Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎസ്.പി പിളരുമ്പോള്‍...

എസ്.പി പിളരുമ്പോള്‍ അസ്വസ്ഥത ബി.ജെ.പിക്ക്

text_fields
bookmark_border
എസ്.പി പിളരുമ്പോള്‍ അസ്വസ്ഥത ബി.ജെ.പിക്ക്
cancel

കറന്‍സി നിരോധനമടക്കം മോദി സര്‍ക്കാറിന്‍െറ അഴിമതിവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തെ മാറ്റാന്‍ ബി.ജെ.പി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമ്പോഴാണ് മുഖ്യ എതിരാളിയെന്ന് അവര്‍ വിശേഷിപ്പിക്കുന്ന ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടി നെടുകെ പിളര്‍ന്നുവെന്ന വാര്‍ത്ത വന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഒരു സംസ്ഥാനത്ത് പെരുമാറ്റച്ചട്ട പ്രഖ്യാപനത്തിന് നാളുകളെണ്ണി നില്‍ക്കുന്നവേളയില്‍ തങ്ങളുടെ പ്രധാന എതിര്‍കക്ഷിയിലുണ്ടാകുന്ന ഭിന്നിപ്പ് ഏതൊരു പാര്‍ട്ടിയെയും ആഹ്ളാദചിത്തരാക്കേണ്ടതാണ്. ആ കക്ഷിയിലെ ഭിന്നിപ്പിന്‍െറ ആഴം കൂട്ടാന്‍ യത്നിക്കുകയാണല്ളോ മുഖ്യ എതിരാളി ചെയ്യേണ്ടത്.

ഭിന്നിപ്പിച്ച് ഭരിക്കുകയെന്നത് രാജ്യമൊട്ടുക്കും വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു പാര്‍ട്ടി വിശേഷിച്ചും.  എന്നാല്‍, ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളരാന്‍ പോയപ്പോഴും ‘ഫൗള്‍ പ്ളേ’ വിളിച്ച് വേവലാതിപ്പെടുന്ന ബി.ജെ.പിയെയാണ് നാം കണ്ടത്. എസ്.പി പിളരുമെന്ന വാര്‍ത്ത വരുമ്പോഴേക്ക് അതൊഴിവാകട്ടെയെന്ന് ഉള്ളുരുകി കഴിയുകയായിരുന്നു ബി.ജെ.പി.

മാസങ്ങള്‍ക്ക് മുമ്പെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായി നിലമൊരുക്കിത്തുടങ്ങിയ അമിത് ഷാ ലോക്സഭാ തെരഞ്ഞെടുപ്പ് പോലെ ബൂത്തുകളുടെ ചുമതല ആര്‍.എസ്.എസിനെ നേരിട്ടേല്‍പിച്ചുകൊടുത്തിരിക്കുകയാണ്. ഓരോ ബൂത്തിലെയും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ആര്‍.എസ്.എസ് ഒരു പ്രവര്‍ത്തകനെ ചുമതലപ്പെടുത്തിയതിനാല്‍ സംഘ് പരിവാറിനാണ് ഉത്തര്‍പ്രദേശിന്‍െറ നാഡിമിടിപ്പ് ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിയുക. കറന്‍സി നിരോധനം പാര്‍ട്ടിക്ക് ജയസാധ്യത ഇല്ലാതാക്കിയെന്ന് ബി.ജെ.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത് ഈ ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു. 

അഞ്ച് കൊല്ലത്തെ സമാജ്വാദി സര്‍ക്കാറിനോടുള്ള ജനവിരുദ്ധ വികാരം പുതിയ ജാതീയ സമവാക്യത്തിലൂടെ വോട്ടാക്കി ഭരണം തിരിച്ചുപിടിക്കാന്‍  ശ്രമിക്കുന്ന മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയാണ് ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്കുള്ള കനത്ത വെല്ലുവിളി എന്നും ഇവരിലൂടെ ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മണ്ണൊരുക്കുന്നതിനായി ഉത്തര്‍പ്രദേശില്‍ നടത്തിയ പര്യടനത്തിനുശേഷം പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചുകൂട്ടിയപ്പോള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുള്ള വെല്ലുവിളികള്‍ പലതും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ബി.എസ്.പിയാണ് യഥാര്‍ഥ വെല്ലുവിളിയെന്ന വസ്തുത മറച്ചുവെക്കാനാണ് അമിത് ഷാ ശ്രമിച്ചത്.

