Begin typing your search above and press return to search.
exit_to_app
exit_to_app
ഡേവിഡ് വില്യം: ആസ്ട്രേലിയയിൽനിന്ന് ആലപ്പുഴക്കുള്ള കരുതൽ
cancel
camera_alt

ആസ്ട്രേലിയൻ ചിത്രകാരൻ ഡേവിഡ് വില്യം; അദ്ദേഹത്തിൻെറ പെയിൻറിങ്ങുകളിലൊന്ന്

Homechevron_rightOpinionchevron_rightArticleschevron_rightഡേവിഡ് വില്യം:...

ഡേവിഡ് വില്യം: ആസ്ട്രേലിയയിൽനിന്ന് ആലപ്പുഴക്കുള്ള കരുതൽ

text_fields
bookmark_border

ആലപ്പുഴ: 'മലയാളികൾ ഐക്യത്തോടെ ജീവിക്കുന്ന ജനതയാണ്, അതിനാൽ അവർക്ക് സാമൂഹിക അകലം പാലിക്കാൻ അത്രകണ്ട് കഴിഞ്ഞെന്ന് വരില്ല'- കോവിഡ് സമ്പർക്ക വ്യാപനം കേരളത്തിൽ അൽപം ഉയർന്നതാണെന്ന യാഥാർത്ഥ്യത്തിന് ക്രിയാത്മകമായൊരു ന്യായീകരണം നൽകുന്നത് വിഖ്യാത ആസ്ട്രേല്യൻ ചിത്രകാരനും സഞ്ചാരിയുമായ ഡേവിഡ് വില്യംസാണ്.

കേരളത്തെ, പ്രത്യേകിച്ച് ആലപ്പുഴയെ ശക്തമായൊരു വികാരമായി കരുതുന്ന ഈ കലാകാരൻ വരച്ച കമ്മ്യൂണിസ്റ്റ് നേതാവ് എം.എൻ. ഗോവിന്ദൻ നായരുടെ ഛായാചിത്രം കഴിഞ്ഞ ദിവസം സി.പി.ഐ ആസ്ഥാനമായ തിരുവനന്തപുരത്തെ എം.എൻ സ്മാരകത്തിന് കൈമാറിയിരുന്നു.

സി.പി.ഐ തിരുവനന്തപുരം എം.എൻ. സ്മരകത്തിലുള്ള ഡേവിഡ് വരച്ച എം.എൻ ഗോവിന്ദൻ നായരുടെ ചിത്രം

ഇതുമായി ബന്ധപ്പെട്ട് പ്രതികരണം തേടവെ അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത് കേരളത്തിലെ കോവിഡ് വ്യാപനത്തെക്കുറിച്ചായിരുന്നു. സിഡ്നിയിൽനിന്ന് 'മാധ്യമ'ത്തോട് സംസാരിക്കവെ കോവിഡ് രോഗികൾ ഓരോ ദിവസവും വർദ്ധിക്കുകയാണെന്ന വിവരം പങ്കുവെച്ചു. അപ്പോഴാണ് കൂടിച്ചേരുലുകളിൽ എന്നും ആഹ്ളാദം കണ്ടെത്തുന്ന കേരളീയരുടെ സ്വഭാവ വൈശിഷ്ട്യത്തെ കുറിച്ച് ഡേവിഡ് മനസ്സ് തുറന്നത്.

കേരളീയർ കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവരുടെ ജന്മദിനമായാലും വിവാഹമോ മരണാനന്തര ചടങ്ങോ ആയാലും ഒത്ത് ചേരുന്നതിൽ മടികാണിക്കില്ല. ജാതി മത ഭേദമന്യേ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുന്ന മറ്റൊരു സമൂഹത്തെ കാണാനാകില്ല -ലോകമെമ്പാടും ചുറ്റിസഞ്ചരിക്കുന്നത് ഇഷ്ട വിനോദമാക്കിയ ഈ കലാകാരൻ പറയുന്നു. മെൽബണിലടക്കം ആസ്േട്രലിയയുടെ പ്രധാന നഗരങ്ങളിലെല്ലാം തന്നെ കോവിഡ് ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. ഭാഗ്യവശാൽ തൻെറ നഗരമായ സിഡ്നിയിലെ അവസ്ഥ ഇതുവരെ ഭയാനകമല്ല. രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കണമെങ്കിൽ സർക്കാറിൻെറ പ്രത്യേക അനുമതി ആവശ്യമാണ്. സ്ഥിതിഗതികൾ ശാന്തമായാലുടൻ വരുന്നത് ആലപ്പുഴയിലേക്കായിരിക്കും -ഡേവിഡ് പറഞ്ഞു.

