Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രതിഭാഗം ചേരുക;...

പ്രതിഭാഗം ചേരുക; പ്രസിദ്ധരാവുക!

text_fields
bookmark_border
പ്രതിഭാഗം ചേരുക; പ്രസിദ്ധരാവുക!
cancel

നാടിനെ നടുക്കിയ കൂട്ടക്കൊലപാതകക്കേസില്‍ പ്രതികള്‍ക്കുവേണ്ടി പ്രഗല്ഭനായ ക്രിമിനല്‍ വക്കീല്‍ ഹാജരായി. പ്രതികള്‍ക്ക് തൂക്കുകയര്‍ തന്നെ കിട്ടുമെന്നു കരുതിയിരുന്ന നാട്ടുകാര്‍ പതിവുപോലെ പലതരം വ്യാഖ്യാനങ്ങളുമായി രംഗത്തുവന്നു. പ്രതികളെ വെറുതെവിട്ട വാര്‍ത്തയോടൊപ്പം പ്രതിഭാഗം വക്കീലിന്‍െറയും പബ്ളിക് പ്രോസിക്യൂട്ടറുടെയും പേരുകള്‍ കണ്ട് നാട്ടുകാര്‍ അതിശയംകൂറി. എന്നാല്‍, കോടതികളില്‍ വിവിധ കക്ഷികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ പേരുവിവരം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് അഭിലഷണീയമാണോ? അല്ളെന്നാണ് അടുത്ത കാലത്തുണ്ടായ ഒരു ഹൈകോടതി വിധി സൂചിപ്പിക്കുന്നത്. അഭിഭാഷകരുടെ തൊഴില്‍പരമായ കഴിവും പ്രാവീണ്യവും പരസ്യപ്പെടുത്തലും തൊഴിലധിഷ്ഠിതമായ താല്‍പര്യങ്ങള്‍ക്ക് പരോക്ഷ പ്രേരണയുമാണ് ഇത്തരം വാര്‍ത്തകളെന്ന മദ്രാസ് ഹൈകോടതി മധുര ബെഞ്ചിന്‍െറ വിധി കേരളത്തില്‍ വാര്‍ത്താലേഖകരും വക്കീലന്മാരും തമ്മിലുള്ള ബന്ധം വിവാദമായ ഇക്കാലത്ത് അധികമാരും അറിഞ്ഞിരിക്കാനിടയില്ല!

പ്രമാദമായ സിവില്‍-ക്രിമിനല്‍ കേസുകളില്‍ കക്ഷികള്‍ക്കുവേണ്ടി കീഴ്ക്കോടതികള്‍ മുതല്‍ ഹൈകോടതി വരെവിവിധ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകരുടെ പേരുവിവരം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രീതി കാലങ്ങളായി നമ്മുടെ സംസ്ഥാനത്തും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ഇത് എത്രമാത്രം അഭികാമ്യമാണ് എന്ന കാര്യം ആരും പരിശോധനക്ക് വിധേയമാക്കിയതായി അറിവില്ല. 1961ലെ അഡ്വക്കറ്റ്സ് ആക്ടിലെ വ്യവസ്ഥകള്‍പ്രകാരം അഭിഭാഷകവൃത്തിയുടെ പരിപാവനതക്കും പെരുമാറ്റസംഹിതക്കും നിരക്കുന്നതല്ല ഇത്തരത്തിലുള്ള പരോക്ഷമായ പ്രവൃത്തികള്‍ എന്ന് വ്യക്തമായി പറയുന്നുണ്ടെങ്കിലും പേരിനും പെരുമക്കുംതൊഴിലിന്‍െറ അഭിവൃദ്ധിക്കുംവേണ്ടി പലരും സ്ഥാനത്തും അസ്ഥാനത്തും ഇത്തരം തൊഴില്‍പരമായ പെരുമാറ്റലംഘനങ്ങള്‍ നടത്തിവരുന്നത് പലപ്പോഴും പലവിധ കാരണങ്ങളാല്‍ പലരും കണ്ടില്ളെന്നു നടിക്കുകയാണ് പതിവ്.

