ജൈവാധിനിവേശം എന്ന വെല്ലുവിളി
text_fieldsശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയ 15 ലക്ഷം ജീവജാലങ്ങളിൽ 8.1ശതമാനവും ഇന്ത്യയിലുണ്ട്. ഇവ മുഴുവനും കേവലം 2.4 മാത്രം വരുന്ന കരപ്രദേശത്താണ് ജീവിക്കുന്നത് എന്നതും ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യയെന്നതും ജൈവ വൈവിധ്യം സംരക്ഷിച്ചു സൂക്ഷിക്കേണ്ടതാണ് എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. ഇന്ത്യയിൽ 47000ത്തോളം ഇനം സസ്യങ്ങളെയും, 81000 ത്തോളം ഇനം മൃഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട് . ഇവയിൽ 1353 ഇനം പക്ഷികളും 447 ഇനം ഉഭയജീവികളും 518 ഇനം ഉരഗങ്ങളും ഉൾപ്പെടുന്നു. കാലാവസ്ഥാ മാറ്റം കൊണ്ടും ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ കൊണ്ടും മനുഷ്യർ നടത്തുന്ന വികസനപ്രവർത്തനങ്ങൾ കൊണ്ടുമെല്ലാം അതിസമ്മർദത്തിലായിരിക്കുന്ന നമ്മുടെ രാജ്യത്തെ ജീവലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ് ജൈവാധിനിവേശം.
അധിനിവേശ ജീവികളും തദ്ദേശീയരും
മണ്ണിൽ ആഫ്രിക്കൻ ഒച്ചും, വെള്ളത്തിൽ ആഫ്രിക്കൻ മുഷിയും ചെടികളിൽ ധൃതരാഷ്ട്ര പച്ചയുമെല്ലാം കേരളത്തിലെ അധിനിവേശ ജീവികളുടെ പ്രധാന ഉദാഹരണങ്ങളാണ്. ഇന്റർഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോ സിസ്റ്റം (IPBES) റിപ്പോർട്ട് പ്രകാരം മനുഷ്യ ഇടപെടൽ കൊണ്ട് 37000 ഓളം അധിനിവേശ ജീവികൾ ഭൂമിയുടെ പല ഭാഗങ്ങളിലേക്ക് വിന്യസിക്കപ്പെട്ടിരിക്കുന്നു. ഓരോ വർഷവും 230 ലധികം ജീവികൾ പുതുതായി കൂട്ടിച്ചേർക്കപ്പെടുന്നുമുണ്ട് . ഇവ ഭക്ഷണത്തിനും ആധിപത്യത്തിനും വേണ്ടി തദ്ദേശീയ ജീവികളോട് മത്സരിച്ച് മറ്റ് ദേശങ്ങളിലെ തീക്ഷ്ണമായ കാലാവസ്ഥയെയും സാഹചര്യങ്ങളെയും അതിജീവിച്ച ബലത്തിൽ തദ്ദേശീയ ജീവികളെ കീഴ്പ്പെടുത്തുന്നു.
യാത്രാസൗകര്യങ്ങളിൽ ഉണ്ടായ വർധനവുകൊണ്ടും വളർത്തു മൃഗ കച്ചവടങ്ങൾ കൊണ്ടും കൃഷി ആവശ്യത്തിനും ജൈവ നിയന്ത്രണ മാർഗങ്ങൾ എന്ന നിലക്കുമൊക്കെയാണ് ജീവികൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത്. ചരക്ക് കപ്പലുകൾ വൃത്തിയാക്കുന്നതിന്റെ ഭാഗമായി പുറന്തള്ളുന്ന വെള്ളത്തിലൂടെയും ധാരാളം ജീവികൾ ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റപ്പെടാൻ സാധ്യതയുണ്ട്.
