Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരാമ ദേവതമാരേ...

ആരാമ ദേവതമാരേ...

text_fields
bookmark_border
ആരാമ ദേവതമാരേ...
cancel

തമിഴ് നാടിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ, കുറച്ചു മാസങ്ങൾക്ക് മു​മ്പൊരു യാത്ര തരപ്പെട്ടു... ഇത്രമേൽ ആസ്വദിച്ച്, പ്രകൃതിയേയും, മനുഷ്യരെയും, കണ്ടറിഞ്ഞ മറ്റൊരു സഞ്ചാരം ഓർമയിൽ ഇല്ല... അഗാധ സുന്ദര നീലാകാശത്തെ സുവർണ്ണനിറമുള്ള മുടിപ്പൂവ് ചൂടിച്ചു കൊണ്ടൊരു സൂര്യൻ, നേർത്തതെങ്കിലും, നി​​​ൻറെ നിശ്വാസത്തിനൊപ്പമെന്ന മട്ടിലുള്ളൊരു കാറ്റി​​​​​െൻറ കൈ പിടിച്ച് പോയ വഴികളിലെല്ലാം മുമ്പേ നടന്ന് കൂട്ടുവന്നിരുന്നു.... ! 

റോഡിനിരുപുറവുമുള്ള കൃഷിയിടങ്ങൾ, ചിലയിടങ്ങളിലെ തരിശുപാടങ്ങൾ, വരണ്ട വെള്ളക്കെട്ടുകൾ... പറന്നുയരുന്ന പക്ഷികൾ, അലഞ്ഞുമേയുന്ന പൈക്കൾ... വേനൽ കത്തുന്ന വീടുകൾ, ആളുകൾ, കാളവണ്ടികൾ, കാക്കപ്പൂക്കൾ, വർണശബളമായ നിറങ്ങളിൽ ,ശിൽപചാതുര്യങ്ങളിൽ കൈകൂപ്പി നിൽക്കുന്ന ക്ഷേത്രഗോപുരങ്ങൾ.. മാനത്തിനതിരിട്ട മലനിരകൾ..! 

തമിഴ് നാട്ടുചിത്രങ്ങളുടെ മുഖങ്ങൾ, കാൽപ്പനികതയുടെ കനകാംബരങ്ങൾ ചൂടിയാണ് മനസ്സിലേക്ക്​ എത്തി നോക്കാറുള്ളത്.. ഈ യാത്രയിലുടനീളവും കണ്ട ദൃശ്യങ്ങൾക്കും, ആ ധാരണയെ മാറ്റാനായില്ല.. മുക്കുത്തിയും, കൈവളയുമണിഞ്ഞ, മഞ്ഞൾ മായുന്ന കവിളിണകളുള്ള, മുടിയിൽ പൂവ് ചൂടിയ തമിഴ് സ്ത്രീകളെക്കാണാൻ, എന്നും സ്ത്രീ സഹജമായ ഇഷ്ടവും, കൗതുകവുമുണ്ടായിരുന്നു...!

വഴിക്കിരുപുറത്തും നനുത്ത പച്ചിലക്കാടുകൾ ശിരസ്സേറ്റി, ഭൂതകാലപ്പഴക്കങ്ങളിലേക്കും, നാട്ടുപഴമകളിലേക്കും വേരുകളാഴ്ത്തി നിരയൊപ്പിച്ച് നിൽക്കുന്ന,  എണ്ണമില്ലാത്ത പുളിമരങ്ങൾ.. അതിനപ്പുറമപ്പുറം, ആരോ പെറുക്കി വെച്ച പോലെ, വലിയ കല്ലുകൾ അടുക്കി വെച്ച മലനിരകൾ...

ചെറിയൊരു കവലയിൽ കണ്ട ഉന്തുവണ്ടി ചായക്കടയിലെ ചായ കുടിച്ച്, യാത്രാക്ഷീണം, ഒപ്പിക്കുടഞ്ഞു കളഞ്ഞു...! അതിനപ്പുറമുള്ള പബ്ലിക്ക് ടാപ്പിൽ, കലപില കൂട്ടി, പ്ലാസ്റ്റിക്ക്, അലുമിനിയം കുടങ്ങളിൽ വെള്ളമെടുക്കുന്ന പെണ്ണുങ്ങൾ... അലഞ്ഞു തിരിയുന്ന ചില തെരുവുനായ്ക്കൾ.. പൂച്ചകൾ, കോഴികൾ, കൂട്ടുകൂടി കളിക്കുന്ന കുട്ടികൾ....! വഴിയോരത്ത പുളിമരത്തിനടുത്തിട്ട നീളൻ കല്ലിലിരുന്ന് സൊറ പറയുന്ന ചില ഗ്രാമീണർ... 

