Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആവിഷ്കാര...

ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ  പേരില്‍ ബ്രിട്ടനില്‍ ഒരു പ്രഹസനം 

text_fields
bookmark_border
ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ  പേരില്‍ ബ്രിട്ടനില്‍ ഒരു പ്രഹസനം 
cancel

വംശവെറി, ഇസ്ലാമോഫോബിയ, അപരവിദ്വേഷം തുടങ്ങിയവ പ്രമുഖ വ്യക്തികളില്‍നിന്നോ ശ്രേഷ്ഠ സ്ഥാപനങ്ങളില്‍നിന്നുപോലുമോ അനായാസം തുടച്ചുനീക്കാനാകില്ളെന്ന് ഫാതിമ മഞ്ചി എന്ന മാധ്യമപ്രവര്‍ത്തകയുടെ അനുഭവങ്ങള്‍ ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുന്നു. ഫ്രാന്‍സിലെ നീസ് ഭീകരാക്രമണവേളയില്‍ ചാനല്‍ ഫോര്‍ ന്യൂസില്‍ ‘ഹിജാബ്’ ധരിച്ച് വാര്‍ത്തകള്‍ അവതരിപ്പിച്ചു എന്നതാണ് ഫാതിമ മഞ്ചി ചെയ്ത മഹാപാതകം! അതോടെ സണ്‍ദിനപത്രത്തിന്‍െറ പത്രാധിപരും കോളമിസ്റ്റുമായ കെല്‍വിന്‍ മക്കിന്‍സിയുടെ നേതൃത്വത്തില്‍ ഒരു സംഘം ഫാതിമ മഞ്ചിക്കെതിരെ വേട്ട ആരംഭിക്കുകയായിരുന്നു. വിദ്വേഷഭരിതമായ പ്രസ്താവനകളിലൂടെ സാമൂഹികാന്തരീക്ഷം കലുഷമാക്കുന്നതില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും ഒട്ടും സങ്കോചം അനുഭവിക്കുന്നില്ളെന്നാണ് കെല്‍വിന്‍െറ പരാമര്‍ശങ്ങള്‍ നല്‍കുന്ന സൂചന.

‘ചാനല്‍ ഫോര്‍ ന്യൂസ് മാധ്യമപരമായ മടയത്തമാണ് കാട്ടിയത്. നീസ് ഭീകരാക്രമണത്തിന് അനുബന്ധമായി മറ്റൊരു മുസ്ലിം ചാനല്‍ ഫോറിലൂടെ വാര്‍ത്താ അവതരണ ആക്രമണം നടത്തിയിരിക്കുന്നു. ഇത് എന്നില്‍ ഏല്‍പിച്ച നടുക്കം ചെറുതല്ല’ ഇത്തരം വാചകങ്ങളിലൂടെയാണ് ഫാതിമ മഞ്ചിയോടുള്ള അസഹിഷ്ണുതയും ക്ഷോഭവും സണ്‍ കോളമിസ്റ്റ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. തന്നെ മാത്രമല്ല മുസ്ലിംകളെ ഒന്നടങ്കം അധമരും അക്രമകാരികളുമായി മുദ്രകുത്തിയിരിക്കുകയാണ് കെല്‍വിനെന്ന് ഫാതിമ ചൂണ്ടിക്കാട്ടി. അവര്‍ പരാതിയുമായി ബ്രിട്ടനിലെ മാധ്യമ കാവല്‍സംഘമായ ഇന്‍ഡിപെന്‍ഡന്‍റ് പ്രസ് സ്റ്റാന്‍ഡേര്‍ഡ്സ് ഓര്‍ഗനൈസേഷനെ (ഐ.പി.എസ്.ഒ) സമീപിച്ചു. പക്ഷേ, ഏവരേയും ആശ്ചര്യപ്പെടുത്തുന്ന, ആശങ്കാകുലരാക്കുന്ന വിധിയാണ് ഐ.പി.എസ്.ഒ പുറത്തുവിട്ടത്. ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശപ്രകാരം അത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്താന്‍ കെല്‍വിന് സ്വാതന്ത്ര്യം ഉണ്ടെന്നായിരുന്നു കാവല്‍ഭടന്മാരുടെ വിധി തീര്‍പ്പ്.