ആഫ്രിക്കൻ മുഷിയും ആഫ്രിക്കൻ ഒച്ചുകളും ഇന്ന് കേരളത്തിലെമ്പാടുമുണ്ട്. ചുവന്ന ചെവിയുള്ള കുഞ്ഞൻ ആമകളും നിരവധിയായ അലങ്കാര മത്സ്യങ്ങളും കൃഷി ആവശ്യത്തിന് കൊണ്ടുവന്ന മത്സ്യങ്ങളും കേരളത്തിന്റെ തനത് മത്സ്യസമ്പത്തിന് ഭീഷണിയാവുന്നു. 2018-19ൽ ഉണ്ടായ വെള്ളപ്പൊക്കം വളർത്തു മത്സ്യങ്ങളെ അടുത്തുള്ള ജലാശയത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മൊസാംബിക് തിലാപ്പിയ എന്നറിയപ്പെടുന്ന കരിമീനിനോട് സാദൃശ്യമുള്ള മൽസ്യം കേരളത്തിലെ ഒട്ടുമിക്ക ജലാശയങ്ങളെയും കീഴടക്കി. കരിമീനിനേക്കാൾ വേഗത്തിൽ പ്രജനനം നടത്തുന്ന ഇവക്ക് മലിന ജലത്തിലും ജീവിക്കാൻ കഴിയും എന്നതിനാൽ അതിജീവന ശേഷി കൂടുതലാണ്.
അധിനിവേശ സസ്യങ്ങൾ
മഞ്ഞക്കൊന്ന, ധൃതരാഷ്ട്ര പച്ച, കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണിപ്പൂ, ആവണക്ക് തുടങ്ങിയ സസ്യങ്ങൾ കരയിലും ആഫ്രിക്കൻ പായൽ, കുള വാഴ, മുള്ളൻ പായൽ, മുട്ടപ്പായൽ മുതലായവ വെള്ളത്തിലും അവരുടേതായ ലോകങ്ങൾ തീർത്തുകൊണ്ടിരിക്കുന്നു.
ജലാശയങ്ങളിൽ ഒരു പുതപ്പ് കണക്കെ പൊങ്ങിക്കിടക്കുന്ന അധിനിവേശ സസ്യങ്ങൾ സൂര്യപ്രകാശം വെള്ളത്തിലേക്ക് അരിച്ചിറങ്ങുന്നത് തടയുന്നു. ഇതൂമൂലം തദ്ദേശീയ സസ്യങ്ങൾക്ക് വളരാനുള്ള സാഹചര്യം ഇല്ലാതാകുന്നു. വെള്ളത്തിലെ ഓക്സിജൻ അളവ് കുറക്കാനും പി.എച്ച് മൂല്യത്തിന് മാറ്റങ്ങൾ ഉണ്ടാക്കാനും ഇത്തരം ചെടികൾ കാരണമാകുന്നു. ഇത്തരം മാറ്റങ്ങൾ കൊണ്ട് വെള്ളത്തിലെ കാർബൺ ഡയോക്സൈഡിന്റെ അളവ് കൂടുതൽ ആകാനും ഹൈഡ്രജൻ സൾഫൈഡ് കൂടുതൽ ആകാനും കൂടി കാരണമാകുന്നു. ഇത്തരം ചെടികളുടെ പൂക്കൾ മനുഷ്യർക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങൾ പടർത്തുന്നതിന് പുറമെ, ഈ ചെടികളിൽ വളരുന്ന രോഗകാരികളായ സൂക്ഷ്മാണുക്കളും പ്രാണികളും മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു.
