Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനാം നടന്നുനീങ്ങുന്നത്...

നാം നടന്നുനീങ്ങുന്നത് എതിർ ദിശയിലേക്കോ?

text_fields
bookmark_border

അയിത്തക്കാരാം പാവം
കിടാങ്ങൾ വഴിവക്കിൽ
ചിരിച്ചു കളിക്കുമ്പോ
ഴൊരു ബ്രാഹ്​മണനെത്തി:
ഓടിമാറുവ ിൻ, പോ, പോ
മാഹാറിൻ കിടാത്തരേ,
കീടങ്ങൾ കളിക്കുന്ന
തെന്തിങ്ങു വഴിമാറിൻ!
ഓടുവിൻ, തീണ്ടാതെതന്നെ,
ഞാനാഢ്യകുലഞ്ജാതൻ!
ഓടിപ്പോയ ധീരരായ്
കിടാങ്ങളതിവേഗം.
ഒരുത്തൻ മാത്രം നിന്നു;
ദുഷ്​ടനാം പുരോഹിതൻ
ചുഴറ്റീ വടി, അട്ട–
ഹസിച്ചു, പോ പോ ദൂരെ,
കഴുതേ! നിഴൽ കൂടി
വീഴ്ത്തരുതെൻ തൂമെയ്യിൽ
വെറുതെ ചൂരൽപ്പഴം
കിട്ടാതെയോടിപ്പോക്കോ.
കുടിലിൻ നേരെ ചൂളി–
പ്പോകുമ്പോൾ വിചാരമാ–
യവനിങ്ങനെ: എന്താ–
ണെൻ നിഴലവന്മെയ്യിൽ
പതിച്ചാൽ, എന്തുണ്ടതിൽ
തെറ്റായി? വീട്ടിൽ ചെന്നി–
ട്ടവനാ ച്ചോദ്യം ചോദി–
ച്ചമ്മയോ, ടവൾ ചൊല്ലി:
നാം താണോർ, വലിയവ–
രവർ, കാണുമ്പോൾ വഴി
മാറുക നല്ലൂ–നിർത്തി
ഇത്രയേ പറഞ്ഞവൾ.
അവളെന്തറിയുന്നു
പാവമീയുലകത്തിൽ
മഹത്ത്വം പാപത്തിന്മേൽ,
കീർത്തിയോ സാധുക്കൾ ത–
ന്നപമാനത്തിന്മേലും
പണിതീർത്തതാണല്ലോ

(കേശവസുതൻ എഴുതിയ അയിത്തക്കാരൻ കുട്ടിയുടെ ആദ്യത്തെ ചോദ്യം എന്ന മറാത്തി കവിത. വിവ: സച്ചിദാനന്ദൻ)

ഈ മറാത്തിക്കവിതക്ക് ഇന്നത്തെ കേരളാവസ്​ഥയിൽ ഏറെ പ്രസക്​തിയുണ്ട്. എന്താണെൻ നിഴലവന്മെയ്യിൽ പതിച്ചാൽ എന്നുള്ള കുട്ടികളുടെ ചോദ്യങ്ങൾ ഇടിമുഴക്കം പോലെ പെരുകുമ്പോഴും നാം താണോർ, വലിയവരവർ, കാണുമ്പോൾ വഴിമാറുക നല്ലൂ എന്ന് പറയുന്ന അമ്മമാരുടെ ആ​േക്രാശങ്ങളും പെരുകുകയാണോ ഇവിടെ? എത്രയോ വർഷങ്ങൾക്കു മുമ്പ് എം.ഗോവിന്ദൻ ചൂണ്ടിക്കാട്ടിയതുപോലെ അന്നു ചത്ത പൗരോഹിത്യത്തി​​​െൻറയും മതസ്വാധീനതകളുടെയും േപ്രതങ്ങൾ പ്രതികാരദേവതകളായി പരിണമിച്ചിരിക്കുകയാണോ?
നമ്മൾ പിന്തിരിഞ്ഞു നടക്കുകയല്ല യഥാർഥത്തിൽ നാലു വോട്ടിനുവേണ്ടി, കേരളത്തിൽ വേരുപിടിക്കാത്ത വെറുപ്പി​െൻറ വിചാരധാര പ്രചരിപ്പിക്കുന്നവർ, മലയാളികളെ പിന്നോട്ടുതള്ളി നടത്തുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത്.

