Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകുരുവി കൂട്ടക്കൊലയുടെ...

കുരുവി കൂട്ടക്കൊലയുടെ പിന്തുടർച്ചക്കാർ

text_fields
bookmark_border
കുരുവി കൂട്ടക്കൊലയുടെ പിന്തുടർച്ചക്കാർ
cancel

മാധ്യമപ്രവർത്തനത്തി​​െൻറ ധാർമികത, യുക്തി, പ്രഫഷനലിസം തുടങ്ങിയവയൊക്കെ പൊതുമണ്ഡലത്തിൽ ചർച്ചചെയ്യുകയാണിപ്പോൾ. ഇത്തരം ചർച്ചകൾക്ക്​ തുടക്കമിട്ട സി.പി.എം നേതാക്കൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വസ്തുതകൾ ഏതാണ്ട്​ ഇപ്രകാരമാണ്:

മാധ്യമങ്ങൾ, പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ പൗര​​െൻറ സ്വകാര്യതയിലേക്ക്​ കടന്നുകയറ്റം നടത്തുന്നു. അവതാരകർ എതിരഭിപ്രായങ്ങളോട്​ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വാർത്തകളിൽ മുഖ്യമന്ത്രിയെ അകാരണമായി വലിച്ചിഴക്കുന്നു. കോവിഡ്കാലത്ത്​ മറ്റ്​ വിഷയങ്ങൾക്ക്​ പ്രാമുഖ്യം നൽകുന്ന മാധ്യമങ്ങൾ സർക്കാറി​െൻറ പ്രതിരോധപ്രവർത്തനങ്ങളുടെ മികവ്​ ചോർത്തിക്കളയാൻ നോക്കുന്നു.

സി.പി.എമ്മിൽ പിണറായി വിജയന്​ രക്ഷാകവചം തീർക്കാൻ പരസ്​പരം മത്സരിക്കുന്ന ഒരു വിഭാഗം യുവനേതാക്കളുടെസ്ഥിരം പല്ലവിയാണിത്. മുഖം മോശമാകുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന ഇത്തരം നേതാക്കളുടെ ന്യായീകരണത്തിൽ സഹതപിക്കാനേ നിവൃത്തിയുള്ളൂ. തെരഞ്ഞെടുപ്പുവർഷത്തിൽ സി.പി.എമ്മി​​െൻറയും സർക്കാറിെൻറയും മുഖം വികൃതമാക്കിയ സ്വർണക്കടത്തു വിവാദം അണപൊട്ടിയൊഴുകുംവരെ സി.പി.എമ്മിന്​ മാധ്യമധാർമികത വിഷയമാകുന്നില്ല.

മലയാള മാധ്യമപ്രവർത്തനം പ്രത്യേകിച്ചും ദൃശ്യമാധ്യമ പ്രവർത്തനം തീർത്തുംകുറ്റമറ്റതാണെന്ന്​ അഭിപ്രായമില്ല. കേരളത്തിലെ ഏക പൂർണസമയ ന്യൂസ്ചാനൽ സംസ്കാരത്തിന്​ ഏതാണ്ട് ഇരുപതു വർഷത്തിനു താഴെ പഴക്കമേയുള്ളൂ. ജാഗ്രതയും സ്വയംനിയന്ത്രണവും ഉൾക്കൊണ്ട്​ വാർത്താചാനലുകൾ പക്വമായ വളർച്ചപഥം സ്വീകരിക്കുമെന്നുതന്നെയാണ്​ കരുതുന്നത്. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ക്രമേണ അച്ചടി മാധ്യമങ്ങളുടെ കൃത്യതയും ക്രെഡിബിലിറ്റിയും ദൃശ്യമാധ്യമങ്ങൾക്ക്​ അന്യമാകും.

എന്നാൽ, വിയോജിപ്പുകൾ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ചു വ്യക്തിഹത്യചെയ്യുന്ന സി.പി.എം സൈബർകമ്യൂണുകളുടെ ഭീതിദമായ കടന്നാക്രമണത്തിനു ന്യായീകരണമാകുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വർണക്കടത്തു കേസിലെ പ്രതിക്ക്​ വൻസ്വാധീനമുണ്ടെന്നും പ്രതിക്ക്​ മുഖ്യമന്ത്രിയുമായി അനൗപചാരിക ബന്ധമുണ്ടെന്നുമുള്ള അ​േന്വഷണ ഏജൻസികളുടെ കോടതികളിലെ സത്യവാങ്മൂലം ആവർത്തിക്കുന്ന മാധ്യമങ്ങൾ സ്വകാര്യതയെ ലംഘിക്കുന്നുവെന്നാണ്​ സി.പി.എമ്മി​​െൻറ ആരോപണം .

