പ്രവാസികളെ പുറന്തള്ളുന്ന സെന്‍സസ്
text_fieldsഡിജിറ്റല്‍ യുഗത്തിന്റെ സാങ്കേതിക പിന്തുണയോടെ നടപ്പാക്കുന്ന പതിനാറാമത് ദേശീയ സെന്‍സസില്‍ വലിയൊരു വിടവുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് കരുത്തേകി മറുനാടുകളില്‍ കഠിനാധ്വാനം ചെയ്യുന്ന പ്രവാസികളെ പടിക്ക് പുറത്ത് നിർത്തുന്നു ഈ പ്രക്രിയ. ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കുന്നവരെ സെന്‍സസ് പരിധിയില്‍ ഉള്‍പ്പെടുത്തില്ലെന്ന രജിസ്ട്രാര്‍ ജനറലിന്റെ പ്രഖ്യാപനം ലക്ഷക്കണക്കിന് മനുഷ്യരുടെ പൗരാവകാശങ്ങള്‍ക്കും അസ്തിത്വത്തിനും മേലുള്ള കടന്നുകയറ്റമാണ്.
അദൃശ്യമാക്കപ്പെടുന്ന വിയര്‍പ്പുതുള്ളികള്‍
വിദേശ നാണയത്തിന്റെ നീക്കിയിരിപ്പിലും ജി.ഡി.പി നിരക്കിലും പ്രവാസികള്‍ നല്‍കുന്ന വിഹിതം ചര്‍ച്ചയാകാത്ത ഒരു സാമ്പത്തിക വിശകലനവും രാജ്യത്തില്ല. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ പട്ടിണിയില്ലാതെ നിലനില്‍ക്കുന്നതും ലോകത്തിന് മാതൃകയാകുന്ന രീതിയില്‍ വികസനത്തിന്റെയും പുരോഗതിയുടെയും മുന്നേറ്റം സാധ്യമാക്കിയതും പ്രവാസി അയക്കുന്ന പണം കൊണ്ടു കൂടിയാണ്. എന്നാല്‍, പണം സ്വീകരിക്കുകയും അതിനായി പണിപ്പെടുന്ന മനുഷ്യരുടെ അസ്ഥിത്വം നിഷേധിക്കുകയും ചെയ്യുന്ന വിചിത്ര രീതിയാണ് ഇപ്പോള്‍ കാണാനാവുന്നത്. വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്ക് സൗകര്യമൊരുക്കാത്ത അതേ ക്രൂരതയാണ് സെന്‍സസിലും ആവര്‍ത്തിക്കുന്നത്.
സെന്‍സസ് കേവലം തലയെണ്ണലല്ല. ഒരു ജനതയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി വരാനിരിക്കുന്ന പത്തു വര്‍ഷത്തേക്കുള്ള വിഭവ വിതരണവും വികസന പ്ലാനുകളും തയ്യാറാക്കേണ്ട രേഖയാണിത്. അതിൽ നിന്ന് പ്രവാസികളെ വെട്ടിമാറ്റുമ്പോള്‍ സംഭവിക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളെ രാജ്യത്തിന്റെ വികസന ഭൂപടത്തില്‍ നിന്ന് തന്നെ മായ്ച്ചു കളയലാണ്. വീടുകള്‍ അടച്ചുപൂട്ടി വിദേശത്തു കഴിയുന്നവര്‍ക്ക് സെന്‍സസില്‍ ഇടമില്ലെന്ന് പറയുമ്പോള്‍, അവര്‍ വിദേശത്ത് പോയത് വിനോദസഞ്ചാരികളായല്ലെന്നും നാട്ടിലെ വിഭവക്കമ്മി മൂലമാണ് അവര്‍ക്ക് ജോലി തേടി അന്യ നാടുകളില്‍ പോകേണ്ടി വന്നതെന്നുമുള്ള പ്രാഥമിക യാഥാർഥ്യത്തെ ഭരണകൂടം മറച്ചുപിടിക്കുന്നു.
ഈ ഒഴിവാക്കലിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ട്.വരാനിരിക്കുന്ന മണ്ഡല പുനര്‍നിർണയം സെന്‍സസ് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നടപ്പാക്കുക. പ്രവാസികളെ ഒഴിവാക്കുമ്പോൾ കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് വരും. പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട രാഷ്ട്രീയ പ്രാതിനിധ്യവും കേന്ദ്ര വിഹിതവും സംരക്ഷിക്കപ്പെടുമായിരുന്നു. എന്നാല്‍, ഈ വിഭാഗത്തെ ബോധപൂർവം മാറ്റിനിര്‍ത്തുന്നതിലൂടെ ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ വിലപേശല്‍ ശേഷി തകര്‍ക്കുക എന്ന രാഷ്ട്രീയ അജണ്ട കൂടിയുണ്ട്.
ആനുകൂല്യങ്ങള്‍ നഷ്ടമാകുന്നവര്‍
സെന്‍സസില്‍ നിന്ന് പുറത്താക്കപ്പെടുന്നതോടെ പ്രവാസികള്‍ക്ക് നാട്ടിലുള്ള റേഷന്‍ കാര്‍ഡുകള്‍, ക്ഷേമ പദ്ധതികള്‍, ചികിത്സാ സഹായങ്ങള്‍ എന്നിവയില്‍ ഭാവിയില്‍ നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകാന്‍ പ്രവാസികളെ ക്ഷണിക്കുന്ന പ്രധാനമന്ത്രി, അവരുടെ പേര് രാജ്യത്തിന്റെ പട്ടികയില്‍ ചേര്‍ക്കാന്‍ മടിക്കുന്നത് എന്തുകൊണ്ടാണ്? മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി, വിദേശത്തുള്ള ഇന്ത്യക്കാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്താത്തപക്ഷം, ചരിത്രം ഈ കണക്കെടുപ്പിനെ വിശേഷിപ്പിക്കുക ‘പുറന്തള്ളലിന്റെ സെന്‍സസ്’ എന്നായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