ചരിത്രബോധമുള്ള ഒരു ജനതക്കുമാത്രമേ നമ്മെ പിടിച്ചു പിന്നോട്ടുതള്ളുമ്പോൾ, പിന്തിരിഞ്ഞു നടക്കാൻ പറയുമ്പോൾ, നവോത്ഥാന മൂല്യങ്ങൾ അപ്പടി തിരസ്​കരിക്കാൻ തീട്ടൂരമിടുമ്പോൾ നമ്മളിന്നലെ എങ്ങനെയായിരുന്നു എന്നു ചോദിക്കാൻ കഴിയുകയുള്ളൂ. വഴിനടക്കാനും മാറുമറയ്​ക്കാനും മനുഷ്യരായി ജീവിക്കാനും വേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളെ അയവിറക്കാനും കഴിയൂ.

ഈ അവസരത്തിൽ നാം വീണ്ടും വീണ്ടും ഒരു പുസ്​തകത്തെക്കുറിച്ച് സംസാരിക്കേണ്ടതുണ്ട്. അത് പി.ഭാസ്​കരനുണ്ണിയുടെ ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്​തകത്തെക്കുറിച്ചാണ്. ഉന്നതജാതിക്കാരൻ താണജാതിക്കാരനെ കാണുന്നത് മഹാപാപമായും പാതകമായും കരുതിയിരുന്ന ഒരു സാമൂഹിക വ്യവസ്​ഥയിൽ, ഉന്നതന്മാർ ഒരുമിച്ചുകൂടുമ്പോഴോ ഒരുമിച്ചുണ്ണുമ്പോഴോ അധമന്മാരോടുണ്ടാകുന്ന മനോഭാവം ഉൗഹിക്കാവുന്നതാണ്. ഒരു കാലഘട്ടത്തിൽ, ഓരോ ജാതിക്കും ഓരോ പലഹാരമായിരുന്നു. പുട്ട് ഈഴവരുടെ ഭക്ഷണമായിരുന്നു അന്ന്. ഈഴവപ്പുട്ടിന് നമ്പൂതിരി കൊടുത്ത പേര് കണ്ടപ്പം അല്ലെങ്കിൽ കുമ്പം തൂറി എന്നായിരുന്നു.

നമ്മളിപ്പോൾ ആചാരങ്ങളെക്കുറിച്ച് വാചാലരാകുന്നു. ആചാരം സംരക്ഷിക്കാൻ ചരിത്രബോധമില്ലാതെ ചാവേറുകളാകാൻ ഇറങ്ങിപ്പുറപ്പെട്ടവർ, പുരുഷന്മാർ കുപ്പായം ഇടുന്നതും സ്​ത്രീകൾ ബ്ലൗസും ജാക്കറ്റും ധരിക്കുന്നതും ധിക്കാരമായി കണക്കാക്കിയ ഒരു കാലം മറികടന്നാണ് നാമിവിടെ എത്തിയതെന്നോർക്കണം. ബ്രാഹ്മണർ കുളികഴിഞ്ഞാൽ, വിജാതീയ ഭാര്യമാരെയോ അതിലുള്ള സന്താനങ്ങളെയോ തൊടും മുമ്പ് ഭക്ഷണം കഴിച്ചുവന്ന ഒരുകാലം.

അവർണരിൽ സാധുക്കളായവരുടെ ഭക്ഷണത്തി​െൻറ ഏക സ്വാദ് ഉപ്പി​​േൻറതുമാത്രമാണ്. ആ ഉപ്പ് അങ്ങാടിയിലേ ലഭിക്കൂ. അങ്ങാടിയിൽ മാത്രമേ, തുറന്ന അങ്ങാടികളിൽ, അവർണർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. അതുതന്നെയും ചില പ്രത്യേക ഉപാധികളുടെ അടിസ്​ഥാനത്തിലായിരുന്നു. അങ്ങാടികളെല്ലാം പ്രധാന നിരത്തിനോട് ചേർന്നോ അതിനഭിമുഖമായോ ആണ്. പ്രധാന നിരത്തുപോയിട്ട്, സവർണർ സാധാരണയായി സഞ്ചരിക്കുന്ന വഴിച്ചാലുകളിലൂടെയോ വയൽവരമ്പുകളിലൂടെയോ അവർണന്മാരുടെ നിഴലുപോലും വീഴരുതെന്നാണ് ചട്ടം. അവന് അപ്രാപ്യമായ ബാലികേറാമലയാണ് അങ്ങാടി. അങ്ങാടിയിൽനിന്ന് ഒരു കാശിന്​ ഉപ്പ് വാങ്ങാൻ അവൻ എത്രയോ തവണ കച്ചവടക്കാരനോടോ ഒരു സവർണനോടോ കെഞ്ചേണ്ടിവരും. സവർണരിൽ ഏഴകളോട് മാത്രമേ അവന്​ യാചിക്കാൻ കഴിയൂ. ഏഴകൾ എവിടെയും ഏഴകളാണെങ്കിലും അവരുടെ ദുരിതവും വേദനയും സമാനമാണെങ്കിലും ഏഴയായ സവർണനും അയിത്തത്തെ ഭയമാണ്. നായന്മാർ വഴിയിൽ നടക്കുമ്പോൾ പോ പോ എന്ന് ഉച്ചത്തിൽ വിളയാട്ടും. അതുകേട്ടാൽ ഉടൻ പുലയർ അകലെപ്പോയി നിലത്തോളം പതിഞ്ഞ്​ കൈകൂപ്പി നായർ കടന്നുപോകുന്നതുവരെ ഒരിക്കൽപ്പോലും നേരെ നോക്കാതെ, ആ നിലയിൽ നിൽക്കണം. അടുത്തുവന്ന്​ തൊടുകയോ തീണ്ടുകയോ ചെയ്താൽ ആ പുലയനെ കൊന്നുകളയാം. ആചാരം സംരക്ഷിക്കപ്പെടണമെന്ന് പറയുന്നവർ ഇതും ഒരുകാലത്ത് ആചാരമായിരുന്നു എന്ന് ഓർക്കണം. സവർണഹിന്ദു ക്ഷേത്രങ്ങളിൽനിന്ന് പറയെടുക്കാൻ പുറത്തുപോകുമ്പോഴും എഴുന്നള്ളിപ്പുകൾ കൊണ്ടുപോകുമ്പോഴും അയിത്തജാതിക്കാരെ പൊതുവഴികളിൽ നിന്നുമാത്രമല്ല റോഡുവക്കത്തുള്ള അവരുടെ വീടുകളിൽ നിന്നും പീടികകളിൽനിന്നും നിർബന്ധമായി മാറ്റി നിർത്തിയ ഒരു കാലം കേരളത്തിലുണ്ടായിരുന്നു.

