രാജകുമാരനു കാത്തിരിക്കുന്നവർ 

  • നമ്മളെ വളർത്തിയ സമൂഹം ചെറുപ്പം മുതൽ സ്ത്രീകളുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്ന ചില ചിന്താരീതികളുണ്ട്. ഒറ്റക്ക് അവൾ അബലയാണ് എന്ന ചിന്ത. കൂടെ തുണയായി ആണ്ണുങ്ങൾ ഇല്ലാത്തവൾ ധാർമികമായി ശരിയല്ല എന്ന ചിന്ത. കുട്ടികൾ ഇല്ലാത്തവളുടെ ജീവിതം വ്യർഥമാണെന്ന്​. നല്ല നിറമുള്ള, വെളുത്ത സുന്ദരി മാർക്ക് മാത്രമുള്ളതാണ് ജീവിതം എന്നും

കടപ്പാട്​: ഹൈവ്​ മൈൻഡ്​

‘ആകാശദൂത്’ സിനിമ കണ്ടിറങ്ങിയ അന്നു വല്ലാതെ മനസ്സ്​ വിഷമിച്ചിരുന്നു. ആ കൊച്ചു പ്രായത്തിൽ ആദ്യം മനസ്സിൽ തോന്നിയത് എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്നെയും അമ്മ ഉപേക്ഷിക്കുമോ എന്നാണ്. ഏറ്റവും സുരക്ഷിതം എന്നു  കരുതുന്ന ഒരു സ്ഥലം സ്വന്തം വീടാണ്. വീട്ടിൽവന്നു വെറുതെ നമ്മുടെ ഷീറ്റും കെട്ടിപ്പിടിച്ചുകിടക്കുക എത്ര സുരക്ഷിതമാണ്. നമ്മുടെ മാത്രം രഹസ്യം അറിയുന്ന നമ്മുടെ തലയണകളും, ഷീറ്റും... ഇതൊക്കെ എല്ലാവർക്കും ഉണ്ട് എന്നായിരുന്നു എ​​െൻറ കണക്കുകൂട്ടൽ. അവിടെയും ഇവിടെയുമായി ചില പത്രവാർത്തകൾ അല്ലാതെ പട്ടിണി എന്ന ഒരു പ്രശ്​നം ഇല്ല എന്നായിരുന്നു ഈ അടുത്തകാലത്തുവരെ ധാരണ. എന്നാൽ, സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ മനസ്സിലായി പുറത്തുപറയാൻ മടിക്കുന്ന, കഥകളും പേറി ജീവിക്കുന്ന ചില ജീവിതങ്ങളെ.


ആദിവാസിസമൂഹത്തിൽ കണ്ട ഒരു നല്ല കാര്യം ചില കുടുംബങ്ങളിൽ വളരെ തുല്യരായിതന്നെയാണ് അവർ ജീവിക്കുന്നത് എന്നാണ്. അവരെ പ്രാചീന കുലജാതർ എന്നുപറഞ്ഞാലും ചില കാര്യങ്ങളിൽ അവർ പോലും അറിയാതെ അവരുടെ ജീവിതരീതി നമ്മൾക്കു പാഠമാണ്. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ അവർ അപ്പപ്പോൾ  ചെയ്യുന്നു. കുട്ടികളെയും കൊണ്ട് നാടും കാടും കയറുന്നു. ഒന്നിച്ചു ഭക്ഷണം കണ്ടെത്തുന്നു. ഒന്നിച്ചു കഴിക്കുന്നു, കിടക്കുന്നു, ജീവിക്കുന്നു. ഒന്നിച്ചു മദ്യപിക്കുന്നു, പുകവലിക്കുന്നു. ഇതിൽ സ്ത്രീ-പുരുഷൻ എന്നോ വലിയവർ/കുട്ടികൾ എന്നോ ഒരു ഭാവഭേദവും ഇല്ല. വിവേചനം എന്ന വാക്ക് എന്തെന്നറിയാത്തവർക്ക് തുല്യത സ്വതസിദ്ധമായി വരുന്നത് തന്നെയാണ്.

 മനുഷ്യനെ മൃഗമാക്കുന്ന ഏറ്റവും വലിയ കാരണം ആലോചിച്ചുനോക്കിയിട്ടുണ്ടോ? അതു വിശപ്പാണ്. അതിനുവേണ്ടി അവൻ സഹിക്കുന്ന കാര്യങ്ങൾക്ക് ഒരു അറുതിയും ഇല്ല. ഈ കഴിഞ്ഞ ദിവസം ആറു കുട്ടികളുടെ അമ്മക്ക് ഗർഭനിരോധനമാർഗം സ്വീകരിക്കാമായിരുന്നില്ലേ എന്ന  ചോദ്യം ഉയർന്നിട്ടുണ്ട്. സാധാരണ സ്ത്രീകൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ അറിയുന്നവർ ഇതു ചോദിക്കില്ല.