കോവിഡി​​െൻറ മറവിൽ പൊലീസ്​ നടത്തിക്കൊണ്ടിരിക്കുന്ന ഫോൺകോൾ വിവരശേഖരണം സ്വകാര്യതയിൽ കടന്നുകയറ്റമല്ലേ? ഇങ്ങനെ ചെയ്യുന്നുണ്ടെന്ന്​ ആഗസ്​റ്റ്​ ഒമ്പതിന്​​ മുഖ്യമന്ത്രി വെളിപ്പെടുത്തി. ജൂണിൽതന്നെ പൗരന്മാരുടെ ഫോൺകോൾ ചോർത്താനുള്ള ഉത്തരവ്​ ഐ.ടി സെക്രട്ടറി പുറത്തിറക്കിയിരുന്നു. പൊലീസിലൂടെ പൗര​​െൻറ സ്വകാര്യതക്കുമേലുള്ള കടന്നുകയറ്റവും രാഷ്​ട്രീയ എതിരാളികളെയും പാർട്ടിയിലെ വിമതരെയും മെരുക്കാനുള്ള ഭരണകൂടഭീകരതയും കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ സ്വകാര്യതലംഘനത്തെക്കാൾ എത്രയോ അപകടകരമാണ്.

അവതാരകർക്കെതിരെ പാർട്ടി സൈബർ കമ്യൂണുകളെ ഉപയോഗിച്ചു നടത്തിവരുന്ന വെട്ടിനിരത്തലും വനിതാമാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ചു വേട്ടയാടലും മാവോയുടെ കാലത്ത്​ ചൈനയിൽ നടന്ന കുരുവി കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നു. കുരുവികൾ വൻതോതിൽ ധാന്യങ്ങൾ നശിപ്പിക്കുന്നുവെന്ന്​ ചെയർമാൻ മാവോ കണ്ടെത്തുന്നു.

തുടർന്ന്​ ലക്ഷക്കണക്കിന്​ ആ ചെറുപക്ഷികളെ കൊന്നുകളയാൻ മാവോ ഉത്തരവിട്ടു. ചുരുങ്ങിയ കാലം കൊണ്ട്​ ചൈനയിൽ ദ്രുതഗതിയിലായ കുരുവി കൂട്ടക്കൊലയിൽ മാവോ സന്തോഷിച്ചു. നിഷ്കളങ്കരായ കർഷകരും സന്തോഷിച്ചു. എന്നാൽ, പിറ്റേവർഷ​ം മുതൽ പ്രത്യേക കീടങ്ങളുടെ ആക്രമണത്തിൽ കൃഷിമുഴുവൻ നശിച്ചു. കുരുവികൾ തിന്നൊടുക്കേണ്ട കീടങ്ങൾ വലിയ അളവിൽ വർധിച്ചതായിരുന്നുകാരണം.

എതിർക്കുന്നതിനെ തീർക്കുക എന്ന മാവോ മനോനിലയാണ്​ കേരളത്തിലെ സി.പി.എമ്മിനുള്ളത്. ഇവർക്കനുസരിച്ച്​ അവതാരകർ പെരുമാറണമെന്നാണു വാദം. ടെലിവിഷൻ അവതാരകർ ഉപചോദ്യങ്ങൾ ഉയർത്തുന്നതിനെയാണ്​ സി.പി.എം അസഹിഷ്​ണുതയായി ദുർവ്യാഖ്യാനം ചെയ്യുന്നത്.

മാധ്യമപ്രവർത്തകർ ഗൂഢാലോചനക്കാരാണെന്നും അവർക്ക് പ്രത്യേക അജണ്ടയുണ്ടെന്നും മുഖ്യമന്ത്രി പരസ്യപ്രഖ്യാപനം നടത്തുന്നതുകേട്ട്, സി.പി.എം സൈബർ ചാവേറുകൾ മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച്​ ആക്രമിക്കുന്നു. അത് കണ്ട് മുഖ്യമന്ത്രി ചിരിക്കുന്നു.

പത്രപ്രവർത്തക യൂനിയൻ നൽകിയ പരാതി കണ്ടിട്ടില്ലെന്ന് കളവു പറയുന്നു. ശബരിമല തർക്കത്തിൽ ജാതീയമായ വേർതിരിവ് സൃഷ്​ടിക്കാൻ ശ്രമിച്ചതുപോലെ മാധ്യമപ്രവർത്തകരിൽ വിഭജന ശ്രമം നടത്തുന്നു. ഇതിനായി പ്രത്യേകം ചിലരുടെ പേരുകൾ പറഞ്ഞ് അവർക്ക് പാർട്ടിയുടെയും സർക്കാറിെൻറയും പിന്തുണ ഉറപ്പാക്കുന്നു. എതിർഭാഗത്തെന്ന് വിശേഷിപ്പിക്കുന്നവരെ സൈബർ ഗുണ്ടസംഘങ്ങൾക്ക് എന്തും ചെയ്യാൻ അനുവാദം നൽകുന്നു.