വോട്ടര്‍മാരുടെ മനസ്സില്‍ തെരഞ്ഞെടുപ്പ് തെളിഞ്ഞുവരുമ്പോള്‍ മായാവതിയും ബി.എസ്.പിയും ചിത്രത്തില്‍ വരാത്തതരത്തില്‍ പ്രചാരണ തന്ത്രം മെനഞ്ഞ അമിത് ഷാ ബി.ജെ.പിയും എസ്.പിയും തമ്മിലാണ് മത്സരമെന്ന് റെക്കോഡായും ഓഫ് ദ റെക്കോഡായും മാധ്യമങ്ങളെ ഉദ്ബോധിപ്പിച്ചു. ഓരോ തവണ ഉത്തര്‍പ്രദേശില്‍ പോയിവരുമ്പോഴും അമിത് ഷാ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും മത്സരം ബി.ജെ.പിയും എസ്.പിയും തമ്മിലാണെന്ന് ആണയിട്ടുകൊണ്ടിരിക്കുകയും ചെയ്തു. ബി.എസ്.പിയോ എന്ന് ചോദിച്ചപ്പോഴൊക്കെ ‘‘മത്സരം ആര് തമ്മിലാണെന്ന് ആദ്യം പറഞ്ഞില്ളേ? പിന്നെന്തിന് ഇത്തരമൊരു ചോദ്യമെന്ന്’’ അമിത് ഷാ മറുപടി നല്‍കി.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് യഥാര്‍ഥ ഭീഷണി ബി.എസ്.പിയാണെന്ന തിരിച്ചറിവുണ്ടായിരുന്നത് കൊണ്ടാണ് നിരന്തരമായ ഉദ്ബോധനങ്ങള്‍ക്കുശേഷവും ‘‘അപ്പോള്‍ ബി.എസ്.പിയോ’’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചുകൊണ്ടിരുന്നത്. ഇത്തരമൊരു ആശയവിനിമയത്തിനിടയില്‍ അന്നൊരു ദിവസം പതിവ് ചോദ്യോത്തരത്തിനുശേഷം ഒരു ഹിന്ദി മാധ്യമപ്രവര്‍ത്തകന്‍ വിശദാംശങ്ങളിലേക്ക് കടന്നപ്പോള്‍ ബി.ജെ.പിയുടെ പൂച്ച് പുറത്തുചാടി. ഉത്തര്‍പ്രദേശിലെ ഓരോ മേഖലയുടെയും പേരെടുത്ത് ചോദിച്ച ലേഖകന്‍ അവിടത്തെ ബി.ജെ.പിയുടെ സാധ്യതകള്‍ ഒന്നു വിശദമാക്കണമെന്ന് അമിത് ഷായോട് അപേക്ഷിച്ചു.

ബി.ജെ.പിയുടെ സാധ്യതകള്‍ വീശാനായിരുന്നു ലേഖകന്‍ ഉദ്ദേശിച്ചതെങ്കിലും മേഖല തിരിച്ച് പറഞ്ഞുവന്നപ്പോള്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകര്‍ ഓരോ മേഖലയിലും അടുത്ത എതിരാളി ആരാണെന്ന് പ്രത്യേകം ചോദിച്ചുകൊണ്ടിരുന്നു. ഒടുവില്‍ എല്ലാ മേഖലയും കൂടി കണക്കുകൂട്ടിയപ്പോള്‍ അമിത് ഷാ പറഞ്ഞതുപ്രകാരം ഭൂരിഭാഗം പ്രദേശങ്ങളിലും ബി.എസ്.പിയുമായിട്ടാണ് ബി.ജെ.പിയുടെ മത്സരം എന്ന് വ്യക്തമായി.

