Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅസം മണ്ഡലവര...

അസം മണ്ഡലവര മാറ്റിവരക്കുന്ന ബി.ജെ.പി അജണ്ട

text_fields
bookmark_border
BJP
cancel
2021ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ‘ജനങ്ങളുടെ രാഷ്ട്രീയ അവകാശം സംരക്ഷിക്കുന്ന’ ഒരു പ്രക്രിയ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. അസമിലെ ‘തനത്’ ജനങ്ങൾക്കായി കുറഞ്ഞത് 110 സീറ്റുകൾ നീക്കിവെക്കണമെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ വാദം. നിർദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സ്വാഗതം ചെയ്ത അദ്ദേഹം പറഞ്ഞത് ഇത് നടപ്പാക്കപ്പെട്ടാൽ അസം രാഷ്ട്രീയമായി രക്ഷപ്പെടുമെന്നാണ്

അസമിലെ നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ കരടു നിർദേശം ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭൂരിപക്ഷവാദ അജണ്ടയിലേക്കാണ് നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കളും രാഷ്ട്രത​ന്ത്ര പണ്ഡിതരും ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ മുസ്‍ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലങ്ങളാണ് മാറ്റിവരക്കപ്പെടുന്നവ അധികവും. ഈ മണ്ഡലങ്ങളെ നിലവിൽ പ്രതിനിധാനംചെയ്ത്പോരുന്നത് പ്രതിപക്ഷ പാർട്ടികളിൽനിന്നുള്ള, ബംഗാളി വേരുകളുള്ള മുസ്‍ലിം എം.എൽ.എമാരാണ്. പലപ്പോഴും ‘അനധികൃത’ കുടിയേറ്റക്കാരെന്ന് അധിക്ഷേപിക്കപ്പെടുന്ന സമൂഹത്തിൽനിന്നുള്ളവർ.

ആ മണ്ഡലങ്ങൾ ഒന്നുകിൽ ലയിപ്പിക്കുകയോ അല്ലെങ്കിൽ പുതുതായി രൂപവത്കരിക്കുന്ന മണ്ഡലങ്ങളിലേക്ക് ചേർക്കുകയോ ചെയ്യണമെന്നാണ് കരടിൽ നിർദേശിക്കുന്നത്. പുതുതായി രൂപവത്കരിക്കുന്ന മണ്ഡലങ്ങളാവട്ടെ സവിശേഷമായ ഹിന്ദു ജനസംഖ്യ ഉള്ളവയുമാണ്.

മുസ്‍ലിം വോട്ടുകൾ നിർണായകമായ മൂന്നു നിയമസഭാ സീറ്റുകൾ പട്ടികജാതി-വർഗ സംവരണ മണ്ഡലങ്ങളാക്കിയിരിക്കുന്നു-അതോടെ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് അവിടെ നിന്ന് മത്സരിക്കൽ അസാധ്യമാവും.

മുസ്‍ലിം നിയമസഭാ സാമാജികരെ കുറക്കുവാനുള്ള സർക്കാർ തന്ത്രത്തിന്റെ ഭാഗമാണീ നിർദേശം-രാഷ്ട്രീയ വിശകലന വിദഗ്ധനായ അപുർബ കുമാർ ബറുവ ചൂണ്ടിക്കാട്ടുന്നു

ബി.ജെ.പിയുടെ ചിരകാല സ്വപ്നം

കഴിഞ്ഞ ആഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം അസമിലെ ‘തദ്ദേശീയ’ സമുദായങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിൽ മേൽക്കൈ നേടാൻ സഹായിക്കുന്ന രീതിയിലെ മണ്ഡല പുനഃക്രമീകരണമെന്ന, ബി.ജെ.പി വർഷങ്ങളായി നടത്തിവരുന്ന രാഷ്ട്രീയ വാചാടോപങ്ങളുടെ തുടർച്ചയാണ്.

2021ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ‘ജനങ്ങളുടെ രാഷ്ട്രീയ അവകാശം സംരക്ഷിക്കുന്ന’ ഒരു പ്രക്രിയ ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. അസമിലെ ‘തനത്’ ജനങ്ങൾക്കായി കുറഞ്ഞത് 110 സീറ്റുകൾ നീക്കിവെക്കണമെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ വാദം. നിർദേശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ സ്വാഗതം ചെയ്ത അദ്ദേഹം പറഞ്ഞത് ഇത് നടപ്പാക്കപ്പെട്ടാൽ അസം രാഷ്ട്രീയമായി രക്ഷപ്പെടുമെന്നാണ്.

ശർമയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ബി.ജെ.പി എം.പിയുമായ പബിത്ര മാർഗറിറ്റ ഈ നിർദേശത്തെ അസമീസ് ജനതയുടെ സംരക്ഷണ പരിചയായാണ് വിശേഷിപ്പിച്ചത്. അസമിലെ 90 മുതൽ 100 ​​വരെ അസംബ്ലി സീറ്റുകളിൽ ഇന്ത്യൻ, തദ്ദേശീയ വംശജരുടെ രാഷ്ട്രീയ ആധിപത്യം ഡ്രാഫ്റ്റ് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കണക്കുകളുടെ കളി

അസമിൽ 126 അസംബ്ലി മണ്ഡലങ്ങളാണുള്ളത്. 14 ലോക്സഭാ മണ്ഡലങ്ങളും ഏഴു രാജ്യസഭാ സീറ്റുമുണ്ട്.

