Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഇനി മിനി തെരഞ്ഞെടുപ്പ്

ഇനി മിനി തെരഞ്ഞെടുപ്പ്

text_fields
bookmark_border
ഇനി മിനി തെരഞ്ഞെടുപ്പ്
cancel

നോട്ട് അസാധുവാക്കിയതിന്‍െറ കെടുതികള്‍ക്കിടയില്‍ രാജ്യം മിനി പൊതുതെരഞ്ഞെടുപ്പിലേക്ക്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്, ഭരണത്തില്‍ പാതിവഴി പിന്നിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമുള്ള ജനപിന്തുണയുടെ തോത് അളക്കുമെന്ന നിലയിലാണ് ദേശീയ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ഒരു വശത്ത് സാമ്പത്തികമാന്ദ്യത്തിലേക്ക് തള്ളിവിട്ട പഞഞെരുക്കം. മറുവശത്ത് വര്‍ഗീയച്ചുവയുള്ള ദേശബോധം. പ്രാദേശിക രാഷ്ട്രീയത്തിനാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമെന്നു പറയാമെങ്കിലും രാജ്യത്തെ മൊത്തം ഗ്രസിച്ച ഈ രണ്ടു സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകളുടെ ഉരക്കല്ലുകൂടിയായി അഞ്ചു സംസ്ഥാനങ്ങള്‍ മാറുകയാണ്. ഇക്കൊല്ലം രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വരെ ബി.ജെ.പിയുടെ ആഗ്രഹങ്ങളെ മുന്നോട്ടു നടത്തേണ്ടത് ഈ തെരഞ്ഞെടുപ്പുകളാണ്.

കേന്ദ്രാധികാരവും മോദിയുടെ താരപരിവേഷവുമാണ് ബി.ജെ.പിക്ക് കൈമുതല്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദുര്‍ബലമായിപ്പോയ പ്രതിപക്ഷ നിരയുടെ ഐക്യബോധവും തിരിച്ചുവരവിനുള്ള സംഘാടന കരുത്തുമാണ് മറുവശത്ത് പരീക്ഷിക്കപ്പെടുന്ന ഘടകം. രണ്ടരവര്‍ഷം കൊണ്ട് മോദിയുടെയും ബി.ജെ.പിയുടെയും പ്രതിച്ഛായ ഇടിഞ്ഞുനില്‍ക്കുന്നുവെന്നതാണ് പ്രതിപക്ഷത്തിന് അനുകൂല സാഹചര്യം. ഏറ്റവും ശ്രദ്ധേയം വലിയ സംസ്ഥാനമായ യു.പിയിലെ തെരഞ്ഞെടുപ്പു തന്നെ. യു.പി ഭരണം പിടിച്ചെടുക്കേണ്ടത് ബി.ജെ.പിക്ക് അഭിമാനപ്രശ്നം മാത്രമല്ല. രാജ്യസഭയില്‍ ഭൂരിപക്ഷമായി മാറുന്നതിലേക്കുള്ള ചുവടാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ സാധ്യതകളിലേക്കുള്ള ചുവടുവെപ്പുമാണ്. ബി.ജെ.പിയെ അവിടെ തറ പറ്റിക്കാന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിനും അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാനുള്ള ആത്മവീര്യം പതിന്മടങ്ങ് വര്‍ധിക്കും. എന്നാല്‍, ഓരോ സംസ്ഥാനത്തേക്കും കടന്നുചെല്ലുമ്പോള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗൗരവപ്പെട്ട പ്രതിസന്ധികളുണ്ട്.

നോട്ടും മാന്ദ്യവും വഴി ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങളാണ് എല്ലാ സംസ്ഥാനത്തും ബി.ജെ.പി നേരിടേണ്ടതെങ്കില്‍, സ്വന്തമായൊരു നേതൃമുഖം ഉയര്‍ത്തിക്കാണിക്കാന്‍ പോലുമില്ലാത്തൊരു സ്ഥിതിവിശേഷത്തെയാണ് യഥാര്‍ഥത്തില്‍ യു.പിയില്‍ ബി.ജെ.പി മറികടക്കേണ്ടത്. മോദിയുടെ പ്രതിച്ഛായയും അമിത് ഷായുടെ തന്ത്രമിടുക്കുമാണ് യു.പിയില്‍ ആശ്രയിക്കുന്ന ഘടകങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ അതു പരീക്ഷിച്ചു വിജയിച്ചെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിലേക്കു വരുമ്പോള്‍ സ്വാഭാവികരീതി മറ്റൊന്നാണ്. പ്രാദേശികമായ ജാതിസമവാക്യങ്ങളും ജനങ്ങളുടെ ഭരണ അഭിരുചികളും യു.പിയില്‍ പ്രധാനമാണ്. ദേശീയ പാര്‍ട്ടികളായ ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവയേക്കാള്‍ യു.പിയിലെ പ്രമാണിമാര്‍ സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പിയുമാണ്.