ബി.ജെ.പിയുടെ പ്രാര്‍ഥനകള്‍
ബി.എസ്.പി വളര്‍ത്തിയെടുത്ത ദലിത് സ്വത്വത്തെ ആര്‍.എസ്.എസ് സൃഷ്ടിച്ച ഹിന്ദുത്വ സ്വത്വം വിഴുങ്ങുന്ന കാഴ്ചക്കാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. മായാവതിക്ക് പിറകില്‍ ഉറച്ചുനിന്നിരുന്ന ബഹുജന്‍ സമാജിലെ നല്ളൊരു വിഭാഗം വലത്തോട്ട് ചാഞ്ഞപ്പോള്‍ ആകെയുള്ള സീറ്റുകളില്‍ ബഹുഭൂരിഭാഗവും ബി.ജെ.പി അടിച്ചെടുക്കുകയും ബി.എസ്.പി സംപൂജ്യരാവുകയും ചെയ്തു. മായാവതിയുടെ അണികളെ വീഴ്ത്താന്‍ ‘ലോക്സഭയില്‍ മോദിക്ക് നിയമസഭയില്‍ മായാവതിക്ക്’ എന്ന പ്രചാരണവും ബി.എസ്.പി ശക്തികേന്ദ്രങ്ങളില്‍ ആര്‍.എസ്.എസ് പയറ്റിയിരുന്നു.

എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ വോട്ടുകളായി മാറിയ ഈ ദലിത് വോട്ടുകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബഹുജന്‍ വോട്ടുകളായി മായാവതിക്ക് തന്നെ പോകുമല്ളോ എന്ന ആശങ്കയിലാണിപ്പോള്‍ ബി.ജെ.പി. ഇതിന് പുറമെയാണ് മുസ്ലിംകളെ കൂടെ നിര്‍ത്താന്‍ തന്‍െറ വിശ്വസ്തരായ മുസ്ലിം നേതാക്കളെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന് മായാവതി നടത്തുന്ന ശ്രമം. സമാജ്വാദി സര്‍ക്കാറിന്‍െറ അഞ്ചു വര്‍ഷത്തെ ഭരണത്തിനിടയില്‍ നടന്ന എണ്ണമറ്റ വര്‍ഗീയ കലാപങ്ങളില്‍ മനംമടുത്തിരിക്കുന്ന മുസ്ലിംകള്‍ക്ക് ബി.എസ്.പിയാണ് രക്ഷയെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്.

മുസ്ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കുന്നതിന് ബി.ജെ.പിക്ക് സകല ഒത്താശകളും ചെയ്തുകൊടുക്കുകയാണ് സമാജ്വാദി സര്‍ക്കാര്‍ ചെയ്തതെന്ന് ആരോപിക്കുന്ന മായാവതി തൊട്ടുമുമ്പത്തെ അഞ്ച് വര്‍ഷക്കാലം താന്‍ ഭരിച്ചപ്പോള്‍ ഒരു കലാപത്തിനുപോലും ബി.ജെ.പിയെ അനുവദിച്ചിട്ടില്ളെന്ന് മുസ്ലിംകളെ ഓര്‍മപ്പെടുത്തുന്നു. ബാബരി കേസിലെ വിധി പ്രഖ്യാപന നാളിലും ഉത്തര്‍പ്രദേശ് ശാന്തമായത് ഇതിന്‍െറ തെളിവായി അവര്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാജ്വാദി പാര്‍ട്ടിയോടൊപ്പം നിന്ന മുസ്ലിംകളെ തന്‍െറ ദലിത് വോട്ടുബാങ്കിനൊപ്പം നിര്‍ത്തിയാല്‍ ഉത്തര്‍പ്രദേശില്‍ ഭരണം കൈപ്പിടിയിലൊതുക്കാമെന്ന മായാവതിയുടെ കണക്കുകൂട്ടല്‍ ബി.ജെ.പിയുടെ നെഞ്ചിടിപ്പേറ്റുന്നതാണ്.

