ബി.ജെ.പി ചുരുങ്ങി, ഇന്ത്യയുടെ മൂന്നിലൊന്നിലേക്ക്​

ഹസനുൽ ബന്ന
07:52 AM
24/12/2019

ഒന്നിനു പിറകെ ഒന്നായി തെരഞ്ഞെടുപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും സംസ്​ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്ത്​ കേവലം ഒന്നര വർഷം മുമ്പ്​ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും കാവിയണിയിച്ച ബി.​ജെ.പി ഝാർഖണ്ഡിലെ പരാജയത്തോടെ രാജ്യത്തി​​െൻറ മൂന്നിലൊന്ന്​ ഭൂപ്രദേശത്തേക്കു ചുരുങ്ങി. രാജ്യസഭയിൽ മൂന്നിൽരണ്ട്​ ഭൂരിപക്ഷം തികക്കാമെന്ന ബി.ജെ.പിയു​െട മോഹങ്ങൾക്കുള്ള തിരിച്ചടികൂടിയാണ്​ ഝാർഖണ്ഡിലെ തോൽവി.

ഭരണവിരുദ്ധത മറികടക്കാൻ മോദിയെയും അമിത്​ ഷായെയും മാത്രം പ്രചാരകരായി മുന്നിൽ നിർത്തിയിട്ടും ഇരുവരും സംസ്​ഥാനത്തി​​െൻറ കാതലായ വിഷയങ്ങളിൽനിന്ന്​ കശ്​മീരിലേക്കും രാ​മക്ഷേത്രത്തിലേക്കും ഒടുവിൽ പൗരത്വ ഭേദഗതി നിയമത്തിലേക്കും ചർച്ച വഴിതിരിച്ചുവിട്ടിട്ടും ജനം ബി.ജെ.പിയെ തള്ളി. ബി.ജെ.പിയുടെ 37ഉം സഖ്യകക്ഷിയായ ഓൾ ഝാർഖണ്ഡ്​ സ്​റ്റുഡൻറ്​സ്​ യൂനിയ​​െൻറ അഞ്ചും ചേർത്ത്​ കഷ്​ടിച്ച്​ കേവല ഭൂരിപക്ഷമൊപ്പിച്ച്​ 2014ൽ ഭരണം പിടിച്ച ബി.ജെ.പിക്ക്​ അന്ന്​ തുണച്ച ഗോത്രവർഗക്കാർതന്നെയാണ്​ തിരിച്ചടി നൽകിയത്​. ബി.ജെ.പി സർക്കാറിനോടുള്ള വിരോധത്തിൽ ഗോത്രമേഖലയിലെ 53 ശതമാനം വോട്ടും അവർ​െക്കതിരെ കോൺഗ്രസ്​-ഝാർഖണ്ഡ്​ മുക്തിമോർച്ച-രാഷ്​ട്രീയ ജനതാദൾ സഖ്യത്തിൽ വീണു.   

മധ്യപ്രദേശും ഛത്തിസ്​ഗഢും രാജസ്​ഥാനും പൊതുതെരഞ്ഞെടുപ്പിനു​ മു​​​​േമ്പ നഷ്​ടപ്പെട്ട ബി.ജെ.പിക്ക്​ മഹാരാഷ്​ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളും പിന്നീട്​ തിരിച്ചടി നൽകി.  മൂന്നു പതിറ്റാണ്ടുകാലത്തെ സഖ്യം വിട്ടാണ്​ ശിവസേന സ്വന്തം മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി എൻ.സി.പിയെയും കോൺഗ്രസിനെയും കൂട്ടി സഖ്യമുണ്ടാക്കിയത്. ഹരിയാനയിൽ ഭൂരിപക്ഷം നഷ്​ടപ്പെട്ടിട്ടും കഷ്​ടിച്ച്​ ഭരണം നിലനിർത്താനായ ബി.ജെ.പി മഹാരാഷ്​ട്രയിൽ കിട്ടിയ ഭരണം മുഖ്യമന്ത്രിപദത്തിനുവേണ്ടി ബലികഴിച്ചതിനു പിറകെയാണ്​ ഝാർഖണ്ഡിലെ പരാജയം. പൊതു തെരഞ്ഞെടുപ്പ്​ തൂത്തുവാരിയ ബി.ജെ.പിയെ സംസ്​ഥാന നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നൊന്നായി കൈവിടുന്നത്​ തുടർന്നുകൊണ്ടിരിക്കുകയാണ്​. ഝാർഖണ്ഡിനോട്​ അതിർത്തി പങ്കിടുന്ന ബിഹാറിലും പശ്ചിമ ബംഗാളിലും വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക്​ ആധിയേറ്റുന്ന തോൽവിയാണിത്​.

