1996ലാണ് അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍നിന്ന് പട്ടിണിമരണം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നീട് ആദിവാസികള്‍ക്കിടയിൽ പട്ടിണിമരണങ്ങള്‍ നിത്യസംഭവമായി മാറി. 1996ല്‍ 25 ആദിവാസികളും 1999ല്‍ 35 ആദിവാസികളും പട്ടിണി കാരണം മരിച്ചു. പക്ഷേ, അന്ന് ഇതൊന്നും വലിയ ചര്‍ച്ചയായിരുന്നില്ല. കാരണം, മാധ്യമങ്ങളുടെ എണ്ണം അക്കാലത്ത് പരിമിതമായിരുന്നു. 2013ലാണ് അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഇടംപിടിക്കുന്നത്.
ദേശീയ മാധ്യമങ്ങളും ഇത് വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി അ‘ശ്രദ്ധാ’കേന്ദ്രമായെന്ന് തിരിച്ചറിവുണ്ടായതോടെ പദ്ധതികളുടെയും പ്രഖ്യാപനങ്ങളുടെയും ഒഴുക്കായിരുന്നു പിന്നീടങ്ങോട്ട്. പക്ഷേ, ആദിവാസികൾക്ക് കാര്യമായ പ്രയോജനമുണ്ടായില്ലെന്നുമാത്രം. സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ, കോടികള്‍ ഒഴുക്കിയിട്ടും ആദിവാസികളുടെ അവസ്ഥയിപ്പോഴും കോടിയിരിക്കുന്നു. 2017ല്‍ അട്ടപ്പാടിയില്‍ വീണ്ടും ആദിവാസി ശിശുമരണങ്ങളുണ്ടായി. 20 വര്‍ഷത്തിലധികമായി അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ തുടര്‍ച്ചയായി പട്ടിണിമരണങ്ങള്‍ നടക്കുന്നു. ഇന്നുവരെ ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അട്ടപ്പാടിയിൽ 60 വര്‍ഷത്തിനിെട ആദിവാസി ജനസംഖ്യ വർധന ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 2011ലാണ്. ആദിവാസികളുടെ മരണനിരക്ക് 2001നും 2011നുമിടയിൽ ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇതിനൊരു പ്രധാന കാരണം ദാരിദ്ര്യമാണ്. സാമൂഹികസുരക്ഷ, ക്ഷേമപദ്ധതികൾ കാര്യക്ഷമമല്ലാത്തതും വിദ്യാഭ്യാസ--ആരോഗ്യ സേവനങ്ങളുടെ അഭാവവും അട്ടപ്പാടിയിലെ ആദിവാസികളുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്ന് ഭൂമി അന്യാധീനപ്പെടലാണ്. അട്ടപ്പാടിയിൽ മാത്രം പതിനായിരത്തിലധികം ഏക്കർ ഭൂമിയാണ് ആദിവാസികൾക്ക് നഷ്ടപ്പെട്ടത്. നൂറുകണക്കിന് ആദിവാസി കുടുംബങ്ങൾക്ക് ഇന്ന് സ്വന്തമായി ഭൂമിയില്ല. അട്ടപ്പാടിയിലെ വന്തവാസികൾക്ക് പരമാവധി കൈവശം വെക്കാവുന്ന ഭൂമി അഞ്ചേക്കറായി നിശ്ചയിച്ച് നിയമം കൊണ്ടുവരണം. അഞ്ചേക്കറിലധികമുള്ള വന്തവാസികളുടെ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. കേരളത്തിലെ എല്ലാ ആദിവാസി മേഖലകളിലും വന്തവാസികൾക്ക് പരമാവധി കൈവശംവെക്കാവുന്ന ഭൂമി അഞ്ചേക്കറായി നിശ്ചയിച്ച് നിയമം കൊണ്ടുവരണം.
അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമിശോഷണമാണ് രണ്ടാമത്തെ പ്രശ്നം. ആദിവാസികൾക്ക് ഭൂമിയുണ്ടോയെന്ന് ചോദിച്ചാല്‍ ഉണ്ടെന്നു പറയും. പക്ഷേ, പല ആദിവാസികളുടെ ഭൂമിയിലും കൃഷിചെയ്യാന്‍ സാധിക്കില്ല. കാരണം, കൃഷിയോഗ്യമല്ലാത്ത ഭൂമിയായിരിക്കും. ഭൂമിയുടെ ജൈവപരവും സാമ്പത്തികപരവുമായ ഉൽപാദനക്ഷമത നീണ്ട കാലയളവില്‍ നഷ്ടപ്പെടുന്ന പ്രക്രിയയാണ് ഭൂശോഷണം. ഇന്ന് ലോകത്തിലെ 70 ശതമാനത്തോളം ഭൂമിയും ശോഷണത്തിന് വിധേയമാണ്. ഇതുമൂലം ലോകത്തിനുണ്ടാകുന്ന പ്രതിവര്‍ഷനഷ്ടം 300 ബില്യൺ അമേരിക്കന്‍ ഡോളറാണ്.
