പ്രഹസനമായി മാറുന്ന പിന്നാക്ക സംവരണം
text_fieldsനാഗ്‌പൂർ നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിലെ സംവരണ അട്ടിമറിയും അതിനെതിരെ ട്രൈബൽ സമൂഹത്തിൽനിന്നുള്ള വിദ്യാർഥി നടത്തുന്ന നിയമപോരാട്ടവും സംബന്ധിച്ച് ദി വയർ സീനിയർ അസിസ്റ്റന്റ് എഡിറ്റർ സുകന്യ ശാന്ത എഴുതിയ കുറിപ്പ് മാധ്യമം പ്രസിദ്ധീകരിക്കുകയുണ്ടായല്ലോ. ദി വയർ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ സർവകലാശാല ചില തിരുത്തൽ നടപടികൾ ആരംഭിച്ചതായി അറിയുന്നു. എന്നാൽ, പിന്നാക്ക സംവരണ അട്ടിമറി കേവലം ഒരു സർവകലാശാലയിൽ ഒതുങ്ങുന്ന വിഷയമല്ല; മറിച്ച്, ദേശീയതലത്തിൽത്തന്നെ അതിന് കൃത്യമായൊരു പാറ്റേണുണ്ട്.
കൊച്ചിയിൽ പ്രവർത്തിക്കുന്ന നാഷനൽ ലോ യൂണിവേഴ്‌സിറ്റിയിൽ (നുവാൽസ്) അടുത്ത വർഷത്തേക്കുള്ള ദേശീയ മത്സരപരീക്ഷയിൽ (ക്ലാറ്റ്) അവസാനം പ്രവേശനം ലഭിച്ച എസ്.സി വിദ്യാർഥിയുടെ റാങ്ക് 16,941 ആണ്. മുന്നാക്ക സംവരണ റാങ്കാവട്ടെ 28,372 ഉം! എന്നാൽ ഈഴവ വിഭാഗത്തിന് ഇത് 3560-ഉം മുസ്‌ലിം വിഭാഗത്തിന് 5579-ഉം ആണ്. ഈഴവരേയും മുസ്‌ലിംകളെയും ഒഴുവാക്കി നിർത്തിയാൽ, ബാക്കിവരുന്ന ഒ.ബി.സി വിഭാഗങ്ങൾക്ക് 9251 റാങ്ക് വരെ മാത്രമായിരുന്നു പ്രവേശനം. രാജ്യമെമ്പാടുമുള്ള ലോ യൂണിവേഴ്‌സിറ്റികളിലും സംവരണകാര്യത്തിൽ സമാന സാഹചര്യമാണുള്ളത്.
ഈ രാജ്യത്തെ ജനസംഖ്യയിൽ 87.5 ശതമാനവും പിന്നാക്ക ജനവിഭാഗങ്ങളാണ്. ന്യൂനപക്ഷങ്ങളിലെ പിന്നാക്കക്കാർ ഉൾപ്പെടെയാണ് ഈ വലിയ സംഖ്യ. രാജ്യത്തെ സവർണർ 12 ശതമാനം മാത്രമായിരുന്നിട്ടും രാഷ്ട്രീയ പാർട്ടികൾ, പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, കോടതികൾ, മാധ്യമ സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം ഏതാണ്ട് മഹാഭൂരിപക്ഷം സീറ്റുകളും കൈയടക്കിവെച്ചിരിക്കുന്നത് സവർണ-മുന്നാക്ക വിഭാഗങ്ങളിൽപെട്ടവരാണ്.
ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് ഭരണഘടനയിലെ 16 (4) വകുപ്പ് വഴി പിന്നാക്ക സംവരണം ഉറപ്പാക്കിയത്. നിർഭാഗ്യവശാൽ, പ്രഖ്യാപിക്കപ്പെട്ട പിന്നാക്ക സംവരണ സീറ്റുകളിൽ മൂന്നിൽ രണ്ടു ഭാഗം പോലും നിയമനം നടത്താൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ഫലത്തിൽ, ഭരണഘടനാപരമായി പ്രഖ്യാപിക്കപ്പെട്ട പിന്നാക്ക സംവരണം എല്ലാ അർഥത്തിലും നമ്മുടെ രാജ്യത്ത് ഒരു പ്രഹസനമായി മാറിയിരിക്കുകയാണ്.