വിധിക്കെതിരെ ഫാതിമ നല്‍കിയ അപ്പീലും നിരാകരിക്കപ്പെട്ടു. ഇത്തരം വിധികള്‍ മുസ്ലിംകള്‍ക്കും ഇതര ന്യൂനപക്ഷ സമൂഹങ്ങള്‍ക്കുമെതിരായ പ്രചാരണങ്ങളെ പോഷിപ്പിക്കുമെന്നത് കൂടുതല്‍ ആശങ്കജനകമാണെന്ന് ഫാതിമ പ്രതികരിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, പരമമായ മൂല്യമായി അതിനെ വീക്ഷിക്കാനാകുമോ? ഇത്തരം മൂല്യങ്ങളും അവകാശ പരികല്‍പനകളും ശൂന്യതയില്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുമോ? പരിധികളില്ലാത്ത സ്വാതന്ത്ര്യം പുതിയ പ്രതിസന്ധികള്‍ക്കും ജന്മം നല്‍കുമെന്ന് അനുഭവങ്ങളും സാമാന്യബോധവും സ്ഥിരീകരിക്കുന്നു. രാഷ്ട്രീയ, മത, സാമൂഹിക പശ്ചാത്തലങ്ങള്‍ക്ക് അനുസൃതമായി ഈ പരിധികള്‍ വ്യത്യസ്ത അളവിലുള്ളതാകാം. അപക്വസമൂഹികാവസ്ഥകളില്‍ കടിഞ്ഞാണിടാത്ത സ്വാതന്ത്ര്യം അപായകാരമായിത്തീരും.

ഇസ്ലാമോഫോബിയ അല്ളെങ്കില്‍ മുസ്ലിം ഫോബിയ പാശ്ചാത്യ സമൂഹങ്ങളില്‍ കൂടുതല്‍ വ്യാപകമായികൊണ്ടിരിക്കുന്നു. സെമിറ്റിക് വിരുദ്ധതയെ അസ്വീകാര്യമായി പ്രഖ്യാപിച്ച പാശ്ചാത്യ സമൂഹങ്ങള്‍ എന്തുകൊണ്ട് ഇസ്ലാമോഫോബിയയെ ഹീന ചിന്താഗതിയായി പ്രഖ്യാപിക്കാന്‍ തയാറാകുന്നില്ല. മുസ്ലിം സമൂഹത്തിനെതിരെ മുന്‍വിധികള്‍ പുലര്‍ത്തുന്നതോടൊപ്പം വിദ്വേഷം ഇളക്കിവിടാനും നടക്കുന്ന ശ്രമങ്ങള്‍ സാമൂഹിക ഭദ്രതയുടെ അടിക്കല്ലുകളിലാകും ആഘാതമേല്‍പിക്കുക. ഇത്തരം വിദ്വേഷപ്രചാരണങ്ങള്‍ ഒരു മതത്തിനെയും അനുവദിക്കപ്പെടരുത്. ബഹുമത ബഹുസാംസ്കാരിക സമൂഹത്തിലെ സഹിഷ്ണുതയുടെയും ഐക്യത്തിന്‍െറയും അന്തരീക്ഷം അതുവഴി മലിനീകരിക്കപ്പെടും. അപരര്‍ക്കെതിരായ അവഹേളനങ്ങളും നിന്ദയും ജനാധിപത്യത്തിന്‍െറയോ ലിബറലിസത്തിന്‍െറയോ മൂല്യങ്ങളുടെ ഉന്നമനത്തിന് സഹായകമാകില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ പാശ്ചാത്യര്‍ തയാറാകണം. അതോടൊപ്പം ഹിംസാത്മക പ്രതിഷേധങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലിം സമൂഹവും സന്നദ്ധമാകണം. മുസ്ലിം പ്രതീകങ്ങളുടെ നിന്ദാസൂചകമായ ആഖ്യാനങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍െറ പേരില്‍ ന്യായീകരിക്കുന്ന മാധ്യമരീതികള്‍ അവസാനിപ്പിക്കാത്തപക്ഷം കൂടുതല്‍ അപരവിദേഷികള്‍ രംഗപ്രവേശം ചെയ്യുകയാവും ഫലം.

ആരോഗ്യകരമായ വിമര്‍ശങ്ങളാകണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ചിന്തകളെ ഉദ്ദീപിപ്പിക്കാനും അഭിപ്രായസമവായത്തിന്‍െറ ശുഭമുഹൂര്‍ത്തങ്ങള്‍ക്കും അവ സഹായകമാകും. പശ്ചാത്തലം ഗ്രഹിക്കാതെ നടത്തുന്ന ആവിഷ്കാരങ്ങള്‍ പുതിയ പ്രതിസന്ധികളിലേക്കു സമൂഹത്തെ വീഴ്ത്തുമെന്ന യാഥാര്‍ഥ്യത്തെ ലാഘവബുദ്ധ്യാ വീക്ഷിക്കുന്നതും അപകടകരം തന്നെ.ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരിയ പരിധികള്‍പോലും അരുതെന്ന നിലപാടിനെ സാമൂഹിക വിരുദ്ധത എന്നേ വിശേഷിപ്പിക്കാനാകൂ. ആവിഷ്കാര സ്വാതന്ത്ര്യം എന്ന അവകാശം ദുരുപയോഗം ചെയ്യപ്പെടരുത്. സംയമനഭാഷ ഈ അവകാശം ഉപയോഗിക്കുന്നവരുടെ പ്രത്യേക ബാധ്യതയാണ്. പരസ്പര ബഹുമാനം ഇല്ലാതെയും നിയമവിരുദ്ധമായും ആശയങ്ങള്‍ ആവിഷ്കരിക്കപ്പെടരുത്. ഉത്തരവാദിത്തബോധത്തോടെയാകണം മാധ്യമങ്ങള്‍ ഈ തത്ത്വം പ്രയോഗിക്കേണ്ടത്. വര്‍ധിച്ചുവരുന്ന അപരവിദ്വേഷത്തിന്‍െറ ഈ കാലഘട്ടത്തില്‍ കെല്‍വിന്‍െറ പ്രസ്താവന സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ ഐ.പി.എസ്.ഒ വിശകലനം ചെയ്യേണ്ടതായിരുന്നു. അത്തരം ബുദ്ധിപരമായ സത്യസന്ധത പ്രകടിപ്പിക്കാതെയാണ് ഫാതിമയുടെ പരാതി മാധ്യമ കാവല്‍ഭടന്മാര്‍ ഏകപക്ഷീയമായി നിരാകരിച്ചുകളഞ്ഞത്.ഫാതിമയുടെ വാദങ്ങള്‍ ഉദ്ധരിക്കാം.

