Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകാമ്പസിന്‍െറ സ്വന്തം...

കാമ്പസിന്‍െറ സ്വന്തം ഹനുമാന്‍ സേന

text_fields
bookmark_border
കാമ്പസിന്‍െറ സ്വന്തം ഹനുമാന്‍ സേന
cancel

‘‘വ്യത്യസ്ത ആശയങ്ങള്‍ പുഷ്പിക്കുന്നുവെന്നതാണ് കാമ്പസ് രാഷ്ട്രീയത്തിന്‍െറ ഉള്‍ക്കാമ്പ്. അതിനെ ഇല്ലാതാക്കാനുള്ള ഏത് ശ്രമവും കലാലയങ്ങളില്‍ ആധിപത്യമുറപ്പിക്കാനുള്ള പരിശ്രമങ്ങളാണ്’’  എ.ബി.വി.പിക്കെതിരായ ഒറ്റയാള്‍ കാമ്പയിനിലൂടെ ദേശീയ ശ്രദ്ധയിലേക്ക് വന്ന ഡല്‍ഹി യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനി ഗുര്‍മെഹര്‍ കൗറിനെതിരെ സംഘ്പരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട വിദ്വേഷ പ്രചാരണങ്ങളോട് പ്രതികരിച്ചുകൊണ്ട് സി.പി.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി ഫെബ്രുവരി 27ന് ഡല്‍ഹിയില്‍ പറഞ്ഞതാണ് മേല്‍ വാക്കുകള്‍. യെച്ചൂരി പറഞ്ഞത് സാര്‍വലൗകിക താത്ത്വിക സത്യമാണ്. അതേസമയം, യെച്ചൂരി അഖിലേന്ത്യ പ്രസിഡന്‍റായിരുന്ന എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി സംഘടനയുടെ ആധിപത്യമുള്ള കേരളത്തിലെ കാമ്പസുകളുടെ കാര്യത്തില്‍ അത് അന്താരാഷ്ട്ര തമാശയും. അതിനാല്‍ നമുക്ക് സിദ്ധാന്തം വിട്ട് തമാശയെക്കുറിച്ച് സംസാരിക്കാം.

നാടകം കാണാന്‍ പോയ സൂര്യ ഗായത്രി, അസ്മിത എന്നീ പെണ്‍കുട്ടികളും ജിജീഷ് എന്ന ആണ്‍കുട്ടിയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ എസ്.എഫ്.ഐയുടെ സ്വതന്ത്ര ജനാധിപത്യ സോഷ്യലിസ്റ്റ് ആക്രമണത്തിന് വിധേയമായത് ഏതാനും ആഴ്ച മുമ്പ് കേരളത്തില്‍ വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. എസ്.എഫ്.ഐയുടെ സദാചാര പൊലീസിങ്ങിന്‍െറ ഭവിഷ്യത്തുകളെക്കുറിച്ച് അന്ന് മലയാളികള്‍ ചര്‍ച്ച ചെയ്തു. പക്ഷേ, പ്രസ്തുത സംഭവം വലിയ വിവാദമാകാന്‍ കാരണങ്ങളുണ്ട്. വലിയ സാമൂഹിക സൗജന്യങ്ങളുള്ള (social privilages) പശ്ചാത്തലങ്ങളില്‍നിന്ന് വരുന്നവരാണ് ആ ആക്രമണത്തിന് വിധേയരായവര്‍. അങ്ങനെയൊന്നുമില്ലാത്ത മുസ്ലിം, ദലിത് വിഭാഗങ്ങളില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ കേരളത്തിലെ എസ്.എഫ്.ഐ കാമ്പസുകളില്‍ വ്യവസ്ഥാപിത മര്‍ദനമുറകള്‍ക്ക് കാലങ്ങളായി വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട് എന്നതാണ് വാസ്തവം. എന്നാല്‍, കേരളത്തിലെ സെക്യുലര്‍, ലിബറല്‍ മേല്‍പാളി വര്‍ഗം ബിംബവത്കരിച്ച നന്മയുടെ ആള്‍ക്കൂട്ടമാണ് എസ്.എഫ്.ഐ എന്നതിനാലും അവരുടെ ഇരകള്‍ സാമൂഹിക മൂലധനം കുറഞ്ഞവരാണ് എന്ന കാരണത്താലും ഈ അതിക്രമങ്ങള്‍ എവിടെയും ചര്‍ച്ച ചെയ്യപ്പെടാറില്ല എന്നു മാത്രം.