തെരഞ്ഞെടുപ്പു പ്രഖ്യാപനമത്തെിയപ്പോള്‍ സമാജ്വാദി പാര്‍ട്ടിയിലെ കുടുംബകലഹം യു.പിയുടെ ചിത്രമാകെ മാറ്റിക്കളയുന്ന സ്ഥിതിയായിട്ടുണ്ട്. യാദവകുലം അടക്കിവാണ എസ്.പിയില്‍ മുലായം സിങ്ങും അഖിലേഷ് യാദവും വേര്‍പിരിയാന്‍ തയാറായി നില്‍ക്കുന്നതിനാല്‍ വലിയ ആശയക്കുഴപ്പത്തിലാണ് വോട്ടര്‍മാര്‍. ജനകീയമായ സൈക്കിള്‍ ചിഹ്നം തെരഞ്ഞെടുപ്പു കമീഷന്‍ മരവിപ്പിച്ചേക്കാമെന്ന നിലവരെ എത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു കഴിഞ്ഞതിനാല്‍ പിളര്‍പ്പ് നടക്കാനുള്ള സാധ്യത കുറഞ്ഞിട്ടുണ്ട്. എങ്ങനെയും ഒന്നിച്ചു പോകാനാണ് മുലായത്തെയും അഖിലേഷിനെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഉപദേശിക്കുന്നത്. എന്നാല്‍, മാനസികമായി കുടുംബാംഗങ്ങള്‍ അകന്നതിനാല്‍ മുഴച്ചുനില്‍ക്കുന്ന ഒരു ഏച്ചുകെട്ടല്‍ മാത്രമായിരിക്കും അത്. ഇനിയങ്ങോട്ട് പിളരാതെ സമാജ്വാദി പാര്‍ട്ടി വളരില്ല. തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടുള്ള ഒന്നിച്ചു പോക്ക് മണ്ഡലാടിസ്ഥാനത്തില്‍ പാരവെപ്പുകള്‍ക്കാണ് വഴിവെക്കുക. ദൂഷിത വലയത്തില്‍പെട്ടു നില്‍ക്കുന്ന പഴയതലമുറയുടെ വേരുകള്‍ പറിച്ചുമാറ്റിയെന്നും ഊര്‍ജസ്വലതയുടെ തലമുറമാറ്റം ഉണ്ടാക്കാന്‍ പോകുന്നുവെന്നും വരുത്തിത്തീര്‍ക്കാനുള്ള സമയമാകട്ടെ, അഖിലേഷിനില്ല. ചിഹ്നം സ്വന്തമാക്കാതെ അദ്ദേഹം അത്തരത്തില്‍ മുന്നോട്ടുപോയിട്ടു കാര്യവുമില്ല. യാദവ നേതാവെന്ന നിലയില്‍ പതിറ്റാണ്ടുകളായി യു.പി രാഷ്ട്രീയം നിറഞ്ഞാടുന്ന മുലായത്തിനോടും സൈക്കിളിനോടുമുള്ള ജാതീയമായ മമത ചെറിയ കാര്യവുമല്ല.