‘‘ഭീകരരോട് ഞാന്‍ അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് കെല്‍വിന് ആരോപണം ഉന്നയിക്കാമായിരുന്നു (യഥാര്‍ഥത്തില്‍ ഞാന്‍ ഭീകരാനുഭാവിയല്ല) എന്നാല്‍, എന്‍െറ മതപരമായ പശ്ചാത്തലം വലിച്ചിഴച്ചുകൊണ്ട് വിദ്വേഷം ഇളക്കിവിടാനുള്ള നീക്കങ്ങളായിരുന്നു തന്‍െറ ലേഖനത്തിലുടനീളം കെല്‍വിന്‍ നടത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തെ അദ്ദേഹം ദുരുപയോഗം ചെയ്തു എന്ന് വ്യക്തം’’.കെല്‍വിന്‍െറ പ്രസ്താവന പരാതിക്കാരിയെയും മറ്റും വേദനിപ്പിക്കുന്നതാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, സ്വാഭിപ്രായം തുറന്നു പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് അദ്ദേഹത്തിന് അര്‍ഹതയും അവകാശവും ഉണ്ട്.’’ എന്ന് അല്‍പ്പം ഗര്‍വോടെതന്നെ ഐ.പി.എസ്.ഒ പരാതിക്കാരിക്ക് മറുപടി നല്‍കി. നിലനില്‍ക്കുന്ന സാമൂഹിക വിവേചനങ്ങളും സമത്വാധിഷ്ഠിതമല്ലാത്ത അധികാരബന്ധങ്ങളോടും ആന്ധ്യം പുലര്‍ത്തുവര്‍ക്കേ ഇത്തരമൊരു പ്രസ്താവന നടത്താന്‍ കഴിയൂ. ഭീകരാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ ഇസ്ലാമിക വസ്ത്രം ധരിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നത് ഉചിതമല്ളെന്ന് ഈ മാധ്യമ കാവല്‍ഭടന്മാരുടെ സംഘം പ്രഖ്യാപിക്കുകയുണ്ടായി. അതേസമയം, ഇത്തരം വംശീയ പ്രസ്താവനകള്‍ക്ക് ചാനല്‍ ഫോര്‍ ചുട്ടമറുപടികള്‍ നല്‍കിയിരുന്നു.

‘‘കെല്‍വിന്‍െറ വിദ്വേഷജനകമായ പ്രസ്താവന പരക്കെ അപലപിക്കപ്പെട്ടു. ഫാതിമ മന്‍ജിയുടെ തൊഴില്‍പരമായ പദവി മാനിക്കാതെ ഹിജാബ് ധരിക്കുന്നത് ഭീകരതക്കു പിന്തുണ നല്‍കുന്നതിന് തുല്യമാണെന്ന അദ്ദേഹത്തിന്‍െറ പ്രസ്താവനക്ക് ജനാധിപത്യവും സഹിഷ്ണുതയും ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തില്‍ ഒരു സ്ഥാനവും അര്‍ഹിക്കുന്നില്ല’’ എന്ന ചാനല്‍ ഫോറിന്‍െറ വിശദീകരണം ശ്രദ്ധേയമായിരുന്നു.ഒരു ജൂത റിപ്പോര്‍ട്ടറോ സ്വവര്‍ഗരതിക്കാരനായ ലേഖകനോ ആയിരുന്നു ഫാതിമക്ക് പകരം അവഹേളിക്കപ്പെട്ടിരുന്നതെങ്കില്‍ ഐ.പി.എസ്.ഒ ഇതേ തീര്‍പ്പാകുമായിരുന്നില്ല പുറത്തുവിടുക എന്ന് ന്യായമായി ഞാന്‍ ഊഹിക്കുന്നു.

Show Full Article
TAGS:britain terror threat 
News Summary - britain terror threat
Next Story