സ്ത്രീക്കുനേരെ നടക്കുന്ന ലൈംഗിക ആക്രമണം, അവരുടെ മാനത്തിനും ഐഡന്‍റിറ്റിക്കും നേരെയുള്ള ആക്രമണമാണ് എന്നാണ് പൊതുവായ ധാരണ. അതുകൊണ്ടാണ് ഇര എന്ന അടിമത്തസമാനമായ അസ്തിത്വത്തിന് വിധേയയായി, സ്വന്തം ശരീരത്തെ മാത്രമല്ല, സ്വന്തം പേരുപോലും അവള്‍ക്ക് എന്നന്നേക്കുമായി ഒളിപ്പിച്ചുവെക്കേണ്ടിവരുന്നത്. ആക്രമണകാരിയായ പുരുഷനാകട്ടെ, ശിക്ഷിക്കപ്പെട്ടാലും ഇല്ളെങ്കിലും, ചെയ്ത തെറ്റ് തിരിച്ചറിഞ്ഞാലും ഇല്ളെങ്കിലും അതിവേഗം സമൂഹവുമായി ഇടപെടാന്‍ കഴിയുന്നതിലൂടെ, മുമ്പുള്ള അവസ്ഥയിലേക്ക് മാറാന്‍ കഴിയുന്നു. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ ശ്രദ്ധിച്ചാലറിയാം, ജയിലിലാണെങ്കിലും അയാള്‍ നിരന്തരം ചര്‍ച്ചാവിഷയമായി പൊതുസമൂഹത്തിലുള്ളയാളാണ്. വധശിക്ഷയും മരണം വരെയുള്ള ജീവപര്യന്തവുമൊന്നും ആ കുറ്റവാളിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ളെന്നുമാത്രമല്ല, അയാള്‍ വര്‍ധിതവീര്യത്തോടെയാണ് ജയിലില്‍ കഴിയുന്നതെന്ന് നമുക്ക് അറിയാം. ഒരുപക്ഷേ, കൊല്ലപ്പെട്ടതുകൊണ്ടുമാത്രമാണ് സൗമ്യ അവരുടെ എല്ലാവിധ അഭിമാനത്തോടെയും ഇപ്പോഴും നമുക്കിടയില്‍ ജീവിക്കുന്നത്.
ജീവിച്ചിരുന്നുവെങ്കില്‍, സൂര്യനെല്ലിയിലെയും വിതുരയിലെയും ആ പെണ്‍കുട്ടികളെപ്പോലെ, ഷൊര്‍ണൂരിലെ ഒരു പെണ്‍കുട്ടി മാത്രമാകുമായിരുന്നു സൗമ്യയും.
ആക്രമിക്കപ്പെട്ട ഒരു സ്ത്രീയെ മരിച്ചശേഷമല്ല വീണ്ടെടുക്കേണ്ടത്, ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്. അതുകൊണ്ട്, സ്ത്രീക്കെതിരായ ലൈംഗികമായ ആക്രമണം അവരുടെ മാനത്തിനേല്‍ക്കുന്ന ഭംഗമല്ല എന്ന വാസ്തവം ഉറക്കെപ്പറയേണ്ടതുണ്ട്. അത്തരം ആക്രമണത്തിനിരയായ സ്ത്രീ ഇത്തരത്തില്‍ മറച്ചുവെക്കപ്പെടേണ്ടവളുമല്ല എന്ന് കാണിച്ചുകൊടുക്കേണ്ടതുണ്ട്.