തിരുവനന്തപുരത്തെ ഇതേ യൂനിവേഴ്സിറ്റി കോളജില്‍ പഠിക്കുന്ന അജ്മലിന്‍െറ കഥയെടുക്കുക. സൈക്കിള്‍ ഓട്ടത്തില്‍ ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന മികച്ച ഒരു കായികതാരമാണ് അജ്മല്‍. 2016 ഒക്ടോബറിലാണ് അജ്മലിനെ എസ്.എഫ്.ഐക്കാര്‍ ഇടിച്ചു പരുവമാക്കുന്നത്. കാരണം ലളിതം, എസ്.എഫ്.ഐ ചേട്ടന്മാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുന്നു. സമയമില്ളെന്ന് പറഞ്ഞ് അജ്മല്‍ ഒഴിയുന്നു. മര്‍ദനത്തിന്‍െറ ആഘാതത്തില്‍നിന്ന് ഇനിയും പൂര്‍ണമായി മുക്തമായിട്ടില്ലാത്ത അജ്മല്‍ ഇപ്പോഴും ഫിസിയോതെറപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്തുകൊണ്ടിരിക്കുന്നു. സൈക്കിള്‍ ഓട്ട മത്സരത്തില്‍ പങ്കെടുക്കാനുള്ള ശാരീരികക്ഷമത അവന് ഇനിയും കൈവന്നിട്ടില്ല. കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷന്‍ മുതല്‍ ഗവര്‍ണര്‍ക്കുവരെ അജ്മല്‍ ഇതു സംബന്ധമായ പരാതി നല്‍കിയിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെയും വി. ശിവന്‍കുട്ടിയെയും നേരില്‍ കണ്ട് പരാതി ബോധിപ്പിച്ചിട്ടുണ്ട്. മീഡിയവണ്‍ ചാനല്‍ സംഘടിപ്പിച്ച ഒരു ചര്‍ച്ച പരിപാടിയില്‍ എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗത്തിന് മുമ്പാകെ അജ്മല്‍ താന്‍ അനുഭവിച്ച പീഡനങ്ങള്‍ അക്കമിട്ട് നിരത്തി. ശങ്കരാടി സ്റ്റൈലില്‍ ആ വനിത കേന്ദ്ര കമ്മിറ്റി അംഗം അതിന് സൈദ്ധാന്തിക മറുപടികള്‍ നല്‍കി.

അതൊന്നും മനസ്സിലാവാതെ അജ്മല്‍ അവരോട് ചോദിച്ചു: ‘‘ആവട്ടെ, എങ്കില്‍ ചേച്ചീ, നാളെ മുതല്‍ ഞാന്‍ കോളജില്‍ വന്നോട്ടെ, നിങ്ങള്‍ സമ്മതിക്കുമോ?’’ വെളുക്കനെയുള്ള ചിരി മാത്രമായിരുന്നു അവരുടെ മറുപടി. ഈ ലേഖനം എഴുതുമ്പോഴും അജ്മല്‍ കോളജിന് പുറത്തുതന്നെയാണ്. സൂര്യ ഗായത്രിക്കും അസ്മിതക്കും കിട്ടിയ പിന്തുണ നാലു മാസമായിട്ടും ബി.എ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥിയായ അജ്മലിന് കിട്ടിയിട്ടില്ല. ചതഞ്ഞ തന്‍െറ ശരീരവുമായി അജ്മല്‍ തന്‍േറതായ ഒറ്റപ്പെട്ട ലോകത്ത് ജീവിക്കുന്നു.