കൊന്ന കൊല്ലുന്ന കാടുകൾ
വയനാട് വന്യജീവി സങ്കേതത്തിന്റെ 23 ശതമാനവും മഞ്ഞക്കൊന്ന കൈയടക്കിക്കഴിഞ്ഞു. കേവലം അലങ്കാര ചെടിയെന്നും തണൽ മരമെന്നും കണക്കാക്കി 1986ൽ വയനാട്ടിൽ കൊണ്ടുവന്ന ഈ ചെടി ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് പുറമെ മനുഷ്യരും മൃഗങ്ങളും തമ്മിലെ സംഘർഷങ്ങളും വർധിപ്പിക്കുന്നു. മറ്റ് സസ്യങ്ങളെ വളരാൻ അനുവദിക്കാതെയും, വലിയ ഇലച്ചാർത്തുകൊണ്ട് മറ്റ് ചെടികളുടെ സൂര്യപ്രകാശം തടഞ്ഞും മഞ്ഞക്കൊന്ന വളരുന്നു. ഇവയുടെ ഇലകൾ പൊഴിഞ്ഞു വീഴുന്ന ഇടങ്ങളിൽ മറ്റ് ചെടികളെ വളരാൻ അനുവദിക്കാത്ത തരത്തിൽ ധാരാളം കെമിക്കലുകൾ ഉണ്ടാക്കുന്നുണ്ട്. ഇതിനെ അല്ലിലോപതി എന്നാണ് വിളിക്കുക. വന്യമൃഗങ്ങൾ ഭക്ഷണത്തിനായി ആശ്രയിക്കുന്ന പല മരങ്ങൾക്കും മഞ്ഞക്കൊന്നയോട് മത്സരിക്കാൻ ആവാതെ നശിച്ചുപോകുന്നു.
വന്യമൃഗങ്ങൾ വനത്തിൽ നിന്ന് നാട്ടിലേക്ക് ഇറങ്ങാനും കൃഷിയിടങ്ങളെ കൂടുതൽ ആക്രമിക്കാനുമുള്ള മുഖ്യകാരണങ്ങളിലൊന്നാണിത്. വെട്ടി നശിപ്പിക്കാൻ ശ്രമിച്ചാൽ ഒരു മുറിപ്പാടിൽ നിന്ന് അനവധി പുതുനാമ്പുകൾ ഉണ്ടാക്കിക്കൊണ്ട് കൂടുതൽ കരുത്തോടെ വളരുന്നവയാണ് ഈ ചെടികൾ.
ജൈവാധിനിവേശം കൊണ്ടുള്ള വിപത്തുകൾ
60 ശതമാനം ജീവജാതികളുടെ തിരോധാനത്തിന് കാരണമായ അധിനിവേശ ജീവജാലങ്ങൾ ആവാസ വ്യവസ്ഥക്ക് ഉണ്ടാക്കുന്ന തകരാറുകളും ആരോഗ്യ പ്രശ്നങ്ങളും എളുപ്പത്തിൽ പരിഹരിക്കാനാവുന്നതല്ല തോട്ടങ്ങളിൽ ധൃതരാഷ്ട്ര പച്ചയും കമ്യൂണിസ്റ്റ് പച്ചയും മൂടില്ലാ താളിയുമെല്ലാം വിളകളുടെ ആഹാരം വലിച്ചെടുത്ത് അതിവേഗം വളരുന്നു.
ജൈവ വൈവിധ്യ ശോഷണം തടയുകയും ജൈവവൈവിധ്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കാൻ ആഹ്വാനം ചെയ്യുന്ന കുൻമിങ് മോൺട്രിയോൾ രൂപരേഖയുടെ ചുവടുപിടിച്ചു നമ്മുടെ രാജ്യവും ജൈവവൈവിധ്യ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനുമായി അനേകം പദ്ധതികൾ നടപ്പാക്കുന്നുണ്ട്.അതിനൊപ്പം ജൈവാധിനിവേശം തടയേണ്ട ഉത്തരവാദിത്തം നാം ഓരോരുത്തർക്കുമുണ്ട്. അലങ്കാരത്തിനോ ആഹാരത്തിനോ അധിനിവേശ സ്വഭാവമുള്ള ജീവികളെ തിരഞ്ഞെടുക്കില്ല എന്ന് തീരുമാനിക്കുകയാണ് അതിന്റെ ആദ്യചുവട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