പഠിപ്പ് കുറവാണ്. ജോലിയില്ല, പത്രം വായിക്കില്ല, വാർത്തകൾ അറിയില്ല, കേട്ടത് എന്തും വിശ്വസിക്കും. തുല്യത പോക​െട്ട,  ത​​െൻറ ജീവിതത്തെകുറിച്ചുവരെ ഒന്നും അറിയില്ല. കുട്ടികൾ ഉണ്ടാകുന്നത് എങ്ങനെയെന്നോ, എന്തിന്​, തനിക്കു സ്വപ്നം കാണാൻ കഴിവുണ്ടോ എന്നുപോലും അവർക്കറിയില്ല. അങ്ങനെയുള്ള ഒരാൾക്ക്​ എന്തു ഗർഭനിരോധന മാർഗം? 

വീട്ടിൽ പണിക്കായി ഒരു സ്ത്രീ വന്നിരുന്നു. നല്ല ചുറുചുറുക്കോടെ എല്ലാ പണികളും, വിറകുകൊത്തുക വരെ ചെയ്യുന്ന ഒരു സ്ത്രീ. ആകെ ഒരു കുഴപ്പം. ചില ദിവസം വരില്ല. അതു വിളിച്ചുപറയുകയും ഇല്ല. ഇതു സ്കൂളിൽ പോകുന്ന ഞങ്ങൾക്ക് ആഹാരം ഉണ്ടാക്കാൻ വരെ ബുദ്ധിമുട്ടായപ്പോൾ ഇനി വ​േരണ്ട എന്നുപറയേണ്ടി വന്നു. പൊട്ടിക്കരഞ്ഞ്​ കാലുപിടിച്ചാണ് അവർ സത്യം പറഞ്ഞത്. അവരുടെ ഭർത്താവ് കുടിച്ചു ലക്കു​െകട്ട്​ ഇവരെയും കുട്ടികളെയും മർദിക്കുന്നെന്ന്​. രാത്രി തലപൊട്ടി നിവൃത്തിയില്ലാതെ പേടിച്ച്​ അടുത്തെവിടെയെങ്കിലും പോയി, വല്ല വീടി​​െൻറയും ചായ്പ്പിലും കിടന്നുറങ്ങും. ശരീരത്തിലെ മുറിപ്പാടുകൾ അവർ കാണിച്ചു. കൊച്ചിനെ എടുത്തെറിഞ്ഞു, മക​​െൻറ തലക്കു ക്ഷതവുമുണ്ട്.

അവരെ നിർബന്ധിച്ച്​ കേസ് കൊടുപ്പിച്ചു. ഭർത്താവ് ആ വീട്ടിൽനിന്നു രാത്രി തന്നെ ആ അമ്മയെയും കുഞ്ഞുങ്ങളെയും ഇറക്കിവിട്ടു. വിളിക്കാൻ ഒരു ഫോൺ നമ്പർ പോലും ഇല്ല. കുറെ ഉള്ളിലുള്ള വീടായതിനാൽ ഞങ്ങളുടെ അടുത്തെത്താനും കഴിഞ്ഞില്ല. ഒരു രാത്രി മുഴുവൻ പുറത്ത്​ രണ്ടും നാലും വയസ്സായ ​പിഞ്ചുകുഞ്ഞുങ്ങളെയും മാറോടണച്ച്​ അവൾ കഴിച്ചുകൂട്ടി. രാവിലെ അവളുടെ വീട്ടിലേക്കു പോയി. 
സ്നേഹിച്ച വീടുവിട്ടിറങ്ങിപ്പോയ അവളെ സ്വീകരിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവൾ അനുഭവിക്കട്ടെ എന്നു കരുതി. മറ്റൊരു വഴിയും ഇല്ലാതെ കുഞ്ഞുങ്ങളെയും കൊന്നു സ്വയം മരിക്കാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു അവർ. അഥവാ, ആ മനസ്സിനെ എല്ലാവരും ചേർന്ന്​ അത്തരത്തിലേക്കു മാറ്റുകയായിരുന്നു എന്നു വേണം പറയാൻ. ഭർത്താവി​​െൻറ സങ്കൽപങ്ങൾക്ക് അനുസരിച്ച ഭാര്യയാവാൻ അവൾക്കു കഴിഞ്ഞില്ല. നാലുവർഷത്തോളം സ്വന്തം ശരീരത്തിനും മനസ്സിനും കുട്ടികൾക്കും ഏറ്റ ക്ഷതങ്ങൾ കാരണം വീടുവിട്ടിറങ്ങിയത് അവളുടെ ധിക്കാരമായി മാറി. ആണി​​െൻറ ഇഷ്​ടത്തിനനുസരിച്ച്​ അവൾ ജീവിച്ചില്ല. കുടുംബം പോറ്റാൻ വല്ല വീട്ടില​ും പണിക്കുപോയി, അവർ പറഞ്ഞതു കേട്ട്​ കേസ് കൊടുത്തിരിക്കുന്നു. അവൾക്കു ചെലവിനു കൊടുക്കുന്ന ഭർത്താവിനെതിരെ കേസ് കൊടുത്തത്​ വലിയ പാപമല്ലേ? ആർക്കറിയാം അവൾക്കു വേറെ ബന്ധം ഉണ്ടോ എന്ന്. വലിയ കൊച്ച്​ അവ​​െൻറയല്ല എന്ന്​ അവൻ പറയുന്നത് ശരിയാകും. അതാണല്ലോ അവളെ അവൻ ഇറക്കിവിട്ടത്. നല്ല സ്വഭാവമുള്ള ഒരു പെണ്ണിനെ ആരെങ്കിലും രാത്രി ഇറക്കിവിടുമോ?... തുടങ്ങി കേട്ടാൽ അറക്കുന്ന പലതും അവർക്ക്​ സഹിക്കേണ്ടിവന്നു. 