യൂനിവേഴ്സിറ്റി കോളജിലെ വിഷയം കേരളം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ തന്നെയാണ് മടപ്പള്ളി കോളജിലെ സല്‍വ അബ്ദുല്‍ ഖാദര്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി എസ്.എഫ്.ഐ ആക്രമണത്തിന് ഇരയാവുന്നത്. സല്‍വക്കെതിരായ ആക്രമണത്തിന് പല സവിശേഷതകളുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ യൂനിറ്റ് ഭാരവാഹികള്‍ തന്നെയാണ് സല്‍വയെ ആക്രമിച്ചതും കേട്ടാലറക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് തെറിയഭിഷേകം ചെയ്തതും. എസ്.എഫ്.ഐ അടക്കിവാഴുന്ന ഒരു കോളജില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന തട്ടമിട്ട ഒരു മുസ്ലിം വിദ്യാര്‍ഥിനി എസ്.എഫ്.ഐക്കെതിരായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നതായിരുന്നു അവരെ ടാര്‍ഗറ്റ് ചെയ്യാനുള്ള കാരണം. സ്ത്രീത്വത്തെ അപമാനിക്കുന്നതരത്തില്‍ തന്നോട്ട് പെരുമാറിയെന്ന് കാണിച്ച് സല്‍വ പൊലീസില്‍ പരാതി നല്‍കുന്നു. വിചിത്രമായ കാര്യം, ഈ പരാതി പിന്‍വലിക്കാന്‍ സല്‍വക്കും കുടുംബാംഗങ്ങള്‍ക്കും മേല്‍ സമ്മര്‍ദം ചെലുത്തുന്നത് കുട്ടിയുടെ സംരക്ഷകയാവേണ്ട കോളജ് പ്രിന്‍സിപ്പല്‍ തന്നെയാണ്.

എന്നാല്‍, പലവഴിക്ക് വന്ന പ്രകോപനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വശംവദയാവാതെ ആ കുട്ടി ഉറച്ചുനിന്നപ്പോള്‍ എസ്.എഫ്.ഐ ഭാരവാഹികളെ പ്രതിചേര്‍ത്ത് പൊലീസിന് കേസെടുക്കേണ്ടിവന്നു. പക്ഷേ, അപ്പോഴേക്കും സല്‍വക്കെതിരായ സ്വഭാവഹത്യ എസ്.എഫ്.ഐ കാമ്പസില്‍ ശക്തമാക്കിക്കഴിഞ്ഞിരുന്നു. പരാതിക്കാരിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ പുറത്താക്കണമെന്ന വിചിത്ര ആവശ്യവുമായിട്ടാണ് എസ്.എഫ്.ഐ രംഗത്തുവന്നത്. ‘‘വര്‍ഗീയ വിഷ ജന്തു’’ സല്‍വ അബ്ദുല്‍ ഖാദറിനെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളുമായാണ് എസ്.എഫ്.ഐ യൂനിറ്റ് അടുത്തദിവസം രംഗത്തുവന്നത്. ഇവിടെ ഒരു കാര്യം പ്രത്യേകം നോട്ട് ചെയ്യുക. രാഷ്ട്രീയ എതിരാളികളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ വസ്ത്രത്തെക്കുറിച്ച് സാധാരണഗതിയില്‍ ആരും ഒന്നും പറയാറില്ല.

സല്‍വാറിട്ട എ.ബി.വി.പിക്കാരിയെന്നോ പാവാടയിട്ട കെ.എസ്.യുക്കാരിയെന്നോ പറഞ്ഞല്ല സാധാരണ ഗതിയില്‍ രാഷ്ട്രീയപ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത്. എന്നാല്‍, സല്‍വ അബ്ദുല്‍ ഖാദറിന്‍െറ കാര്യം വരുമ്പോള്‍ അത് പെട്ടെന്ന് പര്‍ദയിലത്തെുന്നു. ‘‘വിശുദ്ധ വസ്ത്രമായ പര്‍ദയിട്ട് മുഖം മറക്കുന്നതിന് പകരം മനസ്സ് കറുപ്പിച്ച പ്രിയ സോദരീ..സ്ത്രീത്വം എന്തെന്ന് അറിയുമോ നിനക്ക്?’’ എന്ന ചോദ്യമുണ്ട് എസ്.എഫ്.ഐ മടപ്പള്ളി കോളജ് യൂനിറ്റിന്‍െറ ഫേസ്ബുക്ക് പേജില്‍. നിങ്ങള്‍ ചുരിദാറോ പാവാടയോ എന്തും ധരിച്ചോളൂ. പക്ഷേ, പര്‍ദ ധരിക്കുകയും എസ്.എഫ്.ഐയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്താല്‍ അതിന്‍െറ സ്വഭാവം മാറും എന്നര്‍ഥം.