ഉയർന്ന കട്ട് ഓഫും വിവേചനവും
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുന്നാക്ക സാമ്പത്തിക സംവരണ (ഇ.ഡബ്ല്യു.എസ്) വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് പ്രവേശനത്തിന് വേണ്ട മാർക്കിനേക്കാൾ കൂടുതൽ മാർക്ക് ലഭിച്ചാലേ പിന്നാക്ക വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. സവർണവിഭാഗം വിദ്യാർഥികൾക്ക് അഡ്മിഷന് വേണ്ടത്ര മാർക്ക് കിട്ടിയിട്ടും പിന്നാക്കക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം അതീവ ഗുരുതരമാണ്.
ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള രാജ്യത്തെ സുപ്രധാന നിയമന-പ്രവേശന പരീക്ഷകളിലെല്ലാം ഒ.ബി.സി സംവരണത്തിന് മുന്നാക്ക സംവരണത്തേക്കാൾ ഉയർന്ന കട്ട് ഓഫാണുള്ളത്. ഐ.എഫ്.എസ്, ഐ.എ.എസ്, ഐ.പി.എസ്, ഐ.ആർ.എസ് തുടങ്ങിയ യു.പി.എസ്.സി പരീക്ഷകളിലും കേന്ദ്ര സർവീസുകളിലേക്കുള്ള എസ്.എസ്.സി പരീക്ഷകളിലും ഇതാണ് സ്ഥിതി. മെഡിക്കൽ-എൻജിനീയറിങ് പ്രവേശന പരീക്ഷകളിലും രാജ്യത്തെ 27 നാഷനൽ ലോ യൂണിവേഴ്‌സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷകളിലും ഇക്കാര്യത്തിൽ മാറ്റമില്ല. യു.പി.എസ്.സിയിൽ ഉയർന്ന റാങ്ക് നേടുന്ന ഒ.ബി.സി വിദ്യാർഥികൾക്ക് അഭിമുഖത്തിൽ മാർക്ക് കുറയ്ക്കുന്നതായും ആക്ഷേപമുണ്ട്.
യു.പി.എസ്.സി പ്രിലിമിനറി (2025): മുന്നാക്ക സംവരണത്തിനുള്ള (EWS) കട്ട് ഓഫ് മാർക്ക് 89 ആയിരുന്നപ്പോൾ, ഒ.ബി.സിക്കും ജനറലിനും ഇത് 92 ആയിരുന്നു. എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം 84, 82 ഉം. യു.പി.എസ്.സി പ്രിലിമിനറി (2024): ജനറലിനും ഒ.ബി.സിക്കും 87 മാർക്കായിരുന്നു കട്ട് ഓഫ്; മുന്നാക്ക സംവരണത്തിന് 85-ഉം. ഉയർന്ന മാർക്ക് നേടിയാലും ഒ.ബി.സി വിദ്യാർഥികൾ തുടക്കത്തിൽത്തന്നെ പുറംതള്ളപ്പെടുന്നു. ഒ.ബി.സി വിദ്യാർഥികൾ ഫലത്തിൽ ജനറൽ വിഭാഗത്തിന്റെ മാർക്ക് നേടിയാണ് സർവീസിൽ പ്രവേശിക്കുന്നതെങ്കിലും, സംവരണത്തിന്റെ പേരിൽ പിന്നീടുള്ള സ്ഥാനക്കയറ്റം ഉൾപ്പെടെ പലപ്പോഴും അട്ടിമറിക്കപ്പെടുന്നതായും ആരോപണമുണ്ട്.
