Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightബ്രിജ് ഭൂഷണിന്...

ബ്രിജ് ഭൂഷണിന് കിട്ടണം, നീതി!

text_fields
bookmark_border
brij bhushan
cancel
ഈ അണ്ഡകടാഹത്തിലെ മോദിമാരെയാകെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം പോയെങ്കിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ കാമദാഹിയായി പെരുമാറിയെന്ന പരാതിയിൽ പോക്സോ കേസ് നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ പുതിയ ഇന്ത്യയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് 56 ഇഞ്ച് നെഞ്ചളവിൽ വിരിഞ്ഞു നിന്നു. അയാൾ മഹാപീഡകനെന്ന് പൊലീസിൽ പരാതിപ്പെട്ട വനിത ഗുസ്തി താരങ്ങളുടെ ആത്മാഭിമാനമാണ് അതേസമയം മീറ്ററുകൾ അകലെ തെരുവിൽ വലിച്ചിഴക്കപ്പെട്ടത്. മെഡൽ ഗംഗയിൽ എറിയുമെന്നായിട്ടും പുതിയ ഇന്ത്യയെ നയിക്കുന്നവർ വീണ വായിച്ചുകൊണ്ടേയിരുന്നു. പീഡിപ്പിച്ചെന്ന് പരാതിപ്പെടുന്ന സ്ത്രീയുടെ പക്ഷത്തല്ല, അതിന് തെളിവ് ചോദിക്കുന്ന പീഡകന്‍റെ പക്ഷത്താണ് അവർ

ഒമ്പതു വർഷം മുമ്പ്, സത്യപ്രതിജ്ഞ കഴിഞ്ഞ പാടേ ചൂലെടുത്ത് തെരുവ് അടിച്ചുവാരി തുടങ്ങിയ അധ്വാനമാണ്. മുഗൾ-ബ്രിട്ടീഷ് കാലത്തെ നടപ്പു ദീനങ്ങളോ വിഴുപ്പു ഭാണ്ഡങ്ങളോ ഇല്ലാത്ത പുതിയ ഇന്ത്യ -അതാണ് സ്വപ്നം. അവിടേക്ക് 140 കോടി ജനങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ അക്ഷീണം വിയർപ്പൊഴുക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബ്രിട്ടീഷുകാർ നിർമിച്ച പാർലമെന്‍റ് മന്ദിരത്തിനു പകരം പുതിയതൊന്നു പണിതതിൽ വരെ എത്തിനിൽക്കുകയാണ് 56 ഇഞ്ച് നെഞ്ചളവുള്ള ആ നിശ്ചയദാർഢ്യം. ആളുകൾക്ക് പരിഹസിക്കാൻ എളുപ്പമാണ്. വിഴുപ്പുഭാണ്ഡങ്ങളില്ലാത്തൊരു ഇന്ത്യക്കായി ഇതിനകം ചെയ്തു കൂട്ടിയതെല്ലാം ഒറ്റ വീർപ്പിൽ പക്ഷേ, പറഞ്ഞു തീർക്കാനാവില്ല.

പരിഷ്കാരങ്ങളിലാണ് ഇന്ത്യയുടെ സ്പന്ദനം. തല തിരിഞ്ഞതാണെങ്കിലും പരിഷ്കാരം, അതൊന്നു മാത്രമാണ് ഇന്ത്യയുടെ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന് തിരിച്ചറിയുന്ന ഗവൺമെന്‍റ്. ഔറംഗസേബ് റോഡും മുഗൾ ഗാർഡനുമൊക്കെ മാഞ്ഞുപോയ ഡൽഹി. രാജ്പഥിനെ കർത്തവ്യ പഥാക്കി മാറ്റിയ ഡൽഹി.