വ്യത്യസ്ത ആശയങ്ങള്‍ പുഷ്പിക്കുന്നത് പോകട്ടെ, മൊട്ടിടുന്നതിന് മുമ്പുതന്നെ പിഴുതെറിയപ്പെടുന്ന വലിയൊരു ഇടിമുറിയുടെ പേരാണ് കേരളത്തിലെ എസ്.എഫ്.ഐ എന്നത്. ഈ വ്യത്യസ്തതകള്‍ ദലിത്, മുസ്ലിം കീഴാള രാഷ്ട്രീയത്തിന്‍െറ പേരിലാണ് വരുന്നതെങ്കില്‍ അതിഭീകരമായാണ് അവര്‍ അതിനെ നേരിടുക. ദലിത് ഉണര്‍വുകളെ സദാചാര സംരക്ഷണത്തിന്‍െറയും കഞ്ചാവ് വേട്ടയുടെയും ഭാഗമായുള്ള മഹത്തായ വിപ്ളവ പ്രവര്‍ത്തനങ്ങളായാണ് അവതരിപ്പിക്കുകയെങ്കില്‍, മുസ്ലിം വിദ്യാര്‍ഥികളെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്‍െറ പേര് പറഞ്ഞാണ് അടിച്ചമര്‍ത്തുന്നത്. കോളജ് അധികൃതര്‍, സ്ഥലത്തെ പോലീസ് സ്റ്റേഷന്‍, എന്തിനേറെ പരിക്കേറ്റാല്‍ ചെല്ളേണ്ട സര്‍ക്കാര്‍ ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ എന്നിവരെവരെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള മര്‍ദനത്തിന്‍െറ വലിയൊരു പത്മവ്യൂഹം അവര്‍ ഈ ആവശ്യാര്‍ഥം വികസിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ യൂനിറ്റ് ഇടാന്‍ പോയ എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്‍റ് സെക്രട്ടറി ജെ. അരുണ്‍ ബാബു പെണ്‍കുട്ടികളുടെ മുന്നില്‍ എസ്.എഫ്.ഐക്കാര്‍ തന്‍െറ തുണിയുരിഞ്ഞതിനെക്കുറിച്ച് മീഡിയവണിന്‍െറ കേരള സമ്മിറ്റ് എന്ന പരിപാടിയില്‍ പറയുന്നുണ്ട്. പൊലീസുകാരന്‍ നീട്ടിയ തുണിക്കഷണമായിരുന്നുവത്രെ അദ്ദേഹത്തിന് നാണം മറക്കാന്‍ അപ്പോള്‍ ഉപകരിച്ചത്. എ.ഐ.എസ്.എഫുകാരന് അതെങ്കിലും കിട്ടിയെന്ന് ആശ്വസിക്കാം. എന്നാല്‍, അനുതാപത്തിന്‍െറയോ ഐക്യദാര്‍ഢ്യത്തിന്‍െറയോ ഒരു വാക്കുപോലും ലഭിക്കാതെ നിലക്കാത്ത മര്‍ദനത്തിന്‍െറ നിത്യ ഇരകളായിക്കൊണ്ടാണ് മുസ്ലിം സംഘടനകളുമായി ബന്ധപ്പെട്ടവര്‍ എസ്.എഫ്.ഐ കാമ്പസുകളില്‍ തുടരുന്നതെന്നതാണ് വാസ്തവം. ‘തനിക്കുവേണ്ടി കവിതയെഴുതാന്‍ ആരും വരില്ല, കാരണം തട്ടമിട്ട് ചോദ്യങ്ങള്‍ ചോദിക്കുന്ന പെണ്‍കുട്ടിയാണ് താന്‍’ എന്ന് സല്‍വ അബ്ദുല്‍ ഖാദര്‍ തന്‍െറ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നുണ്ട്. കേരളത്തിലെ അറിയപ്പെട്ട ഒരു യുവകവി അധ്യാപകനായിട്ടുള്ള മടപ്പള്ളി കോളജില്‍ ഇരുന്നുകൊണ്ടാണ് സല്‍വ ഇതെഴുതുന്നത്.

