ജാതി തലയും വാലും
text_fieldsഷാഹിന ഇ.കെ, ആർ.കെ. നിതിൻരാജ്
ലോകത്തിലെ ഏറ്റവും വലിയ വൻമതിൽ ചൈനയിലല്ല ഇന്ത്യയിലാണ്. സപ്താത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ ദൃശ്യമാണ്. എന്നാൽ ഇന്ത്യയിലെ ജാതിമതിൽ ദൃശ്യവും, അതിനേക്കാളെത്രയോ അദൃശ്യവുമാണ്
ജാതി എന്നത് നിയന്ത്രണത്തിനുള്ള മറ്റൊരു പേരാണ്. ജാതിമേൽക്കോയ്മയുടെ അന്തഃസത്ത കുടികൊള്ളുന്നത് മറ്റുള്ളവരെ തരം താഴ്ത്തുന്നതിലാണ് (റവ. എച്ച്. ബേക്കർ). ഭീതി ജനിപ്പിക്കുക എന്നതാണ് ജനങ്ങളെ സ്വാധീനിക്കാനുള്ള ഏറ്റവും മികച്ച മാർഗം (എച്ച്.എൽ. മെൻകർ). നിങ്ങൾ ഇഷ്ടമുള്ള ഏതുദിശയിലേക്കും തിരിഞ്ഞുകൊള്ളു, ജാതി നിങ്ങളുടെ പാത കടന്നെത്തുന്ന വഴികളിൽ ഭീമാകാരമായ ജന്തുവായി കുറുകെയുണ്ട്. ഈ ഭീകര രൂപിയെ കൊല്ലാതെ നിങ്ങൾക്ക് ഒരു രാഷ്ട്രീയ പരിഷ്‍കരണവും ഒരു സാമ്പത്തിക പരിഷ്‍കരണവും സാധ്യമാവില്ല (അംബേദ്കർ).
ദാമോദരൻ പറയ്, ശങ്കരൻ പറയ് എന്ന് മറ്റു കുട്ടികളുടെ പേര് വിളിക്കുമ്പോൾ, പ്രശസ്ത ജനപ്രതിഭയായി പിൽക്കാലത്ത് മാറിയ കുഞ്ഞാമനോട് മാഷ് പറഞ്ഞത്. പാണൻ പറയെടാ എന്നായിരുന്നു എന്ന് ‘എതിര്’ എന്ന ആത്മകഥയിൽ അദ്ദേഹം അടയാളപ്പെടുത്തിയതിലൂടെ ഒരിക്കൽകൂടി സഞ്ചരിച്ചാൽ, നാം ആ ഭൂതകാലത്തിൽ മാത്രമല്ല, ഇന്നത്തെ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ റാംപ്രഭൃതികളിലും എത്തും. ഒരേ സമയം ഭൂതവർത്തമാനങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയും എന്നുള്ളതാണ് ജാതിയുടെ മിടുക്ക്.
ആർ.കെ. നിതിൻരാജ് കെട്ടിടത്തിന് മുകളിൽനിന്ന് സ്വയം ചാടിയതല്ല, ജാതിഭീകരതയുടെ അദൃശ്യകരങ്ങൾ അദ്ദേഹത്തെ ഉന്തിവീഴ്ത്തിയതാണ്. അതുകൊണ്ടാണ് ജനായത്ത വാദികൾ ഇതിനെ ജാതിവ്യവസ്ഥ നിർവഹിച്ച സ്ഥാപനവത്കൃത കൊലയായി കാണുന്നത്. ജാതി കാണുന്ന വാലും, അതിലേറെ കാണാത്ത തലയുമാണ്. അതിനെ ആനന്ദ് തെം തുൽദെ വിട്ടാലും വിടാത്തത് എന്ന അർഥത്തിൽ, വിടാപിടി എന്ന് വിളിച്ചത് എത്രയോ അർഥപൂർണമാണ്. ജാതിക്കെതിരെയുള്ള വിമർശനത്തെപ്പോലും സ്വന്തം സാധ്യതയാക്കി മാറ്റാനുള്ള ജാതിപ്രത്യയശാസ്ത്രത്തിന്റെ ശേഷിയെ കുറച്ചുകാണുന്നതുകൊണ്ടാണ്, സർവ പ്രശ്നങ്ങളെയും സാമ്പത്തിക കാര്യത്തിന്റെ കുറ്റിയിൽ മാത്രമായി കെട്ടിയിടാൻ പണ്ഡിതരിൽ പലരും ശ്രമിക്കുന്നത്. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ തെങ്ങമം ബാലകൃഷ്ണൻ പി.എസ്.സി മെംബറായിരുന്ന കാലത്തെ, കോളജ് അധ്യാപകർക്കായുള്ള അഭിമുഖ പരീക്ഷയിൽ ചോദിക്കാനിടയായ ഒരു ചോദ്യവും അതിന് ലഭിച്ച ഉത്തരം ഉണ്ടാക്കിയ ആഹ്ലാദവും, ആ ഒരൊറ്റ ഉത്തരത്തിന്റെ പേരിൽ ആ ഉദ്യോഗാർഥിക്ക് തൊഴിൽ നൽകിയതും ഒരു പകുതി തമാശയായി പറഞ്ഞത് ഓർക്കുന്നു.