സ്ത്രീയെ ഭോഗവസ്തുവായി കണ്ട് ആക്രമിക്കുന്ന പുരുഷന്‍െറ മാനവും അന്തസ്സുമാണ് യഥാര്‍ഥത്തില്‍ പ്രതിക്കൂട്ടിലാകേണ്ടത്. അയാളെയാണ് സമൂഹം ഒറ്റപ്പെടുത്തേണ്ടത്. പക്ഷേ, ആക്രമണകാരിയായ പുരുഷന് ലഭിക്കേണ്ട ശിക്ഷ മുഴുവനും ഇന്ന് ആക്രമിക്കപ്പെട്ട സ്ത്രീയാണ് ഏറ്റുവാങ്ങുന്നത്. അതിന് ആ സ്ത്രീ തന്നെയും പാകപ്പെടുന്നു, അവര്‍ക്കുചുറ്റുമുള്ള സമൂഹം അവരെ പാകപ്പെടുത്തുകയും ചെയ്യുന്നു. പുരുഷന് സംരക്ഷിക്കേണ്ടതില്ലാത്ത, അയാള്‍ക്ക് നഷ്ടപ്പെടാത്ത മാനവും ചാരിത്ര്യശുദ്ധിയും ലൈംഗികാക്രമണത്തിന് വിധേയയായ സ്ത്രീയുടെ ഉത്തരവാദിത്തമാകുന്നു. അതുകൊണ്ടുതന്നെ ലൈംഗികകുറ്റകൃത്യങ്ങളില്‍ സ്ത്രീ ഇരട്ടജീവപര്യന്തത്തിന് വിധേയയാകേണ്ടിവരുന്നു.
പ്രമുഖ നടി എന്ന മനുഷ്യവിരുദ്ധമായ ഐഡന്‍റിറ്റിയുമായി ആക്രമിക്കപ്പെട്ട നടിയെ ‘സംരക്ഷിച്ചു’നിര്‍ത്തുന്നതിനുപകരം അവരെ സമൂഹത്തിന് അഭിമുഖം കൊണ്ടുവരുകയാണ്, അവര്‍ക്കൊപ്പമുള്ളവര്‍ ചെയ്യേണ്ടത്. ഇപ്പോള്‍ ആ നടിക്കൊപ്പമുള്ള രമ്യ നമ്പീശനും മഞ്ജുവാര്യരും അടക്കമുള്ളവര്‍, നടിയെ വിവാഹം ചെയ്യാന്‍ പോകുന്നയാള്‍...എല്ലാവരും ചെയ്യേണ്ടത് മറച്ചുവെക്കപ്പെടുന്നതിലൂടെ അവര്‍ക്കുണ്ടാകുന്ന അപകര്‍ഷതയില്‍നിന്ന് അവരെ ഉടന്‍ മോചിപ്പിക്കുകയാണ്. ആക്രമണത്തിനിരയാക്കപ്പെട്ടവളല്ല, ആക്രമിക്കപ്പെട്ടവളാണ് താന്‍ എന്ന ബോധ്യത്തോടെ ഈ കുറ്റവാളിയും അയാള്‍ക്കുപിറകിലെ ഗൂഢാലോചനക്കാരുമെല്ലാം അടങ്ങുന്ന സമൂഹത്തിനുമുന്നില്‍ സ്വന്തം പേരിലും മറയ്ക്കപ്പെടാത്ത മുഖത്തോടെയും നിവര്‍ന്നുനില്‍ക്കാനും പോരാടാനുമുള്ള ആത്മവിശ്വാസം ഉണ്ടാക്കിക്കൊടുക്കുകയാണ് അവരുടെ സുഹൃത്തുക്കളും വീട്ടുകാരും ചെയ്യേണ്ടത്. അല്ലാത്തിടത്തോളം കാലം മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്‍െറയും ഒളിഞ്ഞുനോട്ടത്തിലെയും ആഭിചാരകഥകളിലെയും നായികയായി അവര്‍ക്ക് കഴിയേണ്ടിവരും. കലാകാരികള്‍ എന്ന നിലക്കുമാത്രമല്ല, വ്യക്തിജീവിതത്തിലും മഞ്ജുവാര്യരും രമ്യ നമ്പീശനും ഭാഗ്യലക്ഷ്മിയുമൊക്കെ ആത്മവിശ്വാസത്തോടെ പലതരം അനുഭവങ്ങളെ നേരിട്ടവരാണല്ളോ. കടുത്ത യാഥാസ്ഥിതികതയും സ്ത്രീവിരുദ്ധതയും പുരുഷവാഴ്ചയും ചാരിത്ര്യസങ്കല്‍പങ്ങളും വിശുദ്ധകല്‍പനകളും നിലനില്‍ക്കുന്ന മലയാളസിനിമയില്‍ മഞ്ജുവാര്യരെപ്പോലൊരു വ്യക്തിക്ക് ആദ്യ സിനിമക്ക് അപ്പുറം പോകാന്‍ കഴിയുമായിരുന്നില്ല. അവിടെ അവര്‍ അവസാനിക്കേണ്ടതായിരുന്നു.
