കാമ്പസുകളിലെ ജാതിവിവേചനവും സുപ്രീംകോടതിയുടെ ഇടപെടലും
text_fieldsസമൂഹത്തിലെ പിന്നാമ്പുറങ്ങളിൽ അകപ്പെട്ടുപോയ അവഗണിക്കപ്പെട്ട ജനവിഭാഗമാണ് രാജ്യത്തെ പട്ടികജാതി-വർഗ വിഭാഗത്തിൽപ്പെട്ട ജനകോടികൾ. എല്ലാനിലയിലും അവഗണനമാത്രം അനുഭവിക്കുന്ന സമൂഹങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് നമ്മുടെ ഭരണഘടന അവർക്കായി സംവരണവും മറ്റ് ചില പരിരക്ഷകളും മുന്നോട്ടുവെക്കുന്നത്. ഭരണഘടനയിലെ ആർട്ടിക്കിൾ 15ൽ സമത്വത്തെ സംബന്ധിച്ച് വിശദീകരിക്കുന്ന ഭാഗത്തിലെ 15(4) സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന ഏതെങ്കിലും വിഭാഗത്തിൽപ്പെട്ട പൗരരുടെ ഉന്നമനത്തിന് വേണ്ടിയോ പട്ടികജാതി-വർഗത്തിൽപ്പെട്ടവർക്ക്
വേണ്ടിയോ ഏതെങ്കിലും പ്രത്യേക വ്യവസ്ഥ ഉണ്ടാക്കുന്നതിൽനിന്ന് രാഷ്ട്രത്തെ തടയുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അയിത്തം നിർത്തലാക്കുന്ന ഭരണഘടനയുടെ 17ാം വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള അയിത്താചരണം ശിക്ഷാർഹമായ കുറ്റമായും വിവക്ഷിക്കുന്നു.
സമൂഹവും രാജ്യവും വലിയ പുരോഗതി പ്രാപിച്ചെന്നും ജാതീയ ഉച്ചനീചത്വങ്ങൾ അവസാനിച്ചെന്നും ഭരണത്തലപ്പത്തുള്ളവർ പ്രചാരണം നടത്തുന്നതിനിടയിലാണ് ഇവിടത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കടുത്ത ജാതിവിവേചനവും, അതിന്റെ പ്രത്യാഘാതമായി പിന്നാക്ക-ദലിത് വിദ്യാർഥികളുടെ ആത്മഹത്യകളും തുടർക്കഥയാവുന്നത്. നിരന്തരമായ ഇത്തരം ഹൃദയഭേദകമായ സംഭവങ്ങളെ തുടർന്ന് രാജ്യത്തെ പരമോന്നത കോടതിതന്നെ പ്രശ്നത്തിൽ ഇടപെട്ടു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം സംബന്ധിച്ച് എത്ര പരാതികൾ ലഭിച്ചെന്നും, എന്ത് നടപടി സ്വീകരിച്ചെന്നും അറിയിക്കാൻ യു.ജി.സിക്ക് നിർദേശം നൽകിയിരിക്കുകയാണ് നീതിപീഠം. ജാതിവേർതിരിവുകളില്ലാതെ തുല്യ അവസരം ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സെൽ രൂപവത്കരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ വിശദാംശങ്ങൾ കൈമാറണം. സർവകലാശാല സെല്ലുകൾ രൂപവത്കരിക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവൻ ബലിനൽകേണ്ടിവന്ന രോഹിത് വെമുലയുടെ അമ്മ രാധികയും ഡോ.പായൽ തഡ്വിയുടെ അമ്മ അബേദ സലീം തഡ്വിയും സമർപ്പിച്ച ഹരജികൾ പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനുള്ള 2012ലെ നിയമത്തിന്റെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ യു.ജി.സി ദയനീയ പരാജയമാണെന്ന് ഹരജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ചൂണ്ടിക്കാട്ടി.
2004 മുതൽ 2024 വരെ രാജ്യത്തെ ഐ.ഐ.ടികളിൽ മാത്രം 115 ആത്മഹത്യകൾ ഉണ്ടായതായി ഹരജിക്കാർ ചൂണ്ടിക്കാണിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ യു.ജി.സിക്ക് കോടതി നാലാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ്.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമൂല 2016 ജനുവരി 17നാണ് ജീവനൊടുക്കിയത്. മുംബൈയിലെ ടി.എൻ ടോപ്പിവാല നാഷനൽ മെഡിക്കൽ കോളജിലെ രണ്ടാം വർഷ പി.ജി വിദ്യാർഥിയായ ഡോ.പായൽ തഡ്വി 2019 മേയ് 22ന് ജീവനൊടുക്കി. തന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ അപകടമെന്ന് രോഹിത് ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. മെഡിക്കൽ കോളജിലെ ജാതിപറഞ്ഞുള്ള അധിക്ഷേപവും പീഡനവുമാണ് പായലിന്റെ സ്വയംഹത്യക്ക് വഴിവെച്ചത്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട ശ്രദ്ധ ചെലുത്തണമെന്ന് സുപ്രീംകോടതി ബെഞ്ച് നേരത്തേതന്നെ യു.ജി.സിയോട് നിർദേശിച്ചിരുന്നു. ദലിത് വിദ്യാർഥികളെ മുഖ്യധാരയിലെത്തിക്കാൻ എന്തെല്ലാം ചെയ്യുന്നുവെന്നും ഇനി എന്ത് ചെയ്യാനാകുമെന്നും അറിയിക്കണമെന്ന് സർക്കാറിനോടും പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ അന്നത്തെ സുപ്രീംകോടതി നിരീക്ഷണങ്ങളെ അംഗീകരിക്കാനും നടപടികൾ സ്വീകരിക്കാനും യു.ജി.സി നാളിതുവരെ തയാറായിട്ടില്ല.
രാജ്യത്തെ പ്രമുഖവും പ്രശസ്തവുമായ കാമ്പസുകളിലെ ജാതിവിവേചനം അനുസ്യൂതമായി ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ മൂല്യങ്ങളെയും സുപ്രീംകോടതിയുടെ ഉത്തരവുകളെയും അവഗണിച്ചുകൊണ്ട് തുടരുന്ന ജാതിവിവേചനത്തിന് കൂട്ടുനിൽക്കുന്ന സർക്കാറിനും സർവകലാശാലകൾക്കുമെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയർന്നുവരേണ്ട സമയമാണിത്.
(ലേഖകൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