സാവിത്രി എന്നു പേരായ ഒരു അന്തർജനമാണ് ഉദ്യോഗാർഥിയായി കടന്നുവന്നത്. ആ പഴയ ചാത്തൻ ഇപ്പോൾ നിങ്ങളുടെ വീട്ടിലേക്ക് പെട്ടെന്ന് കടന്നുവന്നാൽ എന്തുചെയ്യുമെന്നായിരുന്നു ഓർക്കാപ്പുറത്തുള്ള കുസൃതിച്ചോദ്യം. ഒരു ചാഞ്ചാട്ടവുമില്ലാതെ ഉദ്യോഗാർഥിയായ സാവിത്രി അന്തർജനം പറഞ്ഞത്, ഞാനാദ്യം അദ്ദേഹത്തോട് ഇരിക്കാൻ പറയും എന്നായിരുന്നു. ഹന്തക്ക് ഇന്ത പട്ട്പോലെ ആ ഒരൊറ്റ അദ്ദേഹത്തിന് എന്ന ബഹുമാന സൂചകമായ പ്രയോഗത്തിന്റെ മാത്രം പേരിൽ മറ്റൊന്നും പരിഗണിക്കാതെ ആ ഉദ്യോഗാർഥിക്ക് തൊഴിൽ നൽകിയെത്ര! കുമാരനാശാന്റെ ദുരവസ്ഥ കൊണ്ടുണ്ടായ ഒരു മെച്ചം! പക്ഷേ ഇതിനൊരു മറുപുറമുണ്ട്. റിസർവേഷൻ പോസ്റ്റല്ലെങ്കിൽ, ചാത്തനാണ് ഉദ്യോഗാർഥിയെങ്കിൽ, ആ സാവിത്രി ഇപ്പോൾ വീട്ടിലേക്ക് വരുകയാണെങ്കിൽ, നിങ്ങൾ എന്തുചെയ്യുമെന്ന് ചോദിക്കപ്പെട്ടാൽ ഞാൻ അദ്ദേഹത്തോട് ഇരിക്കാൻ പറയും എന്ന് ചാത്തൻ പറഞ്ഞാൽ, ആ ഒരു അദ്ദേഹം കൊണ്ട് ചാത്തന് തൊഴിലൊന്നും കിട്ടുകയില്ല. എന്തുകൊണ്ടെന്നാൽ ഒരു സാവിത്രി ചാത്തനെക്കുറിച്ച് അദ്ദേഹം എന്ന് പറയുമ്പോൾ മാത്രമേ അതിനൊരു മഹത്വമുണ്ടാവുന്നുള്ളു. ചാത്തനാവട്ടെ അങ്ങനെ പറയാതിരുന്നാൽ പൊല്ലാപ്പാവുമെന്നല്ലാതെ, പറഞ്ഞതുകൊണ്ട് പ്രത്യേകിച്ച് േഗ്രഡ് കൂടാനൊന്നും പോവുന്നില്ല!