എന്തിനധികം! ഇന്ത്യ ഗേറ്റിലെ നിത്യജ്വാല പോലും അണച്ചു കളയേണ്ടതിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ സൂക്ഷ്മബോധവും ദീർഘവീക്ഷണവുമുള്ള ഒരു സർക്കാറാണ് രാജ്യം ഭരിക്കുന്നത്. എന്നാൽ മുഗൾ-ബ്രിട്ടീഷ് ഭരണത്തിന്‍റെ അവശേഷിപ്പുകൾ പെയിന്‍റടിച്ച് മായ്ക്കുന്നതിനൊത്ത് ‘തുഗ്ലക്കിന്‍റെ ഭരണപരിഷ്കാരം’ എന്ന പഴഞ്ചൻ പ്രയോഗത്തിന് മിനുക്കം കൂടി വരുകയാണ്. 500,1000, 2000 നോട്ട് നിരോധനം മുതൽ ചെങ്കോൽ സ്ഥാപനം വരെ എത്തി നിൽക്കുന്ന ഭരണശൈലിയെ ആ പ്രയോഗം കൊണ്ട് ആഞ്ഞാഞ്ഞു പ്രഹരിക്കുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്.

പുതിയ ഇന്ത്യക്ക് വേണ്ടി പണികഴിപ്പിച്ച പാർലമെന്‍റ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം പുരാണകഥകളുടെ ‘ബാലെ’യായി മാറിയപ്പോൾ ഇന്ത്യ ക്രിസ്തുവിനും മുമ്പ്, ബി.സി 2023ലെ ഇന്ത്യയിൽ എത്തിയ പ്രതീതിയായെന്നാണ് ഒരു പത്രം തലക്കെട്ടിൽ കോറിയിട്ടത്. മുഗൾ-ബ്രിട്ടീഷ് അവശേഷിപ്പുകളിൽ നിന്ന് മോചനം സംഭവിക്കാൻ പ്രാകൃതങ്ങളിലേക്ക് മടങ്ങുന്നതിലും തെറ്റില്ല തന്നെ!

ബ്രിട്ടീഷുകാർ നിർമിച്ച കെട്ടിടമായതു കൊണ്ട്, പാർലമെന്‍റ് സമ്മേളന കാലത്തുപോലും സഭക്കുള്ളിൽ പോകാൻ മടി കാണിച്ചിരുന്ന പ്രധാനമന്ത്രി തന്നെയാണ് ബ്രിട്ടീഷ് വൈസ്രോയി നൽകിയതെന്നു പറയുന്ന ചെങ്കോൽ നിധിപോലെ പുതിയ പാർലമെന്‍റ് മന്ദിരത്തിൽ പ്രതിഷ്ഠിച്ചതെന്ന വൈരുധ്യവും ഒപ്പമുണ്ട്. മുഗളന്മാരുടെ കാലം മുതൽ ബാബരി മസ്ജിദ് എന്നറിയപ്പെട്ട പള്ളിയും, കൂട്ടത്തിൽ മതേതരത്വവും പൊളിച്ചേടത്ത് ഉയരുന്ന അമ്പലത്തിന്‍റെ ഉദ്ഘാടനം ഇതിലും കെങ്കേമമാക്കുന്നതാണ് പാർലമെന്‍റ് തെരഞ്ഞെടുപ്പിനു മുമ്പേയുള്ള അടുത്ത പടി.

യഥാ രാജാ, തഥാ പ്രജ എന്ന പഴഞ്ചൊല്ല് പോലെ, പുതിയ ഇന്ത്യയിലേക്കുള്ള സർക്കാറിന്‍റെ പോക്കിനു പിന്നാലെ വെച്ചു പിടിക്കുകയാണ് എൻ.സി.ഇ.ആർ.ടിയും നിയമ കമീഷനുമൊക്കെ. കസേരപ്പൂതി മൂലം കണ്ടറിഞ്ഞ് നീങ്ങാൻ അവർ ബാധ്യസ്ഥരാണ്. ബ്രിട്ടീഷ് കാലത്തെ കാലഹരണപ്പെട്ട നിയമങ്ങൾ ഇത്രത്തോളം റദ്ദാക്കിയ മറ്റൊരു സർക്കാറുമില്ലെങ്കിൽ, ആ സർക്കാറിന്‍റെ ചുവടുപിടിച്ചാണ് 10-ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് ‘ജനാധിപത്യ’ത്തെ റദ്ദാക്കിയത്.