മണ്ഡല പുനർനിർണയത്തിന് ആധാരമാക്കിയ 2001ലെ സെൻസസ് പ്രകാരം അസമിലെ ജനസംഖ്യയുടെ 30.9 ശതമാനമാണ് മുസ്‍ലിംകൾ. 2021ലെ സെൻസസിൽ ഇത് 34.22 ശതമാനമായി വർധിച്ചിട്ടുണ്ട്.

വംശീയത പ്രകാരം തിരിച്ചുള്ള മുസ്‍ലിം ജനസംഖ്യ കണക്ക് ഔദ്യോഗികമായി ലഭ്യമല്ല. പ്രാദേശിക കണക്കുകൾ പ്രകാരം നാലിലൊന്ന് ബംഗാളി വംശജരായ മുസ്‍ലിംകളാണ്. വ്യവസായാടിസ്ഥാനത്തിലുള്ള കാർഷിക ജോലികൾക്കായി 1890കളുടെ അവസാനത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഈ സമൂഹം ഇവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

സംസ്ഥാനത്തെ 35 നിയമസഭാ മണ്ഡലങ്ങളിലും ആറ് ലോക്സഭാ മണ്ഡലങ്ങളിലും ഇവർ നിർണായക പങ്കുവഹിക്കുന്നുവെന്ന് രാഷ്ട്രീയ പാർട്ടികളും നിരീക്ഷകരും വിലയിരുത്തുന്നു. നിലവിൽ സംസ്ഥാനത്ത് 31 മുസ്‍ലിം സാമാജികരുണ്ട്, അതിൽ ഒരാൾപോലും ബി.ജെ.പിയിൽ നിന്നുള്ളതല്ല.

കരട് നിർദേശം പറയുന്നത്

കരട് നിർദേശ പ്രകാരം അസംബ്ലി-പാർലമെന്റ് അംഗങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല. പട്ടികജാതി സംവരണ സീറ്റുകൾ എട്ടിൽ നിന്ന് ഒമ്പതും പട്ടികവർഗ സംവരണ സീറ്റുകൾ 16ൽ നിന്ന് 19 ഉം ആക്കി ഉയർത്താൻ കമീഷൻ നിർദേശിക്കുന്നു.

മൂന്ന് അപ്പർ അസം ജില്ലകളിൽ ഓരോ സീറ്റുകൾ വർധിപ്പിക്കാൻ നിർദേശമുണ്ട്. അസമീസ് സമൂഹങ്ങൾ കൂടുതൽ പാർക്കുന്ന ജില്ലകളാണിവ.

എന്നാൽ, നിലവിൽ എട്ട് നിയമസഭാ മണ്ഡലങ്ങളുള്ള മുസ്‍ലിം ഭൂരിപക്ഷ ജില്ലയായ ബാർപെട്ടയിൽ ആറായി കുറക്കാൻ നിർദേശിക്കുന്നു; അതിലൊന്ന് പട്ടികജാതി വിഭാഗത്തിനായി മാറ്റിവെക്കുവാനും. കരിം ഗഞ്ജ്, ഹൈലാകണ്ടി ജില്ലകളിലും ഇതുപോലെ ഒരു സീറ്റ് വീതം കുറക്കാൻ നിർദേശമുണ്ട്.

അപ്രതീക്ഷിതമല്ലാത്ത നീക്കങ്ങൾ

തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങൾ അസമിലെ മുസ്‍ലിം നേതാക്കളെ ഒട്ടുമേ അത്ഭുതപ്പെടുത്തുന്നില്ല. പാർലമെന്റിലും നിയമസഭയിലും മുസ്‍ലിം പ്രാതിനിധ്യത്തിൽ കുറവുവരുത്തും വിധത്തിലാവും മണ്ഡല പുനർനിർണയം നടപ്പാക്കുകയെന്ന് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു, അത് സത്യമാണെന്ന് സൂചിപ്പിക്കുന്നു ഈ നിർദേശം- ഓൾ അസം മൈനോറിറ്റി സ്റ്റുഡന്റ്സ് യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ഹുസൈന്റെ വാക്കുകൾ.

മാനദണ്ഡങ്ങൾ വിശകലനം ചെയ്യുമ്പോൾ

മണ്ഡല പുനർനിർണയത്തിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവർത്തിച്ച രീതികൾ ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. ഓരോ ജില്ലയിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സീറ്റുകൾ കണക്കുകൂട്ടിയതെന്നും സംസ്ഥാനത്തെ ‘ക്രമാനുഗതമല്ലാത്ത ജനസംഖ്യ വളർച്ച രീതി’ സംബന്ധിച്ച് ലഭിച്ച നിരവധി നിവേദനങ്ങളും അതിനൊപ്പം പരിഗണിച്ചുവെന്നും കമീഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു.

എന്നാൽ, ബി.ജെ.പിയുടെ താൽപര്യ സംരക്ഷണം മാത്രമാണ് നടത്തിയതെന്നാണ് ബാർപെട്ടയിൽ നിന്നുള്ള കോൺഗ്രസ് എം.പി അബ്ദുൽ ഖാലിക്കിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്.

തെരഞ്ഞെടുപ്പ് കമീഷന്റെ നീക്കത്തെ അസം ​പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് ഭുപൻ കുമാർ ബറുവ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. അഖിൽ ഗൊഗോയിയെപ്പോലുള്ള നേതാക്കളും സമാനമായ എതിർപ്പാണ് രേഖപ്പെടുത്തിയത്.

Scroll.in ൽ മാധ്യമ പ്രവർത്തകനാണ് ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP agendaAssam Mandalawara
News Summary - Assam Mandalawara is changing BJP agenda
Next Story