സംസ്കൃതത്തിൽ എം.എ, ബി.എഡ്, എം.ഫിൽ ബിരുദധാരിയായ വിപിൻ വിജയൻ പിഎച്ച്.ഡി ഗവേഷണം പൂർത്തീകരിച്ച് ഓപൺ ഡിഫൻസിൽ അവതരിപ്പിക്കുകയും മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിക്കുകയും ചെയ്ത പ്രബന്ധമാണ് യൂനിവേഴ്സിറ്റിയിൽ സമർപ്പിച്ചത്. അത് നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും സംസ്കൃത വിഭാഗം മേധാവിയായ അധ്യാപിക യൂനിവേഴ്സിറ്റി രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും കത്ത് നൽകിയിരിക്കുന്നു. ഈ ഗവേഷകൻ പിഎച്ച്.ഡി പ്രബന്ധം തയാറാക്കിയത് ഇതേ അധ്യാപികയുടെ മേൽനോട്ടത്തിലായിരുന്നു താനും. തനിക്കിഷ്ടപ്പെടാത്ത ജാതിയിൽ ജനിച്ചു എന്നതാണ് അവരുടെ കണ്ണിൽ ആ ഗവേഷണ വിദ്യാർഥിയുടെ അയോഗ്യത. ഉത്തമമായ...
സംസ്കൃതത്തിൽ എം.എ, ബി.എഡ്, എം.ഫിൽ ബിരുദധാരിയായ വിപിൻ വിജയൻ പിഎച്ച്.ഡി ഗവേഷണം പൂർത്തീകരിച്ച് ഓപൺ ഡിഫൻസിൽ അവതരിപ്പിക്കുകയും മൂല്യനിർണയ സമിതി ചെയർമാൻ അംഗീകരിക്കുകയും ചെയ്ത പ്രബന്ധമാണ് യൂനിവേഴ്സിറ്റിയിൽ സമർപ്പിച്ചത്. അത് നിലവാരമില്ലാത്തതാണെന്നും ഗവേഷകന് സംസ്കൃതം അറിയില്ലെന്നും സംസ്കൃത വിഭാഗം മേധാവിയായ അധ്യാപിക യൂനിവേഴ്സിറ്റി രജിസ്ട്രാർക്കും വൈസ് ചാൻസലർക്കും കത്ത് നൽകിയിരിക്കുന്നു. ഈ ഗവേഷകൻ പിഎച്ച്.ഡി പ്രബന്ധം തയാറാക്കിയത് ഇതേ അധ്യാപികയുടെ മേൽനോട്ടത്തിലായിരുന്നു താനും.
തനിക്കിഷ്ടപ്പെടാത്ത ജാതിയിൽ ജനിച്ചു എന്നതാണ് അവരുടെ കണ്ണിൽ ആ ഗവേഷണ വിദ്യാർഥിയുടെ അയോഗ്യത. ഉത്തമമായ കലകളെല്ലാം പഠിപ്പിക്കുന്ന, അത്യുന്നത വാഴ്സിറ്റികളിൽ ജാതിക്കോമരങ്ങൾ ആടിത്തിമിർക്കുകയാണ്. പട്ടിക വിഭാഗക്കാരായ ഗവേഷക വിദ്യാർഥികൾ മാത്രമല്ല, അധ്യാപകരും അനധ്യാപകരുമെല്ലാം ഈ ജാതിക്രൂരതക്ക് ഇരയാക്കപ്പെടുന്നു. അർഹമായ പ്രമോഷൻ നൽകാതെ തടഞ്ഞുവെച്ചും നീതിക്കും ന്യായത്തിനും നിരക്കാത്ത കുറ്റാരോപണങ്ങൾ ഉന്നയിച്ചും സവർണ വർഗ താണ്ഡവമാണ് നടക്കുന്നത്.
മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റിയിൽ നാനോ സയൻസിൽ ഗവേഷണം നടത്തിവന്ന വിദ്യാർഥിനി ദീപ പി. മോഹന് വർഷങ്ങളോളം സമരവും നിരാഹാര സത്യഗ്രഹവും നടത്തേണ്ടിവന്നത് യൂനിവേഴ്സിറ്റി അടിസ്ഥാന സൗകര്യങ്ങൾപോലും നിഷേധിച്ചതിന്റെ പേരിലാണ്.
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ലൈഫ് സയൻസ് പഠന വകുപ്പിൽ പിഎച്ച്.ഡി ചെയ്യാൻ ഗൈഡ്ഷിപ് നൽകാൻ ഡയറക്ടറേറ്റ് ഓഫ് റിസർച്ചിൽ ഒഴിവ് ഉണ്ടായിട്ടും അത് റിപ്പോർട്ട് നൽകാതെ വകുപ്പ് മേധാവി ലിജിത്ത് ചന്ദ്രനെ ഏറെനാൾ ബുദ്ധിമുട്ടിച്ചു.
കേരളത്തിലെ സർവകലാശാലകളിൽ നടമാടുന്ന ഭരണഘടന ലംഘനവും സംവരണ അട്ടിമറികളും തുറന്നുകാട്ടി ഡോ. കെ.എസ്. മാധവൻ, പ്രഫ. പി.കെ. പോക്കർ എന്നിവർ ചേർന്ന് ‘മാധ്യമ’ത്തിൽ എഴുതിയതിന് ഡോ. കെ.എസ്. മാധവനെതിരെ യൂനിവേഴ്സിറ്റി നടപടിക്കൊരുങ്ങി.
കേരളത്തിലെ ഒട്ടെല്ലാ യൂനിവേഴ്സിറ്റികളിലും ജാതീയ വിവേചനമുണ്ട്. കുട്ടികളും ഉദ്യോഗസ്ഥരും അവയൊക്കെ നിശ്ശബ്ദം അനുഭവിക്കുന്നു. നിർഭയമായി തുറന്നുപറയാൻ മടിക്കുന്നതുകൊണ്ട് പുറംലോകം അറിയുന്നില്ലെന്നു മാത്രം. കേരള യൂനിവേഴ്സിറ്റിയിലെ വിപിൻ വിജയന്റെത് ഒടുവിലത്തെ ഉദാഹരണം മാത്രം.
ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു സംഭവത്തെ അപലപിക്കുകയും നടപടികൾക്കായി വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടിക വർഗ പീഡനനിരോധന നിയമപ്രകാരം ശ്രീകാര്യം പൊലീസ് കേസും ചാർജ് ചെയ്തു.
സാംസ്കാരികതയുടെ മഹനീയ കേന്ദ്രങ്ങളാകേണ്ട വാഴ്സിറ്റികൾ ജാതിവൈകൃതങ്ങളുടെ കൂത്തരങ്ങുകളാകാൻ പാടില്ല. ജാതിമാലിന്യം മനസ്സിൽ സൂക്ഷിക്കുന്ന വ്യക്തി ശ്രേഷ്ഠമായ അധ്യാപക ജോലിയിൽ തുടരുന്നത് കേരളത്തിന്റെ യശസ്സിന് ചേർന്നതല്ല.
(സാംബവ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)