ആറു​ മാസം മുമ്പ്​ 303 സീറ്റുമായി ലോക്​സഭ തൂത്തുവാരി സ്വന്തം പ്രകടനപത്രികയിലെ ഹിന്ദുത്വ അജണ്ടകൾ യുദ്ധകാലാടിസ്​ഥാനത്തിൽ നടപ്പാക്കുന്നതിനിടയിലാണ്​ ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭ തെരഞ്ഞെടുപ്പിൽതന്നെ ബി​.ജെ.പി അടിതെറ്റിവീണത്​. 2017ൽ രാജ്യത്തി​​െൻറ 71 ശതമാനവും പാർട്ടി അടക്കിവാണിടത്തുനിന്നാണ്​ ഇൗ വീഴ്​ച. ആർ.എസ്​.എസി​​െൻറ ഹിന്ദുത്വ അജണ്ടയായ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കുമെതിരെ  രാജ്യമാകെ കത്തിപ്പടരുന്ന സമരത്തിനിടയിൽ ഏറ്റ ഇൗ പരാജയം പ്രധാനമന്ത്രി നരേ​ന്ദ്ര മോദിക്കും അമിത്​ ഷാക്കും ഏറ്റ വ്യക്തിപരമായ തിരിച്ചടികൂടിയായി.

അയോധ്യയിലെ രാമക്ഷേത്രനിർമാണത്തിനായി സുപ്രീംകോടതി അനുകൂലവിധി​ നൽകിയതും ബി.​െജ.പിയെ തുണച്ചില്ല. ആ വിധിയുമായി ഝാർഖണ്ഡിലേക്ക്​ ചെന്ന അമിത്​ ഷാ നാലു മാസത്തിനകം മഹാ രാമക്ഷേത്രം പണിയാമെന്ന്​ പ്രഖ്യാപിച്ചതും വോട്ടായി മാറിയില്ല. 

പ്രതിപക്ഷത്തെ സർക്കാർവിരുദ്ധ വോട്ടുകൾ ഭിന്നിക്കാൻ  മുൻ ബി.ജെ.പി മുഖ്യമന്ത്രി ബാബുലാൽ മറാണ്ടിയുടെ ജെ.വി.എസിന്​ ആളും അർഥവും നൽകി ആർ.എസ്​.എസ്​ സഹായിച്ചെങ്കിലും ഫലമുണ്ടായില്ല. ഭൂരിപക്ഷം തികഞ്ഞില്ലെങ്കിൽ​ ബാബുലാൽ മറാണ്ടി ജയിച്ചശേഷം ബി.ജെ.പിയു​െട മുഖ്യമന്ത്രി സ്​ഥാനാർഥിയാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. ആർ.എസ്.എസുമായി അദ്ദേഹത്തിനുള്ള ബന്ധം അത്രക്കും ഉൗഷ്​മളമായിരുന്നു. ഇന്നലെ ഫലം വ്യക്തമാകുംമുമ്പ്​ രാഷ്​ട്രീയത്തിൽ സ്​ഥിരം ശത്രുവില്ല എന്ന ഒരു പ്രസ്​താവനയും മറാണ്ടി നടത്തി. 

ഝാർഖണ്ഡിൽ  അഞ്ചു വർഷം തികച്ച ആദ്യ മുഖ്യമന്ത്രികൂടിയാണ്​ രഘുബർ ദാസ്​. 70കളിൽ ​െറയിൽ സ്​റ്റീൽ പ്ലാൻറിലെ തൊഴിലാളിമാത്രമായിരുന്ന രഘുബർ ദാസിനെ എം.എൽ.എയാക്കിയത്​ എൽ.കെ. അദ്വാനിയാണെങ്കിൽ മുഖ്യമന്ത്രിസ്​ഥാനത്തേക്ക്​ കൊണ്ടുവന്നത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്​ ഷായും കൂടിച്ചേർന്നാണ്​. മുഖ്യമന്ത്രിപദമേറ്റെടുക്കു​േമ്പാൾ ഒരു തൊഴിലാളിക്കുപോലു​ം മുഖ്യമന്ത്രിയാകാൻ കഴിയുന്ന പാർട്ടിയാണ് ഇതെന്ന്​ പറഞ്ഞ രഘുബർ ദാസ്​ തുടർന്ന​ങ്ങോട്ട്​ ന​േരന്ദ്ര മോദിയും അമിത്​ ഷായും ദേശീയതലത്തിൽ കാഴ്​ചവെച്ച ഏകാധിപത്യപ്രവണതകളിലേക്ക്​ ഝാർഖണ്ഡിൽ പാർട്ടിയെ കൊണ്ടുപോകുന്നതാണ്​ കണ്ടത്.

രഘുബർ ദാസി​​െൻറ പിതാവ്​ ചമൻ റാമും തൊഴിലാളിയായിരുന്നു. എന്നാൽ, ആ നില മറന്ന്​ ഭരണം മുന്നോട്ടുകൊണ്ടുപോയ ഗോത്രവർഗക്കാരനല്ലാത്ത മുഖ്യമന്ത്രി ആദിവാസികളെ അവരുടെ ഭൂമിയിൽനിന്ന്​ പുറന്തള്ളുന്നതിനുള്ള നിരവധി നിയമങ്ങൾ ചു​െട്ടടുത്തു. ക്രമസമാധാനനില തകർന്ന്​ ആൾക്കൂട്ടക്കൊലയിൽ രാജ്യത്തുതന്നെ മുൻപന്തിയിൽ നിൽക്കുന്ന സംസ്​ഥാനങ്ങളിലൊന്നായി ഝാർഖണ്ഡ്​ മാറി. ഇതിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ്​ ജെ.എം.എം സഖ്യത്തിന്​ അനുകൂലമായി ഭവിച്ചത്​.
 

Loading...
COMMENTS