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍ നടന്നതും കുട്ടികള്‍ ഉള്‍പ്പെട്ടതുമായ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഈ ഹൈകോടതി വിധിക്ക് ആധാരം. മധുര ഉസിലാം പട്ടി സബ്ഡിവിഷനു കീഴിലുള്ള ലോക്കല്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ഥികളായ ആറു പേര്‍, നാലു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും, പത്തിനും പന്ത്രണ്ടിനും ഇടക്ക് പ്രായമുള്ളവര്‍. സ്കൂളിലേക്കുള്ള മാര്‍ഗമധ്യേ പൊതുവഴിയോരത്തുവെച്ച് അവര്‍ ആക്രമണത്തിനിരയായി. ആക്രമിച്ചതാവട്ടെ മറ്റൊരു കൂട്ടം കൗമാരക്കാരും. പീഡനത്തിനിരയായവരില്‍ ഒരാളുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ കുട്ടികളെ കൗമാരക്കാരും മുതിര്‍ന്നവരുമായ ആണ്‍കുട്ടികള്‍ അനാവശ്യമായി കടന്നുപിടിക്കുകയും ശരീരത്തില്‍ മുറിവേല്‍പിക്കുകയും ദേഹത്ത് ചാണകം കലക്കി ഒഴിക്കുകയും ചെയ്തെന്ന് ആരോപിച്ചായിരുന്നു പരാതി.

പരിക്കേറ്റ് ചകിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ മൊഴിയെടുക്കാന്‍ പൊലീസ് യഥാസമയം നടപടി സ്വീകരിച്ചു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍ തയാറാക്കി. അന്യായമായി തടങ്കലില്‍വെക്കല്‍, മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ചും കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്ന് സംരക്ഷിക്കുന്ന പോസ്കോ നിയമപ്രകാരവും പിന്നീട് പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള ക്രൂരതകള്‍ തടയല്‍ നിയമം അനുസരിച്ചും പൊലീസ് പ്രതികളായ കൗമാരക്കാര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോയി. കുട്ടികളെ പീഡിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത സംഭവം പൊതുജനശ്രദ്ധ പിടിച്ചുപറ്റി.

ഇതിനിടെ പ്രസ്തുത കേസിന്‍െറഎഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഒരു അഭിഭാഷകന്‍ ഹൈകോടതിയില്‍ ഫയല്‍ചെയ്ത ഹരജിയിലാണ് അഭിഭാഷകര്‍ അനുവര്‍ത്തിക്കേണ്ട തൊഴില്‍പരമായ സദാചാരസംഹിതയുടെ പ്രാധാന്യം കോടതി എടുത്തുപറഞ്ഞത്. തമിഴ്നാട് സര്‍ക്കാറിനെയും സ്ഥലം ജില്ല കലക്ടറെയും ഡി.ജി.പി മുതല്‍ ലോക്കല്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ വരെയുള്ള പൊലീസ് അധികാരികളെയും എതിര്‍ കക്ഷികളാക്കി ഫയല്‍ചെയ്ത കേസില്‍ പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കുന്നതിനു പുറമെ കുറ്റം ആരോപിക്കപ്പെട്ട കുട്ടികളെ നിരപരാധികളായി കണക്കാക്കി അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിക്കാരന്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, ഹരജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് അഭിഭാഷകനായ എസ്. ഭാസ്കര്‍ മധുറം ഫയല്‍ ചെയ്ത പൊതുതാല്‍പര്യ റിട്ട് ഹരജിയിലെആവശ്യം നിരാകരിക്കുകയാണുണ്ടായത്. ഹരജിയുടെ ഉദ്ദേശ്യശുദ്ധിയില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, കേസിലേക്ക് നയിച്ച സംഭവത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകളും ഹരജിക്കാരനായ അഭിഭാഷകന് ഹരജി സമര്‍പ്പിക്കാന്‍ പ്രേരകമായതായി ചൂണ്ടിക്കാട്ടി.

