽ എന്ന പോലെ ബി.ജെ.പിക്കകത്തും നയപരമായ വൈരുധ്യം മൂർച്ഛിച്ച് പൊട്ടലും ചീറ്റലും തുടങ്ങിക്കഴിഞ്ഞു. മോദിയെ ഇന്ത്യയുടെ രക്ഷകനായി വളർത്തിയ ഗുജറാത്തിൽ മോദിയുടെ വികസന പരിേപ്രക്ഷ്യം ജനരോഷത്തിനു മുന്നിൽ പിടിച്ചുനിൽക്കാനാവാത്ത അവസ്​ഥയിലാണ്.  ഈ സൂചനകളെ ഉപയോഗപ്പെടുത്താൻ സി.പി.എമ്മിനും ഇടതുപാർട്ടികൾക്കും കഴിയുമോ? ഇല്ലെങ്കിൽ ഇപ്പോൾ അവരെ നയിക്കുന്ന രാഷ്​ട്രീയം കോൺഗ്രസി​​​െൻറയും മോദിയുടെയും വികസന രാഷ്​​ട്രീയത്തിൽനിന്ന് ഒട്ടും ഭിന്നമല്ല എന്ന് ശരിയായി വിലയിരുത്തേണ്ടിവരും. 

പാർല​െമ​ൻറി​​​െൻറ ഇരുസഭകളിലും ഭൂരിപക്ഷം നേടുകയും രാഷ്്ട്രപതിഭവനിൽ സംഘ്പരിവാർ വിശ്വസ്​തനെ പ്രതിഷ്ഠിക്കുകയും ചെയ്തതോടെ ഭരണഘടനാസ്​ഥാപനങ്ങളെ കൈപ്പിടിയിലൊതുക്കാൻ  ശ്രമിക്കുകയാണ് പ്രധാനമന്ത്രി മോദി. രാജ്യത്തെ സ്വേച്ഛാധിപത്യ ഫാഷിസ്​റ്റ്​ ദിശയിലേക്ക് നയിക്കുന്നതി​​​െൻറ രാഷ്​ട്രീയ –ആശയ പ്രഭവകേന്ദ്രം ചരിത്രത്തിലാദ്യമായി ആർ.എസ്​.എസി​​​െൻറ ദേശീയ ആസ്​ഥാനമാണെന്നും പരസ്യമായി. ഈ നീക്കത്തെ കക്ഷിരാഷ്​ട്രീയത്തിനതീതമായി ബഹുജനശക്​തികൊണ്ട് എങ്ങനെ, ഏതുരൂപത്തിൽ പ്രതിരോധിക്കുമെന്നും എതിർത്തുതോൽപിക്കുമെന്നും പ്രായോഗികമായി നിർണയിക്കാൻ ബൂർഷ്വാ പാർട്ടികൾക്കോ ഇടതു പാർട്ടികൾക്കോ ഇനിയും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ജാതി–മതാടിസ്​ഥാനത്തിലുള്ള വിവിധ ഗ്രൂപ്പുകൾ അധികാരത്തിൽ പങ്കുപറ്റുക എന്ന ലക്ഷ്യത്തോടെ പാർല​െമ​ൻററി വൃത്തത്തിൽ രൂപപ്പെടുന്നു. പണംകൊടുത്തും അധികാരത്തി​​​െൻറ അഴിമതി ഉപയോഗിച്ചും ഇവരെ പരസ്​പരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയും കഴിവിനൊത്ത് കോൺഗ്രസും ശ്രമിക്കുന്നത്. ദേശീയ രാഷ്​ട്രീയം പക്ഷേ മറ്റൊന്നാണ് ആവശ്യപ്പെടുന്നത്.

രാഷ്​ട്രീയ മരുഭൂമി
പ്രാദേശിക പാർട്ടികളും കോൺഗ്രസും ചേർന്ന് ബിഹാറിൽ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ്. ഇപ്പോൾ കോൺഗ്രസി​​​െൻറ നേതൃത്വത്തിൽ ഗുജറാത്തിൽ  നടത്തുന്ന നീക്കങ്ങളുടെയും പരിമിതിയും വിശ്വാസ്യതയും വ്യക്​തമാണ്. ജെ.പി പ്രസ്​ഥാനത്തി​​​െൻറ പുതിയൊരു മാതൃക ഉയർന്നുവരുന്നില്ല. ഇടതുപക്ഷ പാർട്ടികൾക്ക് വർഗാടിസ്​ഥാനത്തിൽ ഇടതുപക്ഷ–ജനാധിപത്യമുന്നണിയെന്ന പ്രഖ്യാപിതലക്ഷ്യം നടപ്പാക്കാനാകാതെ രാഷ്​ട്രീയ മരുഭൂമിയിലെ ശൂന്യതയിൽ നിൽക്കേണ്ടിവന്നിരിക്കുന്നു.    

