ഗയ, വഖഫ് ആക്ടുകളും മൗലികാവകാശ ലംഘനവും
text_fieldsഗയയിലെ മഹാബോധിവിഹാരത്തിന്റെ ചുമതല പൂർണമായും ബുദ്ധമതവിശ്വാസികൾക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സത്യഗ്രഹം നടത്തുന്ന ഭിക്ഷുക്കൾ
ലോകത്തെ ഏറ്റവും പ്രാചീനമായ തീർഥാടനകേന്ദ്രമാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള ബിഹാറിലെ ബോധ്ഗയ. ബി.സി ആറാം നൂറ്റാണ്ടിൽ ഇവിടെവെച്ചാണ് സിദ്ധാർഥ ഗൗതമൻ ബോധോദയം ആർജിച്ച് ബുദ്ധനായത്. ലോകമെങ്ങുമുള്ള ബൗദ്ധരുടെ പ്രഥമവും പ്രധാനവുമായ ഈ പുരാതന തീർഥാടനകേന്ദ്രം മധ്യകാലത്തോടെ ബ്രാഹ്മണിക വർണാശ്രമധർമക്കാരുടെ കൈകളിലായി. ബിഹാർ സർക്കാറിന്റെ 1949ലെ ഗയ ആക്ടുവഴി ഗയവിഹാരനിയന്ത്രണ കമ്മിറ്റിയിൽ പാതിയും ഹിന്ദുക്കളായി. ജില്ലാ മജിസ്ട്രേറ്റിനെ ചെയർമാനുമാക്കി.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുപിന്നാലെ വളരെ ചെറിയ ന്യൂനപക്ഷമായ ബൗദ്ധരോടു ചെയ്തത് വർഷങ്ങൾക്കുശേഷം ഹൈന്ദവദേശീയവാദ ഭരണകൂടം ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിംകൾക്ക് മേലും നടപ്പാക്കുന്നതാണ് 2025ലെ വഖഫ് ഭേദഗതി ആക്ടിലൂടെ നാം കാണുന്നത്. മുസ്ലിംകൾ ദൈവപ്രീതിക്കായി സമർപ്പിച്ച മത-ധാർമിക ആവശ്യങ്ങൾക്കായുള്ള വഖഫ് സ്വത്തുകൾ നിയന്ത്രിക്കുന്ന ബോർഡുകളിൽ മുസ്ലിമേതരരെ കടത്തിവെച്ച് ഭരണഘടനാദത്ത മൗലികാവകാശമായ മതസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷാവകാശങ്ങളെയും സമുദായസ്വയംഭരണത്തെയും ഇല്ലാതാക്കുന്നതാണ് പുതിയ വ്യവസ്ഥ. 1863ലെ റിലീജ്യസ് എൻഡോവ്മെൻറ് ആക്ടിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടംപോലും അംഗീകരിച്ച മതസ്വാതന്ത്ര്യമാണിവിടെ ലംഘിക്കപ്പെടുന്നത്.
ഗയയിലെ മഹാബോധിവിഹാരത്തിന്റെ നിയന്ത്രണത്തിനായി പത്തൊമ്പതാം നൂറ്റാണ്ടുമുതൽ തുടങ്ങിയ ബൗദ്ധരുടെ സഹനസമരം സജീവമായിവരുന്നു. കഴിഞ്ഞ ഫെബ്രുവരി മാസംമുതൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഭിക്ഷുക്കളടക്കം നിരവധി ബൗദ്ധർ ഗയയിലെ മഹാബോധി വിഹാരത്തിൽ ഉപവാസസമരത്തിലാണ്. 1949ലെ ഗയ ആക്ട് ഭേദഗതിചെയ്ത് തങ്ങളുടെ ഒന്നാമത്തെ ആരാധനാലയനിയന്ത്രണത്തിൽ പൂർണപ്രാതിനിധ്യവും സാമുദായിക സ്വാതന്ത്ര്യവും അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം.
ബുദ്ധധർമത്തെ നൈതികനിയമാവലിയും ഭരണഘടനയുമായി സ്വീകരിച്ചു പ്രചരിപ്പിച്ച മൗര്യചക്രവർത്തി അശോകൻ ബി.സി മൂന്നാം നൂറ്റാണ്ടിലാണ് ഗയയിലെ മഹാബോധി വിഹാരം നിർമിക്കുന്നത്. ഗൗതമബുദ്ധൻ ബോധോദയം ആർജിച്ച ഗയയിലെ ബോധിവൃക്ഷത്തെ ആൽത്തറകെട്ടി സംരക്ഷിക്കുകയും വജ്രാസനമാക്കി ശിൽപവേലയിലൂടെ അനശ്വരമാക്കുകയും ചെയ്തു. കേരളത്തിലെ കെട്ടുകാഴ്ചകളിലും ആറ്റുവേലകളിലും തെളിയുന്നത് മഹാബോധി പഗോഡയാണ്. അശോകന്റെ കൊച്ചുമകനും അവസാന മൗര്യവംശജനായ ബൗദ്ധചക്രവർത്തിയുമായിരുന്ന ബൃഹദ്രഥനെ ബ്രാഹ്മണ സേനാനിയായിരുന്ന പുഷ്യമിത്രസുംഗൻ ചതിയിലൂടെ വധിക്കുകയും സുംഗരാജവംശം സ്ഥാപിക്കുകയും ചെയ്തു.