ലോകത്തിലെ ഏറ്റവും വലിയ വൻമതിൽ ചൈനയിലല്ല ഇന്ത്യയിലാണ്. സപ്താത്ഭുതങ്ങളിലൊന്നായ ചൈനയിലെ വൻമതിൽ ദൃശ്യമാണ്. എന്നാൽ ഇന്ത്യയിലെ ജാതിമതിൽ ദൃശ്യവും, അതിനേക്കാളെത്രയോ അദൃശ്യവുമാണ്. ജാതിയില്ലെന്ന് സാഹചര്യങ്ങളുടെ സമ്മർദഫലമായി മാത്രമല്ല, അല്ലാതെതന്നെ ആത്മാർഥമായി കരുതുന്നവർപോലും അവരുടെ ജാതിയിൽ തൊടുമ്പോൾ പ്രകോപിതരാകും! ജാതിയുള്ളത് സവർണർക്കു മാത്രമാണ്. അവർണർക്ക് ഉണ്ടെന്ന് കരുതപ്പെടുന്ന ജാതി, സവർണത അവർക്കുമേൽ കെട്ടിവെച്ചതാണ്. സംവരണം അപര്യാപ്തമായ ഒരവകാശമാണെന്ന് കാലമേറെ കഴിഞ്ഞിട്ടും പലർക്കുമുള്ള മനസ്സിലാകായ്മ, ഒരുജാതി രോഗലക്ഷണമാണ്. സംവരണം ദാരിദ്യ്ര നിർമാർജന പദ്ധതിയാണെന്ന, ആയിരിക്കണമെന്ന സമീപനത്തിലും കൊമ്പുകുലുക്കുന്നത് ജാതിമേൽക്കോയ്മാ കാഴ്ചപ്പാടാണ്. ഇത് ആദ്യത്തേതിനേക്കാൾ എത്രയോ ഗൗരവമേറിയ രോഗലക്ഷണമാണ്.
സ്വമേധയാ അല്ലെങ്കിലും ഞാനും ഒരു ജാതിയിൽ ജനിച്ചുപോയതിനാൽ പലതരം സാംസ്കാരിക ആനുകൂല്യങ്ങൾ കൈപ്പറ്റേണ്ടിവരുന്ന ഒരു ബോറനായി മാറിപ്പോയല്ലോ എന്നോർത്ത്, ശരിക്കും അശ്ലീലജാതിബോധമാണ് അവമാനഭാരംകൊണ്ട് ശിരസ്സ്കുനിക്കേണ്ടത്. അടിസ്ഥാന ജനത അഭിമാനത്തോടെ വാങ്ങുന്ന സംവരണം അവരുടെ അവകാശമാണ്; എന്നാൽ, ജാതിജനത അർഹിക്കാത്ത പദവികൊണ്ടുനടക്കുന്നതാണ് ആനുകൂല്യം. എന്നിട്ടും ആനുകൂല്യം കൈപ്പറ്റുന്നവർക്ക് പരിമിതമായ അവകാശങ്ങൾ കൈപ്പറ്റുന്നവരെ പരിഹസിക്കാൻ കഴിയുന്നു എന്നിടത്തുവെച്ചാണ്, ജാതിമേൽക്കോയ്മ വിജയിക്കുന്നത്. അൽപർ അധ്വാനജനതക്കെതിരെ നടത്തുന്ന നിന്ദകളിൽ നിന്നാണ് ഒരു പ്രഫസർ റാമും മറ്റൊരു നമ്പ്യാരുമടക്കമുള്ള ജനവിരുദ്ധർ ഉയർന്നുവരുന്നത്.
മതസങ്കുചിതത്വം പരമാവധി നാലോ അഞ്ചോ രാഷ്ട്രങ്ങളിലായി, ഒരു രാഷ്ട്രത്തെ ജനതയെ പകുക്കുമ്പോൾ, ജാതി, രാഷ്ട്രമേയില്ലാത്ത അഭയാർഥികളായി മനുഷ്യരെ പിളർത്തും! മതമുറിവിന് മനുഷ്യത്വത്തെ മുറിപ്പെടുത്തുന്ന മരുന്നുണ്ടെങ്കിൽ, ജാതി മുറിവിന് ആവിധം മരുന്ന് പോലുമില്ല. എന്നിരുന്നാലും രണ്ടിനുമിടയിൽ ഒരുവിധേനയും ഇടകലരാത്ത മതിലുകളൊന്നുമില്ല. രണ്ടും അങ്ങേയറ്റം വേദനാജനകവുമായിരിക്കും. എന്നാലും അവക്കിടയിൽ ഒരു വല്ലായ്മ ഉണ്ടാക്കുന്ന വലിയൊരു പക്ഷേ ബാക്കിയായി കിടപ്പുണ്ടാവും. ആ പക്ഷേ എന്ന് പറയുന്നതിൽ ഒന്ന,് ഒരുവിധേനയും അത്രപെട്ടെന്ന് ഐക്യപ്പെടാനാവാത്ത വിധം വ്യത്യസ്ത ജാതിവിഭാഗങ്ങൾക്കിടയിൽ, ജാതിമേൽക്കോയ്മ കയറാൻ പ്രയാസമായ ഭിന്നിപ്പിന്റെ കിടങ്ങ് കുത്തിക്കഴിഞ്ഞിരിക്കുന്നുവെന്നുള്ളതാണ്.