ജനാധിപത്യം ഇന്നാട്ടിൽ കാലഹരണപ്പെട്ടുവെന്ന് ചിന്തിച്ച വിദ്യാഭ്യാസ ഗവേഷണ-പരിശീലന കൗൺസിലിലെ ഭിക്ഷഗ്വരന്മാരെ കുറ്റം പറയാനാവില്ല. റൈറ്റ് സഹോദരന്മാർക്കും മുമ്പേ പുഷ്പക വിമാനം പറത്തിയ രാവണനെയും, ഇന്ത്യക്ക് അധികാരം കൈമാറാൻ വൈസ്രോയി മൗണ്ട് ബാറ്റൺ ഉപയോഗിച്ച ചെങ്കോലിനെയും മറ്റുമാണ് കുട്ടികൾ പഠിക്കേണ്ടതെന്ന പക്ഷക്കാരായി അവർ മാറിയിട്ടുണ്ട്.

കാലഹരണപ്പെട്ട നിരവധി നിയമങ്ങൾ പലതും പിൻവലിച്ചും പാർലമെന്‍റിന് പുതിയ കെട്ടിടം പണിതുമൊക്കെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള അടങ്ങാത്ത കലി സർക്കാർ പ്രകടിപ്പിക്കുന്ന കാലത്തു തന്നെയാണ്, അവരുടെ കാലത്തെ രാജ്യദ്രോഹ നിയമ വ്യവസ്ഥക്ക് പല്ലും നഖവും പോരെന്ന് നിയമകമീഷന് തോന്നിയത്.

സ്വാതന്ത്ര്യദാഹികളായ ഇന്ത്യക്കാരെ ഒതുക്കാൻ ബ്രിട്ടീഷുകാർ നിർമിച്ച രാജ്യദ്രോഹ നിയമത്തിന്‍റെ നിർവചനം പുതുക്കി ശിക്ഷ ഉയർത്തണമെന്നാണ് നിയമ കമീഷന്‍റെ പക്ഷം. പുതിയ ഇന്ത്യയിലും രാജ്യദ്രോഹികൾ കുറവല്ല തന്നെ! യു.എ.പി.എ അടക്കം കൂടിക്കെട്ടാവുന്ന നിയമങ്ങൾക്ക് കുറവില്ല. പെഗസസ് നിരീക്ഷണവും ഡേറ്റ ചോർത്തലും സമൂഹമാധ്യമ നിയന്ത്രണവും കേന്ദ്ര ഏജൻസി വേട്ടയുമൊക്കെ പുരോഗമിക്കുന്നുമുണ്ട്.

എങ്കിലും പുതിയ സ്റ്റാൻ സ്വാമിമാർ ഉണ്ടായിക്കാണാൻ ബ്രിട്ടീഷുകാരെ കടത്തിവെട്ടുന്ന ‘മെച്ചപ്പെട്ട’ രാജ്യദ്രോഹ നിയമം ജനാധിപത്യ-ബഹുസ്വര ഇന്ത്യക്ക് ആവശ്യമാണെന്ന് നിയമ കമീഷൻ ചിന്തിക്കുന്നു. അവരുടെ ശിപാർശ ഇന്ത്യൻ ശിക്ഷ നിയമഭേദഗതിക്കൊപ്പം പാർലമെന്‍റിൽ എത്തുമെന്നാണ് മാധ്യമദ്വാരാ ലഭിക്കുന്ന വിവരം. കാർഷിക -ഐ.ടി മേഖലകളിൽ മുതൽ ജമ്മു-കശ്മീരിൽ വരെ സർക്കാർ നടപ്പാക്കിയ നിയമപരിഷ്കാരങ്ങളുടെ മാതൃകയിൽ മെച്ചപ്പെട്ട നിയമം ‘രാജ്യദ്രോഹി’കളെയും കാത്തിരിക്കുന്നു.