എല്ലാം ഉപേക്ഷിച്ച്​ സ്വന്തം കൈയിലെ ഞരമ്പുകൾ മുറിക്കുമ്പോൾ ആ കുട്ടികൾക്കു കൊടുക്കാൻ ഒരു കുപ്പി വിഷവും അവൾ കരുതിയിരുന്നു. പക്ഷേ, വീട്ടുകാർ കണ്ടെത്തി വേഗം ആശുപത്രിയിൽ എത്തിച്ചു രക്ഷപ്പെടുത്തി. കുടിക്കലും ഭാര്യയെ തല്ലലും ഹീറോയിസമായി കണ്ടിരുന്ന പൊലീസ് കളി കാര്യമായത് മനസ്സിലാക്കി കേസ് എടുത്തു. ഭർത്താവിനെ വേണ്ട രീതിയിൽ കണ്ടതോടെ ഈ പറയുന്ന നിവർന്നുനിൽക്കുന്ന ആണത്തം ചുരുങ്ങി ച്ചുരുങ്ങി ഒടിഞ്ഞു പൊലീസി​​െൻറ കാൽക്കൽ വീണു കരച്ചിലായി.

അയാൾ മാപ്പ് അപേക്ഷിച്ച്​ ഒരു പാവം ഭർത്താവായി മാറിയതോടെ അവൾ എല്ലാം മറന്നു വീട്ടുജോലി ഉപേക്ഷിച്ച്,  സാമ്പത്തികമോ, സാമൂഹികമോ, മാനസികമോ ആയ ഒരു പിൻബലവുമില്ലാതെ, അയാൾ പറഞ്ഞതു മാത്രം കേട്ട്​ അടങ്ങിയൊതുങ്ങി ‘സന്തോഷത്തോടെ’ ജീവിക്കുന്നു. ഇടക്കിടക്ക് പൊലീസിൽ കേസു കൊടുത്തും വീണ്ടും വീണ്ടും പഴയ സംഭവങ്ങൾ മറന്നും അയാളെ ജീവനുതുല്യം സ്നേഹിച്ച്​ അങ്ങനെ ജീവിക്കുന്നു. ‘‘ഭാര്യമാരെ വേറെ ആൾക്കാർക്ക് കൂട്ടിക്കൊടുക്കുകയും കൊല്ലുകയും ഒക്കെ ചെയ്യുന്നവരില്ലേ, ഇതിപ്പോൾ ഇത്രയല്ലേ ഉള്ളൂ ചേച്ചി? നമ്മൾ സ്ത്രീകളല്ലേ, ഭൂമിയോളം താഴേണ്ടവർ? അതുകൊണ്ടു ഞാൻ സഹിക്കയല്ലേ വേണ്ടത്?’’എന്നായി മാറി അവളുടെ  ‘സമാധാനം’. 