ദലിതരും മുസ്​ലിംകളും പിന്നാക്കക്കാരും ഭൂരിപക്ഷസമുദായത്തിലെ മതനിരപേക്ഷ–ജനാധിപത്യ വിശ്വാസികളും ബുദ്ധിജീവികളും ഇടതുപക്ഷക്കാരുമൊക്കെ പൊതുവിൽ ആഗ്രഹിക്കുന്നത് മറ്റൊന്നാണ്​; സാഹചര്യം ആവശ്യപ്പെടുന്നതും.  ആർ.എസ്​.എസി​​​െൻറ ഹിന്ദുത്വ ദേശീയതയും സവർണ മേധാവിത്വവും ആധാരമാക്കിയുള്ള വർഗീയ, ഫാഷിസ്​റ്റ്​ അജണ്ട പരാജയപ്പെടുത്താനുള്ള ദേശീയ–ജനപ്രതിരോധ പ്രസ്​ഥാനം. ആ ലക്ഷ്യത്തിലേക്ക് കാര്യങ്ങളെത്തുന്നില്ല. ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണം അടിയന്തരാവസ്​ഥയിലേക്ക് നീങ്ങുന്നതിനെതിരായ പ്രതിരോധം തീർക്കുന്നതിൽ ഇടതുപക്ഷത്തുണ്ടായ മാരകമായ ഭിന്നിപ്പി​​​െൻറ ചരിത്രം പാഠമാകേണ്ട സമയമാണിത്. ഇടതുപക്ഷ–ജനാധിപത്യ ഐക്യം തകർത്ത് കോൺഗ്രസിനൊപ്പം ചേർന്ന സി.പി.ഐ, ജെ.പി പ്രസ്​ഥാനത്തിലേക്ക് അണിചേർന്ന സോഷ്യലിസ്​റ്റ്​ പാർട്ടി, സി.പി.എമ്മിൽനിന്ന്​ പുറത്തുപോയ നക്സലൈറ്റ്–മാവോവാദികൾ, ഇതിനിടക്ക്​ ഒറ്റപ്പെട്ടും ദുർബലവുമായിത്തീർന്ന സി.പി.എം. ആ  സ്​ഥിതിവിശേഷമാണ് 21 മാസം നീണ്ടുനിന്ന അർധഫാഷിസ്​റ്റ്​ വാഴ്ച ഇന്ത്യയെ തടവറയാക്കിയത്. 

അടിയന്തരാവസ്​ഥക്കാലത്ത് ഫാഷിസ്​റ്റ്​ ശക്​തികൾ ജെ.പി പ്രസ്​ഥാനത്തിലാണെന്ന നിലപാടെടുത്ത് കോൺഗ്രസി​​​െൻറ സ്വേച്ഛാധിപത്യത്തിന് കൂട്ടിരിക്കുകയായിരുന്നു സി.പി.ഐ. ഇടതുപക്ഷ–ജനാധിപത്യ വിശാല ബഹുജനശക്​തിയെ തകർക്കാൻ സ്വേച്ഛാധിപത്യഭരണകൂടത്തി​​​െൻറ കുന്തമുന അന്ന് അവരായിരുന്നു; വൈകി തിരുത്തിയെങ്കിലും. ഇപ്പോൾ ചരിത്രം അതുപോലെ  ആവർത്തിക്കുകയാണെന്നു തോന്നുന്നു. വിരോധാഭാസമെന്നു തോന്നാം, കോൺഗ്രസിനെ ചൂണ്ടി സി.പി.എം നേതൃത്വത്തിലെ ഒരു വിഭാഗം ഉയർത്തുന്ന നിലപാടാണ് ആർ.എസ്​.എസ്​–ബി.ജെ.പി ഫാഷിസ്​റ്റ്​ ശക്​തികൾക്ക് ഇപ്പോൾ പ്രതീക്ഷയും ആശ്വാസവും ആകുന്നത്.  
(തുടരും)

Show Full Article
TAGS:politics article malayalam news 
News Summary - Challenge in Indian Politics - Article
Next Story