ചായക്കടക്കാരൻ കൊച്ചു പയ്യന് തമിഴ്​ നടൻ കാർത്തിയുടെ എന്തോ ഒരു മുഖച്ഛായയുണ്ട്.. റേഡിയോയുടെ സ്റ്റേഷൻ തിരിച്ച്​ അവൻ ഇടക്കിടെ ധൃതിയിൽ പാട്ടുകൾ മാറ്റുന്നു.. ചായ അടിക്കുന്നതിനൊപ്പം അവൻറെ കണ്ണുകൾ, ആരെയോ തിരയുന്ന പോലെ പെണ്ണുങ്ങൾ വെള്ളമെടുക്കുന്ന ടാപ്പിനടുത്തേക്ക് നീളുന്നു...! 
ആഹാ.. അവിടൊരു ഓറഞ്ച് ദാവണിക്കാരി, കുടത്തിൽ തെരുപ്പിടിച്ച്, ഈ ജന്മത്തിലൊന്നും വെള്ളമെടുത്ത്, ആ പരിസരത്ത് നിന്നും മടങ്ങാൻ താൽപര്യമില്ലാത്ത പോലെ, ഇടയ്ക്കിടെ, നമ്മുടെ കാർത്തിയെ നിഗൂഢമായി കടാക്ഷിച്ചു കൊണ്ട് അവിടെ നിൽക്കുന്നുണ്ട്... ലേശം ചെരിഞ്ഞു നിൽക്കുന്ന അവളുടെ, മുടിപ്പിന്നലിൽ ചൂടിയ വലിയ മഞ്ഞ ഇതളുകളുള്ള, സൂര്യകാന്തി പോലൊരു കാട്ടുപൂവിന് എന്തു ചന്തം... ചെക്കൻറെ റേഡിയോ ഇപ്പോൾ പാടുന്നത് ‘രാസാത്തി ഉന്നൈ. കാണാതെ നെഞ്ചം.. കാറ്റാടിപോലാടുത്...’ എന്ന എൻറെ ഇഷ്ട ഗാനം! ഏതോ സന്ധ്യയിൽ, യാത്രക്കിടയിലുള്ള, ഇനിയൊരിക്കലും വരാനിടയില്ലാത്ത ഏതോ തമിഴ് ഗ്രാമത്തിൻറെ ഇടവഴിയിൽ, ആ പാട്ടുകേട്ടുനിന്ന ഞാൻ അവനോ, അവളോ ആയി ഒരു നിമിഷത്തേക്ക് മാറിയതു പോലെ...!

 യാത്ര തുടരവേ, സാന്ധ്യാകാശത്തിൻറെ സൂര്യമുഖമുള്ള മുടിപ്പൂക്കൾ വാടിത്തുടങ്ങി... പ്രണയാതുരയായ, ആ പെൺകുട്ടിയുടെ മുടിപ്പിന്നലിലെ, വാടാത്ത ഒറ്റ സൂര്യകാന്തികൾ പിന്നെയുമേറെക്കണ്ടു, തുടർ യാത്രയിലെ, തമിഴ് ഗ്രാമങ്ങളിലെ പല സ്ത്രീകളുടേയും മുടിക്കെട്ടിൽ...!

ചെറുപ്പകാലത്ത്, ചെമ്പകവും, റോസും, കോളാമ്പിയും കണ്ട്, ഒക്കെയും വാരിച്ചൂടാൻ മാത്രം മുടി തരണേയെന്ന് പ്രാർത്ഥിച്ചൊരു മണ്ടിപ്പെണ്ണാണ്..! പിച്ചിപ്പൂവ് വാങ്ങാനും കൂടി ഗുരുവായൂരമ്പലത്തിൽ പതിവായി പോയിരുന്നവളാണ്.. പൂചൂടി കോടതിയിലെത്തിയപ്പോൾ, നെറ്റി ചുളിച്ചവരോട്, അഡ്വക്കേറ്റ്സ് ആക്ടിൽ പൂ ചൂടരുതെന്ന് പറഞ്ഞിട്ടുണ്ടോ എന്ന് വാദിച്ചിട്ടുള്ള മൂന്നു കൊമ്പ് മുയലുകാരിയാണ്...!

