കേരളത്തെ പിന്നില്‍നിന്ന് കുത്തുന്നു
text_fieldsജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. തനത് വരുമാനങ്ങള്‍ക്കുപുറമെ ഈ വായ്പയുംകൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്ഷന് കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയിൽ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17ന് കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും നിർമാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറിനല്‍കൽ ഉള്‍പ്പെടെ സർക്കാറിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസ്സപ്പെടുത്താനാണെന്ന് വ്യക്തമാണ്. ഈവര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാറിന് അനുവദനീയമായ കടത്തില്‍നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്‍ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമീഷന്റെ ശിപാര്‍ശയും പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്പാപരിധിക്കുള്ളില്നിന്ന് ആര്.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ മനഃപൂര്‍വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.
ധന മാനേജ്മെൻറ് മെച്ചമെന്ന് കേന്ദ്ര ഏജൻസികൾ
സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്ര സര്‍ക്കാറിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബാങ്കിന്റെയും സി ആൻഡ് എ.ജിയുടെയും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വർധിച്ചിട്ടുണ്ട്. 2016ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായതായി ആര്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവും ഇരട്ടിയായതായി ആര്.ബി.ഐ വ്യക്തമാക്കുന്നു. 2015-16ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന ആഭ്യന്തര ഉല്പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു.
കേരളത്തെ ശ്വാസം മുട്ടിക്കുന്നു
എന്നാല്‍, കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന്, സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്.
ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പി.എം-ശ്രീ, എന്‍.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിങ്ങിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.
ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.
ഇതൊന്നുംകൊണ്ട് കേരളത്തെ തളർത്താൻ പറ്റുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാറിനും കേരളത്തിലെ പ്രതിപക്ഷത്തിനുമൊക്കെ ബോധ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതങ്ങളില്‍ ഇത്രയേറെ കുറവുണ്ടായിട്ടും കേരളത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വ്യവസായങ്ങള്‍ ഉറപ്പാക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കൂടുതല്‍ പണം ചെലവഴിക്കാന്‍ സംസ്ഥാനത്തിന് കഴിയുന്നുണ്ട്. ക്ഷേമപെന്ഷന് കാര്യമായി വർധിപ്പിക്കുക, വനിതകള്‍ക്ക് വരുമാനം ഉറപ്പാക്കുന്ന സ്ത്രീ സുരക്ഷ പദ്ധതി, യുവജനതക്കായുള്ള കണക്ട് ടു വര്‍ക്ക് പദ്ധതി ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം, ഡി.എ/ഡി.ആര് കുടിശ്ശിക അനുവദിക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ഈ ജനപക്ഷ നിലപാടുകൾ അംഗീകരിക്കാൻ കഴിയാത്ത കേന്ദ്ര സര്‍ക്കാറിന്റെ നിലപാടാണ് വായ്പാനുമതി വെട്ടിക്കുറക്കലില്‍ പ്രകടമായത്.
അർഹമായത് കിട്ടിയേ തീരൂ
കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങൾ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെക്കണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്. ഡിസംബർ 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്കിയ 6,000 കോടി രൂപക്കുപകരം വായ്പയെടുക്കാന്‍ അനുവദിക്കണമെന്നും, ഐ.ജി.എസ്.ടി റിക്കവറി എന്ന പേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗാരന്റി നിക്ഷേപത്തിന്റെ പേരിൽ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവെച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