കേരളത്തിന് പുറത്ത് ഹനുമാന്‍ സേനയും എ.ബി.വി.പിയും ദലിതുകളോടും മുസ്ലിംകളോടും എന്താണോ ചെയ്യുന്നത് അതുതന്നെയാണ് കേരളത്തിലെ കാമ്പസുകളില്‍ എസ്.എഫ്.ഐ അവരോട് ചെയ്യുന്നത്. ഫാഷിസത്തിനെതിരായ വിശാലമായ സമരം നടക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇത്തരം സമീകരണങ്ങള്‍ അപകടം ചെയ്യില്ളേ എന്ന് നിസ്വാര്‍ഥരായ പുരോഗമന രാഷ്ട്രീയക്കാര്‍ ചോദിച്ചേക്കാം. താത്ത്വികമായി അത് ശരിയായിരിക്കാം. പക്ഷേ, പ്രായോഗികമായി കാമ്പസുകളിലെ ഒരു നിത്യസത്യമാണത്. പുരോഗമന കലാസാഹിത്യ സംഘത്തിന്‍െറയോ മറ്റോ നേതൃത്വത്തില്‍ ഇടതുപക്ഷത്തുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ ഒരു അന്വേഷണം നടത്തണം. ചെങ്കോട്ടകള്‍ എന്ന് എസ്.എഫ്.ഐ തന്നെ വിശേഷിപ്പിക്കുന്ന കാമ്പസുകള്‍ അവര്‍ സന്ദര്‍ശിക്കട്ടെ. ഫാഷിസം എന്ന് തങ്ങള്‍ വിളിക്കുന്ന സംഗതിയുമായി ഇതിനുള്ള ബന്ധം എന്ത് എന്നൊരു താത്ത്വിക അവലോകനമെങ്കിലും അവര്‍ക്ക് നടത്താമല്ളോ.

ഇടതുപക്ഷ പ്രസ്ഥാനത്തിന്‍െറ ഭാവിയെതന്നെ അപകടത്തിലാക്കുന്ന വലിയൊരു യാഥാര്‍ഥ്യമാണ് കേരളത്തിലെ കാമ്പസുകളിലെ ഇടതു ഹനുമാന്‍ സേനകളുടെ വളര്‍ച്ച. ബംഗാളില്‍ സി.പി.എമ്മിനെ ജനങ്ങളുടെ ശത്രുവാക്കുന്നതില്‍ ഹര്‍മാദ് ബാഹിനി എന്ത് പങ്കാണോ വഹിച്ചത് അതായിരിക്കും ഈ ചുവപ്പന്‍ കോട്ടകളില്‍നിന്ന് പുറത്തു വരുന്ന സഖാക്കള്‍ പാര്‍ട്ടിക്ക് ഏല്‍പിക്കാന്‍ പോകുന്നത്. പക്ഷേ, അത് മനസ്സിലാക്കി വിദ്യാര്‍ഥികളെ തിരുത്താന്‍ പാര്‍ട്ടി സന്നദ്ധമാവുന്നില്ല എന്ന് മാത്രമല്ല, പലപ്പോഴും അതിനെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. പരാതിക്കാരിയായ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്കെതിരെ മടപ്പള്ളിയില്‍ എസ്.എഫ്.ഐ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ശക്തിപകരാന്‍ ഇന്ന് സി.പി.എമ്മിന്‍െറ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ മടപ്പള്ളി കോളജില്‍ എത്തുകയാണ്. മടപ്പള്ളിയില്‍ പ്രസംഗിക്കുന്നതിന് മുമ്പ് രണ്ടുദിവസം മുമ്പ് യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞ കാര്യങ്ങള്‍  അദ്ദേഹം ഓര്‍ക്കുമോ ആവോ?

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfihanuman senacampus
News Summary - campas's own hanuman sena
Next Story