2008ൽ ആദ്യമായി കേരളത്തിലെത്തുകയും പിന്നീട് എല്ലാ വർഷവും രണ്ട് തവണ ആലപ്പുഴയിൽ വന്നുപോവുകയും ചെയ്യുന്ന ഡേവിഡിനെ പ്രധാനമായും ആകർഷിച്ചത് ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മലയാളികൾ നൽകുന്ന പ്രധാന്യമാണ്. സാധാരണക്കാരിൽ സാധാരണക്കാരായവർ പോലും വലിയ കുഴപ്പമില്ലാതെ ഇംഗ്ളീഷ് കൈകാര്യം ചെയ്യുമെന്നത് എടുത്ത് പറയേണ്ടതുണ്ട്. ആലപ്പുഴയിലുണ്ടായിരുന്ന നാളുകളിൽ ചില സ്കൂളുകളിൽ സൗജന്യമായി കലാപഠനത്തിന് പുറമെ ഇംഗ്ളീഷ് പഠിപ്പിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

അറിയപ്പെടുന്ന ചിത്രകാരിയായിരുന്നു ഡേവിഡിെൻറ മാതാവ് വിൽമോട്ട് വില്യംസ് (1916-1992). അമ്മയുടെ കലാഭിരുചിയാണ് തനിക്ക് പകർന്ന് കിട്ടിയതെന്ന് അദ്ദേഹം ആവേശത്തോടെ പറയുന്നു.

ഡേവിഡ് വില്യമിൻെറ മാതാവ് വിൽമോട്ട് വില്യംസ് വരച്ച ചിത്രം

കലയോടൊപ്പം ജീവിതസന്ധാരണത്തിന് മറ്റൊരു തൊഴിൽ കൂടിവേണമെന്നതിൽ വിൽമോട്ടിന് വലിയ നിർബന്ധമുണ്ടായിരുന്നു. 1970 കളുടെ ആദ്യം തന്നെ മകനോട് സമ്പാദ്യം കൃത്യമായി വിനിയോഗിക്കാൻ നിർദേശം നൽകിയ വിൽമോട്ട് വില്യംസ്, റിയൽ എസ്റ്റേറ്റ് അതിന് പറ്റിയ മേഖലയാണെന്നും നിർദേശിച്ചു. കൈയിലുള്ളതെല്ലാം പെറുക്കികൂട്ടി സിഡ്നിയിലൊരു ഫ്ളാറ്റ് വാങ്ങി, റിയൽ എസ്റ്റേ് മേഖലയിൽ ലൈസൻസ് സമ്പാദിക്കുേമ്പാൾ കേവലം ഇരുപതുകാരനായിരുന്നു ഡേവിഡ്.

വസ്തുക്കൾ വാങ്ങി ചെറിയ പ്ളോട്ടുകളാക്കി വികസിപ്പിച്ച് മൂല്യവർദ്ധിതമാക്കി വിൽപന നടത്തി. ചിലപ്പോഴൊക്കെ വ്യാവസായിക മേഖലയിലെ വലിയ പ്ളോട്ടുകൾ മുറിച്ച് കഷണങ്ങളാക്കി റസിഡൻഷ്യൽ കോംപ്ലക്സുകളാക്കി. അതോടെ സാമ്പത്തികമായി അഭിവൃദ്ധിയിലാവുകയും കൂടെ കലാപ്രവർത്തനങ്ങളും സഞ്ചാരവും അനുസ്യൂതം തുടരാനുമായി. ബിസിനസും കലയും ഒരുമിച്ച് കൊണ്ടു പോകുന്നതിൽ മകന് മുന്നേറാൻ കഴിയുന്നുണ്ടെന്ന് മനസ്സിലാക്കിയാണ് 25 വർഷം മുമ്പ് മാതാവ് വിട പറഞ്ഞത്. ആസ്ട്രേലിയക്ക് പുറമെ സൗത്ത് ഫ്രാൻസിലെ പെർപ്പിഗ്നാനിലും ബ്രസിലിലും ഡേവിഡിന് സ്റ്റുഡിയോ ആരംഭിക്കാനായതും അതുകൊണ്ടാണ്. അവിടെ താമസിച്ച് അതാതിടങ്ങളിലെ ജീവിതവും പ്രകൃതി ഭംഗിയും പകർത്താൻ കഴിയുന്നത് വലിയൊരു ഭാഗ്യം തന്നെയാണ് -അദ്ദേഹം പറയുന്നു.