കൊറിയൻ, ചൈനീസ് മാതൃകയിൽ മാധ്യമപ്രവർത്തകരെ പിണറായി വളരെ താഴ്ന്നവരായാണ്​ കാണുന്നത്. ചോദ്യം ഉയരുമ്പോൾ മൈക്ക് ഓഫ് ചെയ്യുക, ചോദ്യകർത്താവിനെ പരിഹസിക്കുക, യഥാർഥ കണക്കുകളും വിവരങ്ങളും മറച്ചു വെക്കുക, സ്വർണക്കടത്തിന് ത​​െൻറ ഓഫിസുമായി ബന്ധമില്ലെന്ന നുണ ആവർത്തിക്കുക, മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുക... അതിനെ പ്രതിരോധിക്കേണ്ട ബാധ്യത മാധ്യമ പ്രവർത്തകർക്കുണ്ടാകും. അവർക്കും ആത്മാഭിമാനമുണ്ട്.

പിണറായിയുടെ മാതൃകാ രാജ്യങ്ങൾ ഉത്തര കൊറിയയും ചൈനയുമാണ്. പത്രസ്വാതന്ത്ര്യം സംബന്ധിച്ച് 180 രാജ്യങ്ങളുടെ പട്ടികയിൽ 180ാമതാണ് ഉത്തര കൊറിയ. 177ാമതാണ്​ ചൈന. കോവിഡ് കാലത്ത് പൗരന്മാരെയും മാധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്തുവോ, ഏതാണ്ട് അതേ മാതൃകയാണ് കേരളത്തിലും.

പൊലീസിനെ ഉപയോഗിച്ച് ചാരവൃത്തി നടത്തുക, അന്യായമായി കേസെടുക്കുക, ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ടുപോകുക, എതിരാളികളെ നിരീക്ഷിക്കുക, ഇവയെല്ലാം മറ്റൊരു വിധത്തിൽ കേരളത്തിലുമുണ്ട്. ഇത്തരം വൈരുധ്യങ്ങളുടെ നേർക്കാണ്​ വല്ലപ്പോഴും മാധ്യമപ്രവർത്തകർ വിരൽ ചൂണ്ടുന്നത്. ഉടൻതന്നെ, കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുന്നുവെന്നാക്ഷേപിക്കും. എന്നിട്ടോ, കോവിഡ് നിയന്ത്രണം സർക്കാറിന് കൈമോശം വന്നു. ഇരുപതിനായിരം പ്രതിദിന രോഗികൾവരെ ഉണ്ടായേക്കാമെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി മുൻകൂർ ജാമ്യം എടുക്കുന്നു.

അവതാരകർ ചോദിക്കാത്തത്

സ്വപ്ന സുരേഷ് മാധ്യമസൃഷ്​ടിയാണോ? ശിവശങ്കര​​െൻറ ഇടപാടുകളുടെ ആനുകൂല്യം മാധ്യമപ്രവർത്തകർക്കാണോ ലഭിച്ചത്? ലൈഫ്മിഷൻ പദ്ധതിയിലെ കരാറി​​െൻറ ഗുണഭോക്താക്കൾ ആരാണ്, മാധ്യമങ്ങളാണോ? സർക്കാർ ചെലവിൽ മാധ്യമപ്രവർത്തകർ ജപ്പാനും അമേരിക്കയും നെതർലൻഡും അനേകമനേകം ഗൾഫ് രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ടോ? പ്രവാസികൾക്ക് കേരളത്തിലേക്ക് വരുന്നതിന് വിലക്കേർപ്പെടുത്തിയത് ഏതെങ്കിലും മാധ്യമം ആവശ്യപ്പെട്ടിട്ടാണോ?

കോവിഡ് വന്നു മരിച്ചവരുടെ യഥാർഥ കണക്ക് ഒളിച്ചുവെക്കുന്നത് മാധ്യമങ്ങളെ ഭയന്നാണോ? സ്​​പ്രിൻക്ലറിനെ സെക്ര​േട്ടറിയറ്റിലേക്ക് വിളിച്ചത് മാധ്യമ പ്രവർത്തകരാണോ? രണ്ടു ഡി.വൈ.എഫ്ഐ പ്രവർത്തകരെ എൻ.ഐ.എക്ക് കോഴിക്കോട്ട്​ ഏൽപിച്ചുകൊടുത്തത് മാധ്യമങ്ങൾ ആവശ്യപ്പെട്ടിട്ടാണോ? പി.എസ്.സിയിൽ തട്ടിപ്പ് നടക്കുന്നത്​, റീബിൽഡ് കേരളയുടെ കണക്ക് ഒളിച്ചു​വെക്കുന്നതും ദുരിതാശ്വാസനിധിയിൽ ദുരൂഹതയുള്ളതും മാധ്യമങ്ങളുടെ ഇടപെടൽ കാരണമാണോ? മാധ്യമങ്ങളെ പഴിപറയുന്നത് സ്ഥിരം ശൈലിയായതുകൊണ്ട് ചില സംശയങ്ങൾ തോന്നുന്നു; അത്രമാത്രം.

Show Full Article
TAGS:media cpm benny behanan 
Next Story