1082 ചിങ്ങത്തിൽ വിവേകോദയത്തിൽ വന്ന ഒരു റിപ്പോർട്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ പി. ഭാസ്​കരനുണ്ണി ഉദ്ധരിക്കുന്നുണ്ട്. ഇതാ വിചിത്രമായ മറ്റൊരു കേസ്​. 1906ലാണ് ഭ്രഷ്​ട്​ കൽപിക്കൽ നടന്നതെങ്കിൽ ഈ കേസ്​ നടന്നത് 1907 ലാണ്. കോഴിക്കോട് ടൗൺ മജിസ്​േട്രറ്റ് കോർട്ടിൽ വടക്കേ മലയാളത്തുകാരനായ ഒരു മിസ്​റ്റർ ഗോവിന്ദൻ (തീയൻ) വാദിയായി ഇപ്പോൾ നടന്നു വരുന്ന ജാതിക്കേസ്. മിസ്​റ്റർ ഗോവിന്ദൻ നഗരം വിട്ട് ഒരു ഉൾനാട്ടിലെ നിരത്തിൽകൂടി പോകുമ്പോൾ ഒരു നായർക്ക് വഴിതെറ്റിക്കൊടുക്കാത്ത കാരണത്താൽ അയാൾ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ് കേസ്​ കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അതൊന്നുമല്ല ഇതിലെ രസാംശം–വിചാരണയിൽ നായന്മാർക്ക് ത​​െൻറ ദേശത്ത് വഴിമാറിക്കൊടുക്കുക പതിവില്ലാത്തതിനാൽ അങ്ങനെ ചെയ്യാത്തതാണെന്ന് ന്യായമായിപ്പറഞ്ഞ മി. ഗോവിന്ദ​​െൻറ നേരെ മജിസ്​േട്രറ്റ് ഗോപാലകൃഷ്ണയ്യർ ചെയ്ത നിലവിട്ട അധികപ്രസംഗമാണ് ഞങ്ങളെ വിസ്​മയപ്പെടുത്തുന്നത്. ഈ കുറ്റത്തിന് എതിർ കക്ഷി മി. ഗോവിന്ദനെ കൊന്നുകളയാത്തത് ഭാഗ്യമായി എന്നും ഇങ്ങനെ പ്രവർത്തിക്കുന്നവ​​െൻറ അസ്​ഥി നുറുക്കിക്കളയേണ്ടതാണെന്നും ആയിരുന്നുവത്രേ ഈ മജ്സ്​േട്രറ്റ് തുറന്ന കോടതിയിൽ സംസാരിച്ചത് (വിവേകോദയം–1082 ചിങ്ങം പ: 3ന:5).

