നിതീഷിന് മീഠാപാൻ
text_fieldsപട്ന: ജാതി രാഷ്ട്രീയത്തിന്റെ തട്ടകമായ ബിഹാറിൽ വലിയ ജാതി പിന്തുണയൊന്നുമില്ലാതെ ഒരിക്കൽകൂടി വിജയക്കൊടി പാറിച്ച് നിതീഷ് കുമാർ. രാഷ്ട്രീയാശ്വമേഥത്തിൽ ഏറ്റവും വലിയ തിരിച്ചടി നേടിയ 2020ൽ, മത്സരിച്ച 115 സീറ്റുകളിൽ 43 ഇടത്ത് മാത്രമായിരുന്നു നിതീഷിന്റെ ജെ.ഡി (യു) ജയിച്ചത്. ആ പരിക്ക് തീർത്താണ് ഇത്തവണത്തെ വിജയം. ഒപ്പം സംസ്ഥാനത്തെ ഏറ്റവും കാലം ഭരിച്ച മുഖ്യമന്ത്രിയെന്ന തന്റെതന്നെ റെക്കോഡ് അദ്ദേഹം വീണ്ടും തിരുത്തും.
ജെ.ഡി (യു)വിനുള്ളത്രതന്നെ സീറ്റ് ആദ്യമായി ബി.ജെ.പിക്ക് മത്സരിക്കാൻ കിട്ടിയതും മുഖ്യമന്ത്രി സ്ഥാനാർഥിയാരെന്ന കാര്യം വ്യക്തമാക്കാൻ അമിത് ഷാ തയാറാകാതിരുന്നതും നിതീഷിനെ ചവിട്ടിയൊതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ, പിന്നീട് ബി.ജെ.പി നേതൃത്വത്തിനെതന്നെ നിതീഷിന് അനുകൂലമാക്കാൻ ജെ.ഡി (യു) മെനഞ്ഞ തന്ത്രങ്ങൾക്കായി.
ജൂലൈവരെ നിതീഷ് കുമാറിന്റെ പ്രതിച്ഛായ വൻ ഇടിവിലായിരുന്നു. പിന്നീട് തുടരെത്തുടരെ സൗജന്യങ്ങൾ പ്രഖ്യാപിച്ചു. സ്വയം സഹായ ഗ്രൂപ്പിലെ ‘ജീവിക ദീദി’മാർക്ക് 10,000 രൂപ നൽകുന്ന പ്രഖ്യാപനം അത്യാഹ്ലാദത്തോടെയാണ് ജനം ഏറ്റുവാങ്ങിയത്. ഏതാണ്ട് ഒന്നരക്കോടിയോളം പേർക്ക് ഈ പണം ലഭിക്കും. രാപ്പകൽ പണി ചെയ്താൽ തുച്ഛമായ വേതനം കിട്ടുന്ന ബിഹാറിൽ ഇതുണ്ടാക്കിയ ഓളം ചില്ലറയല്ല. 125 യൂനിറ്റുവരെ സൗജന്യ വൈദ്യുതിയെന്ന പ്രഖ്യാപനവും ജനപ്രിയമായി.
സാമൂഹ്യ സുരക്ഷ പെൻഷൻ 700 രൂപയിൽനിന്ന് 1100 ആക്കി. ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കുകയും ചെയ്തു. രാഷ്ട്രീയമായി ഇത്തവണ നിതീഷ് നന്ദി പറയുന്നത് ചിരാഗ് പസ്വാനായിരിക്കും. കാരണം 2020ൽ ചിരാഗ് ലക്ഷ്യമിട്ടത് നിതീഷിനെ ആയിരുന്നു. അത് ഫലം കാണുകയും ചെയ്തു. പല ജെ.ഡി (യു) സ്ഥാനാർഥികളും അടപടലം പൊട്ടി. ഇത്തവണ ചിരാഗ് ‘കട്ടക്ക് കട്ട’യായി ഒപ്പം നിന്നു. അത് വിജയത്തിന്റെ മീഠാപാൻ നിതീഷിന് സമ്മാനിച്ചു.
