ബി.ജെ.പിയുടെ അടുത്ത യുദ്ധം ടിപ്പു സുൽത്താനുനേരെ
text_fieldsബി.ജെ.പി പ്രവർത്തകർ പുണെയിലെ കോൺഗ്രസ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയപ്പോൾ
ഭാരതീയ ജനതാ പാർട്ടിക്ക് ചരിത്രം ഒരുകാലത്തും ഒരു വഴികാട്ടിയായിരുന്നില്ല. ഇസ്ലാമിക പശ്ചാത്തലമുള്ള എന്തെങ്കിലും കണ്ടാൽ തന്നിഷ്ടപ്രകാരം പ്രയോഗിക്കാനുള്ള ആയുധമാണവർക്കത്. മുൻകാലങ്ങളിൽ മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പേരാണ് മഹാരാഷ്ട്രയിലെ അടിത്തറയെ ശക്തമാക്കാനും സംസ്ഥാനത്ത് ധ്രുവീകരണം വർധിപ്പിക്കാനും ബി.ജെ.പി നിരന്തരം ഉപയോഗിച്ചുപോന്നത്. ഇപ്പോൾ ലക്ഷ്യം വെക്കുന്നത് ടിപ്പു സുൽത്താനെയാണ്.
ഫെബ്രുവരി 14ന്, മലേഗാവ് ഡെപ്യൂട്ടി മേയർ ഷാനെ ഹിന്ദ് നിഹാൽ അഹ്മദ് തന്റെ ഓഫിസിൽ ടിപ്പു സുൽത്താന്റെ ചിത്രം സ്ഥാപിക്കാൻ തീരുമാനിച്ചതിനെ ബി.ജെ.പിയും ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേന വിഭാഗവും എതിർത്തതോടെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്. ടിപ്പുവിന്റെ ചിത്രം നീക്കം ചെയ്യണമെന്നും ചിത്രം സ്ഥാപിച്ച ഡെപ്യൂട്ടി മേയർ നടപടി നേരിടണമെന്നും അവർ ആവശ്യപ്പെട്ടു.
അതേദിവസം കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ ടിപ്പു സുൽത്താനെ ശിവാജി മഹാരാജാവുമായി താരതമ്യം ചെയ്തു. ‘‘ഛത്രപതി ശിവാജി മഹാരാജിനുണ്ടായിരുന്ന വീര്യവും അദ്ദേഹം അവതരിപ്പിച്ച ‘സ്വരാജ്’ എന്ന സങ്കൽപ്പവും പിന്തുടർന്ന് അദ്ദേഹത്തിന്റെ ആദർശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ടിപ്പു സുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു. ആ അർഥത്തിൽ, അപാരമായ ധീരത പ്രകടമാക്കിയ ടിപ്പു സുൽത്താൻ മഹാനായ ഒരു പോരാളിയും ഇന്ത്യയുടെ യഥാർഥ പുത്രനുമായിരുന്നു. വിഷലിപ്തമായതോ വർഗീയമായതോ ആയ ആശയങ്ങൾ തന്നെ സ്വാധീനിക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. വീര്യത്തിന്റെ പ്രതീകമെന്ന നിലയിൽ ടിപ്പു സുൽത്താനെ ഛത്രപതി ശിവാജി മഹാരാജിന് തുല്യനായി നാം കാണണം’’- സപ്കൽ പറഞ്ഞു.
ഈ താരതമ്യം അംഗീകരിക്കാനാവില്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്നോട്ടുവന്നു. ‘‘ ഛത്രപതി ശിവാജി മഹാരാജിനെ മഹാരാഷ്ട്ര അത്യന്തം ആദരവോടെയാണ് കാണുന്നത്. ഞങ്ങളുടെ ദൈവമായ അദ്ദേഹത്തെ അപമാനിക്കാൻ ഒരുമ്പെടുന്നവർ ആരായാലും അവർക്ക് ഉചിതമായ മറുപടി നൽകിയിരിക്കുമെന്ന് ഫഡ്നാവിസ് പറഞ്ഞു. ഈ പ്രസ്താവന വന്ന് മണിക്കൂറുകൾക്കുള്ളിൽ ബി.ജെ.പി പ്രവർത്തകർ പുണെയിലെ കോൺഗ്രസ് ഓഫിസിന് പുറത്ത് അക്രമാസക്തമായ സമരം നടത്തി. കല്ലേറിൽ ഒമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
‘‘ഉച്ചകഴിഞ്ഞ് കോൺഗ്രസ് ഭവന് സമീപം ബി.ജെ.പി പ്രവർത്തകർ സമരം നടത്തിയിരുന്നു. സമരം അവസാനിച്ചപ്പോൾ ചില ബി.ജെ.പിക്കാർ കോൺഗ്രസ് ഭവൻ പരിസരത്ത് ചെന്ന് മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഉള്ളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകരും മുദ്രാവാക്യം വിളിച്ചു... ഇരുവശത്തുനിന്നും കല്ലേറുണ്ടായി. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് ബി.ജെ.പി പ്രവർത്തകർക്കും രണ്ട് വനിതാ കോൺസ്റ്റബിൾമാർക്കും രണ്ട് പത്രപ്രവർത്തകർക്കും പരിക്കേറ്റു. ഇരുവിഭാഗവും പരസ്പരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്’’ എന്നാണ് സംഭവത്തെക്കുറിച്ച് ക്രമസമാധാന ചുമതലയുള്ള ജോയിന്റ് പൊലീസ് കമീഷണർ രഞ്ജൻ കുമാർ ശർമ്മ ദ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞത്,
ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ലഹള ഉണ്ടാക്കാൻ ലക്ഷ്യമിട്ട് മനഃപൂർവം പ്രകോപനം സൃഷ്ടിക്കൽ,മതം, ജാതി, ജന്മസ്ഥലം, താമസം, ഭാഷ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, സൗഹാർദ്ദം തകർക്കൽ, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അപമാനിക്കൽ അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പുണെ പൊലീസ് സപ്കലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്നതോടെ ഫെബ്രുവരി 17-ന് സപ്കൽ ‘ക്ഷമാപണം’ നടത്തി. സാമൂഹിക സംഘർഷം ഇളക്കിവിടാനുള്ള ബി.ജെ.പിയുടെ ശ്രമത്തിന്റെ ഭാഗമായി തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘‘ബി.ജെ.പിയുടെ വൃത്തികെട്ടതും ദുരുദ്ദേശ്യപരവുമായ രാഷ്ട്രീയം കാരണം ചില ശിവാജി ഭക്തരുടെ വികാരം വ്രണപ്പെട്ടതിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. ആരുടെയും വികാരങ്ങൾ വ്രണപ്പെടുത്താൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. നമുക്ക് ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം’’- സപ്കൽ പറഞ്ഞു.
ബി.ജെ.പിയുടെ ഇരട്ടത്താപ്പും ടിപ്പു സുൽത്താനോടുള്ള മുൻകാല നിലപാടും കോൺഗ്രസും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ചൂണ്ടിക്കാട്ടി. ‘‘2013-ൽ മുംബൈയിലെ ബാജിപ്രഭു ദേശ്പാണ്ഡെ മാർഗിൽനിന്ന് തുടങ്ങി റഫി നഗർ നള്ള വരെ നീളുന്ന ശിവാജിനഗർ റോഡ് നമ്പർ 4-ന് ശഹീദ് ടിപ്പു സുൽത്താൻ മാർഗ് എന്ന് പേരിടാൻ ബി.ജെ.പി കോർപറേറ്റർമാർ ഒരു നിർദേശം സമർപ്പിച്ചിരുന്നു. അന്നത്തെ നഗരസഭാ കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി ഇത് അംഗീകരിച്ചപ്പോൾ നിലവിലെ മേയർ റിതു താവ്ഡെ കമ്മിറ്റി അംഗമായിരുന്നു. ഈ പ്രമേയത്തെ പിന്തുണച്ചത് ഇപ്പോൾ ബി.ജെ.പി മുംബൈ ഘടകം പ്രസിഡന്റും എം.എൽ.എയുമായ അമിത് സതം ആയിരുന്നു’’- അന്നത്തെ പ്രമേയം സഹിതം കോൺഗ്രസ് ഒരു സമൂഹമാധ്യമ കുറിപ്പിലൂടെ ഓർമിപ്പിച്ചു.
ശിവസേന (യു.ബി.ടി) എം.പിയും പാർട്ടി മുഖപത്രമായ സാമ്നയുടെ എഡിറ്ററുമായ സഞ്ജയ് റൗട്ട് മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ടിപ്പു സുൽത്താനെ പ്രശംസിച്ച കാര്യം അനുസ്മരിച്ചു. ‘‘ടിപ്പു സുൽത്താനെക്കുറിച്ചുള്ള സത്യം അറിയണമെങ്കിൽ നിങ്ങൾതന്നെ നിയോഗിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദ് കർണാടക അസംബ്ലിയിൽ നടത്തിയ പ്രസംഗം കേൾക്കൂ’’- റൗട്ട് പറഞ്ഞു.
കോൺഗ്രസ് അനാവശ്യമായി ബി.ജെ.പിക്ക് ഒരു രാഷ്ട്രീയ വിഷയം നൽകിയെന്ന് വിമർശിച്ച സാമ്ന ബി.ജെ.പി എപ്പോഴും ചെയ്യുന്നതുപോലെ ശിവാജി-ടിപ്പു തർക്കത്തിന് ഹിന്ദു-മുസ്ലിം നിറം നൽകിയെന്നും എഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.
(അന്താരാഷ്ട്ര മാധ്യമപുരസ്കാര ജേതാവായ സുകന്യ ശാന്ത thewire.inൽ എഴുതിയ കുറിപ്പിന്റെ സംഗ്രഹം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

