മാറുന്ന ജെ.എൻ.യു

BAFTA-FRATERNITY-Aligns

ജെ.എൻ.യു കാമ്പസ് വിദ്യാർഥി യൂനിയൻ  തെരഞ്ഞെടുപ്പ്​ അനൗദ്യോഗികമായി അവസാനിച്ചു. സ്ഥാനാർഥി  ലിസ്​റ്റിൽനിന്ന് തള്ളിയ ചില  വിദ്യാർഥികൾ അപ്പീലിനു പോയതിനാൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലെങ്കിലും വോട്ടെണ്ണൽ പൂർത്തിയായിരിക്കുന്നു. എ.ഐ.എസ്.എ, എസ്.എഫ്.ഐ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ് ഉൾപ്പെട്ട ഇടത് ​ഐക്യമുന്നണിയാണ് തെരഞ്ഞെടുപ്പിൽ ആധിപത്യം നേടിയത്.  ആർ.ജെ.ഡിയുടെ വിദ്യാർഥി സംഘടനയായ സി.ആർ.ജെ.ഡി, എൻ.എസ്.യു-എം.എസ്.എഫ് മുന്നണി, ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തി​​െൻറ  ‘അടിച്ചമർത്തപ്പെട്ടവരുടെ ഐക്യമുന്നണി’, എ.ബി.വി.പി  തുടങ്ങിയ സംഘടനകളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. 

രാജ്യഭരണമുണ്ടായിട്ടും എ.ബി.വി.പി വലിയ സ്വാധീനം ചെലുത്തിയില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പി​​െൻറയും പ്രത്യേകത. കീഴാള രാഷ്​ട്രീയമുദ്രാവാക്യങ്ങൾ ശക്തമായ കാമ്പസിൽ ചില ഒ.ബി.സി സ്ഥാനാർഥികളെ നിർത്തി എ.ബി.വി.പി നടത്തിയ വികലമായ സോഷ്യൽ എൻജിനീയറിങ്​ പരാജയപ്പെട്ടു. മാത്രമല്ല, സംഘ്​പരിവാർ നിയന്ത്രണമുള്ള ജെ.എൻ.യു അഡ്മിനിസ്​ട്രേഷൻ നടത്തുന്ന തെറ്റായ വിദ്യാഭ്യാസനയങ്ങളും സവർണവത്​കരണശ്രമങ്ങളും കാമ്പസ് തള്ളിക്കളഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. അഡ്മിനിസ്​ട്രേഷ​​െൻറ ഒത്താശയോടെയും കേന്ദ്രഭരണത്തി​​െൻറ മറവിലും എ.ബി.വി.പി കാമ്പസിൽ നടത്തിയ  ഫാഷിസ്​റ്റ്​ നീക്കങ്ങളെ വിദ്യാർഥികൾ  നിരാകരിച്ചിരിക്കുന്നു. 

എ.ഐ.എസ്.എയിൽനിന്ന് നീണ്ട 14​ വർഷത്തിനുശേഷം പ്രസിഡൻറ്​ സ്ഥാനം വിലപേശി വാങ്ങാനും വിജയിക്കാനും എസ്.എഫ്.ഐക്ക് കഴിഞ്ഞത് അവരുടെ സംഘടനാപരമായ നേട്ടമാണ്. ഒരുകാലത്ത്  വലിയ സംഘടനകൾ എന്ന നിലയിൽ സ്വന്തം കാലിൽ  പ്രവർത്തിച്ച  ഓരോ ഇടതു വിദ്യാർഥിസംഘടനയും  ഇന്ന് പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾ മറന്ന്​ യോജിച്ചുമത്സരിച്ചാൽ മാത്രമേ  വിജയിക്കൂ എന്ന നിലയിലാണ് കാര്യങ്ങൾ. കാമ്പസിലെ രാഷ്​ട്രീയമാറ്റം എന്നതിനൊപ്പം രാജ്യത്താകമാനം സി.പി.എം, സി.പി.ഐ,  വിവിധ  എം.എൽ പ്രസ്ഥാനങ്ങൾ തുടങ്ങിയവക്ക്  നേരിട്ട തിരിച്ചടികളുടെ ഭാഗമാണ് ഇടത്​ ഐക്യമുന്നണിയുടെ ആവിർഭാവം. ഇടതുഐക്യം  എന്ന ആശയംതന്നെ പ്രത്യയശാസ്ത്രാനന്തര കാലത്തി​​െൻറ ലക്ഷണമാണ് എന്നാണ് പൊതുവിമർശനം. 