പൂ എന്തായാലും മുടിയിൽ ചൂടാനും, ചൂടിയ വരെ കാണാനും ഇഷ്ടമാണ്.. തമിഴ് സ്ത്രീകൾ മുടിയിൽ പൂ ചൂടുന്നതിന് പിന്നിലെ ആചാരമോ , ഐതീഹ്യമോ അറിയില്ല.. നമ്മുടെ സ്ത്രീകൾ മുല്ലയും പിച്ചിയും, കഷ്ടി മുടിയിൽ ചൂടും.. കൂടുതലും വിവാഹങ്ങളിലും, ക്ഷേത്ര ദർശനങ്ങളിലും മാത്രം.. തമിഴ് പെൺമക്കളെപ്പോലെ ജമന്തിയോ, റോസോ, ഡാലിയയോ. സൂര്യകാന്തിയോ നമ്മൾ  മുടിയിൽ അലസമായി കൊരുത്തിടാറില്ല.. പഴയ സിനിമയിൽ, നായികമാർ, ചെവിക്കു താഴെ ഒറ്റ പൂ, സ്ലൈഡ് കുത്തി ഉറപ്പിച്ചു നിർത്തി ചൂടിയിരുന്നു..

‘അനുരാഗിണീ... ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ..’ എന്ന് വേണു നാഗവള്ളി ആർദ്രമായി പാടുന്ന പ്രിയ ഗാനത്തിൽ ഏറ്റവും മനോഹരമായി തോന്നുന്നത് മാധവിയുടെ കണ്ണിലേയും ചുണ്ടിലേയും ചിരിപ്പൂക്കൾ മാത്രമല്ല, മറിച്ച് അവർ മുടിയിൽ തിരുകിയ ഇളം വയലറ്റ് നിറത്തിലുള്ള, കാട്ടുപൂവിൻറെ ചാരുത കൂടിയാണ്...

നമ്മുടെ സ്ത്രീകളുടെ പരിഷ്കൃത മുടിയൊരുക്കൽ സ്വപ്നങ്ങളിൽ പൂക്കാലം കടന്നു വരുമെന്ന് തോന്നുന്നില്ല....! ഇന്ന് വീണ്ടും 
‘രാസാത്തി ഉന്നൈ...’ എന്ന പാട്ടുകേട്ടപ്പോൾ, മുടിയിൽ ഒരൊറ്റ പ്രണയസൂര്യകാന്തി ചൂടിയ,  വസന്തകാല പരിച്ഛേദം പോലെ, പൂത്തുലഞ്ഞ് നിന്നിരുന്ന ആ തമിഴ് പെൺകുട്ടിയെ എന്തോ ഓർത്തു പോയി.. കവി പാടിയ പോലെ, അവളുടെ മുടിപ്പൂക്കൾ വാടിയാലും, ചിരിപ്പൂക്കൾ വാടാതിരിക്കട്ടെ...! ഒപ്പം മിഴിയിലും, മൊഴിയിലും, മനസിലും കവിത തുളുമ്പുന്ന എൻറെ ചില കൂട്ടുകാരികളെ ഓർത്തു... 
സ്മിത ഗിരീഷ് (ലേഖിക)
ഒറ്റ പൂക്കൾ ചൂടിയ അവരുടെ പടങ്ങൾ എപ്പോഴൊക്കെയോ, കിട്ടിയത്, കൗതുകത്തിനായി, ഒരു തരം സമാന ഹൃദയത്വത്തോടെ സൂക്ഷിച്ചു വെച്ചത് ഇതോടൊപ്പം പതിപ്പിക്കുന്നു... ചെമ്പകവും, ചെമ്പരത്തിയും, കോളാമ്പിയും മുടിയിൽ ചൂടി, പ്രകൃതിയുടെ സുഗന്ധിയായ, ചിരി  മുടിയിലണിഞ്ഞ  ഈസുന്ദരിമാരെ, ‘ആരാമദേവതമാരേ... ’  എന്ന പാട്ടിൻറെ വരികളിലൂടല്ലാതെന്തു വിളിക്കാൻ....? ഇതിൽ, അതിജീവനത്തിൻറെ പൂക്കൾ മുടിയിലണിഞ്ഞ് സുറുമയിട്ട മിഴികളിലൂടെ, ലോകത്തോട് മുഴുവൻ അലസമായി ചിരിച്ചു നിൽക്കുന്നൊരു, ധീരയായ സുന്ദരി പെണ്ണിൻറെ ചിത്രം ത്രിലോകങ്ങളിലെ മുഴുവൻ പൂ ചൂടാനിഷ്ടമുള്ള സുന്ദരിമാർക്കും വേണ്ടി അനുവാദം ചോദിക്കാതെ , നീട്ടിയെറിഞ്ഞു, കൊടുക്കുന്നുമുണ്ട്.......!
Show Full Article
TAGS:article smitha gireesh malayalam news 
News Summary - article smitha gireesh-malayalam news
Next Story