അതിശയിപ്പിക്കുന്ന കാര്യം, ഇതേ ഭിന്നിപ്പിക്കുന്ന കിടങ്ങ് കുത്തിയ മേൽക്കോയ്മാ പ്രത്യയശാസ്ത്രംതന്നെ, അതേ ഭിന്നിപ്പിന്റെ പേരിൽ വിവിധ ജാതിവിഭാഗങ്ങളെ ആക്ഷേപിക്കാനുള്ള, പെട്ടെന്ന് തിരിച്ചറിയപ്പെടാനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളതാണ്. മറ്റുള്ളവരാൽ ഇരകളാക്കപ്പെട്ടതിന്, ഇരകളെത്തന്നെ കുറ്റവാളികളാക്കുകയാണ് ജാതിമേൽക്കോയ്മ ചെയ്യുന്നത്. ആദ്യം മനുഷ്യരെ നമ്പൂതിരിയും നായാടിയുമാക്കി അകറ്റുക, പിന്നെ അതേ നമ്പൂതിരി മുതൽ നായാടിവരെയുള്ളവർക്കിടയിൽ അടുപ്പവും ഉണ്ടാക്കുക എന്നതിലാണത് പരമാവധി കറങ്ങുന്നത്. ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രത്തെ ഉന്മൂലനം ചെയ്യാതെ ജാതികൾക്കുള്ളിലും ഇടയിലും പുറത്തുമുള്ള ഭിന്നിപ്പ് ഇല്ലാതാക്കാൻ കഴിയില്ലെന്ന മൗലികസത്യമാണവർ അതുവഴി തന്ത്രപൂർവം മറിച്ചിടുന്നത്.
അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിലും മേൽകീഴ് വിവേചനമില്ലേ, അതിന് ഞങ്ങളാണോ ഉത്തരവാദികൾ എന്ന ചോദ്യം ജാതിമേൽക്കോയ്മ സ്വന്തം സൗകര്യാർഥം സൃഷ്ടിച്ചതാണ്. ഞങ്ങൾ ഇത്ര അകലം നിങ്ങളിൽനിന്നും മാറി നിന്നോളാമേ, എന്ന് അടിസ്ഥാന ജനവിഭാഗം അപേക്ഷിച്ചതിൻ പടിയല്ല അയിത്തം ഉണ്ടായതെന്നും, അത് ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം അടിച്ചേൽപിച്ചതാണെന്നും, അത്രമേൽ വ്യക്തമായിട്ടും അതിന്നും വ്യക്തമാവാതിരിക്കുന്നത്, ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം പിന്തുടരുന്നവർക്ക് മാത്രമാണ്.
കാലംമാറി, വേഷം മാറി, സൗകര്യങ്ങൾ കൂടി പക്ഷേ ജാതി പലപല രൂപങ്ങളിൽ തുടരുകയാണ്. ശരിയായാലും തെറ്റായാലും സർവമതങ്ങളിലും മൂല്യങ്ങളുണ്ട്. എന്നാൽ, ജാതിയിലുള്ളത് നഗ്നമായ അധികാര പ്രയോഗം മാത്രമാണ്. അതുകൊണ്ട് കൂടിയാണ്, ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന് പറഞ്ഞ ഗുരു, ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ഒരിടത്തും പറയാതിരുന്നത്! നമുക്ക് സന്ന്യാസം നൽകിയത് ബ്രിട്ടീഷുകാരാണ് എന്ന ഗുരുവിന്റെ പ്രസ്താവനയിൽ, ജനഭാവന ജാതിക്കെതിരെ നിർവഹിച്ച പ്രതിഷേധത്തിന്റെ കനലാണ് ഇന്നും എരിയുന്നത്. കേരള ചരിത്രത്തിൽ ആ കനൽ ഓരൊന്നര നൂറ്റാണ്ടിനും മുമ്പ് അടയാളപ്പെടുത്തിയ ഒരു പ്രദേശത്തിന്റെ കൂടി പേരാണ്, ഇപ്പോൾ ജാതിബോറർ മലിനമാക്കിയ അഞ്ചരക്കണ്ടിയെന്ന്, ചരിത്രബോധമുള്ളവരാരും മറക്കരുത്.
