Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപാ​സ്‌​പോ​ർ​ട്ട്...

പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വ രേ​ഖ ത​ന്നെ

text_fields
bookmark_border
പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വ രേ​ഖ ത​ന്നെ
cancel

ഇന്ത്യൻ പാസ്‌പോർട്ട് വെറുമൊരു യാത്രാരേഖ മാത്രമാണെന്നും അത് ഇന്ത്യൻ പൗരത്വത്തിനുള്ള തെളിവല്ലെന്നും പ്രസ്താവിക്കാൻ ബുദ്ധി കാണിച്ചയാൾ ഒരു മഹാപ്രതിഭയാണ്! ഒരു ഇന്ത്യൻ പൗരനാണെന്ന് വ്യക്തമായി പ്രഖ്യാപിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നിരവധി രാജ്യങ്ങൾ സന്ദർശിച്ച, 78 വയസ്സുള്ള ഒരു മുതിർന്ന പത്രപ്രവർത്തകനായ എന്നെപ്പോലും ഞാൻ ഒരു ഇന്ത്യൻ പൗരനാണോ എന്ന് ചിന്തിക്കാൻ ഇത് പ്രേരിപ്പിച്ചിരിക്കുന്നു.

ഡൽഹിയിലെ ‘ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിൽ ജോലി ചെയ്യവേ 1979ൽ തായ്‌ലൻഡിലേക്കും ഇന്തോനേഷ്യയിലേക്കും പോകുന്ന ഐ.എൻ.എസ് ബ്രഹ്മപുത്ര എന്ന നാവികസേനയുടെ പരിശീലന കപ്പലിലെ യാത്ര റിപ്പോർട്ട് ചെയ്യാനുള്ള നിയോഗമുണ്ടായി. ഈ യാത്രക്ക് പ്രതിരോധ മന്ത്രാലയം അയച്ച ക്ഷണക്കത്തുമായി ശാസ്ത്രി ഭവനിലെ റീജനൽ പാസ്‌പോർട്ട് ഓഫിസറെ സമീപിച്ചു; വെറും അഞ്ച് മിനിറ്റിനുള്ളിൽ പാസ്‌പോർട്ട് അനുവദിക്കപ്പെട്ടു. അവിടെ പൊലീസ് വെരിഫിക്കേഷൻ ഉണ്ടായിരുന്നില്ല, എന്നോട് ജനന സർട്ടിഫിക്കറ്റോ, സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റോ, നിയമന ഉത്തരവോ പോലുള്ള യാതൊരു രേഖയും ആവശ്യപ്പെട്ടതുമില്ല. പാസ്‌പോർട്ട് എന്നത് ഒരു പൗരന്റെ അവകാശമാണെന്ന മട്ടിലും, ആവശ്യപ്പെടുന്ന ഏത് പൗരനും അത് നൽകുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്ന മട്ടിലുമായിരുന്നു അന്നത് നൽകിയത്. ഇന്നത്തേതിൽ നിന്ന് വിഭിന്നമായി, അന്ന് ഭരണകൂടത്തിന് പൗരജനങ്ങളിൽ പൂർണ വിശ്വാസമായിരുന്നു.

ആ പാസ്‌പോർട്ടിൽ വലിയ അക്ഷരങ്ങളിൽ ‘CITIZEN OF INDIA’ (ഇന്ത്യൻ പൗരൻ) എന്ന് മുദ്രണം ചെയ്തിട്ടുണ്ടായിരുന്നു. പാസ്‌പോർട്ടിന്റെ ആദ്യ പേജിൽ ആദ്യം ഹിന്ദിയിലും പിന്നീട് ഇംഗ്ലീഷിലും ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:

‘‘ഇതുമായി ബന്ധപ്പെട്ട എല്ലാവരോടും, റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ രാഷ്ട്രപതിയുടെ നാമത്തിൽ, ഈ പാസ്‌പോർട്ട് കൈവശമുള്ളയാളെ യാതൊരു തടസ്സവും കൂടാതെ സ്വതന്ത്രമായി കടന്നുപോകാൻ അനുവദിക്കണമെന്നും, അയാൾക്കോ അവൾക്കോ ആവശ്യമായി വന്നേക്കാവുന്ന എല്ലാ സഹായങ്ങളും സംരക്ഷണവും നൽകണമെന്നും അഭ്യർഥിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു’’

യഥാർഥത്തിൽ, പൗരത്വത്തിന്റെ കാര്യത്തിൽ ആളുകൾ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. ഇന്ത്യൻ പൗരത്വം വ്യക്തമായും നിയന്ത്രിക്കുന്നത് 1955ലെ പൗരത്വ നിയമപ്രകാരമാണ്. അത് പ്രധാനമായും നാല് വഴികളിലൂടെ:: ജനനം, വംശപരമ്പര, രജിസ്‌ട്രേഷൻ, സ്വാഭാവിക പൗരത്വം എന്നിവയിലൂടെ. ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല.