പ്രൊപ്പഗണ്ടയിലൂടെ ബി.എസ്.പി ചിത്രത്തിലില്ളെന്ന് വരുത്തി ഈ ഭീഷണി മറികടക്കാനുള്ള ഉപായമാണ് അമിത് ഷായും കൂട്ടരും ആവിഷ്കരിച്ചത്. അതിനാണ് ബി.ജെ.പി - എസ്.പി മത്സരമാണ് ഉത്തര്‍പ്രദേശിലെന്ന് വ്യാപകമായ പ്രചാരണം അഴിച്ചുവിട്ടത്. സമാജ്വാദി പാര്‍ട്ടി മുസ്ലിംകളെ പ്രീണിപ്പിക്കുന്നവരാണെന്ന ധാരണ പരത്തുന്നതില്‍ നേരത്തേ വിജയിച്ചതിനാല്‍ ഹിന്ദുവോട്ടുകള്‍ ധ്രുവീകരിക്കാനും അവരെയാണ് ബി.ജെ.പിക്ക് എതിരാളികളായി ഉയര്‍ത്തിക്കാണിക്കേണ്ടത്. സമാജ്വാദി പാര്‍ട്ടി പിളര്‍ന്നാല്‍ മുസ്ലിം വോട്ടുകള്‍ ഒന്നടങ്കം ബി.എസ്.പിയില്‍ കേന്ദ്രീകരിക്കുന്നതിന് വഴിയൊരുക്കുമെന്ന് ബി.ജെ.പിക്കറിയാം.

എസ്.പിയുമായി കോണ്‍ഗ്രസും അജിത് സിങ്ങിന്‍െറ രാഷ്ട്രീയ ലോക്ദളും സഖ്യമുണ്ടാക്കരുതെന്നാണ് ബി.ജെ.പിയുടെ രണ്ടാമത്തെ തേട്ടം. സമാജ്വാദി പാര്‍ട്ടിയോട് കോണ്‍ഗ്രസും ആര്‍.എല്‍.ഡിയും ചേരുന്നതോടെ പുതിയ ജാതി സമവാക്യങ്ങള്‍ ഉടലെടുക്കും. സഖ്യത്തിനും പിളര്‍പ്പിനുമില്ലാത്ത സമാജ്വാദി പാര്‍ട്ടിയാണ് ബി.ജെ.പിയുടെ സ്വപ്നം.

മുലായത്തോടുള്ള കടപ്പാട്
ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകള്‍ ധ്രുവീകരിക്കാനായി ഉത്തര്‍പ്രദേശില്‍ നടത്തുന്ന കള്ളനും പൊലീസും കളിക്കലിനിടയില്‍ എസ്.പിയും ബി.ജെ.പിയും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. മുസഫര്‍ നഗര്‍ വര്‍ഗീയകലാപവേളയിലും ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്നപ്പോഴും ഏറ്റവുമൊടുവില്‍ ജെ.എന്‍.യുവില്‍നിന്ന് നജീബിനെ കാണാതായപ്പോഴും കണ്ടു ഈ കള്ളനും പൊലീസും കളി. ബാബരി മസ്ജിദ് തകര്‍ക്കാനത്തെിയ കര്‍സേവകരെ വെടിവെച്ച മുലായം സിങ് പിന്നീട് അത് തന്നെ ഏറെ വേദനിപ്പിച്ച സംഭവമാണെന്നും മറ്റൊരു നിവൃത്തിയുമില്ലാതെ ചെയ്തതാണെന്നും മാറ്റിപ്പറഞ്ഞിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് എല്ലാ ഒത്താശയും ചെയ്ത അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങുമായി എപ്പോഴും നല്ല ബന്ധമായിരുന്നു മുലായമിന്.

ബി.ജെ.പിയുമായുള്ള അധികാരതര്‍ക്കത്തില്‍ മറ്റൊരു പാര്‍ട്ടിയുണ്ടാക്കി കല്യാണ്‍ സിങ് പുറത്തുവന്നപ്പോള്‍ സഖ്യമുണ്ടാക്കി തുണയായാതും മുലായം തന്നെ. ഗോമാംസം കഴിച്ചെന്നാരോപിച്ച് ദാദ്രിയിലെ മുഹമ്മദ് അഖ്ലാഖിനെ അടിച്ചുകൊന്ന സംഭവം ദേശീയ അന്തര്‍ദേശീയതലങ്ങളില്‍ വലിയ കോളിളക്കമുണ്ടാക്കിയിട്ടും ന്യൂനപക്ഷ പ്രീണനത്തിന് കുപ്രസിദ്ധി നേടിയ മുലായം സിങ് യാദവോ മുഖ്യമന്ത്രിയായ മകനോ അവിടം സന്ദര്‍ശിച്ചില്ല. മുലായത്തെ തുണച്ചത് തങ്ങള്‍ക്ക് പറ്റിയ വലിയ അബദ്ധമായിരുന്നുവെന്നും തങ്ങളെ വെച്ച് അയാള്‍ രാഷ്ട്രീയം കളിക്കുകയായിരുന്നെന്നും ഇനിയൊരിക്കലും പിഴവ് ആവര്‍ത്തിക്കുകയുമില്ളെന്നുമാണ് അഖ്ലാഖിന്‍െറ ബന്ധുക്കള്‍ അന്ന് നേരില്‍ പറഞ്ഞത്.