വിവിധ പരീക്ഷകളിലെ കട്ട് ഓഫ് താരതമ്യം
ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ (ഐ.എഫ്.എസ്) പ്രിലിമിനറിക്ക് 2025-ൽ ഒ.ബി.സി, ജനറൽ കട്ട് ഓഫ് മാർക്ക് 105 ആണ്. എന്നാൽ മുന്നാക്ക സാമ്പത്തിക സംവരണ മാർക്ക് 102-ഉം, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് ഇത് യഥാക്രമം 97-ഉം, 96-ഉം ആണ്. അതായത്, എസ്.സി-എസ്.ടി വിഭാഗങ്ങൾക്കടുത്ത് മാർക്ക് കിട്ടിയാൽ മുന്നാക്ക വിഭാഗത്തിന് സംവരണം ലഭിക്കും; പക്ഷേ ഒ.ബി.സി വിഭാഗത്തിന് ജനറൽ വിഭാഗത്തിന്റെ അത്രതന്നെ മാർക്ക് ലഭിക്കണം. 2024-ലും ഐ.എഫ്.എസ് പ്രിലിമിനറിക്ക് ഇതുതന്നെയായിരുന്നു സ്ഥിതി (ഒ.ബി.സിക്കും ജനറലിനും കട്ട് ഓഫ് 100 മാർക്കും ഇ.ഡബ്ല്യു.എസിന് 98 മാർക്കും).
കേന്ദ്രസർവീസിലെ ക്ലർക്ക് ഉൾപ്പെടെയുള്ള തസ്തികകളിലേക്കുള്ള എസ്.എസ്.സി പരീക്ഷകളിലും സ്ഥിതി വ്യത്യസ്തമല്ല. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ തസ്തികയിലേക്ക് ഈയിടെ നടത്തിയ നിയമനത്തിൽ ഒ.ബി.സി അവസാന മാർക്ക് 389 ആണ്; ജനറലിന് 384-ഉം. എന്നാൽ ഇ.ഡബ്ല്യു.എസ് വിഭാഗത്തിന്റേത് 369 മാത്രമാണ്.
നീറ്റ് പരീക്ഷയിലെ എം.ബി.ബി.എസ് പ്രവേശനത്തിന് കഴിഞ്ഞവർഷം ഒ.ബി.സി കട്ട് ഓഫ് റാങ്ക് 27,421 ആയിരുന്നു. അഖിലേന്ത്യാതലത്തിൽ ജനറൽ വിഭാഗത്തിന്റെ അവസാന റാങ്കാവട്ടെ 27,360 ആയിരുന്നു. അതേസമയം മുന്നാക്ക സംവരണത്തിന് അത് 30,921 ആയിരുന്നു. ബി.ഡി.എസിന്റെ കാര്യത്തിലാണെങ്കിൽ ജനറൽ 55,845-ഉം ഒ.ബി.സി 57,481-ഉം ഇ.ഡബ്ല്യു.എസ് 61,023-ഉം എന്നിങ്ങനെയായിരുന്നു അവസാന കട്ട് ഓഫ് റാങ്കുകൾ.
മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവർ 12.5 ശതമാനം മാത്രമാണ്. എന്നാൽ, ഈ വിഭാഗത്തിന് ജനസംഖ്യാനുപാതമല്ലാത്ത തരത്തിൽ 10 ശതമാനം സംവരണമാണ് ദേശീയതലത്തിൽ നൽകിയിട്ടുള്ളത്. അപേക്ഷകർ കുറവായതിനാൽ സ്വാഭാവികമായും കുറഞ്ഞ മാർക്ക് കിട്ടുന്നവർക്കും പ്രവേശനം ലഭിക്കുന്ന സാഹചര്യമുണ്ടാകുന്നു.പരമ്പരാഗത സംവരണ തത്വങ്ങളെ പാടെ അട്ടിമറിക്കുന്ന നിലപാടുകളെ ചോദ്യം ചെയ്യാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോ, പൊതുസമൂഹം എന്ന പേരിൽ തെരുവിലിറങ്ങുന്ന കൂട്ടായ്മകളോ തയ്യാറല്ല. ദലിത്-പിന്നാക്ക ബഹുജൻ സമൂഹം കൃത്യമായ രാഷ്ട്രീയ-സാമൂഹിക തിരിച്ചറിവ് നേടി പൊരുതിയാലല്ലാതെ ഈ ഭരണഘടനാ അവകാശ ലംഘനത്തിന് അറുതിയുണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