ലോകത്തിലെ 42 ശതമാനം വരുന്ന പാവങ്ങള്‍ ഭൂശോഷണം സംഭവിച്ച ഭൂമിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. ഇന്ത്യയിലെ ഏതാണ്ട് 57 ശതമാനവും കേരളത്തിലെ 67 ശതമാനവും മണ്ണ് ശോഷണത്തിന് വിധേയമാണ്. കേരളത്തിലെ പാവങ്ങളായ ആദിവാസികളാണ് ഭൂശോഷണത്തിെൻറ പ്രധാന ഇരകള്‍. ആദിവാസി മേഖലകള്‍ കൈയേറിയ വന്തവാസികൾ വന്‍തോതിൽ വനം വെട്ടിത്തെളിച്ച് പിന്നീട് അവിടങ്ങളിൽ വ്യാപകമായി കീടനാശിനി, വളപ്രയോഗങ്ങൾ നടത്തി ഭൂശോഷണത്തിന് ആക്കംകൂട്ടി. മലയാളി-തമിഴ് കൃഷിരീതികളുടെ അനുകരണമാണ് ആദിവാസികളുടെ ഭൂശോഷണത്തിെൻറ പ്രധാന കാരണം. മണ്ണ്--ജല സംരക്ഷണത്തിലൂടെ ആദിവാസി ഭൂശോഷണം പരിഹരിക്കണം.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് ജലസേചന സൗകര്യമില്ലാത്തതാണ് മൂന്നാമത്തെ പ്രശ്നം. ഒരുകാലത്ത് അട്ടപ്പാടിയിലെ എല്ലാ ആദിവാസികളും കൃഷിക്കാരായിരുന്നു. ഇന്ന് 10 ശതമാനത്തിൽ താഴെ ആദിവാസികളാണ് കൃഷികൊണ്ട് ഉപജീവനം നടത്തുന്നത്. ജലസേചനസൗകര്യത്തിെൻറ അഭാവമാണ് ആദിവാസികളെ കൃഷിയില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ആദിവാസികൾക്ക് ജലസേചനസൗകര്യം സര്‍ക്കാർ ഉറപ്പുവരുത്തിയാൽ നല്ലൊരു ഭാഗം ആദിവാസികളും കൃഷിചെയ്യാൻ തയാറാകും.
വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങളുടെ അഭാവമാണ് ആദിവാസികൾ നേരിടുന്ന നാലാമത്തെ പ്രശ്നം. 2011ലെ സെന്‍സസ്പ്രകാരം അട്ടപ്പാടിയിലെ 35 ശതമാനം ആദിവാസികളും നിരക്ഷരരാണ്. നല്ലൊരു ഭാഗം ആദിവാസി സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അംഗന്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാൽ സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ് ഒരു പരിധിവരെ പരിഹരിക്കാനാവും.
സാമൂഹികസുരക്ഷ, ക്ഷേമപദ്ധതികള്‍ കാര്യക്ഷമമല്ലാത്തതാണ് അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന അഞ്ചാമത്തെ പ്രശ്നം. വാര്‍ധ്യക പെന്ഷന്, തൊഴിലില്ലായ്മ പെന്ഷന്, വിധവ പെന്ഷന്, അന്ത്യോദയ അന്നയോജന, അന്നപൂർണയോജന തുടങ്ങിയ പദ്ധതികളുടെ പ്രയോജനം നല്ലൊരു ഭാഗം ആദിവാസികൾക്ക് ലഭിക്കുന്നില്ല. അട്ടപ്പാടിയിലെ ഓരോ ആദിവാസി കുടുംബങ്ങളിലും സാമൂഹികസുരക്ഷ, ക്ഷേമ പദ്ധതികളെത്തുന്നുവെന്ന് സര്‍ക്കാർ ഉറപ്പുവരുത്തണം.
മഹാത്മ ഗാന്ധി സർവകലാശാല അന്താരാഷ്ട്ര
പഠനവിഭാഗം ഗവേഷകനാണ് ലേഖകൻ