മലയാള നോവൽ സാഹിത്യത്തിൽ വഴിത്തിരിവ് സൃഷ്ടിച്ച, നിരവധി പരിമിതികൾക്കിടയിലും ജാതികോട്ടകൾക്കെതിരെ പൊട്ടിത്തെറിച്ച പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായി മാറിയ പ്രദേശത്തിന്റെ കൂടി പേരാണ് അഞ്ചരക്കണ്ടി. ഒ. ചന്തുമേനോൻ ഇന്ദുലേഖയിൽ അടയാളപ്പെടുത്തിയ മദിരാശി, കൽക്കത്തകളേക്കാൾ, സാംസ്കാരിക ചരിത്രത്തിൽ പ്രാധാന്യമേറും ആ അഞ്ചരക്കണ്ടിക്ക്! ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊടുത്ത, അഞ്ചരക്കണ്ടിയെ, സുഗന്ധ താഴ്വരയാക്കി മാറ്റിയ, ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ കറുവപട്ട തോട്ടം ഇല്ലായിരുന്നെങ്കിൽ, പോത്തേരി കുഞ്ഞമ്പുവിന്റെ സരസ്വതീ വിജയം ഉണ്ടാകുമായിരുന്നില്ല. പാട്ടുപാടിയതിന്റെ പേരിൽ ജാതിചവിട്ടേറ്റ് വീണ മരത്തൻ എന്ന പുലയ യുവാവ്, സായ്വിന്റെ സുഗന്ധതോട്ടമില്ലായിരുന്നെങ്കിൽ യേശുദാസ് എന്ന ജഡ്ജിയായി മാറുമായിരുന്നില്ല.
പുലയൻ പാട്ട് പാടിയാൽ മഴ പെയ്യില്ല എന്ന കുബേരൻ നമ്പൂതിരിപ്പാട് എന്ന ജാതിപ്പാടിന്റെ ജൽപനം പൊളിച്ചടുക്കിയത് സായ്വിന്റെ അഞ്ചരക്കണ്ടി കറുവതോട്ടത്തിലെ പരിമിത മാനവികതയാണ്. സന്യാസം മാത്രമല്ല, അധഃസ്ഥിതന് സംഗീതാവിഷ്‍കാര സ്വാതന്ത്ര്യവും ലഭിച്ചത് ഗുരുവിന്റെ വാക്കുകൾ കടമെടുത്താൽ ബ്രിട്ടീഷുകാരുള്ളതുകൊണ്ടാണ്. അടിമത്തത്തേക്കാൾ ഭീകരമാണ് അയിത്തം എന്ന് അംബേദ്കർ പറഞ്ഞതും സാമ്രാജ്യത്വത്തേക്കാൾ മാരകമാണ് അടിസ്ഥാനജനതക്ക് ജാതിമേൽക്കോയ്മാ നേതൃത്വത്തിലുള്ള ആഭ്യന്തര കൊളോണിയലിസം എന്ന് ഗുരു പറഞ്ഞതും ജാതിഭീകരതയുടെ ആഴങ്ങളിലേക്കാണ് ചെന്നിറങ്ങുന്നത്.