സുംഗന്റെയും പിന്നീടുവന്ന ശശാങ്കനടക്കമുള്ളവരുടെയും ഭരണകാലത്ത് ഗയയിലെ ബോധിവൃക്ഷം പലതവണ നശിപ്പിക്കപ്പെട്ടു. ബൗദ്ധഭിക്ഷുക്കളുടെ വംശഹത്യകളും ഭിക്ഷുണിമാരെ ദേവദാസികളാക്കുന്ന മാനഭംഗഹിംസകളും മധ്യകാലത്തോളം തുടർന്നു. ബ്രാഹ്മണികയാൺകോയ്മ ഭിക്ഷുണിമാരോടു ചെയ്ത ഹിംസകളെക്കുറിച്ച് ഡോ. കെ. ജംനാദാസ് തന്റെ പുസ്തകങ്ങളിൽ വിശദമാക്കുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിൽ അലക്സാണ്ടർ കണ്ണിംഹാമിനെ പോലുള്ള ബ്രിട്ടീഷ് ചരിത്രപുരാവസ്തു ഗവേഷകരാണ് അശോകൻ നിർമിച്ച വജ്രാസനവും ബോധിവൃക്ഷവും വീണ്ടെടുത്തത്.
ബുദ്ധനെക്കുറിച്ചുള്ള ലൈറ്റ് ഓഫ് ഏഷ്യ (1879) എന്ന ആംഗലമഹാകാവ്യത്തിന്റെ രചയിതാവ് എഡ്വിൻ ആർനോൾഡ് പത്തൊമ്പാതം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിൽ ഗയയും ഇന്ത്യയിലെ ബൗദ്ധ പുരാവസ്തു ചരിത്രയിടങ്ങളും സന്ദർശിച്ച് അവയുടെ ശോച്യാവസ്ഥയെക്കുറിച്ച് ഇംഗ്ലീഷിലെഴുതി ലോകശ്രദ്ധയിലേക്കു കൊണ്ടുവന്നു. ആധുനിക ബുദ്ധിസത്തിന്റെ ലോകമിഷനറിയും മഹാബോധി സൊസൈറ്റി സ്ഥാപകനുമായ അനഗാരിക ധമപാലയാണ് പത്തൊമ്പതാം നൂറ്റാണ്ടിനൊടുവിൽ നീണ്ട നിയമപോരാട്ടങ്ങളിലൂടെ ബോധ്ഗയയെ ബ്രാഹ്മണിക അധിനിവേശത്തിൽനിന്ന് പാതിയെങ്കിലും മോചിപ്പിച്ചത്.
1949ലെ നിയമം റദ്ദാക്കണമെന്നും ബുദ്ധഗയയുടെ പരിപാലന ചുമതല സമ്പൂർണമായി ബുദ്ധവിശ്വാസികൾക്ക് നൽകണമെന്നുമാവശ്യപ്പെട്ട് രണ്ട് ഭിക്ഷുക്കൾ 2012ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, അത് വാദം കേൾക്കുന്നതിനായി നാളിതുവരെയും ലിസ്റ്റ് ചെയ്യപ്പെട്ടില്ല. തുടർന്നാണ് മഹാബോധി മഹാവിഹാര മുക്തി ആന്ദോളൻ സജീവമായതും ഈ വർഷം റാലികളും ഉപവാസങ്ങളുമായി വിമോചനദൗത്യം ശക്തിപ്പെടുത്തിയതും.
ഗയയിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും മധ്യകാലംമുതൽ ഏതാണ്ടെല്ലാ ബൗദ്ധ- ജൈന ആരാധനായിടങ്ങളും ബ്രാഹ്മണികഹിന്ദു അധിനിവേശത്തിൻ കീഴിലാണ്. ബുദ്ധന്റെ ജനനവും ബോധോദയവും നിർവാണവും ഒരുമിച്ചുവരുന്ന വൈശാഖത്തിലെ പൂർണിമ കേരളത്തിന്റെയും തെന്നിന്ത്യയുടെയും അശോകാക്ഷരചരിത്രവും പ്രബുദ്ധനൈതികതയും വീണ്ടെടുക്കാനുള്ള അവസരമാണ്. അശോകവിജയദശമിയിലായിരുന്നു അംബേദ്കറുടെ ആറുലക്ഷത്തോളം വരുന്ന ജനങ്ങളുമായുള്ള മഹാമാനസാന്തരം.
ജനായത്ത പ്രാതിനിധ്യാവകാശവും മതാഭിപ്രായസ്വാതന്ത്ര്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും ഓരോന്നോരോന്നായി നശിപ്പിക്കുന്നതും ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ നയം ഭരണകൂടം സ്വീകരിക്കുമ്പോൾ ജനായത്ത ഇന്ത്യക്കായുള്ള നൈതികസമരം ജനത സാഹോദര്യജീവിതസമരങ്ങളിലൂടെ സജീവമാക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

