Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാർ: ഇനിയും കാത്തുനിൽക്കണോ?

text_fields
bookmark_border
ഗ്യാനേഷ് കുമാർ: ഇനിയും കാത്തുനിൽക്കണോ?
cancel

സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള പോരാട്ടം ജനാധിപത്യ സമൂഹത്തിൽ ഇപ്പോഴും തുടരേണ്ടിവരുന്ന ഗതികേടിലാണ് ഇന്ത്യയിലെ പൗരർ. തലസ്ഥാനനഗരി തടങ്കൽപ്പാളയമായി മാറുന്നു. അറസ്റ്റും തടഞ്ഞുവെക്കലും വ്യാപകമാകുന്നു. എന്നിട്ടും ജനാധിപത്യസംരക്ഷണത്തിനായി മനുഷ്യർ സമരമുഖത്തേക്ക് എത്തുന്നതിൽ കുറവില്ല; പോരാട്ടവീര്യം കൂടുകയുമാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വസ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ നിർത്തിവെക്കുക,

പട്ടികയിൽനിന്ന് ഒഴിവാക്കിയവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക എന്നീ പരിമിതമായ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാറിന്റെ ശ്രദ്ധ തെറ്റു തിരുത്തുന്നതിലല്ല, തെറ്റു ചൂണ്ടിക്കാട്ടുന്നവരെ ഒതുക്കുന്നതിലാണ്. അതേസമയം, എസ്.ഐ.ആറിൽനിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്താൻ സ്പെഷ്യൽ ഡ്രൈവ് നടത്താനുള്ള കമീഷന്റെ തീരുമാനം ഒരു പരോക്ഷ കുറ്റസമ്മതമാണ്. എസ്.ഐ.ആറിന്റെ നിയമസാധുത സുപ്രീംകോടതി ശരിവെച്ചെങ്കിലും അതുയർത്തുന്ന ചോദ്യങ്ങളും സംശയങ്ങളും ബാക്കിനിൽക്കുന്നു.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്നൊരു നടപടിക്ക് ഇന്ത്യയിലെ നിയമവ്യവസ്ഥയിൽ സാധുതയില്ല. 1950-ലെ ജനപ്രാതിനിധ്യ നിയമവും 1960-ലെ വോട്ടർപട്ടിക രജിസ്ട്രേഷൻ ചട്ടങ്ങളും പരിശോധിച്ചാൽ ഇത് വ്യക്തമാകും. വോട്ടർപട്ടിക പരിഷ്കരണത്തിന് മൂന്നുതരം പ്രക്രിയകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്: ഒന്ന് സത്വര പരിഷ്കരണം, രണ്ട് പ്രത്യേക പരിഷ്കരണം, മൂന്ന് തീവ്ര പരിഷ്കരണം എന്നിങ്ങനെ. ഓരോന്നിനും കൃത്യമായ നടപടിക്രമങ്ങളുമുണ്ട്. എന്നാൽ പ്രത്യേക തീവ്ര പരിഷ്കരണം എന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെയും വോട്ടർപട്ടിക രജിസ്ട്രേഷൻ ചട്ടങ്ങളുടെയും ലംഘനമാണ്. നിലവിലുള്ള വോട്ടർപട്ടികയിലുള്ള ആളോട് അപേക്ഷ പൂരിപ്പിച്ചും രേഖ ഹാജരാക്കിയും വീണ്ടും വോട്ടവകാശം തെളിയിക്കാൻ ആവശ്യപ്പെടുന്നത് 1960-ലെ ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്.

നിയമങ്ങളിലോ ചട്ടങ്ങളിലോ വ്യക്തതയില്ലാത്ത വിഷയങ്ങളിൽ സ്വന്തം അധികാരം പ്രയോഗിക്കാൻ 324-ാം അനുച്ഛേദം തെരഞ്ഞെടുപ്പ് കമീഷന് അനുമതി നൽകുന്നുണ്ട്. എന്നാൽ പ്രാബല്യത്തിലുള്ള നിയമവ്യവസ്ഥകളെ എസ്.ഐ.ആറിന്റെ കാര്യത്തിൽ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലുള്ള വോട്ടർമാരെ പുറത്താക്കാൻ വോട്ടർപട്ടിക പരിഷ്കരണം ഒരുതരത്തിലും വ്യവസ്ഥ ചെയ്യുന്നില്ലെന്ന് അവർ വ്യക്തമാക്കുന്നുണ്ട്. ഇത്തരം പുറന്തള്ളലുകൾ പ്രായപൂർത്തി വോട്ടവകാശത്തിന്റെ കാര്യത്തിൽ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീംകോടതി സിറ്റിങ് ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ വ്യക്തമാക്കുകയുണ്ടായി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഏകപക്ഷീയമായാണ് കൈക്കൊണ്ടതെങ്കിൽ അത് സ്റ്റേ ചെയ്യാനാകുമെന്ന് സുപ്രീംകോടതി ഒക്ടോബർ അഞ്ചിന് നിരീക്ഷിച്ചിരുന്നു.

മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുള്ള പൊതുതാൽപ്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ ഇടപെടൽ. വിഷയത്തിൽ കോടതി തെരഞ്ഞെടുപ്പ് കമീഷന് നോട്ടീസ് അയക്കുകയും ചെയ്തു. പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം ആറിൽ വരുത്തിയ മാറ്റങ്ങൾക്ക് സുപ്രീംകോടതിയുടെ അംഗീകാരമുണ്ടെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ അവകാശവാദം, ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളിയതും ഇവിടെ പ്രസക്തമാണ്. പ്രായപൂർത്തിയായ ഏതൊരാൾക്കും ഭരണകൂടം സ്വമേധയാ നൽകേണ്ട അവകാശമാണ് സമ്മതിദാനാവകാശമെന്നും, ഭരണഘടനയുടെ 325, 326 വകുപ്പുകൾ ഇക്കാര്യം അടിവരയിട്ടു വ്യക്തമാക്കുന്നുണ്ടെന്നും ജസ്റ്റിസ് ഭൂയാന്റെ പരാമർശം ചേർത്തുവായിക്കുമ്പോൾ വ്യക്തമാകും. ജനാധിപത്യത്തിന്റെ ചാലകശക്തി പൊതുതെരഞ്ഞെടുപ്പാണ്.

അഞ്ചുവർഷം കൂടുമ്പോൾ കൃത്യമായി തെരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടുമാത്രം ജനാധിപത്യം നിലനിൽക്കുമെന്ന് ഉറപ്പിച്ചു പറയാനാവില്ല. ജനാധിപത്യത്തിന്റെ പ്രതീതി സൃഷ്ടിച്ച് ഏകാധിപതികളെ തെരഞ്ഞെടുക്കാനും ഇവിടെ ജനാധിപത്യമുണ്ടെന്ന് അവകാശപ്പെടാനും കഴിയും. കൃത്യമായ ഇടവേളകളിൽ വിരലിൽ മഷി പുരട്ടുന്നതും ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും കൊണ്ടുമാത്രം ജനാധിപത്യം പൂർണമാകില്ല. പൗരർക്ക് അന്തസ്സും ആഭിജാത്യവും ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങളും സംവിധാനങ്ങളും പൗരരുടെ അന്തസ്സ് കെടുത്തുന്ന വിധത്തിൽ തരംതാഴുമ്പോൾ, അത് വീണ്ടെടുക്കാൻ നിരന്തരപോരാട്ടമല്ലാതെ മറ്റെന്താണ് വഴി?

ramanthaliravi@gmail.com

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - article discussing about gyanesh kumars's resignation demanding protest
Next Story