ഹരജിക്കാരന്‍ അഭിഭാഷകനായിരിക്കെ തന്‍െറ പോപ്പുലാരിറ്റിക്കും പബ്ളിസിറ്റിക്കുംവേണ്ടി ഇത്തരം ഹരജികള്‍ ഫയല്‍ചെയ്യുന്നത് ഹൈകോടതി വേദിയാക്കി കൂടുതല്‍ കക്ഷികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിനാണെന്നും ഇത്തരം ചെയ്തികള്‍ തൊഴില്‍പരമായ അന്തസ്സിനു നിരക്കാത്തതാണെന്നും കോടതി വ്യക്തമാക്കി. ഒരിക്കല്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യവസ്ഥചെയ്ത അഭിഭാഷകരുടെ തൊഴില്‍പരമായ പെരുമാറ്റസംഹിതകള്‍ പാലിക്കാന്‍ ഓരോ അഭിഭാഷകനും എല്ലായ്പ്പോഴും ബാധ്യസ്ഥനാണെന്നും അതിന്‍െറ ലംഘനം പരോക്ഷമാണെങ്കില്‍പോലും അത് തിരുത്തപ്പെടേണ്ടതാണെന്നും വിധിയിലൂടെ ഹൈകോടതി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിച്ചു. കോടതിവിധിയിലേക്ക് നയിച്ചതും ഹരജിക്കാരന്‍ സമര്‍പ്പിച്ചതുമായ സത്യവാങ്മൂലത്തിന്‍െറ പകര്‍പ്പ് അനന്തര നടപടികള്‍ക്കായി തമിഴ്നാട്-പുതുച്ചേരി ബാര്‍ കൗണ്‍സിലിന് അയച്ചുകൊടുക്കാന്‍ രജിസ്ട്രാറോട് കോടതി നിര്‍ദേശിച്ചു.

അഭിഭാഷകരുടെ പേരുവിവരം മാധ്യമങ്ങള്‍ മുന്നേ പ്രസിദ്ധപ്പെടുത്തരുതെന്ന് ഉത്തരവിട്ട ഹൈകോടതി ഡിവിഷന്‍ ബെഞ്ച്, ന്യായാധിപന്മാരുടെ വ്യക്തിഗത വിവരങ്ങളും അനിവാര്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കാണിച്ച് അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ ഭരണവിഭാഗം രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കുകയുമുണ്ടായി. എന്നാല്‍, ഹൈകോടതിയുടെ പേര്‍ മാത്രം പ്രസിദ്ധീകരിക്കുന്നതില്‍ അപാകതയില്ളെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കൂടാതെ, ഇത്തരം കേസുകളില്‍ കുടുങ്ങുന്ന കൗമാരക്കാരായ കുറ്റവാളികളെയും ഇരകളെയും തിരിച്ചറിയുംവിധമുള്ള പേരുവിവരങ്ങളും മറ്റും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്താതിരിക്കാന്‍ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന് സര്‍ക്കാറിനെയും ഓര്‍മിപ്പിക്കുകയുണ്ടായി.

പരിഷ്കൃത സമൂഹത്തില്‍ പരസ്യത്തിന്‍െറ പ്രസക്തി പറഞ്ഞറിയിക്കേണ്ടതില്ല. എന്നാല്‍, പരസ്യം തൊഴില്‍പരമായ മാന്യതക്കും അന്തസ്സിനും നിരക്കാതെ വരുമ്പോഴും അത് സമാന മേഖലയിലുള്ളവര്‍ക്ക് അഹിതകരവുമാകുമ്പോഴും അതിനു തടയിടേണ്ടത് ജനാധിപത്യ ഭരണക്രമത്തിന്‍െറ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. അല്ലാതെ പരസ്യം കണ്ട് നല്ലതാണെന്ന ഉത്തമവിശ്വാസത്തില്‍ ഉപഭോഗവസ്തുക്കള്‍ വാങ്ങി വഞ്ചിതരാവുന്ന കസ്റ്റമറുടെ ഗതി ഒരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഒരു പരിധി വരെ ഇത്തരം വിധികള്‍ സഹായകമാകും; അതോടൊപ്പം സമൂഹത്തില്‍ നിയമവാഴ്ച ഉറപ്പാക്കാനും ഇത് തുണയാകും.

Show Full Article
TAGS:cases courts india 
News Summary - cases in courts in india
Next Story