നിങ്ങൾ 1950 ജനുവരി 26നും 1987 ജൂൺ 30നും ഇടയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ മാതാപിതാക്കളുടെ ദേശീയത എന്തുതന്നെയായാലും ജനനം കൊണ്ട് നിങ്ങൾ ഇന്ത്യയിലെ പൗരനാണ്. 1987 ജൂലൈ 1-നും 2004 ഡിസംബർ 2-നും ഇടയിലാണ് ജനിച്ചതെങ്കിൽ, ജനനസമയത്ത് മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും ഇന്ത്യൻ പൗരത്വമുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇന്ത്യയിലെ പൗരനാണ്. 2004 ഡിസംബർ 3-ന് ശേഷമാണ് ജനിച്ചതെങ്കിൽ, മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരരാണെങ്കിലോ, അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റേയാൾ അനധികൃത കുടിയേറ്റക്കാരൻ അല്ലാതിരിക്കുകയും ചെയ്താൽ നിങ്ങൾ ഇന്ത്യൻ പൗരനാണ്.

ഭരണഘടന നിലവിൽ വന്ന സമയത്ത്, അതായത് 1950 ജനുവരി 26നു മുമ്പ് ജനിച്ച ഇന്ത്യൻ പൗരർക്ക് ആർട്ടിക്കിൾ 5 പ്രകാരമാണ് പൗരത്വം ലഭിച്ചത്. അന്ന്, ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ സ്ഥിരതാമസമാക്കിയ, അല്ലെങ്കിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇന്ത്യയിൽ ജനിച്ചവരോ; അല്ലെങ്കിൽ ഭരണഘടന നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇന്ത്യയിൽ സാധാരണ രീതിയിൽ താമസിച്ചിരുന്നവരോ ആയ ഏതൊരു വ്യക്തിയും ഇന്ത്യൻ പൗരനായിരിക്കും.

പിന്നെ എങ്ങനെയാണ് ഇപ്പോഴത്തെ ഈ ആശയക്കുഴപ്പം ഉണ്ടായത്? പാസ്‌പോർട്ട് പൗരത്വത്തിനുള്ള തെളിവല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിലെ അജ്ഞാതനായ ഉദ്യോഗസ്ഥന്റെ തെറ്റായ പ്രസ്താവനയെ ന്യായീകരിക്കാൻ, ഉദ്യോഗസ്ഥവൃന്ദം 2013ലെ ബോംബെ ഹൈകോടതി വിധി ബോധപൂർവം തെറ്റായി ഉദ്ധരിക്കുകയായിരുന്നു. 2013 ജൂലൈ 26ലെ നിർദിഷ്ട ഉത്തരവിൽ, ഒരു പാസ്‌പോർട്ട് ഒരാളുടെ പൗരത്വത്തിനുള്ള തെളിവാണോ എന്ന ചോദ്യം ഹൈകോടതി പരിഗണിച്ചിട്ടേയില്ല.

കോടതി പറഞ്ഞത് ഇത്രമാത്രമാണ്, ‘അൻവർ ഹുസൈൻ അബ്ദുൽ കാദർ ശൈഖും മറ്റുള്ളവരും സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്രയും’ തമ്മിലെ കേസിൽ ഹാജരാക്കിയ പാസ്‌പോർട്ട് കാലാവധി കഴിഞ്ഞ ഒന്നായിരുന്നു, അതിനാൽ അപേക്ഷയിൽ ഹരജിക്കാരൻ ആവശ്യപ്പെട്ട പൗരത്വം തീരുമാനിക്കുന്നതിൽ കോടതി അത് കണക്കിലെടുത്തില്ല. വിധിയുടെ പ്രസക്തമായ ഭാഗം ഇങ്ങനെ: ‘‘എന്നിരുന്നാലും, അഭിഭാഷകർ പരാമർശിച്ച പാസ്‌പോർട്ട് ഇതിനകം തന്നെ കാലാവധി കഴിഞ്ഞ ഒന്നാണ്. അതിനാൽ, അതിനെ ആശ്രയിക്കുന്നതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ല’’-അപേക്ഷകന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള ഒരു രേഖ എന്ന നിലയിൽ പാസ്‌പോർട്ടിന്റെ യോഗ്യതയെ ബോംബെ ഹൈകോടതി പരിശോധിച്ചിരുന്നില്ല.

ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ള ആരും തന്നെ ഇന്ത്യൻ പൗരരാണെന്ന വസ്തുത നിഷേധിക്കാനാവില്ല; പൗരത്വം തെളിയിക്കാൻ പാസ്‌പോർട്ട് എടുക്കേണ്ടതില്ല എന്നത് മറ്റൊരു വസ്തുത. ദശലക്ഷക്കണക്കിന് ആളുകൾക്ക് പൗരത്വം തെളിയിക്കാൻ രേഖകളില്ലാത്ത ഇന്ത്യയെപ്പോലൊരു രാജ്യത്ത്, പൗരത്വം നിഷേധിക്കുന്നതും പാസ്‌പോർട്ട് ഉള്ളവരുടെ പോലും പൗരത്വത്തെ സംശയിക്കുന്നതും നീതികേടായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportcitizenshipcentral governmentMinistry of External Affairs
News Summary - Passport citizenship line itself
Next Story