ഇവരോടൊക്കെ എന്തു സമത്വം, തുല്യത, സ്വാതന്ത്ര്യം സംസാരിക്കാനാണ്! സ്വയം പാതാളത്തിലാണെന്നുപോലും അറിയാത്ത നിഷ്കളങ്കർ. ആ ഭർത്താവിനെ നീ ഉപേക്ഷിച്ചേക്കൂ എന്നു പറയുന്നത് എളുപ്പമാണ്. പിന്നീടുള്ള ജീവിതമോ, ജോലിയോ, കുടുംബമോ, ഒരു തുണയോ ഒന്നും ഇല്ലാത്ത അരക്ഷിതാവസ്ഥയോ?
നമ്മളെ വളർത്തിയ സമൂഹം ചെറുപ്പം മുതൽ സ്ത്രീകളുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്ന ചില ചിന്താരീതികളുണ്ട്. ഒറ്റക്ക് അവൾ അബലയാണ് എന്ന ചിന്ത. കൂടെ തുണയായി ആണുങ്ങൾ ഇല്ലാത്തവൾ ധാർമികമായി ശരിയല്ല എന്ന ചിന്ത. കുട്ടികൾ ഇല്ലാത്തവളുടെ ജീവിതം വ്യർഥമാണെന്ന്​. നല്ല നിറമുള്ള, വെളുത്ത സുന്ദരി മാർക്ക് മാത്രമുള്ളതാണ് ജീവിതം എന്നും. 

സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്നവരും സ്വാതന്ത്ര്യം അനുഭവിക്കുന്നവരും ഈ പറഞ്ഞ സമൂഹത്തിലും മനസ്സിലും വേരോടി തഴച്ചുവളർന്ന ഈ കളങ്കങ്ങളെ എടുത്തുമാറ്റുമ്പോൾ മനസ്സിലെ ഒരു ഭാഗവും അവിടെ ഇല്ലാതാക്കും.  ഓരോ നിമിഷവും താൻ ചെയ്യുന്നത് ശരിതന്നെയല്ലേ എന്നു സ്വയം വിശദീകരിച്ചും, ന്യായീകരിച്ചും ഇരിക്കാൻ തുടങ്ങും. അതിൽനിന്നു മുഴുവനായി മുക്തി നേടുക ഒരു ഹെർക്കുലിയൻ ടാസ്‌ക് ആണ്. എന്തിനാ ഇത്ര കഷ്​ടപ്പെടുന്നത്, ഭർത്താവ് പറഞ്ഞതുകേട്ട്​ ജീവിച്ചാൽ പോരേ എന്നു അപ്പോഴും കേൾക്കും ഒരു പിൻവിളി.
 
കുട്ടികളെ ചെറുപ്പം മുതൽ ആണെന്നോ, പെണ്ണെന്നോ, ഭിന്നലിംഗമെന്നോ പറയാതെ മനുഷ്യരായി വളർത്താൻ പഠിക്കണം, പഠിപ്പിക്കണം. രാജകുമാരനെയും രാജുകുമാരിയെയും കാത്തിരിക്കാതെ സ്വയം ഒരു രാജാവോ രാജ്ഞിയോ ആവാനാണ് അവരെ തരപ്പെടുത്തേണ്ടത്. സ്വയം വിലയിരുത്താനും സ്വയം വിലകണ്ടെത്താനും, സ്വന്തം നട്ടെല്ല് ഉയർത്തി സ്വയം നിലകൊള്ളാനുമാണ് അവർ കരുത്തരാകേണ്ടത്. മറ്റുള്ളവരോട്​ വിധേയയാകാൻ അല്ല, ബഹുമാനിക്കാനും ഒന്നിച്ചു നിലകൊള്ളാനുമാണ് പഠിക്കേണ്ടത്‌. അങ്ങനെയുള്ള നാളെകൾ ഇന്നുതന്നെ തുടങ്ങിയാൽ പ്രകാശഭരിതമായ ഒരു സമൂഹം നമുക്കുണ്ടാകും എന്നു പ്രത്യാശിക്കാം. അല്ലെങ്കിൽ വിശപ്പകറ്റാൻ വേണ്ടി മക്കളെ വിൽക്കുന്നവരും വാങ്ങുന്നവരും കൊന്നു കെട്ടിത്തൂക്കുന്നവരും മലയോളം വലുതാകും.

ഒരു കലാപത്തിനിടയിൽ ഊരിപ്പിടിച്ച വാളുമായി തെരുവിൽ കണ്ട ഒരു കുഞ്ഞിനോട് അവൻ ചോദിച്ചു: ‘‘നി​​െൻറ പേരെന്ത്​, ജാതി ഏത്​, മതം ഏത്​, ലിംഗം എന്ത്‌, വിശ്വസിക്കുന്ന പ്രസ്ഥാനം എന്ത്...’’ അവൻ ഉത്തരം പറഞ്ഞു: ‘‘എനിക്ക് വിശക്കുന്നു’’. അതേ, ഇന്നും പ്രസക്തം വിശപ്പ്​ തന്നെ, അതുതന്നെ ചോരയുടെ നിറം.

Loading...
COMMENTS