ഇടത്​ ​െഎക്യവും ‘ബാപ്സ’യുടെ സാന്നിധ്യവും 
പ്രത്യക്ഷത്തിൽ എ.ബി.വി.പിക്കെതിരെയാണ് ഇടത്​ ഐക്യമുന്നണിയുടെ രൂപവത്​കരണം എങ്കിലും ‘ബിർസ ഫുലെ അംബേദ്കർ സ്​റ്റുഡൻറ്​സ്​ അസോസിയേഷൻ‘ (ബാപ്സ) എന്ന അംബേദ്കറൈറ്റ് വിദ്യാർഥി സംഘടനയുടെ ആവിർഭാവമാണ് കാമ്പസിൽ ഇടതു വിദ്യാർഥി സംഘടനകളുടെ ഐക്യത്തിലേക്ക്  നയിച്ച പ്രധാന ഘടകം. ബാപ്സയുടെ ആവിർഭാവത്തിനുശേഷം എസ്.സി, എസ്.ടി/ഒ.ബി.സി വിഭാഗങ്ങൾ ഇടതിന് വോട്ടു ചെയ്യുന്നത് വർഷംതോറും കുറഞ്ഞുവരുന്നു.  

സവർണസമൂഹങ്ങളിൽനിന്നുള്ള വിദ്യാർഥികളുടെ സാമൂഹികമൂലധനത്തെ അക്കാദമിക ഇടങ്ങളിൽ ചോദ്യംചെയ്ത ‘ബാപ്സ’ 2015 മുതൽ നടത്തിയ വിച്ഛേദനങ്ങളാണ് ജെ.എൻ.യു കാമ്പസി​​െൻറ ഘടനയെതന്നെ ചോദ്യംചെയ്ത ഏറ്റവും തീക്ഷ്​ണമായ നവരാഷ്​ട്രീയ പരീക്ഷണം. 2006നുശേഷം രണ്ടാം മണ്ഡൽ എന്നറിയപ്പെടുന്ന സംവരണനടപടികളുടെ തുടർച്ചയിലാണ് ദലിത് ബഹുജൻ പിന്നാക്കവിദ്യാർഥികളുടെ വർധിച്ച പങ്കാളിത്തം കാമ്പസുകളിൽ സാധ്യമായത്. ഇതുണ്ടാക്കിയ ജനസംഖ്യാപരവും ഘടനാപരവുമായ മാറ്റമാണ് ‘ബാപ്സ’ക്ക്​ വഴിയൊരുക്കിയത്. കീഴാള വിദ്യാർഥികളെ വോട്ടുബാങ്കാക്കി മാത്രം നിലനിർത്തുന്ന പ്രവണതകൾക്ക് ഇതോടെ തിരിച്ചടിയേറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പ​ുവരെ ഒറ്റക്ക് ​മത്സരിച്ചിരുന്ന ‘ബാപ്സ’ മറ്റൊരു നവരാഷ്​ട്രീയ മുന്നേറ്റമായ ‘ഫ്രറ്റേണിറ്റി’യുമായി ചേർന്നതോടെ ‘അടിച്ചമർത്തപ്പെട്ടവരുടെ ഐക്യം’ എന്ന മുദ്രാവാക്യം ജെ.എൻ.യു  കാമ്പസ് ഏറ്റെടുത്തു.

ഒഡിഷയിൽനിന്നുള്ള ജിതേന്ദ്ര സുനയും കേരളത്തിൽനിന്നുള്ള വസീം ആർ.എസും പ്രസ്തുത മുന്നണിയുടെ ഭാഗമായി ശക്തമായ മത്സരം കാഴ്ചവെച്ചു. ഇരുവരും 25 ശതമാനം വോട്ടുനേടി. പരമ്പരാഗത വിദ്യാർഥിസംഘടനകളുടെ സാമ്പത്തിക പിൻബലവും കക്ഷിരാഷ്​ട്രീയ പിന്തുണയും ഇല്ലാതെയാണ് പുതിയ രാഷ്​ട്രീയ സംവാദത്തി​​െൻറ മണ്ഡലം ജെ.എൻ.യുവിൽ ഇൗ പുതിയ സഖ്യം തുറന്നിരിക്കുന്നത്. മാത്രമല്ല, ബി.എസ്.പിയുടെ മുസ്​ലിംവിരുദ്ധത ചൂണ്ടി മുസ്​ലിംവോട്ടുകൾ ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിൽനിന്ന് ഭിന്നിപ്പിക്കാനും ജമാഅത്തെ ഇസ്​ലാമിയുടെ പേരുപറഞ്ഞ്​ മുസ്​ലിം ഇതര വോട്ടുകൾ സഖ്യത്തിൽനിന്ന് അകറ്റാനും അങ്ങനെ ഇസ്​ലാമോഫോബിയയും ജാതിവാദവും തരാതരംപോലെ ഉപയോഗിക്കാനും ഇടതു വിദ്യാർഥി സംഘടനകൾ നടത്തിയ ശ്രമത്തിനുകൂടിയാണ് തിരിച്ചടിയേറ്റത്​.      