നിയമവും അതിന്‍റെ കാർക്കശ്യവും പോരാത്തതാണല്ലോ, രാജ്യത്തെ ഇന്നത്തെ വിദ്വേഷാന്തരീക്ഷത്തിന് കാരണം. ഏതൊക്കെ നിയമങ്ങൾ എവിടെയൊക്കെ, ആർക്കൊക്കെ നേരെ പ്രയോഗിക്കണമെന്ന് വ്യക്തമായ ബോധ്യമുള്ളവരിലേക്കാണ് രാജ്യദ്രോഹ നിയമ പരിഷ്കാര ശിപാർശ എത്തുന്നത്. അത്രമേൽ നീതിപൂർവകമായാണ് നിയമം നടപ്പാക്കിവരുന്നത്. നിയമം എല്ലാവർക്കും വേണ്ടിയല്ല ‘നമുക്ക്’ വേണ്ടിയായ കാലം.

രാഹുൽ ഗാന്ധിക്കും മുഹമ്മദ് ഫൈസലിനുമെതിരെ കോടതിവിധി വരുകയേ വേണ്ടിയിരുന്നുള്ളൂ. എം.പി സ്ഥാനത്തിന് അയോഗ്യരാക്കി. രാഹുലിനെ സർക്കാർ ബംഗ്ലാവിൽ നിന്ന് ഇറക്കിവിടാനും കാലതാമസമുണ്ടായില്ല. കോടതി തുണയായതു കൊണ്ട് മുഹമ്മദ് ഫൈസലിന് പാർലമെന്‍റിലെ ഇരിപ്പിടം തിരിച്ചു കിട്ടിയെന്നു മാത്രം.

ഈ അണ്ഡകടാഹത്തിലെ മോദിമാരെയാകെ അപകീർത്തിപ്പെടുത്തിയെന്ന കുറ്റത്തിന് രാഹുൽ ഗാന്ധിക്ക് എം.പി സ്ഥാനം പോയെങ്കിൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ കാമദാഹിയായി പെരുമാറിയെന്ന പരാതിയിൽ പോക്സോ കേസ് നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ പുതിയ ഇന്ത്യയിലെ പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിന് 56 ഇഞ്ച് നെഞ്ചളവിൽ വിരിഞ്ഞു നിന്നു.

അയാൾ മഹാപീഡകനെന്ന് പൊലീസിൽ പരാതിപ്പെട്ട വനിത ഗുസ്തി താരങ്ങളുടെ ആത്മാഭിമാനമാണ് അതേസമയം മീറ്ററുകൾ അകലെ തെരുവിൽ വലിച്ചിഴക്കപ്പെട്ടത്. മെഡൽ ഗംഗയിൽ എറിയുമെന്നായിട്ടും പുതിയ ഇന്ത്യയെ നയിക്കുന്നവർ വീണ വായിച്ചുകൊണ്ടേയിരുന്നു. പീഡിപ്പിച്ചെന്ന് പരാതിപ്പെടുന്ന സ്ത്രീയുടെ പക്ഷത്തല്ല, അതിന് തെളിവ് ചോദിക്കുന്ന പീഡകന്‍റെ പക്ഷത്താണ് അവർ.

അയാൾ ആവശ്യപ്പെടുന്നത്, ലൈംഗിക പീഡനത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് സംരക്ഷണം നൽകുന്ന പോക്സോ നിയമം ഭേദഗതി ചെയ്യണമെന്നാണ്. രാജ്യദ്രോഹ നിയമ പരിഷ്കാരമെന്ന പോലെ, ബ്രിജ് ഭൂഷണിന് നീതി ഉറപ്പാക്കാനും പുതിയ ഇന്ത്യയെ നയിക്കുന്നവർക്ക് ബാധ്യതയുണ്ട്!

ചോദ്യം ബാക്കി: പ്രാകൃത ഇന്ത്യയിൽ നിന്ന്, ബ്രിട്ടീഷ് ഇന്ത്യയിൽ നിന്ന്, പുതിയ ഇന്ത്യയിലേക്ക് എന്തുണ്ട് ദൂരം?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justiceprotestsWrestlersBrij Bhushan Sharan Singh
News Summary - Brij Bhushan should get justice
Next Story