മറ്റൊരു പ്രതിപക്ഷനേതാവിനെയും ഗൗനിക്കാത്ത അമിത് ഷായും നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശിലെ വിജയത്തിനുശേഷം സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന് വലിയ ആദരവാണ് നല്‍കാറുള്ളത്. രാഷ്ട്രപതി ഭവന്‍െറ മുറ്റത്ത് മോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്ത ദിവസം നേതാക്കളുടെ ബാഹുല്യത്തിനിടയില്‍നിന്ന് മുലായം സിങ് യാദവിനെ തെരഞ്ഞുപിടിച്ച് കൈ പിടിച്ച് കൂട്ടിക്കൊണ്ടുവന്നാണ് അമിത് ഷാ ചടങ്ങിന്‍െറ മുന്‍നിരയിലിരുത്തിയത്. ‘‘ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള ആദരണീയനായ നേതാവ്’’ എന്ന പ്രശംസ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ച പ്രതിപക്ഷത്തെ ഏകനേതാവും മുലായം സിങ് യാദവ് തന്നെ. മുലായത്തെ ആദരിക്കാനുള്ള ഏതെങ്കിലും ചടങ്ങില്‍ മോദി നടത്തിയ പ്രശംസയല്ല ഇത്.

ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലെ സര്‍സാവയില്‍ ബി.ജെ.പി റാലിയിലാണ് മോദി മുലായം സിങ്ങിനെ പ്രശംസയില്‍ പൊതിഞ്ഞത്. പാര്‍ലമെന്‍റിലെ കോണ്‍ഗ്രസിന്‍െറ മോശം പെരുമാറ്റത്തിനെതിരെ ജനാധിപത്യത്തിന് വേണ്ടി ശബ്ദിക്കുകയായിരുന്നു മുലായമെന്നാണ് അന്ന് മോദി പറഞ്ഞത്. ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് സര്‍ക്കാറുമായുണ്ടായ ഭിന്നതയെ തുടര്‍ന്ന് 2015ലെ പാര്‍ലമെന്‍റിന്‍െറ വര്‍ഷകാല സമ്മേളനം പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിറകെയായിരുന്നു ഈ പ്രശംസ.

കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും ഒരുമിച്ചുനിന്ന് ചരക്കുസേവന നികുതി വിഷയത്തില്‍ മോദി സര്‍ക്കാറിനെ പാര്‍ലമെന്‍റില്‍ ഒറ്റപ്പെടുത്തിയ നിര്‍ണായക ഘട്ടത്തില്‍ അപ്രതീക്ഷിതമായി അവരെ ഒറ്റുകൊടുത്ത് മുലായം സിങ് ബി.ജെ.പിയെ സഹായിക്കാന്‍ തയാറായതാണ് മോദിയുടെ പ്രീതിക്കിരയാക്കിയത്.  ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് സമാജ്വാദി പാര്‍ട്ടി പിളര്‍ന്നുവെന്ന് കേള്‍ക്കുമ്പോഴേക്കും മറ്റാരെക്കാളും ബി.ജെ.പിക്ക് ഉള്ളുരുകുന്നത്. ബി.ജെ.പിയുടെ തേട്ടംപോലെ അച്ഛനും മകനും ശനിയാഴ്ച ഒന്നായെങ്കിലും ഞായറാഴ്ച ഇരുവരും പരസ്പരം പുറത്താക്കിയതായാണ് വാര്‍ത്തകള്‍. മുലായം സിങ് വ്യാഴാഴ്ച വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി കണ്‍വെണ്‍ഷന്‍ ഏതായാലും നിര്‍ണായകമാകും.

 

Show Full Article
TAGS:bjp sp bsp 
News Summary - bjp has irritation when sp break
Next Story