ബിഹാർ സംസ്ഥാനത്ത് കേവലം രണ്ടു ശതമാനമുള്ള കുർമി സമുദായത്തിലാണ് നിതീഷിന്റെ ജനനം. 74ാം വയസ്സിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടമാണ് നിതീഷ് ഇത്തവണ നടത്തിയത്. അതാകട്ടെ, ജാതി സമാവാക്യങ്ങൾപോലും മറികടന്നതായിരുന്നു. ആഗ്രഹിച്ചതെല്ലാം എളുപ്പത്തിൽ കിട്ടിയ ആളല്ല നിതീഷ്. പക്ഷേ, ആഗ്രഹിച്ചത് സ്വന്തമാക്കാനുള്ള തന്ത്രങ്ങളുടെ ഉസ്താദ് ആയിരുന്നു.
ചിലപ്പോൾ ആദർശമൊക്കെ പറയാറുണ്ടെങ്കിലും 2000ത്തിൽ അദ്ദേഹം അതൊക്കെ മാറ്റിവെച്ചാണ് അവിഭക്ത ബിഹാറിൽ മുഖ്യമന്ത്രിയായത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും അന്നത്തെ ഗവർണർ വി.എൻ. പാണ്ഡെ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി. വാജ്പേയ് ആണ് അന്ന് പ്രധാനമന്ത്രി പദത്തിൽ. ഗൂഢാലോചനകളിൽ വിരിഞ്ഞ അധികാരം 2000 മാർച്ച് പത്തുവരെ തുടരാൻ നിതീഷിനായി. തുടർന്ന് രാജിവെച്ചു. ബിഹാറിൽ ‘ജെ.പിയുടെ ശിഷ്യന്മാർ’ എന്ന വിഭാഗത്തിൽ വരുന്ന അവസാനത്തെ ആൾ കൂടിയാണ് നിതീഷ്.
ആയുർവേദ വൈദ്യനായിരുന്നു നിതീഷിന്റെ പിതാവ്. നിതീഷിന് പക്ഷേ താൽപര്യം കണക്കിലായിരുന്നു. തിളങ്ങിയത് രാഷ്ട്രീയം കണക്കുകൂട്ടുന്നതിൽ. സ്വദേശമായ ഭക്തിയാർപുരിൽനിന്ന് സ്കൂൾ പഠനം കഴിഞ്ഞ് പട്നയിൽ പ്ലസ് ടുവിന് ചേർന്നു. അതിനുശേഷം ബിഹാർ എൻജിനീയറിങ് കോളജിൽ (ഇപ്പോൾ എൻ.ഐ.ടി) നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.എസ്‍സി നേടി. റാം മനോഹർ ലോഹ്യയുടെ യുവജന സംഘടന ‘സമാജ്‍വാദി യുവ്ജൻ സഭ’യിൽ 1971ൽ ചേർന്നു.
74ൽ ജെ.പിയുടെ ‘സമ്പൂർണ ക്രാന്തി’യുടെ ഭാഗമായി. അടിയന്തരാവസ്ഥയിൽ ‘മിസ’ പ്രകാരം ജയിലിലായി.1989ലാണ് പാർലമെന്ററി ജീവിതം തുടങ്ങിയത്. 2004 വരെ ആറുതവണ എം.പിയായിരുന്നു. കുതന്ത്രങ്ങൾ പലവിധമുള്ളതിനാൽ, നിതീഷിനെ ലാലു വിളിച്ചത് വയറ്റിലും പല്ലുള്ളയാൾ എന്നാണ്. കസേരയുറപ്പിക്കാൻ ഏത് മുന്നണിയിലേക്ക് പോകാനും നിതീഷിന് മടിയില്ല. അത് അദ്ദേഹം പല തവണ തെളിയിച്ചു. അധികാരം-അതുമാത്രമാണ് എന്നും നിതീഷിനെ മുന്നോട്ടു നയിച്ച വികാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