ഡേവിഡ് വില്യമിൻെറ പെയിൻറിങ്

ആലപ്പുഴയിലെ തൊഴിലാളി മുന്നേറ്റത്തെ കുറിച്ച് ഗ്രാഹ്യമുള്ള ഡേവിഡ് സി.പി.ഐ കാവുങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും യുവകലാ സാഹിതി ആലപ്പുഴ ജില്ല സെക്രട്ടറിയുമായ ആസിഫ് അബ്ദുൽ റഹീമിൻെറ അഭ്യർത്ഥനയിലാണ് എം.എൻ ഗോവിന്ദൻനായരുടെ ഛായാചിത്രം വരച്ചത്. വരക്കാൻ തുടങ്ങുേമ്പാൾ എം.എന്നിനെ കുറിച്ച് കൂടുതലൊന്നും മനസ്സിലാക്കാനായിരുന്നില്ലെന്ന് ഡേവിഡ് തുറന്നു പറയുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതിനായി ദീർഘവീക്ഷണമുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത ജനകീയനായ ഭരണാധികാരിയാണ് സഖാവ് എം.എൻ ഗോവിന്ദൻ നായരെന്നത് ഏതൊരു മനുഷ്യസ്നേഹിക്കും അഭിമാനിക്കാൻ വക നൽകുന്ന ഒന്നാണ്. പാർശവൽക്കരിക്കപ്പെട്ട ഭൂരഹിതരായി കഴിഞ്ഞ് പോന്ന ജനസമൂഹങ്ങൾക്ക് കയറിക്കിടാക്കാനായൊരു മേൽക്കൂര എന്ന വിശാല ലക്ഷ്യം ആദ്യമായി ആവിഷ്ക്കരിച്ച ലക്ഷം വീട് പാർപ്പിട പദ്ധതി അദ്ദേഹത്തിെൻറ ആശയമായിരുന്നുവെന്ന് അറിയുന്നതിൽ അഭിമാനമുണ്ട്.

തന്നാൽ കഴിയും വിധമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് ഡേവിഡും. ആലപ്പുഴയിലെ തിരുമാല വാർഡിൽ ത്രീം പാംസ് എന്നൊരു ഗസ്റ്റ് ഹൗസ് പണിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ച ഇസ്മായിൽ എന്നൊരാളുടെ കുടുംബത്തിെൻറ ജീവനോപാധിക്കായി അത് പ്രയോജനപ്പെടുമെന്നതിനാലാണ്. കേരളത്തിലെ ഗ്രാമീണ ജീവിതത്തിേൻറയും ഉത്സവാഘോഷങ്ങളുടേയും സമര പോരാട്ടങ്ങളുടേയുമൊക്കെ നേർക്കാഴ്ച്ചകൾ അതിമനോഹരമായി കാൻവാസ് വർണ്ണച്ചിത്രങ്ങളാക്കാൻ ഡേവിഡിെൻറ ബ്രഷിന് കഴിഞ്ഞിട്ടുണ്ട്. എഴുപതാം വയസ്സിലും ജീവിതത്തെ ആസ്വാദ്യകരമാക്കാൻ തനിക്ക് കഴിയുന്നത് നല്ലവരായ സുഹൃത്തുക്കളുടെ പിൻബലവും കഴിഞ്ഞ കാലങ്ങളിൽ കച്ചവടത്തിലൂടെ സ്വരൂപിച്ച മൂലധനവും കൊണ്ടാണെന്ന രഹസ്യം പരസ്യമാക്കാൻ വേറിട്ട ഈ കലാകാരന് മടിയില്ല.

Show Full Article
TAGS:Australian Painter Alappuzha MN Govindan Nair 
Next Story