എന്നിട്ടും അവര്‍ അതിജീവിച്ചുവെന്നുമാത്രമല്ല, ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്‍െറ സുഹൃത്തിനൊപ്പം ധീരമായി നില്‍ക്കാനുള്ള തന്‍േറടം കൂടി ആര്‍ജിച്ചിരിക്കുന്നു. അത്തരം അനുഭവപാഠങ്ങളുള്ള സുഹൃത്തുക്കള്‍ തങ്ങള്‍ക്കൊപ്പമുള്ള ഈ പെണ്‍കുട്ടിയെ സമൂഹം അടിച്ചേല്‍പ്പിച്ച വിലക്കില്‍നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്. സംവിധായകന്‍ ലാല്‍ പറഞ്ഞതുപോലെ അവരുടെ നെറ്റിയില്‍ ചുംബിച്ചുകൊണ്ടും ആശ്ളേഷിച്ചുകൊണ്ടും മാത്രമല്ല, അവരെ സമൂഹത്തിന്‍െറ ഭാഗമാക്കിവേണം തിരിച്ചുകൊണ്ടുവരേണ്ടത്. താന്‍ കൂടി നിര്‍മാണ പങ്കാളിയായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് സാധാരണമട്ടില്‍ ഈ പെണ്‍കുട്ടിയെ കൊണ്ടുവരാനുള്ള ആര്‍ജവമാണ് ലാല്‍ കാട്ടേണ്ടത്. അവിടെ മാധ്യമപ്രവര്‍ത്തകരും ജനക്കൂട്ടവും എത്തുമ്പോള്‍ ധീരയായി അവരെ അഭിമുഖീകരിക്കാന്‍ സന്ദര്‍ഭമൊരുക്കുകയാണ് ലാല്‍ ചെയ്യേണ്ടത്.
ആക്രമണകാരിയായ പുരുഷന്‍െറ ജനിതകം പേറുന്ന നമ്മുടെ മൂല്യവ്യവസ്ഥക്കും അതിന്‍െറ പ്രതിനിധാനങ്ങളായ നീതിന്യായസംവിധാനത്തിനും മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനുതന്നെയും ആക്രമിക്കാന്‍ ഇനിയും ഈ പെണ്‍കുട്ടിയെ എറിഞ്ഞുകൊടുക്കരുത്.
രണ്ട് പെണ്‍മക്കളുണ്ട് ഈ ലേഖകന്. ഇതേ കേരളത്തിലാണ് ജീവിക്കുന്നത് എന്നതിനാല്‍, അവര്‍ക്കും ഇത്തരമൊരു അനുഭവമുണ്ടായേക്കാം. അപ്പോള്‍, ശരീരത്തിനോ ഏതെങ്കിലുമൊരു അവയവത്തിനോ ഏല്‍ക്കുന്ന മുറിവുമാത്രമാണ് ലൈംഗികാക്രമണം എന്ന് അവരെ ബോധ്യപ്പെടുത്താനും അവരെ വീടിനുപുറത്തേക്ക് ഒപ്പംകൂട്ടാനും എനിക്ക് കഴിയേണ്ടതല്ളേ? അല്ളെങ്കില്‍ ഒരു പുരുഷനും പിതാവും എന്ന എന്‍െറ അസ്തിത്വത്തിന് എന്തുവില?