കുബേരൻ നമ്പൂതിരിയെന്ന ജാതിത്തിരിയുടെ അടിമയായിരുന്നെങ്കിൽ, സരസ്വതീവിജയം നോവലിലെ മരത്തൻ നൂറ് മേഘമൽഹാർ പാടിയാലും പെയ്യാതിരുന്ന മഴയാണ്, ജോസഫ് സായ്വിന്റെ അഞ്ചരക്കണ്ടി എസ്റ്റേറ്റിലെ തൊഴിലാളിയായപ്പോൾ, മേഘമൽഹാർ രാഗം ആലപിക്കാതെ തന്നെ തിമർത്ത് പെയ്തിറങ്ങിയത്! അന്ന് അഞ്ചരക്കണ്ടി സിനമൺ എസ്റ്റേറ്റിൽനിന്ന് സുഗന്ധം പരന്നെങ്കിൽ, ഇന്ന് ആ സ്ഥലത്ത് രൂപംകൊണ്ട ആരോഗ്യസ്ഥാപനത്തിൽനിന്ന് ജാതി ദുർഗന്ധമാണ് പ്രസരിക്കുന്നത്. ആർ.കെ. നിതിൻരാജ് ജാതിവ്യവസ്ഥ കൊന്ന ഒരു വ്യക്തിയേയല്ല, തുടർന്നുകൊണ്ടേയിരിക്കുന്ന ജാതിപീഡന പരമ്പരകളുടെ പരിച്ഛേദമാണ്. ഒരു ജാതിറാമിനുമുന്നിലും തലകുനിക്കാതെയാണവൻ; ജാതിമേൽക്കോയ്മക്ക് സംഭ്രമമുണ്ടാക്കി, സമരപഥങ്ങളിൽ തീജ്വാലകളുയർത്തി കടന്നുപോയത്.
ഷാഹിന ഇ.കെയുടെ ‘ദളിതർ’ എന്ന കഥയേയാണ് പല നിലകളിലും ആർ.കെ. നിതിൻരാജ് ഓർമിപ്പിക്കുന്നത്. ജാതിവാദികളായ പിള്ളമാഷും നമ്പ്യാർ മാഷും, പുതുതായി വൈകിവന്ന വിദ്യാർഥിയുടെ കറുത്ത നിറവും ജാതിയും കണ്ട് അവനെ ഒന്നിരുത്തണമെന്ന് വിചാരിച്ച് പഠിച്ചപണി മുഴുവൻ ചെയ്തിട്ടും അവനുപകരം അവർ തളർന്നുപോയതിന്റെ സംഘർഷമാണ് ഷാഹിന ഇ.കെ ദളിതൻ കഥയിൽ ആവിഷ്‍കരിച്ചത്. വൈകി അഡ്മിഷൻ നേടി വന്നതിനാൽ ഈ കറുമ്പൻ പിറകിലിരിക്കുമെന്നും, വിധേയത്വം കാണിക്കുമെന്നും ജാതിമാഷ്മ്മാർ കരുതി. എന്നാൽ കുട്ടി ആ പതിവ് തെറ്റിച്ച് പിന്നിലിരിക്കാതെ മുന്നിലിരിക്കുകയും പേര് ചോദിച്ചപ്പോൾ നിവർന്നുനിന്ന് ഒരു കൂസലുമില്ലാതെ ക്ലാസ് നിശ്ശബ്ദമാകുംവിധത്തിൽ ഉച്ചത്തിൽ ദളിതൻ എന്ന് പറഞ്ഞതും; ആർ.കെ. നിതിൻ രാജ് ഭയം തളം കെട്ടിയ കാമ്പസ് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ച്, ഇഡിയറ്റ് എന്ന് വിളിച്ച റാംപ്രഭൃതികളോട് അത് നിങ്ങളാണ് എന്ന് തിരിച്ചടിച്ചതും ചേർത്തുവായിക്കപ്പെടേണ്ടതാണ്. ഒടുവിൽ കഥയിലെ ആ ദളിതനെ ഒന്ന് ഇരുത്താൻ പിള്ളമാഷ്, എന്താണ് നാനാത്വത്തിൽ ഏകത്വം എന്ന് ചോദിച്ചപ്പോൾ, കുറേക്കാലമായി ഇതു കേൾക്കുന്നു, എന്താണതെന്ന്, കഥയിലെ ദളിതൻ തിരിച്ചുചോദിക്കുന്നതും അതോടെ മാഷ് ഇരുന്നുപോയതുമാണ് കഥയുടെ ഇതിവൃത്തം.