എസ്.പിയിലെ ചേരിപ്പോര്
എസ്.പിയിലെ പോര് ബി.ജെ.പിക്ക് നല്‍കുന്ന ആഹ്ളാദം ചെറുതല്ല. എന്നാല്‍, സമാജ്വാദി പാര്‍ട്ടി തമ്മിലടിച്ചുതീരാന്‍ നിന്നാല്‍ സംസ്ഥാനത്ത് നിര്‍ണായക ന്യൂനപക്ഷമായ മുസ്ലിംകള്‍ ബഹുഭൂരിപക്ഷം മായാവതിയുടെ ബി.എസ്.പിയെ പിന്തുണക്കാനുള്ള സാധ്യത ബി.ജെ.പി മുന്നില്‍ക്കാണുന്നുണ്ട്. എസ്.പിയില്‍ പിളര്‍പ്പില്ലാത്ത ചുറ്റുപാടില്‍പോലും ഇത്തവണ മുസ്ലിം ചിന്താഗതി ബി.എസ്.പിക്ക് അനുകൂലമാണ്. അഖിലേഷ് പുതിയൊരു പ്രതീക്ഷ നല്‍കുന്നെങ്കില്‍ ന്യൂനപക്ഷം മാറി ചിന്തിച്ചെന്നു വരാം. ബി.ജെ.പി മുഖ്യശത്രുവായതു വഴി ബി.എസ്.പിക്ക് കിട്ടാവുന്ന ന്യൂനപക്ഷ പിന്തുണ തിരിച്ചറിയുന്ന ബി.എസ്.പി, ഇക്കുറി പരമാവധി മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞതിനേക്കാള്‍ 12 പേരെക്കൂടി വര്‍ധിപ്പിച്ച് 97 മുസ്ലിംകളെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇതിനകം മായാവതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുസഫര്‍നഗര്‍, ദാദ്രി, ദലിത് പീഡന വിഷയങ്ങള്‍ക്കിടയില്‍ മുസ്ലിം-പിന്നാക്ക വോട്ട് ഏകീകരണ സാധ്യത ബി.ജെ.പി ശരിക്കും ഭയപ്പെടുന്നുണ്ട്. സമാജ്വാദി പാര്‍ട്ടിയിലെ കലഹത്തിനിടയില്‍ പിന്നാമ്പുറ നീക്കുപോക്കുകളുടെ പഴുത് അവര്‍ അന്വേഷിക്കുകയും ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടിയിലുണ്ടാകുന്ന പിളര്‍പ്പിലാണ് കോണ്‍ഗ്രസിന്‍െറ സാധ്യത. മുലായം വഞ്ചി മറിച്ചാല്‍, അതുവഴി ഉണ്ടാകുന്ന സീറ്റു പോരായ്മ കോണ്‍ഗ്രസിനു കിട്ടുന്ന സീറ്റുകൊണ്ട് പരിഹരിച്ചെടുക്കാമെന്നൊരു ചിന്താഗതി അഖിലേഷിനുണ്ട്. അഖിലേഷിനെ കൂട്ടുപിടിക്കുക വഴി യു.പിയില്‍ മെച്ചമുണ്ടാക്കാമെന്ന ചിന്ത കോണ്‍ഗ്രസിനുമുണ്ട്. അഖിലേഷ് ഏകപക്ഷീയമായി പ്രഖ്യാപിച്ച പട്ടികയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍ ഒഴിച്ചിട്ടതും ശ്രദ്ധേയമാണ്. ഫലത്തില്‍ യു.പിയിലെ ചതുഷ്കോണ മത്സരത്തിന്‍െറയും പ്രതിപക്ഷ ഐക്യത്തിന്‍െറയുമൊക്കെ ഗതി എസ്.പിയിലെ കുടുംബപ്പോരിന്‍െറ പോക്കിനെ ആശ്രയിച്ചിരിക്കുന്നു.

അതിശക്തമായ ഭരണവിരുദ്ധ വികാരത്തില്‍ പഞ്ചാബിലെ ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യസര്‍ക്കാറിന് വീണ്ടുമൊരു സാധ്യത കാണുന്നവര്‍ ചുരുക്കം. എന്നാല്‍, ഇക്കാലമത്രയും എതിരാളിയായിനിന്ന കോണ്‍ഗ്രസിനത് ഗുണകരമായി തീരാമെന്ന ചുറ്റുപാടുമില്ല. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ആം ആദ്മി പാര്‍ട്ടി, കോണ്‍ഗ്രസിനെയും ഭരണസഖ്യത്തെയും വെല്ലുവിളിച്ചു നില്‍ക്കുകയാണ്. യു.പിയിലേക്ക് കഴിഞ്ഞയാഴ്ചകളില്‍ 10 വട്ടം പ്രധാനമന്ത്രി പറന്നെങ്കില്‍, പഞ്ചാബിലേക്ക് ഡല്‍ഹി മുഖ്യമന്ത്രി പറക്കുന്നതും അതേ വേഗത്തിലാണ്. ത്രികോണ മത്സരത്തില്‍ എ.എ.പി അധികാരം പിടിച്ചേക്കാമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടപ്പോള്‍, അകലംപാലിച്ചു കഴിഞ്ഞ മുന്‍മുഖ്യമന്ത്രി അമരീന്ദറിനെ നിര്‍ബന്ധപൂര്‍വം കളത്തിലിറക്കി പയറ്റുകയാണ് കോണ്‍ഗ്രസ്. ക്യാപ്റ്റന് കോണ്‍ഗ്രസിനെ രക്ഷിക്കാനാവുമോ, ആം ആദ്മി പാര്‍ട്ടി അട്ടിമറിക്കുമോ, ബി.ജെ.പി-അകാലിദള്‍ സഖ്യം ഭരണവിരുദ്ധ വികാരം അതിജീവിക്കുമോ എന്നതാണ് പഞ്ചാബിലെ ചോദ്യം.