നവരാഷ്​ട്രീയത്തി​​െൻറ  പുതുമ  
ഒന്ന്,  മാനവിക വിഷയങ്ങളും  സാമൂഹികപഠനവും  നടത്തുന്ന  വലിയൊരു വിഭാഗം വിദ്യാർഥികൾ ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിനു വോട്ടു ചെയ്തത് ധൈഷണികമായി കാമ്പസ് മാറിച്ചിന്തിക്കുന്നു എന്നതി​​െൻറ തെളിവാണ്. സയൻസ്, ഭാഷ വകുപ്പുകളിൽ രാഷ്​ട്രീയസംവാദത്തി​​െൻറ ഇടം കുറവായിരുന്നു. അവിടെ പ്രകടനം അതിനാൽതന്നെ ദുർബലമായി. രാഷ്​ട്രീയചർച്ചകൾ സാധ്യമായ ഇടങ്ങളിൽ ആധിപത്യം നേടാൻ സഖ്യത്തിന് സാധിച്ചു.  
രണ്ട്, ഫ്രറ്റേണിറ്റിയുടെ ദേശീയ എക്സിക്യൂട്ടിവ് മെംബറായ അഫ്രീൻ ഫാത്തിമ നേടിയ വിജയം ഹിജാബണിഞ്ഞ മുസ്​ലിംവിദ്യാർഥിനികളുടെ സക്രിയമായ രാഷ്​ട്രീയത്തി​​െൻറയും ഉന്നത വിദ്യാഭ്യാസരംഗത്ത്​ അവർ നടത്തുന്ന മുന്നേറ്റത്തി​​െൻറയുംകൂടി പ്രതീകമായി കാണേണ്ടതുണ്ട്.  മുസ്​ലിം കാമ്പസ് രാഷ്​ട്രീയത്തി​​െൻറ പുതിയ ആവിഷ്​കാരങ്ങളെ സ്ത്രീവിരുദ്ധമെന്നു പറഞ്ഞ്​ ആക്ഷേപിക്കുന്ന പതിവ് ഇടത്​/മതേതര/ദേശീയബോധത്തിന്​ ജെ.എൻ.യുവിൽതന്നെ തിരിച്ചടിയേറ്റിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റ്​ ആശയസംവാദങ്ങളിലും പുതിയ മുന്നേറ്റത്തെ നയിച്ച്​ മുസ്​ലിം വിദ്യാർഥിനികൾക്ക് നിർണായക പങ്കുവഹിക്കാനായത് മുസ്​ലിം  രാഷ്​ട്രീയത്തിനകത്തുതന്നെ വരുന്ന മാറ്റങ്ങളുടെ സൂചനയാണ്.  

മൂന്ന്, വ്യത്യസ്തമായൊരു  രാഷ്​ട്രീയ മണ്ഡലത്തെയും സാമൂഹികാവബോധത്തെയും വിദ്യാർഥിപ്രസ്ഥാനത്തി​​െൻറയും രാഷ്​ട്രീയസംഘാടനത്തി​​െൻറയും തലത്തിൽ ദൃശ്യതയിലേക്ക് കൊണ്ടുവന്നുവെന്നത്​ ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തി​​െൻറ നവീനതയെ കുറിക്കുന്നു. വ്യത്യാസം, അപരത്വം, ബഹുസാംസ്കാരികവാദം തുടങ്ങിയ പ്രശ്നങ്ങളെ ജെ.എൻ.യുവിൽ സംവാദവിധേയമാക്കാനും കാമ്പസിനൊരു പോസ്​റ്റ്​ സെക്കുലർ/പോസ്​റ്റ്​ നാഷനൽ ഭാവി നിർമിക്കാനും ഈ കൂട്ടായ്മക്ക് സാധിച്ചിരിക്കുന്നു. വർഗം  എന്ന രീതിയിൽ മാത്രം രാഷ്​ട്രീയചർച്ചകളെ നിയന്ത്രിച്ച  ഇടതു വിദ്യാർഥി സംഘടനകളും ദേശീയതപ്രശ്നങ്ങളിൽ  മാത്രം ഉടക്കിനിന്ന  എ.ബി.വി.പിയും നിലനിർത്തിയ സംവാദത്തി​​െൻറയും സമരത്തി​​െൻറയും  പതിവു ചട്ടക്കൂടുകളെ  ബാപ്സ-ഫ്രറ്റേണിറ്റി സഖ്യം  മാറ്റിയെഴുതി. ജാതി, മതം, ലിംഗം, ദേശം തുടങ്ങിയ നിരവധി അധികാരഘടനകളുടെ പ്രശ്നമായി ജെ.എൻ.യുവിലെ കാമ്പസ് സംവാദത്തെ തിരുത്തുകയുണ്ടായി. അങ്ങനെ ജെ.എൻ.യു  കാമ്പസിനു പുതിയൊരു വിമോചന  രാഷ്​ട്രീയ ഭാഷ നിർമിക്കാൻ ബാപ്സ-ഫ്രറ്റേണിറ്റി സഖ്യത്തിന് സാധിച്ചിരിക്കുന്നു. അതാണ് ജെ.എൻ.യുവിലെ ഇൗ തെരഞ്ഞെടുപ്പിനെ ഏറെ വ്യത്യസ്തമാക്കുന്നത്. 

Loading...
COMMENTS