കൊള്ളരുതായ്മകളുടെ പേരിൽ ഒളിവിൽ കഴിയേണ്ടി വന്ന റാംപ്രഭൃതികൾ ജാതിമേൽക്കോയ്മക്ക് എതിരെയുള്ള ചെറുത്തുനിൽപിൽ ഇരുന്നുപോവുകയല്ല, വീണുപോയവരാണ്. പെൺകുട്ടികളെ ആൺകുട്ടികളെക്കൊണ്ട് അടിപ്പിക്കുകയും, ഞാനൊരാളെ കൊന്നവനാണെന്ന് അഭിമാനപൂർവം പറയുകയും, പറയുന്നത് അനുസരിച്ചില്ലെങ്കിൽ നിന്റെ ശരീരം കഷണങ്ങളാക്കി വീട്ടിലേക്ക് പാർസലായി അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ജാതിബോറനെ രക്ഷിക്കാൻ പലരുമുണ്ടാവാമെങ്കിലും, കെ.ആർ. നിതിൻരാജിനുവേണ്ടി കേരളത്തിൽ ഉയർന്നുകഴിഞ്ഞ പ്രതിരോധം പാഴാവുകയില്ല. വിലപ്പെട്ട ഒരു പ്രാണൻ പൊലിയേണ്ടിവന്നു, കാമ്പസ് ജാതിവാർത്തകൾ പുറത്തുവരാൻ എന്നുള്ളത്, പ്രബുദ്ധകേരളം ഗൗരവമായി പരിഗണിക്കേണ്ടൊരു വിഷയമാണ്.
ഒരു സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ വളരെ ആവേശത്തോടെ ഇപ്പോഴും ഓർക്കുന്ന ഒരഞ്ചരക്കണ്ടി അനുഭവം ഉണ്ട്. അത് 1995ൽ രാത്രിയിൽ ആരംഭിച്ച് പുലർച്ചെവരെ നീണ്ടുനിന്ന ആശയ സംവാദത്തിന്റെ ഗംഭീരമായൊരോർമയാണ്! ബദൽ ബലമാണെന്ന ആശയമാണ് ഇപ്പോഴെന്നപോലെ അന്നും പ്രധാനമായും അവിടെയും അവതരിപ്പിച്ചത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ കണ്ണൂർ ജില്ല പ്രവർത്തന ക്യാമ്പായിരുന്നു വേദി. ഇതുപോലെ എത്രയെത്രയോ സംവാദങ്ങൾ, അതൊക്കെ ചെറിയ മാറ്റങ്ങൾ ഉണ്ടാക്കി; എന്നാൽ അരാഷ്ട്രീയ അടച്ചുപൂട്ടി കാമ്പസുകൾക്ക് അകത്തേക്ക് പല കാരണങ്ങളാൽ അതിന് അന്നെന്നപോലെ ഇന്നും ഇടിച്ചുകയറാൻ കഴിഞ്ഞില്ല. ആർ .കെ. നിതിൻരാജ് സ്വന്തം ജീവൻ നൽകി വലിച്ചുതുറന്നത്, ആ ജാതിക്കോട്ടയുടെ പ്രബുദ്ധതയെ കടത്തിവിടാത്ത അടച്ചുറപ്പുള്ള വാതിലാണ്. ഒരു തമ്പുരാനും തടയാനാവാത്തവിധം ഇനി വെളിച്ചം അവിടേക്കും ഇടിച്ചുകയറും, ഉറപ്പ്.
ഇത് കേരളമാണ് എന്ന് അഭിമാനപൂർവം പറയുമ്പോഴും ഇത് തമ്പുരാനിസം ആഘോഷിക്കുന്ന ഹിസ് ഹൈനസ് തൊമ്മികളുടെയും കൂടി ജാതികേരളവുമാവുകയാണ്! ജാതിയെ സർവവിധത്തിലും സ്ഥാപനവത്കരിച്ച ശങ്കര സ്മരണകൾ ആഘോഷിക്കുന്ന, ശങ്കരജയന്തിയെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന കേരളവുമാവുകയാണ്. കരിയും വേണ്ട കരിമരുന്നും വേണ്ട എന്ന് ശഠിച്ച ഗുരുവിനെ പുറന്തള്ളി പുരാണമഹത്വ പ്രകീർത്തനത്തിന്റെ കൂടി കേരളമാവുകയാണ്. ജാതിവിരുദ്ധവും മതനിരപേക്ഷവും ആധുനികവുമായ കേരളം ഇനിയും എത്രയോ അകലെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