എ.എ.പി സാന്നിധ്യം
പഞ്ചാബിലെന്ന പോലെ ഗോവയിലും എ.എ.പി സാന്നിധ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചിത്രം മാറ്റിക്കഴിഞ്ഞു. കോണ്‍ഗ്രസിന്‍െറ ദൗര്‍ബല്യങ്ങള്‍ക്കിടയില്‍ വീണ്ടും ഗോവ പിടിക്കാമെന്ന ബി.ജെ.പിയുടെ മോഹമാണ് അരവിന്ദ് കെജ്രിവാള്‍ ഗോവയില്‍ പൊളിക്കാന്‍ ശ്രമിക്കുന്നത്. അതുവഴി ഗോവയും ഇക്കുറി ത്രികോണ മത്സരത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ ഗോവയില്‍തന്നെ തുടര്‍ച്ചയായി തമ്പടിച്ചിരിക്കുന്നത് ബി.ജെ.പിയുടെ വേവലാതി വിളിച്ചുപറയുന്നു. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തോട് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് തുടക്കംമുതല്‍ തന്നെയുള്ള ശത്രുത പ്രയോജനപ്പെടുത്താനുള്ള സാധ്യത ബി.ജെ.പി തേടുന്നുണ്ട്. മുഖ്യമന്ത്രിക്കു ചുറ്റും സി.ബി.ഐ വട്ടമിട്ടു പറക്കുന്ന സാഹചര്യം ബി.ജെ.പി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍, ഉത്തരാഖണ്ഡ് രാഷ്ട്രീയം ഹരീഷ് റാവത്തിനെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്. ബി.ജെ.പിയും ഉള്‍പ്പോരില്‍നിന്ന് മുക്തമല്ല.   

മണിപ്പൂരില്‍ രണ്ടുമാസമായി തുടരുന്ന കലാപാന്തരീക്ഷത്തിലേക്കാണ് നിയമസഭ തെരഞ്ഞെടുപ്പ് എത്തുന്നത്. നാഗാ പോരാളികളെ സ്വാധീനിച്ച് കോണ്‍ഗ്രസില്‍നിന്ന് ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നു. എന്നാല്‍, കോണ്‍ഗ്രസിന് വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയുമെന്ന് ഉറപ്പിച്ചുപറയാവുന്ന സംസ്ഥാനമായി മണിപ്പൂരിലെ സാഹചര്യങ്ങള്‍ ഇതിനകം മാറിയിട്ടുണ്ട്. ബജറ്റ് ഒരുമാസം നേരത്തെയാക്കിയതു വഴി, പാര്‍ലമെന്‍റിന്‍െറ ബജറ്റ് സമ്മേളനത്തിനിടയിലാണ് സുപ്രധാനമായ വോട്ടെടുപ്പുകള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാറിന് ജനങ്ങളെ കൈയിലെടുക്കാനുള്ള പൊടിക്കൈ പ്രയോഗങ്ങള്‍ക്ക് ബജറ്റ് അവസരമാകും. ഇതു മുന്‍കൂട്ടിക്കാണുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെയും തെരഞ്ഞെടുപ്പു കമീഷനെയും സമീപിച്ചിട്ടുണ്ട്. എങ്കിലും ഇതിലെല്ലാം ഇനി മാറ്റങ്ങള്‍ക്ക് സാധ്യത കമ്മിയാണ്. നോട്ട് ആത്യന്തികമായി ബി.ജെ.പിയുടെ കൈ പൊള്ളിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിപക്ഷ നിര.

Show Full Article
TAGS:assembly election 2017 
News Summary - assembly election in five state
Next Story