ആചാരങ്ങൾ അപ്പടി സംരക്ഷിക്കപ്പെടണം എന്നുപറയുന്നവർ സതിയും മുത്തലാഖുമൊക്കെ തിരിച്ചുകൊണ്ടുവരണമെന്ന് ഉള്ളി​​െൻറയുള്ളിൽ കരുതുന്നവരാണ്. സതി നിരോധിച്ചപ്പോൾ സതിക്കുവേണ്ടി സ്​ത്രീകളെ അണിനിരത്താനായതും അബ്രഹാം ലിങ്കൺ അടിമത്തം നിരോധിച്ചപ്പോൾ അടിമകളിൽ ഒരു വലിയ വിഭാഗത്തിനുതന്നെ അക്കാലത്ത് അതുൾക്കൊള്ളാൻ കഴിയാതിരുന്നതും ഇപ്പോൾ സ്​ത്രീകളെ അണിനിരത്തി കേരളം പിന്നോട്ട് പോകണമെന്ന് ശഠിക്കുന്നവർ ഓർക്കണം. കമ്യൂണിസവും ശ്രീനാരായണീയ പ്രസ്​ഥാനവും നവോത്ഥാന പ്രസ്​ഥാനങ്ങളുമൊക്കെ ഉഴുതുമറിച്ച് പാകപ്പെടുത്തിയ മണ്ണാണിത്. താൽക്കാലിക ആേക്രാശങ്ങളും ബഹളങ്ങളും അവസാനിക്കുമ്പോൾ കേരളം മുന്നോട്ടുതന്നെ നടക്കുമെന്ന്, വെറുപ്പി​െൻറ വിചാരധാരയുടെ വിത്തുപാകുന്നവർ മനസ്സിലാക്കേണ്ടിവരും. നെഹ്റുവിയൻ ആശയങ്ങളിൽ വിശ്വസിക്കുന്നവർ എന്ന് മോഹിക്കുന്നവർ ഹിന്ദുത്വകക്ഷികളോടൊപ്പം കേരളത്തെ പിന്നോട്ടു കൊണ്ടുപോകണമെന്ന് ശഠിക്കുമ്പോൾ ഹാ! കഷ്​ടം എന്ന് ചിന്തിക്കുന്നവർ പറഞ്ഞുപോകും.
ചാനലിലും പത്രങ്ങളിലും ചർച്ചകളിലും പ്രസംഗങ്ങളിലും വിശ്വാസികൾ എന്ന പദം വീണ്ടും വീണ്ടും നാം കേൾക്കുന്നു

ആരാണ് വിശ്വാസി?
ദൗത്യത്തിനായുള്ള പുറപ്പാടിനു മുമ്പ് ഗോദ്​​െസക്ക്​ നിലക്കടല തിന്നണമെന്ന് മോഹമുണ്ടായി. ആപ്തെ വാങ്ങിക്കൊണ്ടുവന്ന നിലക്കടല അയാൾ ആർത്തിയോടെ തിന്നു. പിന്നീട് അവർ ബിർളാക്ഷേത്രത്തിലേക്ക് പോയി. ആപ്തേയും കാർക്കറേയും ക്ഷേത്രത്തിൽ പ്രവേശിച്ച് മണിമുഴക്കി പ്രാർഥിച്ചു കാണിക്കയിട്ട് കൈ കൂപ്പി. കാളിമാതാവി​െൻറ മുമ്പിലായിരുന്നു ആ പ്രാർഥന. ഗോദ്​​െസ ശ്രീകോവിലിലേക്ക് കടന്നില്ല. പൂന്തോട്ടത്തിലുള്ള ശിവജിയുടെ പ്രതിമയെ അയാൾ പ്രണമിച്ചു.

സൈനിക വേഷമണിഞ്ഞ നാഥുറാം ത​​െൻറ കാക്കി ട്രൗസറി​െൻറ പോക്കറ്റിൽ കറുത്ത ബെറെറ്റ കൈത്തോക്ക് ഒളിപ്പിച്ചു വെച്ച് ജനക്കൂട്ടത്തിൽ കടന്നുകയറി. അയാൾക്കിരുവശവുമായി ആപ്​തേയും കാർക്കറേയും നിലയുറപ്പിച്ചു.

ഇവരും ‘വിശ്വാസികളാ’യിരുന്നു. ഇസ്​ലാമിക് സ്​റ്റേറ്റ് സ്​ഥാപിക്കാൻ യന്ത്രത്തോക്കുകളുമൊത്ത് ആളുകളെ തുരുതുരാ വെടിവെച്ചു കൊല്ലുകയും യുവതികളെ ലൈംഗിക അടിമകളാക്കുകയും ചെയ്യുന്ന ഐ.എസ്​ .അവരും ‘വിശ്വാസികളാ’യിരുന്നു. വിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും പറഞ്ഞ് ഇനി പിന്നോട്ടു നടക്കരുത്.

Show Full Article
TAGS:caste faith sabarimala women entry article malayalam news 
News Summary - Caste Return - Article
Next Story